Tuesday, August 20, 2019 Last Updated 21 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 02.11 AM

പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവന്‍ ആദിയര്‍ ജനതയുടെ ശക്‌തിപ്രഭാവം

uploads/news/2019/06/318493/re2.jpg

നൂറ്റാണ്ടുകളായി മനുഷ്യമനസില്‍ വേരുറച്ച ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ജീവിതരീതികള്‍ക്കും അടിമത്ത-അയിത്ത-ജാതി-ഉപജാതി-ഗോത്ര ചിന്താഗതികള്‍ക്കും മാറ്റംവരുത്തി പുതിയ മനുഷ്യരെ സൃഷ്‌ടിച്ച പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സമാനതകളില്ലാത്തതാണ്‌. കേരള നവോത്ഥാന ചരിത്രത്തില്‍ ഏറെ വ്യത്യസ്‌തവും വ്യതിരക്‌തവുമായ സാന്നിധ്യമാണ്‌ പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവനും പ്രത്യക്ഷരക്ഷാ ദൈവസഭയ്‌ക്കുമുള്ളത്‌. ഈ രാജ്യത്തു തകര്‍ന്നടിഞ്ഞുപോയ ആദിമവംശത്തിന്റെ പൂര്‍വകാല ദൈവീക-ഭൗതിക പാരമ്പര്യങ്ങളുടെ ചരിത്രം ഒരിടത്തും കാണുവാനില്ലാത്ത അവസ്‌ഥയിലാണ്‌ ശ്രീകുമാരഗുരുദേവന്റെ ജ്‌ഞാനവിഷയ ചരിത്രപ്രഖ്യാപനങ്ങള്‍ കേരള നവോത്ഥാന കാലഘട്ടം ശ്രവിച്ചത്‌. മതങ്ങളും വിശ്വാസങ്ങളും പ്രസ്‌ഥാനങ്ങളും വീതിച്ചെടുത്ത്‌ ചിന്നിച്ചിതറി വിവധ ജാതി-ഉപജാതി-ഗോത്രനാമങ്ങളില്‍ കലഹിച്ചിരുന്ന ഒരു ജനതയെ ഒരപ്പന്റേയും അമ്മയുടേയും മക്കളെന്നപോലെ ഏകീകരിക്കാന്‍ പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്‌ സാധിച്ചത്‌ അമാനുഷിക ശക്‌തിപ്രവാഹത്തിന്റെ ഉടമയായതിനാലാണ്‌. നല്ല ദേവനും ദേവിയും ആരാധനാലയങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്‌ഠാനങ്ങളും ഇല്ലാതെകിടന്ന അടിസ്‌ഥാന ജനത ശ്രീകുമാരഗുരുദേവനിലെ ആത്മീയപ്രഭ കാണുകയും അനുഭിക്കുകയും ചെയ്‌തിരുന്നു. ഒരിക്കല്‍ കോട്ടയം ജില്ലയിലെ വാകത്താനത്ത്‌ (ഇന്ന്‌ പി.ആര്‍.ഡി.എസ്‌. ആരാധനാ മന്ദിരം സ്‌ഥിതിചെയ്യുന്നിടത്ത്‌) വന്‍ജനാവലിയെ ഗുരുദേവന്‍ അഭിസംബോധന ചെയ്യുകയാണ്‌.
ഉച്ചഭാഷിണിയില്ലാത്തതിനാല്‍ പ്രസംഗിക്കുന്നത്‌ അങ്ങേയറ്റത്തിരിക്കുന്നവര്‍ക്ക്‌ കേള്‍ക്കുന്നതിന്‌ പകര്‍ത്തി പറയുമായിരുന്നു. നാലുവശത്തും 8 പേര്‍ വീതമാണ്‌ പകര്‍ത്തിപറയുവാന്‍ അണിനിരന്നത്‌. ദൈവമില്ലാതെ കിടന്ന ഈ ജനാവലിയോട്‌ നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോയെന്ന്‌ ചോദിച്ചു. ഇല്ലെന്നു മറുപടി. കാണണോ എന്ന ചോദ്യത്തിന്‌ വേണമെന്ന ഉത്തരം ലഭിച്ചപ്പോള്‍ നിങ്ങള്‍ നില്‍ക്കുന്ന നാലുവശവും നോക്കുക, ആകാശത്തും നോക്കുക. അത്‌ അനുസരിച്ച ജനം ദൈവത്തെ കണ്ടില്ല എന്നറിയിച്ചു. എങ്കില്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്ന എന്നെ നോക്കുക എന്നാവശ്യപ്പെട്ട ഗുരുദേവനെ അവര്‍ കാണുന്നത്‌ വലിയ തീജ്വാലയ്‌ക്കുളളില്‍ നില്‍ക്കുന്നതാണ്‌. ഈ കാഴ്‌ച ഇതുവരെയും ഈ ജനതയുടെ മനസിലുണ്ടായിരുന്ന ദൈവസങ്കല്‌പം മാറ്റിമറിക്കുകയായിരുന്നു. ഇതിനുശേഷം പറഞ്ഞത്‌ ദൈവം മാത്രമേ അഗ്നിക്കുളളില്‍നിന്ന്‌ സംസാരിച്ചതായി ചരിത്രപുസ്‌തകങ്ങളിലുള്ളൂ എന്നാണ്‌. ഭൗതിക നവോത്ഥാനം മാത്രമല്ല ആത്മീയ ദൈവസങ്കല്‌പ നവോത്ഥാനവും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തിരിച്ചറിയുകയും അതിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്‌തു എന്നതാണ്‌ പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവനെ വ്യത്യസ്‌തനാക്കുന്നത്‌. പൊയ്‌കയുടെ ആത്മീയരംഗത്തെ പ്രവര്‍ത്തനം അന്നത്തെ മതമൗലികവാദികളുടെ എതിര്‍പ്പ്‌ ക്ഷണിച്ചുവരുത്തുകയും ചെയ്‌തു. അദ്ദേഹത്തിന്‌ അപകീര്‍ത്തിപ്പെടുത്തലും ഭീഷണിയും വധശ്രമവും നേരിടേണ്ടതായി വന്നിട്ടുണ്ട്‌. എന്നാല്‍ അവിടെയൊന്നും അദ്ദേഹം തളരുകയോ തന്നെ വിശ്വസിച്ച്‌ ഇറങ്ങിവന്ന ജന
തയെ തള്ളിക്കളയുകയോ ചെയ്‌തില്ല. എന്നു മാത്രമല്ല പൊയ്‌കയുടെ പിന്നാലെ ഇറങ്ങിത്തിരിച്ചവര്‍ പ്രതിസംന്ധികളില്‍ ഗുരുദേവനെ ഉപേക്ഷിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്‌തില്ല എന്നതും പ്രസക്‌തമാണ്‌. നിലവിലെ ആത്മീയധാരകളോട്‌ ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തിക്കൊണ്ടാണ്‌ പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്‍ 1910ല്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ്‌്.) സ്‌ഥാപിച്ചിത്‌. ഈ മുന്നേറ്റം ആശയപരമായി തടയാനും ശത്രുക്കള്‍ ശ്രമിച്ചു. തീരുമാനിച്ചുറച്ച്‌ ശ്രീകുമാരഗുരുദേവനെ നേരില്‍ കാണുവാന്‍ വിവിധ മതപ്രചാരകര്‍ എത്തിച്ചേര്‍ന്നു. പൊയ്‌ക പി.ആര്‍.ഡി.എസിലൂടെ മുന്നോട്ടുവയ്‌ക്കുന്ന ആത്മീയധാര എന്താണെന്നു ചോദിച്ചു.
ഗുരുദേവന്റെ അടുത്തുനിന്ന ഏറ്റവും പ്രായം കൂടിയ ആളിനോട്‌ ധരിച്ചിരുന്ന ഷര്‍ട്ട്‌ അഴിക്കുവാന്‍ ആവശ്യപ്പെട്ടു. ഷര്‍ട്ട്‌ മാറ്റിയ ആ പിതാവിന്റെ കഴുത്തില്‍ നുകംവച്ച്‌ പൂട്ടിയതിന്റെ തഴമ്പ്‌ മതപ്രചാരകരെ കാണിച്ചുകൊടുത്തു. ഇതിനെക്കുറിച്ച്‌ നിങ്ങള്‍ക്കും നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മതധാരയ്‌ക്കും എന്താണ്‌ പറയുവാനുള്ളതെന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ അവര്‍ക്കായില്ല. പ്രചാരത്തിലിരിക്കുന്ന ഒരു മതങ്ങളുടേയും ഗ്രന്ഥമോ ആശയങ്ങളോ സ്വീകരിച്ചല്ല ആദിയര്‍ജനതയ്‌ക്ക്‌ പി.ആര്‍.ഡി.എസ്‌. എന്ന ജാതിരഹിത ആത്മീയപ്രസ്‌ഥാനം സ്‌ഥാപിച്ചത്‌. ആദിദ്രാവിഡ ജനതയുടെ സനാതന മതത്തിന്റെ പുനസ്‌ഥാപനമാണ്‌ ശ്രീകുമാരഗുരുദേവന്‍ നടത്തിയത്‌. ഇന്ന്‌ കേരളത്തിനകത്തും പുറത്തും അനേകം വിശ്വാസികളുള്ള ഈ പ്രസ്‌ഥാനത്തില്‍ 25ല്‍ പരം ജാതി ഉപജാതി വിഭാഗങ്ങള്‍ അംഗങ്ങളായി പരസ്‌പരം വിവാഹ ബന്ധങ്ങള്‍ നടത്തി നിലനില്‍ക്കുന്നു.

ചന്ദ്രബാബു കൈനകരി

(പി.ആര്‍.ഡി.എസ്‌. ജനറല്‍ സെക്രട്ടറിയാണ്‌ ലേഖകന്‍)

Ads by Google
Sunday 30 Jun 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW