Thursday, June 27, 2019 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 10.29 AM

റിയോ ഗ്രാന്റേ നദിക്കരയില്‍ മുങ്ങിമരിച്ചു കിടക്കുന്ന പിതാവിന്റെ ചിത്രത്തോട് വെറുപ്പാണെന്ന് ട്രംപ് ; അമേരിക്കയുടെ കുടിയേറ്റനയത്തിനെതിരേ രൂക്ഷ വിമര്‍ശനം ; അതീവ ദു:ഖിതനായി പോപ്പ്

uploads/news/2019/06/317784/trump.jpg

മെക്‌സിക്കോ: അമേരിക്കയിലേക്കുള്ള മെക്‌സിക്കന്‍ കുടിയേറ്റത്തിന്റെ ദൈന്യതയായി മാറിയ കുട്ടിയെ ബനിയനുള്ളിലാക്കി റിയോ ഗ്രാന്റേ നദിക്കരയില്‍ മുങ്ങിമരിച്ചു കിടക്കുന്ന പിതാവിന്റെ ചിത്രത്തോട് വെറുപ്പാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ്. ചിത്രം കണ്ട പോപ്പ് ഫ്രാന്‍സിസ് അതീവ ദു:ഖിതനാണെന്ന് വത്തിക്കാന്‍ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണവും എത്തിയത്. അയാളൊരു നല്ല അച്ഛനാണ് പക്ഷേ ആ ചിത്രത്തോട് എനിക്ക് വെറുപ്പാണെന്ന് ട്രംപ് പറഞ്ഞു.

അതേസമയം ചിത്രം കണ്ട പോപ് ഫ്രാന്‍സിസ് അതീവ ദു:ഖിതനാണെന്ന് വത്തിക്കാന്‍ വക്താവ് അലെസാന്ദ്രൊ ഗിസോട്ടി പറഞ്ഞു. അവര്‍ക്ക് വേണ്ടിയും പലായനം ചെയ്യുന്നതിനിടെ ജീവന്‍ നഷ്ടമായ എല്ലാവര്‍ക്കും വേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥിക്കുകയാണെന്നും വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി. റിയോ ഗ്രാന്റേ നദി മറികടക്കുന്നതിനിടയില്‍ 25 കാരനായ ഓസ്‌ക്കര്‍ മാര്‍ട്ടിനെസും മകളുമാണ് മുങ്ങിമരിച്ചത്. മെക്‌സിക്കന്‍ പത്രഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം പുറത്തെത്തിയതോടെ ട്രംപിന്റെ കാര്‍ക്കശ്യമാര്‍ന്ന കുടിയേറ്റനയവും വിമര്‍ശനത്തിലാണ്. ഈ മരണത്തിന് ഉത്തരവാദി ട്രംപാണെന്ന് ഡെമോക്രാറ്റുകള്‍ ആഞ്ഞടിച്ചു.

ട്രംപിന്റെ നയങ്ങള്‍ അമേരിക്കയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തുന്നു എന്നാണ് ഡെമോക്രാറ്റുകളുടെ ആവലാതി. തങ്ങള്‍ മിണ്ടാതിരിക്കില്ലെന്നും കുടിയേറ്റ കുടുംബങ്ങളോടും കുട്ടികളോടും ട്രംപ് ഭരണകൂടം എടുക്കുന്ന നിലപാടുകളോട് ഞങ്ങള്‍ എങ്ങിനെയാണ് പ്രതികരിക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നതാണെന്നുമാണ് വൈസ് പ്രസിഡന്റും 2020 പ്രസിഡന്റ് പദവി ലക്ഷ്യം വെയ്ക്കുകയും ചെയ്തിരിക്കുന്ന ജോ ബെയ്ഡന്റെ പ്രതികരണം.

എന്നാല്‍ '' നമുക്ക് ശരിയായ നിയമമുണ്ട്. അത് നടപ്പാക്കാന്‍ ഡെമോക്രാറ്റുകള്‍ അനുവദിക്കില്ല. അവര്‍ ഇവിടേയ്ക്ക് വരേണ്ടവരല്ല. അവര്‍ അതിന് ശ്രമിക്കാനും പാടില്ല. അതിര്‍ത്തികള്‍ തുറന്നിടണമെന്നാണ് അവരുടെ ആഗ്രഹം. അത് കുറ്റകൃത്യമാണ്. അതിര്‍ത്തി തുറന്നിടുക എന്നാല്‍ നദിയില്‍ മുങ്ങിമരിക്കുക എന്നാണ് '' ഡെമോക്രാറ്റുകളോടുള്ള ട്രംപിന്റെ പ്രതികരണം ഇതായിരുന്നു. ഫോട്ടോയെ ഞെട്ടിക്കുന്നത് എന്നാണ് വെര്‍മോണ്ട് സെനറ്റര്‍ ബേര്‍ണി സാന്റേഴ്‌സും പ്രതികരിച്ചിരിക്കുന്നത്. ട്രംപിന്റെ നയങ്ങള്‍ വീണ്ടുവിചാരമില്ലാത്തതും മനുഷ്യത്വത്തെ പരിഗണിക്കാത്തതുമാണെന്നതിന്റെ വേദനാജനകമായ ഉദാഹരണമെന്നും സാന്റേഴ്‌സ് പറയുന്നു.

ട്രംപിന്റെ കുടിയേറ്റ നയം മനുഷ്യത്വരഹിതവും കുട്ടികളെ കൊല്ലുന്നതും അമേരിക്കയുടെ സദാചാര്യ മൂല്യങ്ങളെ ബലികഴിക്കുന്നതുമാണെന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കമലാഹാരിസും പറയുന്നു. ഹോണ്ടുറാസില്‍ നിന്നും രണ്ടുമാസം മുമ്പ് മെക്‌സിക്കോയിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ മാര്‍ട്ടീനെസും കുടുംബവും അവിടെനിന്നുമാണ് നദികടന്ന് അക്കരെയെത്താന്‍ ശ്രമം നടത്തിയത്. മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രാഡോറിനെതിരേയും വിമര്‍ശനം ശക്തമാണ്. കുടിയേറ്റക്കര്‍ക്ക് വഴങ്ങുന്നത് അവരെ അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിയിടുമെന്നാണ് പ്രധാനമായി ഉയര്‍ന്നിട്ടുള്ള വിമര്‍ശനം.

മകളെയും കൊണ്ട് ആദ്യം നീന്തി അക്കരെ കടന്ന ഓസ്‌കര്‍ ഭാര്യയെ കൊണ്ടുപോകാന്‍ തിരികെ പോവുന്നത് കണ്ട മകള്‍ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ പിതാവിന് സാധിച്ചില്ല. എല്‍ സാല്‍വദോറില്‍ നിന്നുമാണ് ഓസ്‌ക്കര്‍ മാര്‍ട്ടീനെസും കുടുംബവും മെക്‌സിക്കോയില്‍ എത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW