Wednesday, August 21, 2019 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.44 AM

മതിലിടിഞ്ഞ്‌ ഷെഡിനു മുകളില്‍വീണ്‌ പുനെയില്‍ 15 തൊഴിലാളികള്‍ മരിച്ചു

uploads/news/2019/06/318358/d1.jpg

പുനെ: കനത്ത മഴയില്‍ ഷെഡിനു മുകളിലേക്കു മതിലിടിഞ്ഞു വീണു പുനെയില്‍ 15 തൊഴിലാളികള്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്ക്‌. മരിച്ചവരില്‍ നാലു കുട്ടികളും ഒരു സ്‌ത്രീയും. മതിലിനോടു ചേര്‍ന്നു പാര്‍ക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങളും അപകടത്തില്‍ തകര്‍ന്നു.
ഇന്നലെ പുലര്‍ച്ചെ ഒന്നേമുക്കാലോടെ പുനെയിലെ കോന്ധ്വ മേഖലയിലാണു ദാരുണ സംഭവം. പാര്‍പ്പിട സമുച്ചയത്തിന്റെ 12-15 അടി ഉയരമുള്ള ചുറ്റുമതില്‍ തൊഴിലാളികള്‍ക്കു താമസിക്കാന്‍ നിര്‍മിച്ച താല്‍ക്കാലിക തകരഷെഡ്‌ഡുകള്‍ക്കു മുകളിലേക്കു തകര്‍ന്നു വീഴുകയായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ മിക്കവരും ഉറക്കത്തിലായിരുന്നു. പാര്‍പ്പിട സമുച്ചയത്തിനു സമീപം പുരോഗമിക്കുന്ന നിര്‍മാണ പ്രവൃത്തിക്കെത്തിയ ബിഹാര്‍, ഉത്തര്‍പ്രദേശ്‌, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌ അപകടത്തില്‍പ്പെട്ട തൊഴിലാളികളില്‍ ഏറെപ്പേരും. പരുക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പോലീസ്‌, അഗ്നിരക്ഷാസേന, ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്‌) എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഷെഡുകളുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധന തുടരുകയാണെന്ന്‌ എന്‍.ഡി.ആര്‍.എഫ്‌. അധികൃതര്‍ അറിയിച്ചു.
കനത്തമഴയില്‍ മതിലിനുണ്ടായ ബലക്ഷയമാണ്‌ അപകടത്തിനു വഴിവച്ചതെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പുനെ പോലീസ്‌ മേധാവി അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിലായി പുനെയില്‍ കനത്ത മഴയാണ്‌. വെള്ളിയാഴ്‌ചമാത്രം 73.1 മില്ലീമീറ്റര്‍ മഴയാണ്‌ പുനെയില്‍ പെയ്‌തത്‌. മഴ അനുബന്ധ സംഭവങ്ങളില്‍ വെള്ളിയാഴ്‌ച സംസ്‌ഥാനത്തൊട്ടാകെ എട്ടുപേര്‍ മരിക്കുകയും അഞ്ചുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇന്നലെ രാവിലെ മുംബൈയിലെ ചെംബുരില്‍ ഓട്ടോറിക്ഷയ്‌ക്കു മുകളില്‍ മതിലിടിഞ്ഞു വീണതായി റിപ്പോര്‍ട്ടുണ്ട്‌.
സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണു പ്രാഥമിക വിവരം.

Ads by Google
Sunday 30 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW