Tuesday, August 20, 2019 Last Updated 15 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 02.03 AM

ചിരിക്കൂട്ടിന്റെ സംവിധാനക്കൂട്ട്‌

uploads/news/2019/06/318482/bft2.jpg

സംവിധായകന്‍ ബാബു പിഷാരടിയുടെ അവസാന സിനിമയായിരുന്നു ടു നൂറാ വിത്ത്‌ ലൗ. കഥാപാത്രത്തിന്റെ അസുഖം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ മെഡിക്കല്‍ അന്വേഷണത്തിനിടെയാണ്‌ സ്വന്തം രോഗാവസ്‌ഥയെ കുറിച്ചു ബാബുവിനു ആദ്യ സൂചന കിട്ടിയത്‌. കോഴിക്കോട്ടെ ആശുപത്രിയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ അവിചാരിതമായി ആരോഗ്യപരിശോധന നടത്തിയപ്പോഴാണ്‌ തനിക്ക്‌ അര്‍ബുദമാണെന്നു തിരിച്ചറിഞ്ഞത്‌.
എന്നാല്‍ കണ്ണീര്‍ കലര്‍ന്ന സ്വപ്‌നങ്ങളെ ചിരിക്കൂട്ടില്‍ മുക്കി മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു. അതിനൊപ്പം ചികിത്സയും തുടങ്ങി. ചിത്രത്തിലെ നായിക മംമ്‌താ മോഹന്‍ദാസിന്റെ നൂറയെന്ന കഥാപാത്രം ഹൃദയസംബന്ധമായ കാര്‍ഡിയോമയോപതി അസുഖത്തിലൂടെയാണ്‌ സിനിമയില്‍ കടന്നുപോകുന്നത്‌.
വീടിനടുത്ത ചെമ്പുക്കാവ്‌ ഭഗവതിയുടെ ക്ഷേത്ത്രില്‍ ബാബു സ്‌ഥിരം സന്ദര്‍ശകനായിരുന്നു. ക്ഷേത്രത്തിലേക്ക്‌ നിറമാല എന്ന പേരില്‍ ഭക്‌തിഗാന കാസറ്റ്‌ സമര്‍പ്പിച്ചു. ആറു വയസുമുതല്‍ 60 വയസുവരെയുള്ളവരെ ഉള്‍പ്പെടുത്തി ചെമ്പുക്കാവ്‌ കാര്‍ത്തിക എന്ന പേരില്‍ തിരുവാതിരക്കളി സംഘമുണ്ടാക്കിയതിനു പ്രേരണയായതും ബാബുവാണ്‌. ഒട്ടേറെ പേരി അണിനിരത്തി നടത്തിയ മെഗാ തിരുവാതിരക്കളി വന്‍ ശ്രദ്ധനേടിയിരുന്നു.
തൊണ്ണൂറുകളില്‍ മലയാളികളെ നിറഞ്ഞു ചിരിപ്പിച്ച സിനിമകളായിരുന്നു അനില്‍ബാബു ടീമിന്റേതായി വന്നത്‌. ഹാസ്യത്തിന്റെ ചേരുവ അത്രമേല്‍ ഹൃദ്യമായാണ്‌ കഥാതന്തുവുമായി കൂട്ടിയിണക്കിയത്‌. ഹരിഹരന്റെ സംവിധാന സഹായി എന്ന നിലയില്‍ സിനിമയിലെത്തിയ ബാബുനാരായാണന്‍ 89 ല്‍ സ്വതന്ത്രമായി സംവിധാനം ചെയ്‌ത ചിത്രം അനഘയാണ്‌. നെടുമുടിവേണുവും പാര്‍വതിയും മുരളിയുമാണ്‌ മുഖ്യവേഷങ്ങളില്‍. അടുത്ത വര്‍ഷം അഭിലാഷ്‌, ഉഷ എന്നിവരെ മുഖ്യതാരങ്ങളാക്കി പുരുഷന്‍ ആലപ്പുഴയുടെ കഥയില്‍ പൊന്നരഞ്ഞാണം എന്ന ചിത്രം സംവിധാനം ചെയ്‌തു.
അനില്‍ബാബു കൂട്ടുകെട്ടില്‍ പിറന്ന മാന്ത്രികച്ചെപ്പ്‌, സ്‌ത്രീധനം, വെല്‍ക്കം ടു കൊടൈക്കനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ്‌ സണ്‍സ്‌, അച്‌ഛന്‍ കൊമ്പത്ത്‌ അമ്മ വരമ്പത്ത്‌, അരമനവീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം, കുടുംബവിശേഷം, കളിയൂഞ്ഞാല്‍, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, ഉത്തമന്‍ എന്നീ ചിത്രങ്ങള്‍ മലയാളികള്‍ കുടുംബപ്രേക്ഷകര്‍ക്ക്‌ ചിരിയും ഉല്ലാസവും സമ്മാനിച്ചു.
അനിലിന്റെ പോസ്‌റ്റ്‌ ബോക്‌സ്‌ നമ്പര്‍ 27 എന്ന സിനിമയില്‍ അസോസിയേറ്റ്‌ ഡയറക്‌ടര്‍ ആയപ്പോഴാണ്‌ ഇരുവരുടെയും സൗഹൃദം വളര്‍ന്നത്‌. പിന്നീട്‌ സിദ്ധിഖ്‌ ലാലിനു ശേഷം മലയാളികളെ ചിരിപ്പിച്ച ഇരട്ടസംവിധായകരായി അനില്‍ബാബു മാറി. 1992 ലാണ്‌ മാന്ത്രികച്ചെപ്പ്‌ സിനിമ പുറത്തുവന്നത്‌. ജഗദീഷ്‌ നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകജോടിയായി അനിലും ബാബുവും. ജഗദീഷ്‌, സിദ്ധിഖ്‌ എന്നിവരെ അണിനിരത്തി ലോ ബജറ്റ്‌ സിനിമകള്‍ ചെയ്‌ത്‌ ഹിറ്റുകളുടെ തേരോട്ടമായിരുന്നു ഈ കൂട്ടുകെട്ടിന്റേത്‌. സുരേഷ്‌ ഗോപിയുടെ രഥോത്സവം, ജയറാമിന്റെ പട്ടാഭിഷേകം മുകേഷിന്റെ പകല്‍പ്പൂരം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറഞ്ഞ ഹിറ്റുകളാണ്‌.
മമ്മൂട്ടിയെ നായകനാക്കി കളിയൂഞ്ഞാല്‍, കുഞ്ചാക്കോ ബോബനെ നായകനാക്കി വലിയ ബജറ്റില്‍ ഒരുക്കിയ മയില്‍പ്പീലിക്കാവ്‌ എന്നിവയാണ്‌ അനില്‍ബാബു കൂട്ടുകെട്ടില്‍ ഇറങ്ങിയ വമ്പന്‍ സിനിമകള്‍. 2004 ല്‍ ഇറങ്ങിയ പറയാം ആയിരുന്നു ഇരുവരും ചേര്‍ന്നുള്ള അവസാന ചിത്രം. ഹരിഹരന്‍ സംവിധാനം ചെയ്‌ത കേരളവര്‍മ പഴശിരാജയുടെ സഹസംവിധായകനായും ബാബു നാരായണന്‍ പ്രവര്‍ത്തിച്ചു. ജനപ്രിയത കൊണ്ടാണ്‌ ബാബുവിന്റെ സിനിമകളെ അളക്കേണ്ടത്‌. മനസില്‍ മസില്‍ പിടിക്കാതെയുള്ളവയുമായിരുന്നു ആ സിനിമകള്‍. ചിരിയുടെ വഴികളില്‍ ഇന്നും ആ സിനിമകളിലെ രംഗങ്ങള്‍ മറന്നുപോകാതിരിക്കുന്നതും അതുകൊണ്ടാണ്‌.

കെ. കൃഷ്‌ണകുമാര്‍

Ads by Google
Sunday 30 Jun 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW