Tuesday, August 20, 2019 Last Updated 53 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.36 AM

കടമ്പകള്‍ മറികടന്നു കൊറിയന്‍ ചര്‍ച്ച , അകത്ത്‌ ചര്‍ച്ച, പുറത്ത്‌ ഉദ്യോഗസ്‌ഥരുടെ വാക്‌പോര്‌

uploads/news/2019/07/318650/bft1.jpg

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ്‌ 2.26. ഇരു കൊറിയകള്‍ക്കുമിടയിലുള്ള സൈനിക മുക്‌ത മേഖലയില്‍നിന്നു ട്രംപിന്റെ ചോദ്യം. "ഞാന്‍ ഈ രേഖ കടക്കട്ടേ?". ഉടനെത്തി കിമ്മിന്റെ മറുപടി "അതെനിക്കുള്ള ബഹുമതിയാകും". ഉറച്ച കാല്‍വയ്‌പോടെ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഉത്തര കൊറിയയിലേക്കു നടന്നു. സമാധാനത്തിന്റെ 20 ചുവടുകള്‍.
ഇരുവരുമായുള്ള ചര്‍ച്ച നടക്കുമ്പോള്‍ വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി സ്‌റ്റെഫനി ഗ്രിഷവും ഉത്തര കൊറിയന്‍ ഉദ്യോഗസ്‌ഥരും തമ്മില്‍ പൊരിഞ്ഞ വാഗ്‌പോര്‌ നടക്കുകയായിരുന്നു. ചര്‍ച്ചാമുറിക്കു തൊട്ടുപുറത്തായിരുന്നു പ്രോട്ടോക്കോളിനെച്ചൊല്ലിയുള്ള തര്‍ക്കം. ഇരു രാജ്യങ്ങളിലെ ഉദ്യോഗസ്‌ഥര്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായിരുന്നു ആ വഴക്ക്‌. നിരവധി കടമ്പകള്‍ കടന്നാണു ട്രംപും കിം ജോങ്‌ ഉന്നുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു വഴി തെളിഞ്ഞത്‌. ഒരു ഭാഗത്ത്‌ അമേരിക്കന്‍ മാധ്യമങ്ങള്‍.
മറുപക്ഷത്തു കിമ്മിന്റെ പ്രകോപനങ്ങള്‍. ഇതു മറികടക്കാന്‍ ട്രംപ്‌ പ്രയോഗിച്ച തന്ത്രമാണ്‌ അതിവേഗകൂടിക്കാഴ്‌ച. പാശ്‌ചാത്യ മാധ്യമങ്ങള്‍ക്ക്‌ തയാറെടുപ്പ്‌ നടത്താനോ പ്രകോപനമുണ്ടാക്കാനോ അവസരം ലഭിച്ചില്ല. ഉത്തര കൊറിയന്‍ ഉദ്യോഗസ്‌ഥരും സമാന അവസ്‌ഥയിലായിരുന്നു.
കിം ജോങ്‌ ഉന്നിനു പാശ്‌ചാത്യ മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന പ്രതിച്‌ഛായ കൊടുംക്രൂരന്റേതാണ്‌. സ്വന്തം അമ്മാവനെന്റെയും അര്‍ധസഹോദരന്റെയും കൊലയാളി. ട്രംപുമായുള്ള വിയറ്റ്‌നാം ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ ഉത്തര കൊറിയന്‍ ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത വരെ പാശ്‌ചാത്യ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇവയെ കിം ഗൗനിച്ചില്ല.
മരിച്ച ഉദ്യോഗസ്‌ഥരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട്‌ അദ്ദേഹം പലപ്പോഴും പരോക്ഷമായി മറുപടി നല്‍കി. മേയില്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയപ്പോള്‍ അമേരിക്കന്‍ ഉദ്യോഗസ്‌ഥര്‍ രൂക്ഷ വിമര്‍ശനമാണു നടത്തിയത്‌. പക്ഷേ, ട്രംപ്‌ കാത്തിരുന്നു കാണാമെന്ന നിലപാടിലായിരുന്നു.
ഔദ്യോഗിക തലത്തിലൂടെയല്ല കിമ്മിനു ട്രംപ്‌ ക്ഷണം നല്‍കിയത്‌. ട്വീറ്ററിലൂടെയുള്ള ക്ഷണം ഉദ്യോഗസ്‌ഥരെ മറികടന്നുള്ള നീക്കമായിരുന്നു. നേരത്തെയും അമേരിക്കന്‍ പ്രസിഡന്റുമാര്‍ കൊറിയകളുടെ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്‌. സഖ്യകക്ഷിയായ ദക്ഷിണകൊറിയയില്‍നിന്ന്‌ ബൈനോകുലറിലൂടെ ഉത്തര കൊറിയയെ കണ്ടുമടങ്ങുന്നതായിരുന്നു രീതി. ജിമ്മി കാര്‍ട്ടറും ബില്‍ ക്ലിന്റണും ഉത്തര കൊറിയയിലെത്തിയിട്ടുണ്ടെങ്കിലും അതു പ്രസിഡന്റ്‌ സ്‌ഥാനം ഒഴിഞ്ഞതിനുശേഷമായിരുന്നു. എന്നാല്‍, അതിര്‍ത്തി കടന്ന്‌ ഉറച്ച കാലുകളോടെ ട്രംപ്‌ മുന്നോട്ടുപോയി. സൗഹൃത പാത ഒരുക്കാന്‍ ദക്ഷിണ കൊറിയയും ശ്രമിച്ചു.
ഉത്തര കൊറിയക്കാര്‍ മറ്റൊരു കാഴ്‌ചയും കണ്ടു. കിം ജോങ്‌ ഉന്നിനോട്‌ സംസാരിക്കുന്ന മാധ്യമങ്ങള്‍. അവരുടെ ചോദ്യത്തോട്‌ സഹിഷ്‌ണുതയോടെയുള്ള മറുപടി. ചര്‍ച്ചയ്‌ക്കുശേഷം ലോകത്തിനു പ്രതീക്ഷ നല്‍കുന്ന കുറേകാര്യങ്ങള്‍ ഇരുനേതാക്കളും നല്‍കുന്നുണ്ട്‌. മൂന്ന്‌ ആഴ്‌ചയ്‌ക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകും. വൈറ്റ്‌ ഹൗസിലേക്കു കിമ്മിനു ട്രംപ്‌ ക്ഷണവും നല്‍കി. ഉത്തര കൊറിയയ്‌ക്കെതിരായ ഉപരോധങ്ങള്‍ അവസാനിപ്പിക്കാനാണ്‌ ആഗ്രഹമെന്നും ട്രംപ്‌ പറഞ്ഞുവച്ചിട്ടുണ്ട്‌.

Ads by Google
Monday 01 Jul 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW