Thursday, August 22, 2019 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 11.31 PM

ലോകകപ്പില്‍ ഇന്ത്യക്ക്‌ ആദ്യ തോല്‍വി , ഇംഗ്ലണ്ടിനോട്‌ തോറ്റത്‌ 31 റണ്‍സിന്‌

uploads/news/2019/06/318543/england.jpg

ബിര്‍മിങ്‌ഹാം: ഇന്ത്യയ്‌ക്ക് അകത്തുനിന്നും പാകിസ്‌താനില്‍ നിന്നു ഉയര്‍ന്ന പ്രാര്‍ഥനകള്‍ ഫലം കണ്ടില്ല. ഓറഞ്ച്‌ ജഴ്‌സിയില്‍ കന്നിയങ്കത്തിനിറങ്ങിയ ഇന്ത്യക്ക്‌ ഇംഗ്ലണ്ടിനെതിരേ പിഴച്ചപ്പോള്‍ വിരാട്‌ കോഹ്ലിക്കും സംഘത്തിനും ക്രിക്കറ്റ്‌ ലോകകപ്പിലെ ആദ്യ തോല്‍വി.
ഇന്നലെ ബിര്‍മിങ്‌ഹാമില്‍ ഇംഗ്ലണ്ട്‌ ഉയര്‍ത്തിയ 338 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക്‌ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 305 റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ നായകന്‍ രോഹിത്‌ ശര്‍മയുടെയും അര്‍ധസെഞ്ചുറി നേടിയ നായകന്‍ വിരാട്‌ കോഹ്ലിയുടെയും പോരാട്ടം പാഴായി.
രോഹിത്‌ 109 പന്തില്‍ നിന്ന്‌ 15 ബൗണ്ടറികളോടെ 102 റണ്‍സ്‌ നേടിയപ്പോള്‍ 76 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളോടെ 66 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. മൂന്നാം ഓവറില്‍ത്തന്നെ കെ.എല്‍. രാഹുലിനെ(0) നഷ്‌ടമായ ഇന്ത്യക്ക്‌ രണ്ടാം വിക്കറ്റില്‍ രോഹിത്‌-കോഹ്ലി സഖ്യം കൂട്ടിച്ചേര്‍ത്ത 138 റണ്‍സാണ്‌ പ്രതീക്ഷ നല്‍കിയത്‌.
എന്നാല്‍ 29-ാം ഓവറില്‍ കോഹ്ലിയെ നഷ്‌ടമായതോടെ ഇന്ത്യ പതറി. പിന്നീട്‌ ഋഷഭ്‌ പന്തിനൊപ്പം(29 പന്തില്‍ 32) രോഹിത്‌ 52 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ലോകകപ്പില്‍ തന്റെ മൂന്നാം സെഞ്ചുറി നേടിയതിനു പിന്നാലെ രോഹിത്‌ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷയറ്റു.
പിന്നീടെത്തിയ ഹര്‍ദ്ദിക്‌ പാണ്ഡ്യ(33 പന്തില്‍ 45), മഹേന്ദ്ര സിങ്‌ ധോണി(31 പന്തില്‍ 42) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ലക്ഷ്യം കൈയെത്താ ദൂരത്തായിരുന്നു. ജയത്തോടെ ഇംഗ്ലണ്ട്‌ സെമി സാധ്യത നിലനിര്‍ത്തി.
നേരത്തെ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും(109 പന്തില്‍ 111), ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അര്‍ധസെഞ്ചുറിയുടെയും(54 പന്തില്‍ 79) മികവിലാണ്‌ ഇംഗ്ലണ്ട്‌ മികച്ച സ്‌കോറില്‍ എത്തിയത്‌.
ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഇംഗ്ലണ്ട്‌ തുടക്കത്തില്‍ തന്നെ താളം കണ്ടെത്തി. ഒന്നാം വിക്കറ്റില്‍ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന്‌ 160 റണ്‍സ്‌ കൂട്ടുകെട്ടുണ്ടാക്കിയപ്പോഴേ മത്സരം ഇന്ത്യയുടെ കൈയില്‍ നിന്ന്‌ വഴുതിയിരുന്നു.
66 റണ്‍സെടുത്ത റോയിയെ പുറത്താക്കി കുല്‍ദീപ്‌ യാദവ്‌ ഇന്ത്യക്കു ബ്രേക്ക്‌ ത്രൂ സമ്മാനിച്ചെങ്കിലും രണ്ടാം വിക്കറ്റില്‍ ബെയര്‍സേ്‌റ്റായും റൂട്ടും ചേര്‍ന്ന്‌ 45 റണ്‍സ്‌ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനു മികച്ച അടിത്തറ സമ്മാനിച്ചു.
ഇതിനിടെ ബെയര്‍സ്‌റ്റോ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 109 പന്തില്‍ 111 റണ്‍സെടുത്ത ബെയര്‍സേ്‌റ്റായെ പുറത്താക്കി മുഹമ്മദ്‌ ഷമിയാണ്‌ ഈ കൂട്ടുകെട്ട്‌ പൊളിച്ചത്‌. രണ്ട്‌ റണ്‍സ്‌ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓയിന്‍ന്‍ മോര്‍ഗനെയും ഷമി മടക്കി.
പിന്നീട്‌ ബെന്‍ സ്‌റ്റോക്‌സിന്റെ ഊഴമായിരുന്നു. ഇന്ത്യന്‍ സ്‌പിന്നര്‍മാരെ തെരഞ്ഞുപിടിച്ചു ഇംഗ്ലീഷ്‌ ഓള്‍റൗണ്ടര്‍ ശിക്ഷിച്ചപ്പോള്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു. നാലാം വിക്കറ്റില്‍ റൂട്ടും ബെന്‍ സ്‌റ്റോക്ക്‌സും ചേര്‍ന്ന്‌ 70 റണ്‍സാണു കൂട്ടിച്ചേര്‍ത്തത്‌. റൂട്ടിനെ പുറത്താക്കി ഈ കൂട്ടുകെട്ടും ഷമിയാണ്‌ പൊളിച്ചത്‌.
പിന്നീട്‌ ക്രീസിലെത്തിയ ജോസ്‌ ബട്‌ലര്‍ എട്ടു പന്തില്‍ 20 റണ്‍സോടെ സ്‌കോറിങ്‌ വേഗത കൂട്ടി. എന്നാല്‍ തന്റെ പന്തില്‍ ക്യാച്ചെടുത്ത്‌ ഷമി തന്നെ ബട്‌ലറേയും മടക്കി. 49-ാം ഓവറില്‍ ക്രിസ്‌ വോക്‌സിനെ (7) പുറത്താക്കി ഷമി തന്റെ വിക്കറ്റ്‌ നേട്ടം അഞ്ചാക്കി.
സ്‌റ്റോക്‌സിനെ അവസാന ഓവറില്‍ ബുംറ മടക്കിയതോടെ 350 എന്ന ഇംഗ്ലീഷ്‌ മോഹം അസ്‌തമിച്ചു. ലിയാം പ്ലങ്കറ്റും(1)ജെഫ്രെ ആര്‍ച്ചറും(0) പുറത്താകാതെ നിന്നു.

Ads by Google
Sunday 30 Jun 2019 11.31 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW