Tuesday, August 20, 2019 Last Updated 16 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.37 AM

സമാധാനത്തിലേക്കുള്ള കാല്‍ച്ചുവടുകള്‍

uploads/news/2019/07/318651/editorial.jpg

സമാധാനത്തിനും യുദ്ധത്തിനുമിടയിലുള്ള അകലം ഒരടിയുടേതു മാത്രമാണ്‌. മനസുണ്ടെങ്കില്‍ അതിനു പ്രോട്ടോക്കോളോ ഔദ്യോഗിക കടമ്പകളോ തടസമാകില്ല. അഹന്തയ്‌ക്കു മത്സരത്തിനും വൈരാഗ്യത്തിനുമപ്പുറത്തേയ്‌ക്കുള്ള ഒരു കാല്‍വയ്‌പ്‌... അതു മാത്രമാണു സമാധാനത്തിനു വേണ്ടത്‌. ഈ ഒരടി മുന്നോട്ടു വയ്‌ക്കാന്‍ ഭരണാധികാരികള്‍ക്കുള്ള വൈമനസ്യം മൂലം ലോകത്തെമ്പാടുമായി നൂറുകണക്കിനു മനുഷ്യരാണു ദിവസവും മരിച്ചു വീഴുന്നത്‌. കോടിക്കണക്കിനു കുടുംബങ്ങളാണു ദാരിദ്ര്യവും കഷ്‌ടപ്പാടും മൂലം നരകിക്കുന്നത്‌. ഭരണാധികാരികള്‍ സമാധാനത്തില്‍നിന്നു പിന്നാക്കം വയ്‌ക്കുന്ന കാല്‍ച്ചുവടുകളുടെ എണ്ണം പെരുകും തോറും അസമാധാനത്തിലേക്കു നീങ്ങുന്ന രാജ്യങ്ങളുടെ എണ്ണവും പ്രദേശങ്ങളുടെ വിസ്‌തൃതിയും വര്‍ധിക്കുകയാണ്‌. അതിന്റെ ഫലമോ, പട്ടിണിയും നരകയാതനകളുമാണ്‌.

ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ മുന്‍കൂട്ടി നിശ്‌ചയിച്ച പരിപാടികള്‍ക്കപ്പുറം മുന്നോട്ടു വച്ച ചുവടുകള്‍ സമാധാനത്തിന്റേതായിരുന്നു. അതിന്‌ ഔദ്യോഗിക പരിവേഷങ്ങള്‍ ഒന്നുമില്ലായിരുന്നു. ചര്‍ച്ചയ്‌ക്കുള്ള ക്ഷണം പോലും അനൗദ്യോഗികമായി ട്വിറ്ററിലൂടെയാണ്‌ ട്രംപ്‌ കൈമാറിയത്‌. അതിനെ സ്വീകരിക്കുന്നതിന്‌ ഉത്തരകൊറിയന്‍ പ്രസിഡന്റിനും ഔദ്യോഗിക ചട്ടങ്ങള്‍ തടസമായില്ല. തുറന്ന മനസോടെ സൈനികരഹിത മേഖലയിലെത്തിയ കിം, ട്രംപിനെ വരവേറ്റത്‌ ഊഷ്‌മളമായായിരുന്നു. മാത്രമല്ല ഉത്തരകൊറിയയിലേക്കു ചുവടുകള്‍വച്ച്‌ ചരിത്രം കുറിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിനെ പ്രേരിപ്പിക്കുകയും ചെയ്‌തു. സിംഗപ്പുരില്‍വച്ചും വിയറ്റ്‌നാമില്‍വച്ചും ട്രംപും കിമ്മും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചകള്‍ പ്രതീക്ഷനല്‍കിയെങ്കിലും വിയറ്റ്‌നാം ചര്‍ച്ചയുടെ അന്ത്യം നിരാശാജനകമായിരുന്നു. മാത്രമല്ല, അമേരിക്കന്‍ മുന്നറിയിപ്പ്‌ അവഗണിച്ച്‌ കിം ജോങ്‌ ഉന്‍ അണ്വായുധ പദ്ധതികളുമായി മുന്നോട്ടുപോയത്‌ യുദ്ധസമാന സാഹചര്യം സൃഷ്‌ടിച്ചിരുന്നു. തുടര്‍ന്ന്‌ ഉത്തര കൊറിയക്ക്‌ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം നിലനില്‍ക്കുകയുമാണ്‌.
അതിനിടയിലാണ്‌ പ്രതീക്ഷാനിര്‍ഭരമായ കൂടിക്കാഴ്‌ചയ്‌ക്ക്‌ ഒരവസരം വീണ്ടുമൊരുങ്ങിയത്‌. അത്‌ രണ്ടു ഭരണാധിപന്മാരുടെ പ്രതീക്ഷയല്ല, കൊറിയന്‍ ഉപദ്വീപിലെ എട്ടുകോടി മനുഷ്യരുടെ പ്രതീക്ഷയാണ്‌. അതിനൊപ്പം ലോകത്തിനു കുറച്ചു കൂടി പ്രതീക്ഷ നല്‍കിക്കൊണ്ടാണ്‌ ട്രംപ്‌ ഇന്നലത്തെ കൂടിക്കാഴ്‌ച അവസാനിപ്പിച്ചിരിക്കുന്നത്‌. ലോകത്തെ സമാധാനത്തിന്റെ പാതയിലേക്കു നയിക്കാനാണു താല്‍പര്യമെന്ന സൂചനയാണ്‌ ട്രംപ്‌ ഇന്നലെ കിമ്മുമായുള്ള കൂടിക്കാഴ്‌ച അവസാനിപ്പിക്കുമ്പോള്‍ ലോകത്തിനു നല്‍കിയത്‌, അതു വിശ്വസിക്കാമെങ്കില്‍ ലോകം ഇന്ന്‌ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളിലൊന്നിനു വിരാമം കുറിക്കാനുള്ള ചുവടുവയ്‌പുകൂടിയാണ്‌ ഉത്തരകൊറിയയിലുണ്ടായത്‌.

വന്‍ രാജ്യങ്ങളുടെ നിക്ഷിപ്‌തതാല്‌പര്യങ്ങളുടെയും ആയുധക്കച്ചവടത്തിന്റെയും പേരില്‍ ബലികൊടുക്കപ്പെടുന്നത്‌ ലോകസമാധാനമാണ്‌. കൊറിയയെ വിഭജിച്ചതിനു പിന്നിലും ഈ താല്‍പര്യങ്ങളുണ്ടായിരുന്നു. 1945ല്‍ രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാന്റെ കൈവശമുണ്ടായിരുന്ന കൊറിയന്‍ ഉപദ്വീപിനെ വിഭജിച്ച്‌ അമേരിക്കയും സോവിയറ്റ്‌ യൂണിയനും വീതം വച്ചതോടെയാണു ശത്രുപക്ഷങ്ങള്‍ ഉണ്ടാകുന്നത്‌. കൊറിയയുടെ ഉത്തര ഭാഗം സോവിയറ്റ്‌ യൂണിയനും ദക്ഷിണ ഭാഗം അമേരിക്കയും സ്വന്തമാക്കി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മനസ്‌ ആരും കണ്ടില്ല.

പിന്നീട്‌ അധികാരപ്പോരാട്ടമാണു കണ്ടത്‌. ഇത്‌ 1950-53 കാലഘട്ടത്തില്‍ കൊറിയന്‍ യുദ്ധത്തിലേക്കു നയിച്ചു. യുദ്ധവിരാമ ഉടമ്പടി പ്രകാരം സൈനികരഹിത മേഖല കൊണ്ട്‌ ഉത്തര കൊറിയയെയും ദക്ഷിണ കൊറിയയെയും വേര്‍തിരിച്ചു. ഇപ്പോഴും ഈ സ്‌ഥിതി തുടരുന്നു. 250 കിലോമീറ്റര്‍ നീളവും നാല്‌ കിലോമീറ്റര്‍ വീതിയുമുള്ള സൈനിക മുക്‌ത മേഖലയിലൂടെയാണ്‌ ട്രംപ്‌ ഇന്നലെ ഉത്തര കൊറിയയില്‍ പാദമൂന്നിയത്‌. അമേരിക്കന്‍ പ്രസിഡന്റിന്റെ നീക്കം ആത്മാര്‍ഥമാണെങ്കില്‍ ഈ ഇരുപതു ചുവടുകള്‍ ലോകസമാധാനത്തിലേക്കുള്ള ചുവടുകള്‍ തന്നെയാണ്‌. അത്‌ പുതിയൊരു ലോകത്തെ സൃഷ്‌ടിക്കുവാന്‍ പര്യാപ്‌തമാകുമെന്നു പ്രത്യാശിക്കാം.

Ads by Google
Monday 01 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW