Tuesday, August 20, 2019 Last Updated 15 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 02.03 AM

മതസ്വാതന്ത്ര്യവും അമേരിക്കയുടെ മുന്നറിയിപ്പും

uploads/news/2019/06/318483/bft1.jpg

ഇന്ത്യയിലെ മതസ്വാതന്ത്ര്യം വലിയ വെല്ലുവിളിയെ നേരിടുകയാണ്‌. കഴിഞ്ഞ അര ദശാബ്‌ദത്തിനിടയില്‍ നമ്മുടെ ഭരണഘടനയിലെ മതേതരത്വവും മതസ്വാതന്ത്ര്യവും പഴംങ്കഥയായി മാറുന്ന സ്‌ഥിതിയുമുണ്ടായി. ഇതിനെതിരേ ശക്‌തമായ ബഹുജനാഭിപ്രായം ഉയര്‍ന്നിട്ടുള്ളതുമാണ്‌. നിര്‍ഭാഗ്യവശാല്‍ ഈ നിലപാട്‌ കേള്‍ക്കാന്‍ ഭരണകൂടം തയാറായില്ല. ഈ സാഹചര്യത്തിലാണ്‌ അമേരിക്കന്‍ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം തകര്‍ക്കപ്പെട്ടിരിക്കുന്നെന്നു കുറ്റപ്പെടുത്തുന്നത്‌.
അമേരിക്കന്‍ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രധാന കണ്ടെത്തലുകള്‍ ചുവടെ:
2018ല്‍ ഇന്ത്യയുടെ മതസ്വാതന്ത്ര്യ നിലവാരസൂചിക താഴോട്ട്‌ തന്നെയാണ്‌. ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യാവകാശം ഉറപ്പുനല്‍കുന്നു. രാജ്യത്തിന്റെ സ്വതന്ത്രമായ ജുഡീഷ്യറി വിധി പ്രസ്‌താവനകളിലൂടെ മതന്യൂനപക്ഷങ്ങള്‍ക്ക്‌ ആവശ്യമായ സംരക്ഷണം നല്‍കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട അതിക്രമത്തിനു ചിലപ്പോള്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുന്ന സര്‍ക്കാര്‍ സമീപനം അപകടകരമാണ്‌.
2018ല്‍ ഇന്ത്യയിലെ മുന്നിലൊന്നു സംസ്‌ഥാന ഭരണകൂടങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ/ഗോവധ വിരുദ്ധ നിയമങ്ങള്‍ അഹിന്ദുക്കള്‍ക്കും ദളിതര്‍ക്കുമെതിരേ ഒരുപോലെ വര്‍ദ്ധിതവീര്യത്തോടെ കര്‍ക്കശമാക്കി. തുടര്‍ന്ന്‌, ഗോസംരക്ഷണക ആള്‍ക്കൂട്ടങ്ങള്‍ മുസ്ലിംകളെയും ദളിതരെയും ഉന്നമിട്ട്‌ അതിക്രമങ്ങള്‍ സംഘടിപ്പിച്ചു. ഇവരില്‍ ചിലര്‍ നിയമാനുസൃതം, ക്ഷീര, തുകല്‍, ബീഫ്‌ വ്യാപാരങ്ങളില്‍ തലമുറകളായി പണിയെടുത്തുവരുന്നവരാണ്‌. നിര്‍ബന്ധിച്ചോ വശീകരിച്ചോ, ക്രൈസ്‌തവര്‍ക്കെതിരേയും ആള്‍ക്കൂട്ട അതിക്രമങ്ങള്‍ നടന്നു.
വ്യക്‌തിഗതമായി ഉന്നയിക്കപ്പെടുന്ന ഗോവധത്തിന്റെയും നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെയും തെറ്റായ ആരോപണങ്ങളുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലക്കേസുകളില്‍ പോലീസ്‌ അന്വേഷണങ്ങളോ പ്രോസിക്യൂഷന്‍ നടപടികളോ വേണ്ടരീതിയില്‍ ഉണ്ടാകുന്നില്ല. വിദേശഫണ്ട്‌ സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന നിയമം മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ മാത്രം വിവേചനത്തോടെ നടപ്പാക്കി.
മതസ്വാതന്ത്ര്യാവസ്‌ഥ സംസ്‌ഥാനം മാറുന്തോറും നാടകീയമായി വ്യത്യാസപ്പെടുന്നതു കാണാം. ചില സംസ്‌ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങളോട്‌ തുറന്ന സമീപനം കൈക്കൊള്ളുന്നു. മറ്റു ചിലതില്‍ വ്യവസ്‌ഥാപിതമായി തുടരുന്ന അതിവഷളായ അതിക്രമങ്ങളാണു നിലവിലുള്ളത്‌. 2018ല്‍ സുപ്രീകോടതി, ചില സംസ്‌ഥാനങ്ങളില്‍ മതസ്വാത്രന്ത്ര്യം മോശമായ നിലയിലാണെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മതിയായതൊന്നും സര്‍ക്കാരുകള്‍ ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി വല്ലപ്പോഴും ആള്‍ക്കൂട്ട അതിക്രങ്ങളെ അപലപിച്ചു പ്രസ്‌താവനകളിറക്കിയിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പ്പെട്ട ചില നേതാക്കള്‍ മതന്യൂനപക്ഷങ്ങളെക്കുറിച്ചു പരസ്യമായി തീപ്പൊരി പ്രസ്‌താവനകളുമായി രംഗത്തുവന്നു.
മതന്യൂനപക്ഷങ്ങള്‍ക്കെതിരേ പുതുതായുണ്ടായ കുറ്റകൃത്യങ്ങളൊന്നും കണക്കിലെടുക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്‌തില്ല. ഇന്ത്യയുടെ വമ്പിച്ച തോതിലുള്ള ജനസംഖ്യ കേന്ദ്ര-സംസ്‌ഥാന സ്‌ഥാപങ്ങള്‍ക്ക്‌ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ സങ്കീര്‍ണതയും പരിമിതിയും സൃഷ്‌ടിക്കുന്നുണ്ട്‌.
ഇത്തരം പരിഗണനകള്‍വച്ച്‌ 2019ല്‍ യു.എസ്‌.സി.ഐ.ആര്‍.എഫ്‌ ഇന്ത്യയെ വീണ്ടും ടയര്‍ ടൂവില്‍തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്‌. രാജ്യാന്തര മതസ്വാതന്ത്ര്യനിയമം അനുസരിച്ച്‌ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന രാജ്യമെന്ന ഈ സ്‌ഥാനം വ്യവസ്‌ഥാപിതമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന അത്യന്ത്യം മോശമായ നിലയിലുള്ളത്‌ എന്ന അടിസ്‌ഥാനത്തിലാണ്‌. ഇന്ത്യന്‍ ഭരണകൂടം തുടര്‍ച്ചയായി യു.എസ്‌.ഐ.ആര്‍.എഫിനു രാജ്യത്തേക്ക്‌ പ്രവേശനം നിഷേധിക്കുകയാണ്‌.
വിവിധ ദേശീയവാദി വിഭാഗങ്ങള്‍ ഇന്ത്യയില്‍ ഹിന്ദുത്വ ആശയം വികസിപ്പിച്ചിട്ടുണ്ട്‌. ഇതിന്‌ ഏകീകൃത രാഷ്‌ട്രം, വംശം, സംസ്‌കാരം എന്നീ മൂന്ന്‌ തൂണുകളാണുള്ളത്‌. അതിന്റെ അടിസ്‌ഥാനത്തില്‍ ആവശ്യാനുസൃതം ഹിന്ദുക്കളുടെ അവകാശങ്ങള്‍ എന്ന ഒരേയൊരു ഫോക്കസില്‍ പുറന്തള്ളലിന്റെ ഒരു ദേശീയ ആഖ്യാനം അവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌. ഈ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വ്യക്‌തികളുടെ വീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ പല തരത്തിലാണ്‌. അതെന്തായാലും ഹിന്ദുത്വ പ്രസ്‌ഥാനത്തിലെ മിതവാദികളും തീവ്രവാദികളും മുസ്‌ലിം ജനസംഖ്യയിലേക്ക്‌ ഒരുപോലെ വിരല്‍ചൂണ്ടുന്നു. 1951ല്‍ ദേശീയ ജനസംഖ്യയുടെ 10 ശതമാനമുണ്ടായിരുന്നവര്‍ 2011 ല്‍ 14 ശതമാനത്തിലെത്തിയിരിക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ ഈ വളര്‍ച്ച ഒന്നു കുറയ്‌ക്കേണ്ടത്‌ ആവശ്യമായി അവര്‍ കാണുന്നു.
ചില ഹിന്ദുത്വ വിഭാഗങ്ങള്‍ രാഷ്‌ട്രത്തിന്റെ നിയമനിര്‍മാണക്രമങ്ങളില്‍ ഹിന്ദുതത്ത്വങ്ങള്‍ക്ക്‌ വമ്പിച്ച സ്വാധീനം വേണമെന്ന്‌ ആവശ്യപ്പെടുന്നു. തീവ്രവാദികള്‍ എല്ലാ അഹിന്ദുക്കളെയും പുറന്തള്ളണമെന്നു പ്രസ്‌താവനയിറക്കുന്നുണ്ട്‌. ചില ബി.ജെ.പി അംഗങ്ങള്‍ക്ക്‌ ഹിന്ദുതീവ്രവാദി വിഭാഗങ്ങളുമായി ബന്ധമുണ്ട്‌. അവര്‍ മതന്യൂനപക്ഷങ്ങളെക്കുറിച്ച്‌ കടുത്ത വിവേചനഭാഷയാണ്‌ ഉപയോഗിക്കുക.
യു.എസ്‌.സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ടമെന്റിന്റെ മതസ്വാതന്ത്യ റിപ്പോട്ടിനെതിരേ ഇന്ത്യ ശക്‌തമായി മൂന്നോട്ടുവന്നിട്ടുണ്ട്‌. വിദേശകാര്യ മന്ത്രാലയവും കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രാലയവും അതിനിശിതമായാണു റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചത്‌. ഭരണഘടനപരമായി സംരക്ഷിക്കപ്പെടുന്ന അവകാശങ്ങളുടെ അവസ്‌ഥയെക്കുറിച്ചു സംസാരിക്കാന്‍ ഒരു വിദേശസ്‌ഥാപനത്തിനും സര്‍ക്കാരിനും അവകാശമില്ലെന്നും മന്ത്രാലയത്തിന്റെ വക്‌താവ്‌ രവീഷ്‌ കുമാര്‍ വ്യക്‌തമാക്കിയത്‌.
യു.എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ യുക്‌തിരഹിതമായ പ്രസ്‌താവനയാണു നടത്തിയിരിക്കുന്നതെന്നു ന്യൂനപക്ഷമന്ത്രാലയം ആരോപിച്ചു. മതസ്വാതന്ത്ര്യം ഇന്ത്യയുടെ രക്‌തത്തില്‍ അടങ്ങിയതാണെന്നും വകുപ്പ്‌മന്ത്രി മുക്‌താര്‍ അബ്ബാസ്‌ നഖ്‌വി വ്യക്‌തമാക്കി.
ന്യൂനപക്ഷങ്ങളെ മാനിക്കുന്ന ഒരു രാജ്യമല്ല അമേരിക്ക. ഈ ന്യൂനപക്ഷ ധ്വംസനത്തിന്റെ ബാലപാഠം നരേന്ദ്ര മോഡിക്കും കൂട്ടര്‍ക്കും അമേരിക്കയില്‍നിന്നു തന്നെയാണു ലഭിച്ചിട്ടുള്ളത്‌. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളോട്‌ വലിയ കാരുണ്യം ഒന്നും കാട്ടാത്ത അമേരിക്കയ്‌ക്ക്‌പോലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലയില്‍ ഇന്ത്യയിലെ ന്യൂനപക്ഷധ്വംസനവും മതസ്വാതന്ത്ര്യ നിഷേധവും വര്‍ധിച്ചിരിക്കുകയാണ്‌. ഭൂരിപക്ഷ വര്‍ഗിയതയെ താലോലിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ ഇപ്പോഴത്തെ സമീപനം രാജ്യത്തെ ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കാന്‍ മാത്രമേ സഹായകരമാകുകയുള്ളൂ.

അഡ്വ. ജി. സുഗുണന്‍

(ലേഖകന്റെ ഫോണ്‍ : 9847132428)

Ads by Google
Sunday 30 Jun 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW