Wednesday, August 21, 2019 Last Updated 14 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 03.40 PM

200 ബസുകള്‍ റദ്ദാക്കി, തിങ്കളാഴ്ചയോടെ 500 സര്‍വീസുകള്‍ നിര്‍ത്തിവെക്കും: കെഎസ്ആര്‍ടിസിയില്‍ ഗുരുതര പ്രതിസന്ധി

KSRTC, Driver, Dismissal

തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവർമാരുടെ പിരിച്ചുവിടൽ പ്രതിസന്ധിയിലായി കെഎസ്ആർടിസി. അവധി ദിനമായ ഇന്ന് കെഎസ്ആർടിസിയുടെ 200 ബസുകളാണ്‌ സർവീസ് മുടക്കിയത്. ഇങ്ങനെപോയാൽ പ്രവർത്തിദിനമായതിനാൽ നാളെയും കെഎസ്ആർടിസിക്ക് വലിയ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക. അതുകൊണ്ട് തന്നെ അവധിക്ക് പോയിരിക്കുന്ന എല്ലാവരോടും തിരികെ വരാൻ കെഎസ്ആർടിസി എം ഡി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച 500 സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നാണ് സൂചന.

താൽക്കാലിക കണ്ടക്ടർമാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടതിനുപിറകെയാണ് ഡ്രൈവർമാരെയും പിരിച്ചുവിട്ടത്. അതുകൊണ്ടാണ് കെഎസ്ആർടിസിക്ക് വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് 2018 ലെ കെഎസ്ആർടിസി ഡ്രൈവർമാരെ ഇന്നലെ രാത്രി തന്നെ പിരിച്ചുവിടാനുള്ള ഉത്തരവിറക്കിയത്. കോടതി നൽകിയ സമയം കഴിഞ്ഞതിനാലാണ് ഒറ്റരാത്രികൊണ്ട് ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഉത്തരവിറക്കിയത്.

എന്നാൽ ഈ പ്രവർത്തികൊണ്ട് കെഎസ്ആർടിസിക്ക് തന്നെയാണ് ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. രാവിലെ ബസ് ഓടിക്കാൻ പലയിടത്തും ഡ്രൈവർമാർ ഇല്ലാതായി. കൊല്ലത്ത് 15, കണിയാപുരത്ത് 13 എന്നിങ്ങനെയാണ് മുടങ്ങിയ സർവീസുകളുടെ എണ്ണം. കൊല്ലം ചാത്തന്നൂർ സബ് ഡിപ്പോയിൽ പത്ത് സർവ്വീസുകൾ മുടങ്ങി. കരുനാഗപ്പള്ളിയിൽ 7 സർവ്വീസുകൾ മുടങ്ങി. ആര്യങ്കാവ് ഡിപ്പോയിൽ ഡ്രൈവർ ഇല്ലാത്തതിനാൽ റോസ്‍മല ട്രിപ്പ് മുടങ്ങി. ചടയമംഗലം സബ് ഡിപ്പോയിൽ 55 സർവീസുകളുള്ളതിൽ 18 സർവീസുകൾ ഇന്ന് റദ്ദാക്കി.

അവധി ദിനമായതിനാൽ ഇന്ന് വലിയ പ്രശ്നം നേരിടേണ്ടി വന്നില്ല. എന്നാൽ തിങ്കളാഴ്ച ദിവസമായ നാളെ കെഎസ്ആർടിസി സർവീസ് നടത്തിയില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ സർവീസുകൾ പരമാവധി മുടങ്ങാതെ നടത്തണമെന്നും എം ഡി മാനേജ്‍മെന്റ് സോണൽ ഓഫീസുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തിദിവസമായ നാളെ കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന ദിവസമാണ്.

ഈ പ്രതിസന്ധി എങ്ങനെ നേരിടും എന്ന ആശങ്കയിലാണ് സർക്കാരും. പിരിച്ചുവിട്ടവരെ വീണ്ടും കരാ‍ർ അടിസ്ഥാനത്തിൽ തിരിച്ചുനിയമിക്കുന്നതിന്‍റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാൽ പിഎസ്സി റാങ്കിൽ മുന്നിൽ നിൽക്കുന്ന ഡ്രൈവർമാർ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നാളെയാണ് കോടതി ഹർജി പരിഗണിക്കുന്നത്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടർനീക്കം. അതുവരെ കെഎസ്ആ‍ടിസിയിൽ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന് ചുരുക്കം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW