Tuesday, August 20, 2019 Last Updated 17 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.36 AM

നാണക്കേടായി വീണ്ടും കസ്‌റ്റഡി മരണം

uploads/news/2019/06/318227/editorial.jpg

പോലീസ്‌ സ്‌റ്റേഷനുകള്‍ ജനൈമത്രി സ്‌റ്റേഷനുകളായ വിവരം ഇനിയും അറിയാത്ത പോലീസുകാര്‍ ഉണ്ടെന്നതാണ്‌ നെടുങ്കണ്ടത്തെ കസ്‌റ്റഡി മരണം തെളിയിക്കുന്നത്‌. രാജ്‌കുമാര്‍ എന്ന റിമാന്‍ഡ്‌ തടവുകാരന്‍ കസ്‌റ്റഡിയിലിരിക്കെ മരിച്ചത്‌ അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നാണ്‌ പോസ്‌റ്റ്‌ മോര്‍ട്ടം പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്‌. ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക്‌ ഇരയായ ഇയാള്‍ക്ക്‌ യഥാസമയം ചികിത്സ നല്‍കാത്തതിനാല്‍ ആന്തരിക രക്‌തസ്രാവമുണ്ടായി. ഇതു ന്യുമോണിയയായി മാറിയതാണ്‌ മരണകാരണമായത്‌. ഇരു കാലുകള്‍ക്കും ഗുരുതര പരുക്കേറ്റു, കാലിലെ തൊലി പോയനിലയിലായിരുന്നു, മുറിവുകളാകട്ടെ പഴുത്ത അവസ്‌ഥയിലും. പൂര്‍ണ ആരോഗ്യവാനായി സ്‌റ്റേഷനിലേക്ക്‌ നടന്നു പോയ ആള്‍ മൃതശരീരമായാണ്‌ തിരിച്ചെത്തിയത്‌. പ്രതിയാണെങ്കിലും മനുഷ്യനാണെന്ന പരിഗണനയില്ലാത്ത മൃഗീയമായ ഭേദ്യമാണ്‌ ഇയാള്‍ക്ക്‌ അനുഭവിക്കേണ്ടിവന്നത്‌ എന്നത്‌ കേരളത്തിനാകമാനം നാണക്കേടാണ്‌.

ഇടുക്കി ജില്ല അടുത്തകാലത്തു കണ്ട ഏറ്റവും വലിയ തട്ടിപ്പിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു മരിച്ച രാജ്‌ കുമാര്‍. നെടുങ്കണ്ടം തൂക്കുപാലത്ത്‌ പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫിനാന്‍സ്‌ എന്ന സ്‌ഥാപനം വഴിയായിരുന്നു തട്ടിപ്പ്‌. വായ്‌പനല്‍കാമെന്നു പറഞ്ഞ്‌ വ്യാപാരികള്‍, തോട്ടം തൊഴിലാളികള്‍, സ്വയംതൊഴില്‍ സംരംഭകര്‍ എന്നിവരില്‍ നിന്ന്‌ ഇവര്‍ പിരിച്ചെടുത്ത തുക കോടികള്‍ വരുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഒരു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്‌പ നല്‍കുമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്‌. ഈ വായ്‌പ നല്‍കുന്നതിന്‌ പ്ര?സസിങ്‌ ഫീസ്‌ എന്ന പേരിലാണ്‌ പണം തട്ടിയത്‌. ആസൂത്രിതമായി മാസങ്ങള്‍ നീണ്ട തട്ടിപ്പായിരുന്നു ഇത്‌. വേഗം വായ്‌പ കിട്ടുമെന്നു വന്നതോടെ കുടുംബശ്രീയില്‍ നിന്ന്‌ വായ്‌പയെടുത്ത്‌ പ്ര?സസിങ്‌ ഫീസ്‌ അടച്ചവര്‍ വരെയുണ്ട്‌. തട്ടിപ്പുകളുടെ അനേകം കഥകള്‍ ഓരോ ദിവസവും മാധ്യമങ്ങളില്‍ നിറയുമ്പോഴും അതൊന്നും കണക്കിലെടുക്കാതെ കൂട്ടത്തോടെ തട്ടിപ്പുകള്‍ക്ക്‌ മലയാളികള്‍ ഇരയാകുന്നത്‌ സ്‌ഥിരം കാഴ്‌ചയാണ്‌. നിസ്സഹായാവസ്‌ഥ കൊണ്ട്‌ സാമ്പത്തിക സഹായം തേടിപ്പോകുന്നവര്‍ മുതല്‍ ചുരുങ്ങിയ ചെലവില്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കൊതിക്കുന്നവര്‍ വരെ ഈ തട്ടിപ്പില്‍ പെടുന്നു. പിടിയിലാകുന്ന തട്ടിപ്പുകാര്‍ വളരെ ചുരുക്കം മാത്രമാണ്‌. മോഹനവാഗ്‌ദാനങ്ങള്‍ വിശ്വസിച്ച്‌ ചാടിപ്പുറപ്പെട്ടാല്‍ തട്ടിപ്പിനിരയാകാനുള്ള സാധ്യത വളരെയധികമാണെന്ന്‌ ഈ സംഭവം വ്യക്‌തമാക്കുന്നു. ഇനിയെങ്കിലും മലയാളി പഠിക്കുമോ എന്ന ചോദ്യമാണ്‌ ഈ സംഭവം ഉന്നയിക്കുന്നത്‌.

കൈയില്‍ കിട്ടിയത്‌ അനേകരെ പറ്റിച്ച പ്രതിയാണെങ്കിലും അയാളെ തല്ലിക്കൊല്ലാന്‍ പോലീസിന്‌ അധികാരമില്ല. നിയമാനുസൃതമാര്‍ഗങ്ങളിലൂടെ കുറ്റം തെളിയിക്കുക എന്നതില്‍ നിന്ന്‌ മാറി, പോലീസ്‌ മര്‍ദ്ദനമുറകളിലേക്ക്‌ തിരിയുന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ രാജ്‌ കുമാറിന്റെ മരണവും ഇതുപോലെയുള്ള മറ്റു കസ്‌റ്റഡി മരണങ്ങളും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ആറു പേര്‍ കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. എല്ലാം പോലീസ്‌ പരിധിവിട്ട്‌ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്‌ താനും. പോലീസ്‌ ജനങ്ങളുടെ സേവകരാണ്‌, അല്ലാതെ ജനങ്ങളെ അടിച്ചമര്‍ത്താനുള്ളവരല്ലെന്ന ഉത്തമബോധ്യം പോലീസിനും പോലീസിനെ നയിക്കുന്ന രാഷ്‌ട്രീയനേതൃത്വത്തിനും വേണം. ഹരിത തട്ടിപ്പില്‍ ജനങ്ങളുടെ പണം തട്ടിയെടുത്ത എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന്‌ ഉചിതമായ ശിക്ഷ നല്‍കണം. അതു പോലെ തന്നെ നിയമം കൈയിലെടുത്ത്‌ ഒരു ജീവന്‍ ഹോമിച്ചതിന്‌ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരേ മാതൃകാപരമായി നടപടിയെടുക്കുകയും വേണം.

Ads by Google
Saturday 29 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW