Tuesday, August 20, 2019 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 11.38 PM

ദാമ്പത്യം

uploads/news/2019/06/318336/sun5.jpg

വായാടിയായിരുന്ന വരദരാജന്‍ ഭാര്യയുടെ മരണശേഷം മൗനിയായി. ഭാര്യയുടെ ഫോട്ടോയിലേക്ക്‌ നോക്കിനിന്ന അയാളുടെ മനസ്സ്‌ ഏതാണ്ട്‌ നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ പിന്നിലേക്ക്‌ ഒഴുകിപ്പോയി.
സെക്ഷന്‍ ഓഫീസര്‍ ശ്രീകണ്‌ഠന്‍ സാറിനു മുന്നിലേക്ക്‌ ഭയഭക്‌തിബഹുമാനത്തോടെ ഒരു പെണ്‍കുട്ടി കടന്നുചെല്ലുകയാണ്‌.
'സാര്‍...'
'എന്താ..?'
ഗാംഭീര്യം വിടാതെ സാറ്‌ ചോദിച്ചു.
'സാര്‍.. ഞാന്‍ ജോയിന്‍ ചെയ്യാന്‍ വന്നതാ..'
അപ്പോയിന്‍മെന്റ്‌ ഓര്‍ഡര്‍ നീട്ടിപ്പിടിച്ച്‌ നില്‍ക്കുകയാണ്‌ ആ പെണ്‍കുട്ടി. ഓര്‍ഡര്‍ വായിച്ച്‌ സാര്‍ ബെല്ല്‌ കൊടുത്തു. പ്യൂണ്‍ വരദരാജന്‍ ഓടി വന്നു.
'ഇത്‌ വിശ്വലക്ഷ്‌മി..ക്ലാര്‍ക്കാണ്‌. സീറ്റ്‌ കാണിച്ചുകൊടുക്ക്‌..'
'ശരി സാര്‍..'
അന്നുമുതലുള്ള പരിചയമാണ്‌ വിശ്വലക്ഷ്‌മിയുമായിട്ട്‌. ആ പരിചയം വളര്‍ന്നു. പ്രണയമായി. അവര്‍ വിവാഹിതരായി. രണ്ട്‌ മക്കള്‍. അവര്‍ വളര്‍ന്നു. ഉദ്യോഗസ്‌ഥരായി. അവരുടെ വിവാഹം. അയാള്‍ ജോലിയില്‍ നിന്നും പിരിഞ്ഞു. വെറുതെയിരുന്ന്‌ മുഷിയാതിരിക്കാന്‍ തൊട്ടടുത്ത ഒരു കമ്പനിയില്‍ സെക്യൂരിറ്റിയായി. പിന്നീട്‌ വിശ്വലക്ഷ്‌മിയും പിരിഞ്ഞു. ശാന്തസ്വഭാവിയായിരുന്ന അവള്‍ക്ക്‌ ദേഷ്യം തുടങ്ങിയത്‌ വളരെ പെട്ടെന്നാണ്‌. ഭര്‍ത്താവ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ തിരിച്ചുവരാന്‍ അല്‍പ്പം താമസിച്ചുപോയാല്‍ -
'എവിടാരുന്നു ഇതുവരെ..? ഡ്യൂട്ടി കഴിഞ്ഞിട്ട്‌ മണിക്കൂര്‍ രണ്ടായല്ലോ..?
'അത്‌..കൂട്ടുകാരുമൊത്ത്‌ വെടിപറഞ്ഞ്‌ നിന്നുപോയതാ..'
'പച്ചക്കള്ളം..നിങ്ങള്‍ക്കീയിടെയായി എന്തോ ഒളിച്ചുകളിയുണ്ട്‌? ആരാ ഈ ശ്യാമള..?'
'അത്‌ കമ്പനിയിലെ ഒരു ജോലിക്കാരിയാ..'
'അവളുമായി നിങ്ങക്കെന്താ ബന്ധം..?'
'ഒരു ബന്ധവുമില്ല. കൂടെ ജോലി ചെയ്യുന്നു. സംസാരിക്കുന്നു. അത്രതന്നെ'
'നിങ്ങള്‍ കള്ളം പറയുവാ...നിങ്ങളും അവളും തമ്മില്‍ കടുത്ത പ്രേമമാ..?'
'എന്താ വിശ്വലക്ഷ്‌മീ ഈ പറയുന്നേ..? ആരോ നിന്നെ തെറ്റിദ്ധരിപ്പിച്ചതാ..?'
'ഒരു തെറ്റിദ്ധാരണയുമില്ല. നിങ്ങളും അവളും തമ്മില്‍ സിനിമയ്‌ക്കു പോകും. ഹോട്ടലില്‍ ഒരുമിച്ചിരുന്ന്‌ ഊണ്‌ കഴിക്കും. മുറിയെടുത്ത്‌ ഒന്നിച്ച്‌ കിടക്കും. സത്യമല്ലേ..?'
'അല്ല. പച്ചക്കള്ളമാ ഇത്‌..?'
അയാള്‍ അവിടെ കുത്തിയിരുന്ന്‌ കരയും. മണിക്കൂറുകളോളം.
വിശ്വലക്ഷ്‌മിയുടെ സംശയരോഗവും ദേഷ്യവും നാള്‍ക്കുനാള്‍ കൂടിക്കൂടി വന്നു. ഒരു ദിവസം ജോലികഴിഞ്ഞ്‌ തിരിച്ചുവന്ന വരദരാജന്‍ കണ്ടത്‌ വയറുപൊത്തി കരയുന്ന കാഴ്‌ചയാണ്‌.
'എന്ത്‌ പറ്റീ..?'
'വല്ലാത്ത വേദന..'
പെട്ടെന്ന്‌ ആശുപത്രിയിലെത്തിച്ചു. പരിശോധനകള്‍ പലത്‌ നടത്തി. ഗര്‍ഭാശയ കാന്‍സറാണ്‌. ലാസ്‌റ്റ് സേ്‌റ്റജ്‌. ഡോക്‌ടര്‍ സ്‌ഥിരീകരിച്ചു. ചികിത്സ ആരംഭിച്ചു. റേഡിയേഷന്‍, കീമോതെറാപ്പി, ഏങ്ങനെ പലതും. ഏതാണ്ട്‌ ഒരു വര്‍ഷം നീണ്ട ചികില്‍സക്കൊടുവില്‍ വിശ്വലക്ഷ്‌മി ആരോടും ഒന്നും മിണ്ടാതെ യാത്രയായി. അന്നു മുതലാണ്‌ അയാള്‍ മൗനിയായത്‌. സദാ വാചാലനായിരുന്ന അഛന്‍ പെട്ടെന്ന്‌ മൗനിയായപ്പോള്‍ മക്കള്‍ അയാളെ ഡോക്‌ടര്‍ക്ക്‌ മുന്നിലെത്തിച്ചു.
'പേടിക്കാനൊന്നുമില്ല. ഭാര്യയുടെ പെട്ടെന്നുള്ള മരണം ഇദ്ദേഹത്തിന്‌ താങ്ങാനായില്ല. അതാ കാരണം. ജോലിക്ക്‌ പൊയ്‌ക്കോട്ടേ.. അപ്പോ ഉഷാറാകും.. മൗനം മാറും..ഇടക്കിടക്ക്‌ നിങ്ങളൊന്ന്‌ ശ്രദ്ധിക്കണം. അത്രേയുള്ളു.'
പിറ്റേ ദിവസം മുതല്‍ അയാള്‍ ജോലിക്ക്‌ പോകാന്‍ തുടങ്ങി. ജോലി കഴിഞ്ഞ്‌ തിരിച്ച്‌ വീട്ടിലെത്തിയാല്‍ ഭാര്യയുടെ ഫോട്ടോയ്‌ക്ക് മുന്നിലങ്ങനെ ഇരിക്കും. പിന്നെ നീണ്ട ചിന്തയാണ്‌. ഉറങ്ങുംവരെ.
ഒരു ദിവസം ജോലി കഴിഞ്ഞ്‌ കുറച്ച്‌ താമസിച്ചാണയാള്‍ വീട്ടിലെത്തിയത്‌. ആദ്യം ഭാര്യയുടെ ഫോട്ടോക്ക്‌ മുന്നിലിരുന്നു. പെട്ടെന്നാണ്‌ ഭാര്യ ഫോട്ടോയില്‍ നിന്നിറങ്ങി വന്നത്‌.
'എന്താ ഇന്ന്‌ താമസിച്ചേ..? ഇപ്പോഴും പഴയ ആ സ്വഭാവം മാറ്റിയിട്ടില്ല അല്ലേ? അവളുമായി ഇപ്പോഴും ഹോട്ടലില്‍ താമസിക്കുന്നുണ്ട്‌ അല്ലേ..? ഇന്നലെ അവളുമായി ഒരുമിച്ച്‌ കഴിയുകയായിരുന്നു..അതാ ഇന്ന്‌ താമസിച്ചേ..നിങ്ങടെ വഴിവിട്ട ബന്ധങ്ങള്‍ അപ്പപ്പോള്‍ ഞാനറിന്നുണ്ട്‌. ഇനി ഇത്‌ ആവര്‍ത്തിച്ചാല്‍ എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം..'
വിശ്വലക്ഷ്‌മി ദേഷ്യത്തോടെയാണത്‌ പറഞ്ഞത്‌.
'അവളും ഞാനുമായി ഒരു ബന്ധവുമില്ല. ഞങ്ങള്‍ ഇതുവരെ ഹോട്ടല്‍ മുറിയില്‍ താമസിച്ചിട്ടില്ല. നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാ. നമ്മുടെ രണ്ട്‌ മക്കളാണെ സത്യം ഞാന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല. നീ വിശ്വസിക്കണം'
'ഇല്ല. നിങ്ങളെ ഞാന്‍ വിശ്വസിക്കില്ല. നിങ്ങള്‍ ചതിയനാണ്‌.വഞ്ചകനാണ്‌. വൃത്തികെട്ടവനാണ്‌.'
'ഞാനെന്ത്‌ പറഞ്ഞാണ്‌ നിന്നെ വിശ്വസിപ്പിക്കേണ്ടത്‌? ഒരു കാര്യം ചെയ്യാം. ഞാനാ സത്യം തുറന്നുപറയാന്‍ പോകുവാ. എന്നാലെങ്കിലും നിന്റെ സംശയരോഗംമാറുമല്ലോ?'
'എന്ത്‌ സത്യം..?'
'അത്‌...ഞാന്‍ ആശൂത്രീ പോയിരുന്നു'
'എന്തിന്‌..?'
'എനിക്കീയിടെയായി വയറ്റീ വല്ലാത്ത വേദന. പരിശോധിപ്പിച്ചു. ഇന്നാണ്‌ റിസള്‍ട്ട്‌ കിട്ടിയത്‌..'
'എന്താണസുഖം?..തുറന്ന്‌ പറ..'
'പറയാം...ആമാശയ കാന്‍സര്‍...'
'എന്ത്‌..? കാന്‍സറോ..? കഷ്‌ടം! ഈ രോഗത്തിന്റെ പേരില്‍ ഞാനെത്രമാത്രം വേദന അനുഭവിച്ചതാ.എനിക്കറിയാം ഈ രോഗത്തിന്റെ മാരകമായ ദുരന്തങ്ങള്‍.. നിങ്ങളീ രോഗത്തിന്‌ ചികില്‍സിക്കേണ്ട. എന്തിനു വെറുതേ പണവും സമയവും നഷ്‌ടപ്പെടുത്തുന്നു? നിങ്ങള്‍ ഇങ്ങോട്ട്‌ പോര്‌. എന്താ സമ്മതമാണോ..?'
'സമ്മതിച്ചു...ഞാന്‍ വരാം..'
'ഞാന്‍ കാത്തിരിക്കും'
അന്നാണവള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒന്ന്‌ പുഞ്ചിരിക്കുന്നത്‌.
അന്ന്‌ രാത്രി അയാള്‍ കഠിനമായ ആ തീരുമാനം എടുത്തു. പ്രപഞ്ചം മുഴുവന്‍ നിശ്ശബ്‌ദമായ ആ നേരത്ത്‌ ഒരു വലിയ പ്ലാസ്‌റ്റിക്‌ കയറുമായി അയാള്‍ പറമ്പിലേക്കിറങ്ങി. പിന്നെ ആ വലിയ മൂവാണ്ടന്‍ മാവിലേക്ക്‌...നിശ്ശബ്‌ദമായി...കയറിപ്പോയി....

ബാബു ആലപ്പുഴ

(ഫോ: 7736460750)

Ads by Google
Saturday 29 Jun 2019 11.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW