Tuesday, August 20, 2019 Last Updated 16 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.16 AM

അഭിമാനമായി അക്ഷര ലൈബ്രറി

uploads/news/2019/07/318824/1.jpg

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റേഡിയോ പ്രക്ഷേപണമായ മന്‍കി ബാത്തില്‍ ഇത്തവണ ഇടമലക്കുടിയിലെ അക്ഷര ലൈബ്രറിയും സ്‌ഥാനം പിടിച്ചത്‌ മലയാളികള്‍ക്ക്‌ അഭിമാനിക്കാവുന്ന അംഗീകാരമാണ്‌. ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ നിന്ന്‌ 38 കിലോമീറ്റര്‍ അകലെ കൊടുംകാട്ടിനുള്ളിലെ ഗിരിവര്‍ഗ പഞ്ചായത്തിലെ പുസ്‌തകകേന്ദ്രമാണ്‌ അക്ഷര ലൈബ്രറി. 22 കിലോമീറ്റര്‍ നടന്നു വേണം ഇവിടെയെത്താന്‍. ഇരുപ്പുകാല്‍കുടി കോളനിയില്‍ പി.വി. ചിന്നത്തമ്പി എന്നയാളുടെ വീടും ചായക്കടയുമെല്ലാമായ കുടിലിനുള്ളിലാണ്‌ ഈ ഗ്രന്ഥശാല. മാങ്കുളത്ത്‌ അധ്യാപകനായ പി.കെ. മുരളീധരന്റെ ആശയമായിരുന്നു ഇത്‌. വായനയോട്‌ താത്‌പര്യമുണ്ടായിരുന്നതിനാല്‍ ചിന്നത്തമ്പിയും യോജിച്ചു. ഇതോടെ ഗ്രന്ഥശാല സജ്‌ജമായി. അതുവരെ റേഡിയോ മാത്രമായിരുന്നു വിജ്‌ഞാനത്തിനും വിനോദത്തിനുമുള്ള ഉപാധി എന്നതിനാല്‍ വളരെ വേഗം ഗ്രാമവാസികള്‍ക്കിടയില്‍ ലൈബ്രറി പ്രിയങ്കരമായി. പഞ്ചായത്തിലെ വിവിധ കോളനികള്‍ തമ്മില്‍ വളരെ അകലമുണ്ടെങ്കിലും, ഇരുപ്പുകാല്‍കുടി ഏറെ വിദൂരത്താണെങ്കിലും ഇവിടേക്ക്‌ പുസ്‌തകമെടുക്കാന്‍ ധാരാളം ഗ്രാമവാസികള്‍ എത്തുന്നുണ്ട്‌. മലയാളികള്‍ക്ക്‌ പുസ്‌തകങ്ങളോടും വായനയോടുമുള്ള ബന്ധം വിളിച്ചോതുന്ന പുസ്‌തകശാലയാണിത്‌. ചാക്കിനുള്ളില്‍ കെട്ടിവച്ചിരിക്കുന്ന ഏതാനും ചില പുസ്‌തകങ്ങള്‍ മാത്രമായി ഇതു പ്രവര്‍ത്തിക്കുന്നകാര്യം പത്രവാര്‍ത്തകളില്‍ നിന്ന്‌ അറിഞ്ഞപ്പോള്‍ ധാരാളം പേര്‍ ഇവിടേക്ക്‌ പുസ്‌തകങ്ങള്‍ എത്തിച്ചു നല്‍കി.
വായന എന്ന അനുഭവത്തേക്കുറിച്ചാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌. പൂച്ചെണ്ടുകളല്ല, പുസ്‌തകങ്ങളാണ്‌ പരസ്‌പരം സമ്മാനം നല്‍കേണ്ടതെന്ന്‌ വായനയുടെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. ആദ്യമായി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ശശി തരൂര്‍ യോഗങ്ങളില്‍ തനിക്ക്‌ പൂച്ചെണ്ടുകള്‍ വേണ്ട, പുസ്‌തകങ്ങള്‍ മതി എന്നാണ്‌ ആവശ്യപ്പെട്ടത്‌. പ്രധാനമന്ത്രിയായ വേളയില്‍ നരേന്ദ്ര മോഡിയും തനിക്ക്‌ ഉപഹാരങ്ങളായി പുസ്‌തകങ്ങള്‍ മതിയെന്നു പറഞ്ഞിരുന്നതാണ്‌. അടുത്തിടെ ടി.എന്‍. പ്രതാപന്‍ എം.പിയും ഇതേകാര്യം തന്നെ പറഞ്ഞു. ഉപഹാരങ്ങളായി കിട്ടുന്ന പുസ്‌തകങ്ങള്‍ ഉപയോഗിച്ച്‌ തന്റെ ജന്മ നാടായ തളിക്കുളത്ത്‌ ഗ്രന്ഥശാല തുടങ്ങുകയാണ്‌ ഉദ്ദേശമെന്നും പ്രതാപന്‍ പറഞ്ഞിരുന്നു.
കേരളത്തിലെ ജനത വായനയ്‌ക്ക്‌ നല്‍കുന്ന പ്രാധാന്യം വിശദീകരിക്കാനാണ്‌ പ്രധാനമന്ത്രി അക്ഷര പുസ്‌തകശാലയെ കുറിച്ചു പറഞ്ഞത്‌. ഏതു പഞ്ചായത്തില്‍ ചെന്നാലും അവിടെ കുറഞ്ഞത്‌ ഒരു പുസ്‌തകശാലയെങ്കിലും കാണാമെന്നതാണ്‌ കേരളത്തിന്റെ പ്രത്യേകത. എങ്കിലും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവയുടെ ഉപയോഗം വര്‍ധിച്ചു വരുന്നതിനാല്‍ പുസ്‌തകവായനയോട്‌ പുതുതലമുറ മുഖം തിരിച്ചു നില്‍ക്കുന്നതായി കാണുന്നുണ്ട്‌. ഏതൊരു ജനതയുടെയും സാംസ്‌കാരിക ഉന്നതി അവരുടെ ഗ്രന്ഥശാലയുടെ മികവിനെ ആശ്രയിച്ചിരിക്കും. വായനയിലൂടെ കിട്ടുന്ന അറിവ്‌ അമൂല്യമാണ്‌ താനും. ഈ ചിന്തമനസ്സില്‍ വച്ച്‌ ലൈബ്രറികളെ പരിപോഷിപ്പിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. സര്‍ക്കാരുകളോ അധികൃതരോ മുന്‍കൈയെടുത്ത്‌ വളര്‍ത്തേണ്ടതല്ല വായനാശീലം. അതു സമൂഹത്തില്‍ നിന്നു തന്നെ തുടങ്ങണം. വിദൂരമായ വനപ്രദേശത്ത്‌ ഗ്രന്ഥശാല വിജയകരമായി പ്രവര്‍ത്തിക്കുന്നെങ്കില്‍ അതു കേരളത്തിലുടനീളം സാധ്യമാകും. വിജ്‌ഞാനത്തിലേക്കുള്ള കുതിപ്പിനായി നമുക്ക്‌ പുസ്‌തകം കൈയിലെടുക്കാം.

Ads by Google
Tuesday 02 Jul 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW