Saturday, August 24, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 02.55 PM

ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി എട്ടു വര്‍ഷത്തിനു ശേഷം മരണമടഞ്ഞു

ഇയാളുടെ മരണവാര്‍ത്ത വീട്ടുകാര്‍ എങ്ങനെ അറിഞ്ഞുവെന്നും ചിത്രങ്ങള്‍ പ്രചരിച്ചിട്ടും ഇത്രയും കാലം വ്യാജപേരില്‍ എങ്ങനെ ഒളിവില്‍ കഴിഞ്ഞൂവെന്നതും പോലീസിനെ ആശ്ചര്യപ്പെടുത്തുന്നു.
murder

ന്യുഡല്‍ഹി: കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രതി മരണത്തിന് കീഴടങ്ങി. ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ബാഗിലാക്കി ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയായ രാജു ഗെലോട്ട് ആണ് കരള്‍ രോഗത്തെ തുടര്‍ന്ന് ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് മരണമടഞ്ഞത്.

എയര്‍ ഇന്ത്യയിലെ ജീവനക്കാരനായിരുന്നു രാജു ഗെലോട്ട്. ഒളിവില്‍ പോകുമ്പോള്‍ 29 വയസ്സായിരുന്നു പ്രായം. ഒപ്പം താമസിച്ചിരുന്ന നീതു സോളങ്കി (29) എന്ന കോള്‍ സെന്റര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. നിയമബിരുദധാരിയുമായിരുന്നു അവര്‍. 2011 ഫെബ്രുവരി 11നാണ് നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാജു ഗെലോട്ടിനൊപ്പം സൗത്ത് ഡല്‍ഹി ആശ്രമത്തിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

വെട്ടിനുറുക്കി ബാഗിലാക്കി തള്ളിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ പച്ചകുത്തിയ മയില്‍രൂപമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. കൊലപാതകം ചെയ്തയാള്‍ എന്നു സംശയിച്ച ഗെലോട്ട് ഇതിനകം ഒളിവില്‍ പോയിരുന്നു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫോട്ടോ ആല്‍ബവും വ്യാജ മുദ്രപത്രങ്ങളും വായ്പ രേഖകളും കണ്ടെത്തിയിരുന്നു.

ഇയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഇയാള്‍ ബാങ്കോക്കിലേക്ക് കടന്നതായി പോലീസ് സംശയിച്ചു. എന്നാല്‍ ബംഗലൂരുവിലും കര്‍ണാടകയിലുമടക്കം കഴിഞ്ഞ എട്ടു വര്‍ഷമായി പോലീസ് തെരച്ചില്‍ നടത്തിവരികയുമായിരുന്നു. ഇയാളുടെ ചിത്രമടക്കം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബാങ്കോക്കിലേക്ക് കടന്നുവെന്ന് പോലീസ് കരുതിയ രാജു ഗെലോട്ട് ഈ സമയം ഗുഡ്ഗാവിലെ ഒരു സ്വകാര്യ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. തന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ചായിരുന്നു അവിടെ ജോലിക്ക് കയറിയത്. അതിനിടെ, കഴിഞ്ഞ ദിവസം വയറുവേദന കലശലായ ഗെലോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ഗുരുതരമായ കരള്‍ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. വൈകാതെ ഇയാള്‍ മരണമടഞ്ഞുവെന്നും ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം എസിപി രാജീവ് രഞ്ജന്‍ പറഞ്ഞു.

ഗെലോട്ടിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മരണമടഞ്ഞത് ഗെലോട്ട് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ മരണവാര്‍ത്ത വീട്ടുകാര്‍ എങ്ങനെ അറിഞ്ഞുവെന്നും ചിത്രങ്ങള്‍ പ്രചരിച്ചിട്ടും ഇത്രയും കാലം വ്യാജപേരില്‍ എങ്ങനെ ഒളിവില്‍ കഴിഞ്ഞൂവെന്നതും പോലീസിനെ ആശ്ചര്യപ്പെടുത്തുന്നു. ആദ്യ രണ്ടു വര്‍ഷം ഇയാളുടെ വീട്ടിലെ ഫോണ്‍കോളുകള്‍ പോലീസ് ചോര്‍ത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഗെലോട്ട് വീട്ടിലേക്ക് വിളിച്ചിരുന്നില്ല.

Ads by Google
Thursday 27 Jun 2019 02.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW