Tuesday, August 20, 2019 Last Updated 17 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.33 AM

പിശാച്‌ കൂത്താട്ടുകുളത്ത്‌ !

uploads/news/2019/06/318225/bft1.jpg

പണ്ട്‌, മലയാളരാജ്യം എന്നൊരു വാരികയുണ്ടായിരുന്നു. ആ വാരികയില്‍ 'പിശാചിന്റെ പിടിയില്‍' എന്ന സംഭ്രമജനകമായ നോവല്‍ വന്നുതുടങ്ങിയ കാലം. മൂവാറ്റുപുഴയില്‍ സെക്കന്റ്‌ ഫോറത്തില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടി ആര്‍ത്തിയോടെ ആ നോവല്‍ വായിച്ചുവന്നു. 'പിശാച്‌' ഒരു യഥാര്‍ഥ ജീവിയാണെന്നാണ്‌ അന്ന്‌ ആ കുട്ടി വിചാരിച്ചത്‌. പിശാച്‌ കൂത്താട്ടുകുളത്തെത്തിയ അധ്യായം വായിച്ചുകൊണ്ടിരുന്നപ്പോള്‍ മയങ്ങിപ്പോയ കുട്ടി പെട്ടെന്നു ഭയന്നുവിറച്ച്‌ ഉറക്കെ നിലവിളിച്ചു. അമ്പരപ്പോടെ ഓടിയെത്തിയ വീട്ടുകാര്‍ നിലവിളിയുടെ കാരണമറിഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുപോയി. മൂവാറ്റുപുഴയില്‍നിന്ന്‌ എട്ടുമൈല്‍ അകലെയാണല്ലോ കൂത്താട്ടുകുളം!
'പിശാചിന്റെ പിടിയില്‍' വായിച്ചു നിലവിളിച്ച കുട്ടി വളര്‍ന്ന്‌ അഭിഭാഷകനായി, മജിസ്‌ട്രേറ്റായി, പത്രപ്രവര്‍ത്തകനായി, ഐ.എ.എസ്‌. നേടി, വലിയ എഴുത്തുകാരനായി, മലയാറ്റൂര്‍ രാമകൃഷ്‌ണനായി!
ശൈശവത്തിലെ നിദ്രയുടെ നീലിമയില്‍ പണ്ടൊരിക്കല്‍ തെളിഞ്ഞു കണ്ട 'പിശാച്‌' തന്നെ ഏറെക്കാലം പിന്തുടര്‍ന്നതായി അദ്ദേഹം പറയുന്നു. വിശ്രുതമായ 'യക്ഷി' എന്ന നോവലിനും സിനിമയ്‌ക്കും മുഖ്യകാരണം ഒരുപക്ഷേ, ബാല്യത്തിലെ ഈ 'പിശാചുബാധ' ആയിരുന്നിരിക്കാം.
ഉറങ്ങിയാലും ഉണര്‍ന്നാലും സവിശേഷാനുഭവങ്ങള്‍ തേടിയെത്തിയിരുന്നതായി പല എഴുത്തുകാരും പറഞ്ഞിട്ടുണ്ട്‌. ഭൂത-പ്രേത-പിശാചു-ചാത്തന്‍മാര്‍ വി.ഐ.പികളെ ഒഴിവാക്കിയിരുന്നില്ല എന്നര്‍ത്ഥം.
എന്തായാലും, മലയാറ്റൂരിനെ ഒട്ടേറെ വിചിത്രാനുഭവങ്ങള്‍ തേടിയെത്തിയിട്ടുണ്ട്‌. സ്‌കൂള്‍ ഫൈനല്‍ ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ മറ്റൊരനുഭവത്തെക്കുറിച്ച്‌ അദ്ദേഹം എഴുതിയിട്ടുണ്ട്‌. പെരുമ്പാവൂരില്‍ വല്യച്‌ഛന്റെ വീട്ടിലായിരുന്നു താമസം. ഈ വല്യച്‌ഛന്‍, സിനിമാതാരം ജയറാമിന്റെ അപ്പൂപ്പന്‍ കൂടിയാണ്‌. അക്കാലത്ത്‌ ഒരു രാത്രിയില്‍ ഉറക്കം കാത്തുകിടക്കുമ്പോഴാണ്‌ പഴയ 'പിശാച്‌' വീണ്ടും വന്നത്‌! പുറത്ത്‌ വലിയൊരു ചങ്ങലകിലുക്കം കേട്ടു. മുറിയിലെ മച്ചിലേക്കു നോക്കിക്കിടക്കുമ്പോള്‍ പെട്ടെന്ന്‌ വലിയൊരു രൂപം മുന്നില്‍ ആവിര്‍ഭവിച്ചു. അതിന്റെ കൈയില്‍ നീളന്‍ ചങ്ങലകള്‍! അതു കിലുങ്ങുമ്പോള്‍ വിടു കുലുങ്ങുന്നപോലെ!
ശരീരം തെല്ലുമിളക്കാതെ കണ്ണു തുറന്നുകിടന്ന്‌ അദ്ദേഹം നേരം വെളുപ്പിച്ചു!
ഈ 'പിശാച്‌' തന്നെ വിടാതെ പിന്തുടര്‍ന്നു എന്നാണ്‌ മലയാറ്റൂര്‍ പറയുന്നത്‌. 1945-ല്‍ തിരുവനന്തപുരത്ത്‌ ജൂനിയര്‍ ബി.എസ്സിക്കു പഠിക്കുമ്പോഴും ഒരു രാത്രിയില്‍ ഇതേ പിശാച്‌ വന്നു! പിന്നീടൊരിക്കലും കക്ഷിയെ കണ്ടിട്ടുമില്ല!
പിറ്റേവര്‍ഷം കോളജ്‌ ഹോസ്‌റ്റലില്‍വച്ച്‌ അദ്ദേഹത്തിനു മറ്റൊരനുഭവമുണ്ടായി. ഒരു രാത്രി ഉറക്കം വരാതെ മലയാറ്റൂര്‍ ഉണര്‍ന്നുകിടക്കുകയാണ്‌. രാത്രി ഒരുമണി. പെട്ടെന്ന്‌ തന്റെ അച്‌ഛന്‍ തേച്ചിരുന്ന എണ്ണയുടെ ഗന്ധം മുറിയില്‍ പരന്നു. തന്റെ അച്‌ഛന്‍ മരിച്ചതായി അദ്ദേഹത്തിനു തോന്നി. അപ്പോള്‍ത്തന്നെ തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന സുഹൃത്തിനെ വിളിച്ചുണര്‍ത്തി പാതി മയക്കത്തില്‍പ്പറഞ്ഞു:
-''അച്‌ഛന്‍ മരിച്ചു!''
അതു സത്യമായി! പിറ്റേന്ന്‌ നാട്ടില്‍നിന്ന്‌ ആള്‍ വന്നു. മലയാറ്റൂരിന്റെ അച്‌ഛന്‍ തലേന്ന്‌ രാത്രി ഒമ്പതിനു മരിച്ചു എന്നറിയിച്ചുകൊണ്ട്‌! 'വേരുകള്‍' എന്ന നോവലില്‍ മലയാറ്റൂര്‍ ഈ സംഭവത്തെക്കുറിച്ച്‌ പരാമര്‍ശിക്കുകയും ചെയ്‌തു.
അന്തരിച്ച വയലാര്‍ രാമവര്‍മ തന്റെ മുമ്പില്‍ വന്നുനിന്ന്‌ ''സ്വര്‍ഗത്തില്‍ മുറി ഒഴിവുണ്ട്‌, ഞങ്ങള്‍ ആശാനെ കാത്തിരിക്കുകയാണ്‌!'' -എന്നു പറയാറുണ്ടെന്ന്‌ അവസാനനാളുകളില്‍ മലയാറ്റൂര്‍ വിചാരിച്ചിരുന്നു!
ഇനി പ്രേംനസീറിന്റെ അനുഭവം:
ബഷീറിന്റെ പ്രേതകഥയായ 'ഭാര്‍ഗവീനിലയം' എന്ന സിനിമയുടെ ഷൂട്ടിങ്‌ കഴിഞ്ഞശേഷം മറ്റൊരു ഷൂട്ടിങ്ങിന്‌ പെരിങ്ങല്‍ക്കുത്തിലെ വനപ്രദേശത്തെത്തിയതായിരുന്നു നസീറും സംഘവും. കാടിനുള്ളിലെ ടി.ബിയില്‍ രാത്രി നസീര്‍ ഉറങ്ങാന്‍ കിടന്നു. അരണ്ട നിലാവ്‌. ചുറ്റിയടിക്കുന്ന കാറ്റ്‌. പുറത്ത്‌ കാട്ടുമൃഗങ്ങളുടെ ശബ്‌ദം. പെട്ടെന്ന്‌ ഒരു സ്‌ത്രീശബ്‌ദം തന്നെ വിളിക്കുന്നതായി അദ്ദേഹത്തിനു തോന്നി. മുറിയില്‍ ലൈറ്റിട്ടും ജനാല തുറന്നും നോക്കി. അപ്പോള്‍, കുളിമുറിയില്‍ പൈപ്പില്‍ക്കൂടി വെള്ളം വീഴുന്ന ശബ്‌ദം. കുളിമുറിയില്‍ ചെന്നപ്പോള്‍ ടാപ്പ്‌ അടച്ചിരിക്കുകയാണ്‌! താമസിക്കുന്ന ടി.ബി. ഒരു ഭാര്‍ഗവീനിലയമാണെന്നു തോന്നിപ്പോയതിനാല്‍ തൊട്ടടുത്ത മുറിയില്‍ കൂട്ടുകാരോടൊപ്പം നേരം വെളുപ്പിച്ചെന്ന്‌ നസീര്‍ ഓര്‍മിക്കുന്നു.
'നീലവെളിച്ചം' എന്ന പ്രേതകഥയാണ്‌ ബഷീര്‍ തിരക്കഥയെഴുതി 'ഭാര്‍ഗവീനിലയ'മാക്കിയത്‌. ഈ 'നീലവെളിച്ച'ത്തിന്റെ ആമുഖത്തില്‍ പ്രേതങ്ങളെ ബഷീര്‍ തള്ളിപ്പറഞ്ഞിട്ടില്ല! ഈ കഥയുടെ ആമുഖം ഇങ്ങനെ: ''നീലവെളിച്ചം എന്ന ഈ കഥ എന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളില്‍ ഒന്നാണ്‌. അത്ഭുതത്തിന്റെ ഒരു കുമിള. ശാസ്‌ത്രത്തിന്റെ സൂചികൊണ്ട്‌ ഇതിനെ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ, എന്നെക്കൊണ്ട്‌ പൊട്ടിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ്‌ അത്ഭുതസംഭവമെന്ന്‌ ആദ്യം പറഞ്ഞത്‌. അതെ, അങ്ങനെയല്ലാതെ ഞാന്‍ എന്തു പറയും?''
'നിലാവുനിറഞ്ഞ പെരുവഴിയില്‍' എന്നൊരു കഥയും മറ്റൊരു പ്രേതാനുഭവത്തെ ആസ്‌പദമാക്കി ബഷീര്‍ എഴുതി.
മനസിന്റെ വിഭ്രമാവസ്‌ഥകളില്‍ പല കാഴ്‌ചകളും കണ്ടിരുന്നതായി പുനത്തില്‍ കുഞ്ഞബ്‌ദുള്ള പറഞ്ഞിരുന്നു. അമ്മയുടെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്‌. മഴക്കാലത്ത്‌ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ സര്‍പ്പങ്ങള്‍ പറക്കുന്നത്‌ അവര്‍ കാണാറുണ്ടായിരുന്നത്രേ. മരിച്ചവര്‍ കൂട്ടത്തോടെ തറവാടായ കാരക്കാട്ടുവീട്ടില്‍ നേര്‍ച്ചച്ചോറു തിന്നാന്‍ വരുന്നതായി അവര്‍ പറഞ്ഞു. അമ്മ ഓരോരുത്തരേയും 'സലാം' ചൊല്ലി വീട്ടില്‍ക്കയറ്റിയിരുത്തി! കബറുകളിലിരുന്ന്‌ മരിച്ചവരുടെ ആത്മാക്കള്‍ കാറ്റുകൊണ്ട്‌ സംസാരിക്കുന്നതും അമ്മ കേട്ടിരുന്നതായി അദ്ദേഹം പറയുന്നു!
എല്ലാം മനസിന്റെ മായാജാലങ്ങള്‍!
നോവലെഴുതുമ്പോള്‍ ചില കഥാസന്ദര്‍ഭങ്ങള്‍ സ്വപ്‌നങ്ങളിലൂടെ ആരോ കാണിച്ചുതരുമായിരുന്നെന്ന്‌ പാറപ്പുറത്ത്‌ എഴുതിയിട്ടുണ്ട്‌. 'പണിതീരാത്ത വീട്‌' എന്ന നോവല്‍ എഴുതിവന്നപ്പോള്‍ കഥാപാത്രങ്ങളും രംഗങ്ങളും സ്വപ്‌നത്തില്‍ തെളിഞ്ഞു!
'സന്താനഗോപാലം' രചിക്കവേ, വൈകുണ്‌ഠത്തെ എങ്ങനെ വര്‍ണിക്കുമെന്നറിയാതെ വിഷമിച്ചു കിടന്നുറങ്ങിയ പൂന്താനത്തിന്റെ സ്വപ്‌നാനുഭവങ്ങളാണത്രേ 'വൈകുണ്‌ഠ വിവരണ'മായി ഖ്യാതി നേടിയത്‌.
കഥാകൃത്ത്‌ എം.പി. നാരായണപിള്ളയുടെ ഇഷ്‌ടവിഷയങ്ങള്‍ മന്ത്രവാദവും കുട്ടിച്ചാത്തന്‍ സേവയുമായിരുന്നു. 'പരിണാമം' എന്ന നോവലിനുവേണ്ടി അനേകകാലത്തെ പഞ്ചാംഗം വായിച്ചു പഠിക്കുകയും ചെയ്‌തു. താന്‍ കിടക്കുമ്പോഴും നടക്കുമ്പോഴും എഴുതുമ്പോഴും ചാത്തന്‍ ഒളിഞ്ഞുനോക്കുന്നുണ്ടെന്ന്‌ അദ്ദേഹം തമാശയായി പറയുമായിരുന്നു. നാരായണപിള്ള പലപ്പോഴും മാസങ്ങളോളം മൗനവ്രതം സ്വീകരിക്കാറുണ്ടായിരുന്നു. ഇത്‌ ചാത്തന്‍സേവയുമായി ബന്ധപ്പെട്ടാണെന്ന്‌ ചിലര്‍ പറഞ്ഞു രസിച്ചു!
പത്തൊന്‍പതാമത്തെ വയസില്‍ വീടുവിട്ട്‌ അന്യദേശങ്ങളില്‍ ആറുവര്‍ഷത്തോളം അലഞ്ഞുനടന്നയാളായിരുന്നു ഉറൂബ്‌. ഈ യാത്രയാണ്‌ തന്നെ എഴുത്തുകാരനാക്കിയതെന്ന്‌ അദ്ദേഹം കരുതി. വീട്ടില്‍ ഒറ്റപ്പെട്ട ഒരു കുട്ടിയായിരുന്നു അദ്ദേഹം. ഏകാന്തമായ പകലുകളില്‍ ആകാശത്തുനിന്ന്‌ ഒരു സ്വര്‍ണവിഗ്രഹംപോലുള്ള ഒരു രൂപം ഇറങ്ങിവന്ന്‌ ''എഴുന്നേല്‍ക്കൂ'' - എന്ന്‌ പറയുന്നതായി അദ്ദേഹത്തിനു തോന്നിത്തുടങ്ങി. ഈ രംഗം ആവര്‍ത്തിച്ചപ്പോഴുണ്ടായ 'ഇരിക്കപ്പൊറുതിയില്ലായ്‌മ'കൊണ്ടാണ്‌ താന്‍ വീടുവിട്ടുപോയതെന്ന്‌ അദ്ദേഹം ഓര്‍ക്കുന്നു. നിതാന്തയാത്രകളിലേക്കും പിന്നീട്‌ എഴുത്തിലേക്കും തിരിച്ചുവിട്ട, ആകാശത്തുനിന്ന്‌ ഇറങ്ങിവന്ന സ്വര്‍ണ പുരുഷന്‍ ആരാണ്‌?
-അതിന്‌ ഉറൂബ്‌ ഉത്തരം പറഞ്ഞിട്ടില്ല.
മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ എട്ടുവീട്ടില്‍പ്പിള്ളമാരുടെ സ്‌ത്രീകളെ 'തുറ കയറ്റിയ' സംഭവത്തെക്കുറിച്ച്‌ നാഞ്ചിനാടിന്റെ മകനായ ജയമോഹന്‍ എഴുതിയപ്പോള്‍ അതിന്‌ യക്ഷിക്കഥകളുടെ ലയവും ഭംഗിയും ലഭിച്ചു. എട്ടുവീട്ടില്‍പ്പിള്ളമാരുടെ കുടുംബങ്ങളിലുള്ള സ്‌ത്രീകളെ ചങ്ങലയില്‍ക്കെട്ടി ആനകളെക്കൊണ്ടു വലിപ്പിച്ചാണത്രേ കന്യാകുമാരിയിലെ മുട്ടം എന്ന കടപ്പുറത്തേക്കു കൊണ്ടുപോയത്‌. ഈ യാത്രയില്‍ ചോരതുപ്പി മരിച്ചുവീണ സ്‌ത്രീകള്‍ പിന്നീട്‌ യക്ഷികളും ബാധകളുമായി നാട്ടില്‍ പ്രത്യക്ഷരായി. പല വീടുകളിലും ചത്തുപോയ അമ്മച്ചിമാര്‍ മടങ്ങിവരാറുണ്ട്‌. മിക്കവാറും കന്യകമാരായ ചേച്ചിമാരുടെ ശരീരങ്ങളില്‍. വിശപ്പും ദാഹവും കൊണ്ട്‌ അലറിക്കരയുന്ന അമ്മൂമ്മമാരുടെ ശബ്‌ദമായിരുന്നു അവര്‍ക്ക്‌. കന്യകമാരുടെ ദേഹത്തില്‍നിന്ന്‌ വിട്ടുപോകാന്‍ നാട്ടില്‍ കുടികൊള്ളുന്ന യക്ഷിദേവതകള്‍ക്ക്‌ നിവേദ്യം കൊടുക്കണം. അപ്പോള്‍ ബാധകള്‍ ഒഴിയും. ഒരു ചെമ്പുകലം വെള്ളം കുടിച്ച്‌ അവര്‍ യാത്രയാകും. വീണ്ടും വരാന്‍! ഈ കാഴ്‌ച യഥാര്‍ഥവും ഹൃദയഭേദകവുമായിരുന്നെന്നും ഈ 'അമ്മച്ചിമാരുടെ' സങ്കടം തന്നെ എന്നും വേട്ടയാടുന്നുവെന്നും ജയമോഹന്‍ പറയുന്നു.
അയുക്‌തികമെന്നു വിചാരിക്കാവുന്ന ഒരു സംഭവത്തെക്കുറിച്ച്‌ ചട്ടമ്പിസ്വാമികള്‍ എഴുതിയിട്ടുണ്ട്‌. ഒരിക്കല്‍ അദ്ദേഹവും ശിഷ്യനായ പെരുനെല്ലി കൃഷ്‌ണന്‍ വൈദ്യനുംകൂടി തിരുവനന്തപുരത്തുനിന്ന്‌ നെടുമങ്ങാട്ടേക്കുള്ള യാത്രാമധ്യേ ഒരു അമ്പലത്തിനു സമീപമുള്ള സത്രത്തില്‍ വിശ്രമിച്ചു. രാത്രിയായി. നല്ല ഇരുട്ടും തണുത്ത കാറ്റും. പാതിരാ കഴിഞ്ഞപ്പോള്‍, ഉറങ്ങിക്കിടന്ന കൃഷ്‌ണന്‍ വൈദ്യര്‍ ഭയപ്പെട്ടു ഞെട്ടിയുണര്‍ന്ന്‌ എഴുന്നേറ്റിരുന്നു. തൊട്ടടുത്ത ക്ഷേത്രത്തില്‍നിന്ന്‌ ഒരു ഭയങ്കര രൂപം അട്ടഹാസത്തോടെ ഉയര്‍ന്നു പോകുന്നതു കണ്ടു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌.
ചട്ടമ്പിസ്വാമികള്‍ അതുകേട്ടു ചിരിച്ചു: -''പേടിക്കേണ്ട. അതൊരു യക്ഷിയാണെന്നു കരുതിയാല്‍ മതി. യക്ഷി കുരവയിടുന്ന ശബ്‌ദമാണു കേട്ടത്‌.''
മനസിന്‌ ധൈര്യമുണ്ടെങ്കില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്ന്‌ സ്വാമികള്‍ പറയാറുണ്ടായിരുന്നു. ഇന്നു ശാസ്‌ത്രം വിശദീകരിക്കുന്ന 'മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി' എന്ന ദ്വന്ദവ്യക്‌തിത്വത്തെക്കുറിച്ച്‌ സ്വാമികള്‍ അന്നേ പരാമര്‍ശിച്ചിട്ടുണ്ട്‌.
ഭാര്യ ഒരു യക്ഷിയായാല്‍?
കലാനിലയം കൃഷ്‌ണന്‍നായരുടെ ഭീകരനാടകമായ 'രക്‌തരക്ഷസ്‌' തിരുവനന്തപുരത്ത്‌ ആദ്യമായി പ്രദര്‍ശിപ്പിച്ച സമയം. മുന്‍നിരയില്‍ വി.ഐ.പികളുടെ കൂട്ടത്തില്‍ മലയാറ്റൂരുമുണ്ട്‌. ഭീകരിയായ രക്‌തരക്ഷസ്‌ സ്‌റ്റേജില്‍ പ്രത്യക്ഷപ്പെട്ടു. പെട്ടെന്ന്‌, തൊട്ടടുത്തിരുന്ന സുഹൃത്ത്‌ മലയാറ്റൂരിനോടു ചോദിച്ചു.
-''രക്‌തം കുടിക്കുന്ന രക്ഷസിനെ ഇഷ്‌ടമായോ?''
-''ഇഷ്‌ടമായി''- അദ്ദേഹം പറഞ്ഞു.
ഉടന്‍ സുഹൃത്ത്‌ തമാശ പറഞ്ഞു:
-''എങ്കില്‍ കല്യാണം കഴിച്ചോളൂ!''
പെട്ടെന്ന്‌ മലയാറ്റൂരിന്റെ മനസില്‍ ഒരു സംശയം രൂപംപൂണ്ടു: -''രക്‌തം കുടിക്കുന്ന യക്ഷിയാണു ഭാര്യയെന്ന്‌ ഒരാള്‍ വിചാരിച്ചാല്‍ എന്താകും അവസ്‌ഥ?''
ഈ ചിന്തയാണ്‌ പ്രസിദ്ധമായ 'യക്ഷി' എന്ന നോവലിനു കാരണമായത്‌.

krpramoudmenon@gmail.com

Ads by Google
Saturday 29 Jun 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW