Wednesday, August 21, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.20 AM

നുസ്രത്‌ ജഹാന്റെ വിവാഹത്തിന്‌ സാധുതയില്ലെന്ന്‌ മതപണ്ഡിതന്‍

uploads/news/2019/07/318591/d3.jpg

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. നുസ്രത്‌ ജഹാന്റെ വിവാഹത്തിന്‌ ഇസ്ലാമിക നിയമപ്രകാരം സാധുതയില്ലെന്നു മത പണ്ഡിതന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണു ബാല്യകാല സുഹൃത്ത്‌ നിഖില്‍ ജെയ്‌നിനെ അവര്‍ വിവാഹം ചെയ്‌തത്‌. ജൈനമത വിശ്വാസിയാണു ജെയ്‌ന്‍. ഇസ്ലാമിനു വിരുദ്ധമായി നുസ്രത്‌ പെരുമാറിയെന്നു ഫതേപ്പുര്‍ മസ്‌ജിത്‌ ഇമാം മുഫ്‌തി മുകാറം അഹമ്മദ്‌ പറഞ്ഞു. മുസ്ലിം- ജൈന മത ആചാരങ്ങള്‍ പാലിക്കാതെയായിരുന്നു വിവാഹമെന്ന്‌ അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ സിന്ദൂരം തൊട്ടു വന്നതിനെ തുടര്‍ന്ന്‌ നുസ്രതിനെതിരേ ഇസ്ലാം മത പണ്ഡിതന്‍മാര്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. സിന്ദൂരം തൊടുന്നതും വര്‍ണ വളകള്‍ ധരിക്കുന്നതും ഇസ്ലാമിക വിരുദ്ധമായിട്ടും നുസ്രത്‌ ഒഴിവാക്കിയില്ലെന്നു ജാമിയ ഷെയ്‌ഖ്‌ അല്‍ ഹിന്ദിന്റെ മുഫ്‌തി ആസാദ്‌ ഖ്വാസി ആരോപിച്ചു. നുസ്രത്‌ ജഹാനു പിന്തുണയുമായി ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തി. വ്യക്‌തിസ്വാതന്ത്ര്യത്തെയാണു മത പണ്ഡിതന്‍മാര്‍ ചോദ്യം ചെയ്യുന്നതെന്നു ബി.ജെ.പി. നേതാവ്‌ ഷാസിയ ഇമി ആരോപിച്ചു. യാഥാസ്‌തിതികരെന്ന്‌ അവകാശപ്പെടുന്നവരുടെ മനസ്‌ വളരെ വൃത്തികെട്ടതാണെന്നു സ്വാധി പ്രാചി പറഞ്ഞു.
25 നു നടന്ന സത്യപ്രതിജ്‌ഞാ ചടങ്ങില്‍ നുസ്രത്‌ ജഹാന്‍ പിങ്ക്‌, വെള്ള നിറങ്ങള്‍ കലര്‍ന്ന സാരിയുടുത്താണെത്തിയത്‌. കൈകളില്‍ മൈലാഞ്ചിയിടുകയും വര്‍ണ വളകള്‍ ധരിക്കുകയും ചെയ്‌തിരുന്നു. സ്‌പീക്കര്‍ ഓം ബിര്‍ലയുടെ പാദങ്ങളില്‍ തൊട്ട്‌ അനുഗ്രഹം വാങ്ങിയാണു നുസ്‌റത്‌ സത്യപ്രതിജ്‌ഞ ചെയ്‌തത്‌. 17, 18 തീയതികളിലായി നടന്ന ലോക്‌സഭാ എം.പിമാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ നുസ്രത്തിനു പങ്കെടുക്കാനായില്ല. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട്‌ തുര്‍ക്കിയിലായിരുന്നു അവര്‍. ബംഗാളിന്റെ പ്രമുഖ നടിയായ നുസ്രത്‌ അപ്രതീക്ഷിതമായാണു രാഷ്‌ട്രീയത്തില്‍ കടന്നത്‌. ബാസിര്‍ഘട്ടില്‍ നിന്നാണു ലോക്‌സഭയിലേക്കു മത്സരിച്ചത്‌.

Ads by Google
Monday 01 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW