Tuesday, August 20, 2019 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.35 AM

ഖത്തറില്‍ എഫ്‌-22 പോര്‍വിമാനങ്ങളുമായി യു.എസ്‌. പടയൊരുക്കം

uploads/news/2019/06/318345/in2.jpg

ദോഹ: ഖത്തറില്‍ എഫ്‌-22 പോര്‍വിമാനങ്ങള്‍ വിന്യസിച്ച്‌ അമേരിക്കന്‍ പടയൊരുക്കം. അനുദിനം വഷളാകുന്ന അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ ഗള്‍ഫ്‌ മേഖലയിലാകെ യുദ്ധഭീതിയേറ്റി ഖത്തര്‍ തലസ്‌ഥാനമായ ദോഹയ്‌ക്കു സമീപത്തുള്ള അല്‍ ഉബൈദ്‌ വ്യോമത്താവളത്തില്‍ അമേരിക്ക പോര്‍വിമാനങ്ങള്‍ വിന്യസിച്ചത്‌. ഇറാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന്‌ മേഖലയില്‍ ഇതിനോടകം വിന്യസിച്ചിട്ടുള്ള അമേരിക്കന്‍ സൈനികസന്നാഹത്തിന്‌ കരുത്തേകിയാണ്‌ പോര്‍വിമാനങ്ങള്‍ വ്യാഴാഴ്‌ച ഖത്തറില്‍ എത്തിയത്‌.
തങ്ങളുടെ സൈനികരെയും താല്‍പര്യങ്ങളെയും സംരക്ഷിക്കാനാണു നടപടിയെന്നു യു.എസ്‌. എയര്‍ഫോഴ്‌സസ്‌ സെന്‍ട്രല്‍ കമാന്‍ഡ്‌ വ്യക്‌തമാക്കി. എത്ര വിമാനങ്ങളാണു വിന്യസിച്ചതെന്ന്‌ അമേരിക്ക വ്യക്‌തമാക്കിയിട്ടില്ലെങ്കിലും അല്‍ ഉബൈദ്‌ വ്യോമത്താവളത്തിനു മുകളിലൂടെ പറക്കുന്ന അഞ്ച്‌ എഫ്‌-22 വിമാനങ്ങളുടെ ചിത്രം അല്‍ ജസീറ ചാനല്‍ പുറത്തുവിട്ടു.
ഇറാനുമായുള്ള 2015ലെ ആണവ കരാറില്‍നിന്നു പിന്മാറുകയാണെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെയാണു ഗള്‍ഫ്‌ മേഖല വീണ്ടും പരിഹാരമില്ലാത്ത പ്രതിസന്ധിയിലേക്കു നീങ്ങിയത്‌. അമേരിക്കന്‍ ഉപരോധവും വാക്‌പോരുകളും രൂക്ഷമാകുന്നതിനിടെ കഴിഞ്ഞാഴ്‌ച ഹോര്‍മുസ്‌ ഉള്‍ക്കടലില്‍വച്ച്‌ യു.എസിന്റെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഗള്‍ഫ്‌ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ക്കു മേലുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്നു ട്രംപ്‌ ആരോപിച്ചതിനു പിന്നാലെയാണു ഡ്രോണ്‍ വെടിവച്ചിട്ടത്‌.
ഇറാന്റെ പരമോന്നത നേതാവ്‌ അയത്തുള്ള അലി ഖമനേയി, വിദേശകാര്യ മന്ത്രി മുഹമ്മദ്‌ ജാവവാദ്‌ സാരിഫ്‌ എന്നിവര്‍ക്കെതിരേ യു.എസ്‌. കൂടുതല്‍ ഉപരോധങ്ങളുമായി രംഗത്തെത്തിയതോടെ പിരിമുറുക്കം വീണ്ടുമുയര്‍ന്നു. ഗള്‍ഫ്‌ മേഖലയിലെ യു.എസ്‌. സൈനികര്‍ക്കു പിന്‍ബലമായി ആണവ പോര്‍മുന വഹിക്കുന്ന ബി 52 സ്‌ട്രാറ്റോഫോര്‍ട്രസ്‌ ബോംബറുകളെ യു.എസ്‌. വിന്യസിച്ചിരുന്നു.
ആധുനികസംവിധാനങ്ങളുള്ള പോര്‍വിമാനമായ എഫ്‌-22 ഖത്തറില്‍ ആദ്യമായാണ്‌ വിന്യസിക്കുന്നത്‌. അല്‍ ഉബൈദ്‌ മധ്യേഷ്യയിലെ യു.എസിന്റെ പ്രധാനവ്യോമത്താവളമാണ്‌. അഫ്‌ഗാനിസ്‌ഥാനിലേക്കുള്ള സേനാവിന്യാസവും ഇവിടെ നിന്നാണു നടത്തുന്നത്‌.
11,000 യു.എസ്‌-സഖ്യ സൈനികര്‍ താവളത്തിലുണ്ട്‌. നൂറിലധികം യുദ്ധവിമാനങ്ങളും ഏതു സമയവും പറന്നുയരാന്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്‌. 1991ലെ ഗള്‍ഫ്‌ യുദ്ധത്തിനു ശേഷമാണു അല്‍ ഉബൈദ്‌ വ്യോമത്താവളത്തിനു വേണ്ടി യു.എസും ഖത്തറും തമ്മില്‍ കരാറായത്‌. 2003 മുതലാണ്‌ അല്‍ ഉബൈദ്‌ യു.എസ്‌. വ്യോമതാവളമായത്‌.

Ads by Google
Sunday 30 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW