Tuesday, August 20, 2019 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 11.38 PM

മലയാളത്തിന്റെ മഹിമ

uploads/news/2019/06/318339/sun2.jpg

കാസര്‍കോടുകാരി ഗോപിക എന്ന പെണ്‍കുട്ടിയെ മലയാളികള്‍ ആദ്യം കാണുന്നത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കാര്യസ്‌ഥന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരി വേഷത്തിലാണ്‌. ഇടയ്‌ക്ക് മാസ്‌റ്റര്‍പീസ്‌ എന്ന മമ്മുട്ടി ചിത്രത്തിലും ഗോപിക അഭിനയിച്ചു. എന്നാല്‍ തമിഴ്‌ സിനിമയാണ്‌ ഗോപികയുടെ ജാതകം മാറ്റിയെഴുതിയത്‌. മഹിമാ നമ്പ്യാര്‍ എന്ന പുതിയ പേരില്‍ തമിഴില്‍ തുടക്കം കുറിച്ച ഈ പെണ്‍കുട്ടി ഒന്‍പത്‌ വര്‍ഷത്തിനിടയില്‍ 12 തമിഴ്‌ ചിത്രങ്ങളില്‍ നായികയായി. ഇപ്പോള്‍ ആര്യ നായകനായ പുതിയ തമിഴ്‌ സിനിമയുടെ ഷൂട്ടിംഗില്‍. ഇതിനിടയില്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ മെഗാഹിറ്റ്‌ മധുരരാജയിലും.

തുടക്കം ദീലീപ്‌ ചിത്രമായ കാര്യസ്‌ഥനിലൂടെ?
അന്ന്‌ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്‌. ഒരു മാഗസിനില്‍ എന്റെ ഫോട്ടോ കണ്ടാണ്‌ കാര്യസ്‌ഥനിലേക്ക്‌ വിളിക്കുന്നത്‌. ചെറിയ റോളായിരുന്നു. ഒരു ഡയലോഗ്‌ പോലുമില്ല. പക്ഷെ സിനിമ എന്തെന്ന്‌ ഞാന്‍ പഠിക്കുന്നത്‌ ആ ലൊക്കേഷനില്‍ നിന്നാണ്‌. അന്നേ വരെ ഒരു ഷൂട്ടിംഗ്‌ പോലും ഞാന്‍ കണ്ടിട്ടില്ല.
ആ സെറ്റിലുണ്ടായിരുന്നു ഷിബു ചേട്ടന്‍ എന്റെ ഫോട്ടോ 'സാട്ടൈ' എന്ന തമിഴ്‌ ചിത്രത്തിന്റെ ആളുകള്‍ക്ക്‌ അയച്ചുകൊടുത്തു. അവര്‍ക്ക്‌ ഇഷ്‌ടമായി. അങ്ങനെ സുമുദ്രക്കനി സര്‍ നായകനായ സിനിമയിലൂടെ തമിഴില്‍ തുടക്കം കുറിക്കാന്‍ സാധിച്ചു. പിന്നാലെ ധാരാളം അവസരങ്ങള്‍ എന്നെ തേടിയെത്തി. ആ സമയത്ത്‌ മലയാളത്തില്‍ നിന്നും ആരും ക്ഷണിച്ചതേയില്ല. എന്നാല്‍ തമിഴില്‍ വിജയ്‌ സേതുപതി, ആര്യ, വിക്രം പ്രഭു, അരുണ്‍ വിജയ്‌ തുടങ്ങിയവര്‍ക്കൊപ്പം നായികയായി അഭിനയിക്കാന്‍ സാധിച്ചു.

പ്രതീക്ഷിക്കാതെ തമിഴ്‌ സിനിമയില്‍ എത്തിപ്പെട്ടപ്പോള്‍?
ആകെയൊരു പകപ്പായിരുന്നു എനിക്ക്‌. ഏതോ അത്ഭുതലോകത്ത്‌ വന്നു പെട്ട പ്രതീതി. ചുറ്റും ഒട്ടും പരിചയമില്ലാത്ത ഭാഷ സംസാരിക്കുന്ന കുറെപ്പേര്‍. എനിക്കാണെങ്കില്‍ തമിഴ്‌ തീരെ വശമില്ല. സഹസംവിധായകര്‍ തമിഴ്‌ സംഭാഷണങ്ങള്‍ ഇംഗ്ലീഷിലേക്ക്‌ മാറ്റിയെഴുതി തരും. ഞാന്‍ താമസിക്കുന്ന മുറിയില്‍ പോയിരുന്ന്‌ അത്‌ കാണാപാഠം പഠിക്കും. അധികം വൈകാതെ ഈ പരിപാടി എനിക്ക്‌ മടുത്തു. ഇതിലും നല്ലത്‌ തമിഴ്‌ പഠിക്കുന്നതാണെന്ന്‌ തോന്നി.
ഒരു സ്‌കൂള്‍കുട്ടിയുടെ റോളായിരുന്നു ആ ചിത്രത്തില്‍. ഷൂട്ടിംഗ്‌ നടന്നതും തമിഴ്‌നാട്ടിലെ ഒരു സ്‌കുൂളിലായിരുന്നു. അവിടെ പഠിക്കുന്ന ചില കുട്ടികളും പടത്തില്‍ അഭിനയിക്കുന്നുണ്ട്‌. എന്റെ അവസ്‌ഥ കണ്ട്‌ അവര്‍ അടുത്തു വന്നിരുന്ന്‌ സഹായിക്കാന്‍ തുടങ്ങി. ഞാന്‍ വിദ്യാര്‍ത്ഥിയും അവര്‍ അദ്ധ്യാപകരുമായി തമിഴ്‌ പഠനക്ലാസുകള്‍ ആരംഭിച്ചു.
ദിവസവും രാവിലെ അവര്‍ തമിഴ്‌പത്രവുമായി വന്ന്‌ എന്നെക്കൊണ്ട്‌ വായിപ്പിക്കും. വളരെ വേഗം ഞാനത്‌ വായിക്കാന്‍ പഠിച്ചു. പിന്നീട്‌ കാര്യങ്ങള്‍ എളുപ്പമായി. ഷൂട്ടിംഗ്‌ തീരും മുന്‍പ്‌ തമിഴ്‌ വായിക്കാനും എഴൂതാനും അത്യാവശ്യം സംസാരിക്കാനും പഠിച്ചു.

തമിഴില്‍ താരമായി കഴിഞ്ഞാല്‍ മലയാളത്തെ മറക്കുന്നവരാണ്‌ ഏറെയും?
ഏത്‌ കാര്യത്തിലും എനിക്ക്‌ എന്റേതായ നിലപാടുകളുണ്ട്‌. ഏത്‌ ഭാഷയില്‍ വിജയിച്ചാലും മാതൃഭാഷയില്‍ ലഭിക്കുന്ന അവസരങ്ങള്‍ വലിയ സന്തോഷം നല്‍കും. നാടുമായി ബന്ധപ്പെട്ട ഏത്‌ കാര്യത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്‌. ഇപ്പോള്‍ തന്നെ തമിഴ്‌ സിനിമയുടെ ഷൂട്ടിംഗിനിടയിലായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ്‌. ഞാന്‍ രണ്ടു ദിവസത്തെ അവധിയെടുത്ത്‌ സ്വന്തം ചിലവില്‍ ഫ്‌ളൈറ്റ്‌ പിടിച്ച്‌ കാസര്‍കോടെത്തി വോട്ട്‌ ചെയ്‌തു. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുളള ഉത്തരവാദിത്തം നിറവേറ്റേണ്ടത്‌ ആവശ്യമാണെന്ന്‌ തോന്നി. എല്ലാ തെരഞ്ഞടുപ്പുകളിലും തിരക്കുകള്‍ മാറ്റി വച്ച്‌ വോട്ട്‌ ചെയ്യാന്‍ ഞാന്‍ എത്താറുണ്ട്‌്.

സ്വന്തം നാട്ടില്‍ മഹിമ വലിയ താരമായി അംഗീകരിക്കപ്പെടുന്നുണ്ടോ?
എന്റെ നാട്ടില്‍ വന്ന്‌ മഹിമാ നമ്പ്യാര്‍ എന്നു പറഞ്ഞാല്‍ ആരും അറിയണമെന്നില്ല. എന്റെ തമിഴ്‌പടങ്ങള്‍ കണ്ടവരും കുറവ്‌. ഇവിടെ ഞാന്‍ ഗോപികയാണ്‌. സിനിമയില്‍ മറ്റൊരു ഗോപികയുളളതു കൊണ്ട്‌ സംഖ്യാശാസ്‌ത്രപ്രകാരം മഹിമാ നമ്പ്യാര്‍ എന്ന പേര്‌ സ്വീകരിക്കുകയായിരുന്നു. പക്ഷെ വീട്ടില്‍ എന്നും ഞാന്‍ ഗോപികയാണ്‌.

തമിഴില്‍ ഇത്രയും തിരക്കുളള സ്‌ഥിതിക്ക്‌ അവിടെ സെറ്റില്‍ ചെയ്യാന്‍ പ്ലാനുണ്ടോ?
അമ്മ കാസര്‍കോട്‌ ടീച്ചറായി ജോലി ചെയ്യുന്നു. അച്‌ഛന്‍ റെയില്‍വെയിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ ഒരു സ്വകാര്യസ്‌ഥാപനത്തിലാണ്‌ ജോലി. സഹോദരന്‍ വിദേശത്ത്‌ എന്‍ജിനീയറാണ്‌. എത്ര തിരക്കാണെങ്കിലും നാടു വിട്ട്‌ ഒരു കളിയില്ല.

മധുരരാജയില്‍ വന്നതും മലയാളത്തോടുളള മമത കൊണ്ടാണോ?
അത്‌ മാത്രമാണെന്ന്‌ പറഞ്ഞാല്‍ സത്യമാവില്ല. 'കുടിക്കമാട്ടേന്‍' എന്ന പേരില്‍ ഞാന്‍ അഭിനയിച്ച മ്യൂസിക്ക്‌ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അത്‌ കണ്ടാണ്‌ മധുരരാജ ടീം വിളിക്കുന്നത്‌. കഥ കേട്ടപ്പോള്‍ നല്ല റേഞ്ചുളള കഥാപാത്രം. മമ്മൂട്ടിയുമായി ഒട്ടേറെ കോമ്പിനേഷന്‍ സീനുകള്‍. അത്‌ കേട്ട്‌ ഞാന്‍ ആകെ ത്രില്ലിലായി. രണ്ട്‌ വര്‍ഷം മുന്‍പ്‌ മമ്മൂട്ടി ചിത്രമായ മാസ്‌റ്റര്‍ പീസില്‍ അഭിനയിച്ചെങ്കിലും അതില്‍ അദ്ദേഹവുമായി കോമ്പിനേഷന്‍ ഉണ്ടായിരുന്നില്ല. എന്റെ കഥാപാത്രം മരിച്ചശേഷമാണ്‌ ഹീറോ വരുന്നത്‌. അതിന്റെയൊരു നിരാശ മനസിലുണ്ടായിരുന്നു. മമ്മൂക്ക ഹീറോയായ പടത്തില്‍ അഭിനയിച്ചിട്ടും അദ്ദേഹത്തെ ഒന്ന്‌ കാണാന്‍ പോലും കഴിയാത്തതിന്റെ വിഷമം ഏറെക്കാലം അലട്ടിയിരുന്നു. ആ സങ്കടം തീര്‍ന്നത്‌ മധുരരാജ ചെയ്‌തപ്പോഴാണ്‌.

മമ്മൂട്ടിയെ പരിചയപ്പെട്ട നിമിഷം?
ഞാന്‍ എറണാകുളം ചെറായിലെ ലൊക്കേഷനിലെത്തുമ്പോള്‍ മമ്മൂക്ക ദൂരെ ഒരിടത്ത്‌ മാറിയിരുന്ന്‌ ഫോണില്‍ നോക്കുകയാണ്‌. ആ ചിത്രത്തില്‍ എന്റെ ആദ്യത്തെ ഷോട്ടാണ്‌ എടുക്കാന്‍ പോകുന്നത്‌. ഡയറക്‌ടര്‍ വൈശാഖേട്ടന്‍ അടുത്തു വന്ന്‌ പറഞ്ഞു.
'ആദ്യഷോട്ട്‌ മമ്മൂക്കയ്‌ക്ക് ഒപ്പമാണ്‌'
അത്‌ കേട്ടതും ഞാനാകെ പരിഭ്രമത്തിലായി. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ വൈശാഖേട്ടന്‍ പറഞ്ഞു.
'ഇക്കയുടെ കാല്‍തൊട്ട്‌ വന്ദിച്ച്‌ അനുഗ്രഹം വാങ്ങിക്ക്‌. പേടിയൊക്കെ താനെ മാറും'
ഞാന്‍ പേടിച്ചു പേടിച്ച്‌ അടുത്തു ചെന്ന്‌ കാലില്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
'കാല്‍തൊട്ട്‌ അനുഗ്രഹം വാങ്ങിക്കുന്നതൊക്കെ പഴയ ഫാഷനല്ലേ? ഇക്കാലത്ത്‌ ഹായ്‌-ഹലോ പറഞ്ഞ്‌ വേണം തുടങ്ങാന്‍. ഒരു പേടിയും വേണ്ട. ധൈര്യമായി അഭിനയിക്കൂ'
അത്‌ കേട്ടപ്പോള്‍ പാതി ആശ്വാസമായി. ആദ്യഷോട്ട്‌ കഴിഞ്ഞപ്പോള്‍ തീര്‍ത്തും പേടി മാറി. പിന്നീട്‌ ഞാനും മമ്മൂക്കയും തമ്മില്‍ നല്ല സൗഹൃദത്തിലായി. എക്‌സ്പീരിയന്‍സ്‌ കൂടും തോറും ലാളിത്യവും കൂടുമെന്ന്‌ മമ്മൂക്കയില്‍ നിന്നും ഞാന്‍ മനസിലാക്കി.

മധുരരാജയില്‍ വളരെ സാഹസികമായ രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌ മഹിമ?
അതൊക്കെ വളരെ ആസ്വദിച്ചാണ്‌ ചെയ്‌തത്‌. ലോകപ്രശസ്‌തനായ പീറ്റര്‍ ഹെയ്‌ന്‍ എന്ന ആക്ഷന്‍ മാസ്‌റ്റര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതും വലിയ അനുഭവമാണ്‌.
പൊതുവെ വളര്‍ത്തുമൃഗങ്ങളോട്‌ വലിയ സ്‌നേഹമുള്ള കൂട്ടത്തിലാണ്‌ ഞാന്‍. ഷൂട്ടിംഗിനായി നായ്‌ക്കളെ കൊണ്ടു വന്നപ്പോള്‍ ഞാന്‍ താലോടാനൊരുങ്ങി. പെട്ടെന്ന്‌ പീറ്റര്‍ മാഷ്‌ തടഞ്ഞു.
'ട്രെയിനിംഗ്‌ കിട്ടിയ ഡോഗാണെങ്കിലും എപ്പോഴാണ്‌ സ്വഭാവം മാറുകയെന്ന്‌ പറയാന്‍ പറ്റില്ല. കുട്ടിയെ പരിചയമില്ലാത്ത സ്‌ഥിതിക്ക്‌ പ്രത്യേകിച്ചും. അതുകൊണ്ട്‌ അല്‍പ്പം ഗ്യാപ്പിട്ട്‌ നില്‍ക്കുന്നതാണ്‌ ബുദ്ധി'
ഷൂട്ട്‌ തുടങ്ങുന്നതിന്‌ രണ്ട്‌ മാസം മുന്‍പേ മധുരരാജയ്‌ക്ക് വേണ്ടി നായ്‌ക്കളെ മാഷ്‌ പരിശീലിപ്പിച്ചിരുന്നു. എന്നാലും ഡയറക്‌ടര്‍ പറഞ്ഞു.
'മഹിമയ്‌ക്ക് പേടിയുണ്ടെങ്കില്‍ ഡ്യൂപ്പിനെ വയ്‌ക്കാം'
പക്ഷേ, ഞാന്‍ സമ്മതിച്ചില്ല. എങ്കിലും പീറ്റര്‍ മാഷ്‌ പറഞ്ഞത്‌ മനസിലുളളതു കൊണ്ട്‌ കുറച്ച്‌ അകലം പാലിച്ചു നിന്നു. പക്ഷേ, ഷൂട്ടിംഗ്‌ സമയത്ത്‌ നായ്‌ക്കളുടെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. മാഷ്‌ നിര്‍ദ്ദേശം നല്‍കിയാല്‍ അക്ഷരംപ്രതി അനുസരിക്കും. പലപ്പോഴും ഞങ്ങള്‍ ആര്‍ട്ടിസ്‌റ്റുകള്‍ക്കാണ്‌ റീടേക്ക്‌ വേണ്ടി വന്നത്‌. അവ ഓടുമ്പോഴും ചാടി വീഴുമ്പോഴും എനിക്ക്‌ നേരിയ പരിക്ക്‌ പോലും ഉണ്ടായില്ല. നായ്‌ക്കള്‍ക്കൊപ്പമുളള ഷൂട്ട്‌ തീര്‍ക്കാന്‍ 7 ദിവസം വേണ്ടി വന്നു.
സ്‌റ്റണ്ട്‌ ഡയറക്‌ടര്‍ ആവും മുന്‍പ്‌ പീറ്റര്‍ മാഷ്‌ ഒരു ഫാസ്‌റ്റ് റൈഡറായിരുന്നു. ദ്വീപ്‌ പോലുള്ള സ്‌ഥലത്ത്‌ ഷൂട്ടിംഗ്‌ നടക്കുമ്പോള്‍ അദ്ദേഹം വന്ന്‌ എന്നോട്‌ പേടിയുണ്ടോയെന്ന്‌ ചോദിച്ചു. ഇല്ലെന്ന്‌ ഞാന്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ ദ്വീപിലേക്ക്‌ വന്ന ബോട്ട്‌ അവിടെ കിടന്നിരുന്നു. അദ്ദേഹം ഡ്രൈവിംഗ്‌ സീറ്റിലേക്ക്‌ കയറി ബോട്ട്‌ സ്‌റ്റാര്‍ട്ട്‌ ചെയ്‌തു. അദ്ദേഹം അതിവേഗം കായലിന്‌ വട്ടം ചുറ്റി നിമിഷങ്ങള്‍ക്കുളളില്‍ തിരിച്ചു വന്നു. അത്രയും വേഗതയില്‍ ഒരാള്‍ ബോട്ട്‌ ഓടിക്കുന്നത്‌ ഞാന്‍ ആദ്യമായി കാണുകയാണ്‌. ശ്വാസമടക്കിപ്പിടിച്ചാണ്‌ ഞാന്‍ അതിനുളളിലിരുന്നത്‌. എന്നിട്ടും ആ സപീഡ്‌ ഞാന്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട്‌ ഓരോ തവണ കാണുമ്പോഴും പേടി തോന്നും.

സിനിമ തന്നെ കരിയര്‍ എന്ന്‌ നിശ്‌ചയിച്ചോ?
അങ്ങനെ ഉറപ്പിച്ച്‌ പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സിനിമ ഒരു ഒഴുക്കാണ്‌. കുറെ പടങ്ങള്‍ ഒരുമിച്ച്‌ വരും. ചിലപ്പോള്‍ പടങ്ങളില്ലാതെയും വരും. കിട്ടുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിക്കുക. അതിനപ്പുറം വലിയ സ്വപ്‌നങ്ങള്‍ കാണാറില്ല. സിനിമയുടെ തിരക്കിനിടയിലും പഠിക്കാന്‍ സമയം കണ്ടെത്തുന്നു. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ പി.ജി ചെയ്‌തു. ഇനി നെറ്റിന്റെ എക്‌സാമിന്‌ തയ്യാറെടുക്കണം. സിനിമ ഇല്ലാത്ത കാലം വന്നാല്‍ കോളജ്‌ അദ്ധ്യാപികയായെങ്കിലും ജോലി ചെയ്യാമല്ലോ?

Ads by Google
Saturday 29 Jun 2019 11.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW