Saturday, August 24, 2019 Last Updated 14 Min 51 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Tuesday 02 Jul 2019 01.13 AM

കാരുണ്യയോടെ ലോട്ടറി വിറ്റുവരവ്‌ ഇരട്ടിയായി 'കാരുണ്യ' നിലയ്‌ക്കുന്നത്‌ ലോട്ടറി മേഖലയ്‌ക്കും തിരിച്ചടി

uploads/news/2019/07/318821/6.jpg

കോട്ടയം: കാരുണ്യ പദ്ധതി സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയതു ലോട്ടറി വിതരണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നു സൂചന. 'ചൂതാട്ട'മാണു ലോട്ടറി വിതരണമെന്നു പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്ന സമയത്ത്‌ രോഗികളെ സഹായിക്കാനുളള പദ്ധതിയുടെ ഭാഗമായി കാരുണ്യ ലോട്ടറി അവതരിപ്പിച്ചതോടെയാണ്‌ ലോട്ടറി വ്യാപാരത്തിന്‌ കാരുണ്യമുഖം കൈവന്നത്‌.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും കെ.എം. മാണി ധനകാര്യമന്ത്രിയുമായിരിക്കെ 2012 അവസാനമാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ കാരുണ്യ ലോട്ടറി പ്രഖ്യാപിച്ചത്‌. അന്നു വരെ ആഴ്‌ചയില്‍ ഒരിക്കല്‍ മാത്രമായിരുന്ന കേരള ലോട്ടറിയുടെ നറുക്കെടുപ്പ്‌ ആഴ്‌ചയില്‍ എല്ലാ ദിവസവും നടത്താനും തീരുമാനിച്ചു. ഇതില്‍ ഒരു ലോട്ടറിയാണു കാരുണ്യ എന്ന പേരില്‍ അവതരിപ്പിച്ചത്‌.

കാരുണ്യ ലോട്ടറി ഒന്നിന്‌ അമ്പതു രൂപയായിരുന്നു വില. പിന്നീട്‌ കാരുണ്യ പ്ലസ്‌ എന്ന പേരില്‍ മറ്റൊരു ലോട്ടറി കൂടി അവതരിപ്പിച്ചതോടെ ലോട്ടറിയുടെ വില നാല്‍പതു രൂപയാക്കി കുറച്ചു.

മാരക രോഗങ്ങള്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവര്‍ക്ക്‌ യാതൊരു ശിപാര്‍ശയും കൂടാതെ രണ്ടു ലക്ഷം രൂപ വരെ സഹായമായി നല്‍കാനാണു കാരുണ്യ ലോട്ടറിയില്‍ നിന്നുളള വരുമാനം ഉപയോഗിച്ചിരുന്നത്‌. കാരുണ്യപദ്ധതി വഴി ഇതുവരെ രണ്ടു ലക്ഷത്തോളം രോഗികള്‍ക്കായി രണ്ടായിരം കോടി രൂപയോളം ചെലവഴിച്ചെന്നാണു കണക്ക്‌.

രോഗികള്‍ക്കുള്ള സഹായപദ്ധതിയായി കാരുണ്യ ലോട്ടറി വില്‍പന മാറിയതോടെ ലോട്ടറി വില്‍പനയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്‌. കാരുണ്യ ലോട്ടറി പ്രോത്സാഹിപ്പിക്കുന്നതിനു സംസ്‌ഥാന സര്‍ക്കാര്‍ തന്നെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. സര്‍ക്കാര്‍ തലത്തില്‍ സമ്മാനങ്ങളായും മറ്റും നല്‍കിയിരുന്നത്‌ കാരുണ്യ ലോട്ടറിയായിരുന്നു.

ആഴ്‌ചയില്‍ എല്ലാ ദിവസവും നറുക്കെടുപ്പുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വിറ്റുവരവ്‌ നേടിക്കൊടുത്തിരുന്നത്‌ കാരുണ്യ ലോട്ടറിയായിരുന്നു. കാരുണ്യ പദ്ധതി പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ മൊത്തവിതരണക്കാരും ഏജന്റുമാരുമായി അറുപത്തിയയ്യായിരം പേരാണ്‌ ലോട്ടറി വില്‍പന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. കാരുണ്യ പദ്ധതിക്കു ശേഷം ഇപ്പോള്‍ മൂന്നു ലക്ഷം പേരാണ്‌ ലോട്ടറി വില്‍പന മേഖലയില്‍ ജോലിചെയ്യുന്നത്‌.

മാത്രമല്ല 2012-ല്‍ ലോട്ടറിയില്‍നിന്നുളള വാര്‍ഷിക വിറ്റുവരവ്‌ 550 കോടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോട്ടറിയുടെ വാര്‍ഷിക വിറ്റുവരവ്‌ 1,200 കോടിയായി ഉയര്‍ന്നു.

കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ സംയുക്‌തമായി നടപ്പാക്കുന്ന ആയുഷ്‌മാന്‍ ഭാരത്‌ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി സംസ്‌ഥാനത്തും നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതെന്നാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ വിശദീകരണം. ആരോഗ്യ ഇന്‍ഷുറന്‍സ്‌ കാര്‍ഡുളളവര്‍ക്ക്‌ മാത്രമേ ഈ പദ്ധതിയുടെ ഭാഗമാകാന്‍ കഴിയൂ. എന്നാല്‍ കാരുണ്യ പദ്ധതിയില്‍ ഇത്തരം നിബന്ധനകള്‍ ഒഴിവാക്കിയിരുന്നു.

Ads by Google
ഷാലു മാത്യു
Tuesday 02 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW