Wednesday, August 21, 2019 Last Updated 35 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.19 AM

10 ദിനം 4 മത്സരം : ഗ്രൂപ്പ്‌ ഘട്ടത്തിന്റെ രണ്ടാം പകുതി ടീം ഇന്ത്യക്ക്‌ അതികഠിനം

uploads/news/2019/06/317501/s2.jpg

ക്രിക്കറ്റ്‌ ടീമിനെ സംബന്ധിച്ചു ലോകകപ്പ്‌ ടൂര്‍ണമെന്റ്‌ ഒരു ഗ്രാന്‍ഡ്‌സ്ലാം ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പ്‌ പോലെയാണ്‌. ചാമ്പ്യന്മാരുടെ പോഡിയത്തില്‍ നിന്നു കിരീടമുയര്‍ത്താന്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ അവര്‍ക്ക്‌ ഏഴ്‌ എതിരാളികളെ വെട്ടിവീഴ്‌ത്തണം. അഞ്ചു സെറ്റ്‌ നീളുന്ന ടെന്നീസ്‌ പോലെയാണ്‌ ഓരോ മത്സരവും. അതില്‍ പ്രതിഭ മാത്രമല്ല മാറ്റുരയ്‌ക്കപ്പെടുന്നത്‌; മറിച്ചു ക്ഷമയും കായികക്ഷമതയുമെല്ലാം ഉള്‍പ്പെടും.
ടീം ഇന്ത്യ ഇനി അത്തരത്തിലുള്ള കടുത്ത സമ്മര്‍ദത്തിലൂടെയാണ്‌ നീങ്ങേണ്ടത്‌. നിലവില്‍ പോയിന്റു പട്ടികയില്‍ ഭദ്രമായ ഇരിപ്പിടമുണ്ടെങ്കിലും ഗ്രൂപ്പ്‌ ഘട്ടത്തിന്റെ രണ്ടാം പകുതി നാളെ ആരംഭിക്കുമ്പോള്‍ കടുത്ത മത്സരങ്ങളാണ്‌ വിരാട്‌ കോഹ്ലിയെയും സംഘത്തെയും കാത്തിരിക്കുന്നത്‌.
മറ്റു ടീമുകളെക്കാള്‍ വൈകി ലോകകപ്പ്‌ ആരംഭിച്ച ഇന്ത്യക്കു വരുന്ന 10 ദിവസത്തിനിടെ കളിക്കേണ്ടത്‌ നാലു മത്സരങ്ങള്‍. അതില്‍ ആദ്യത്തേതു നാളെ മാഞ്ചസ്‌റ്ററിലെ ഓള്‍ഡ്‌ട്രാഫോഡില്‍ വെസ്‌റ്റിന്‍ഡീസിനെതിരേ നടക്കും. പിന്നീട്‌ 30-ന്‌ ആതിഥേയരായ ഇംഗ്ലണ്ടും ജൂലൈ രണ്ടിന്‌ അയല്‍ക്കാരായ ബംഗ്ലാദേശുമായും ഏറ്റുമുട്ടുന്ന ഇന്ത്യ ജൂലൈ ആറിനു തങ്ങളുടെ അവസാന ലീഗ്‌ മത്സരത്തില്‍ മറ്റൊരു അയല്‍ക്കാരായ ശ്രീലങ്കയെയും നേരിടണം.
ഈ നാലു മത്സരങ്ങളും ഇന്ത്യക്കു വ്യത്യസ്‌തമായ വെല്ലുവിളികളാണ്‌ ഉയര്‍ത്തുന്നത്‌. നിലവിലെ ഫോമില്‍ ഭയക്കേണ്ടതില്ലെങ്കിലും കഴിഞ്ഞ മത്സരത്തില്‍ അഫ്‌ഗാനിസ്‌ഥാനെതിരേ മുട്ടുവിറച്ചത്‌ നീലപ്പടയെ യാഥാര്‍ഥ്യ ബോധത്തിലേക്കു തിരികെക്കൊണ്ടുവന്നിട്ടുണ്ട്‌.
നാളത്തെ മത്സരം തന്നെ ഇന്ത്യക്കു വെല്ലുവിളിയാണ്‌. എതിരാളികളായ വെസ്‌റ്റിന്‍ഡീസ്‌ അത്രശക്‌തമായ ടീമൊന്നുമല്ല. പക്ഷേ തങ്ങളുടേതായ ദിവസത്തില്‍ പൊട്ടിത്തെറിക്കുന്ന മാച്ച്‌വിന്നര്‍മാരുള്ള വിന്‍ഡീസിനെതിരേ കൃത്യമായ ഗെയിം പ്ലാന്‍ തയാറാക്കി ഇറങ്ങാന്‍ ഇന്ത്യക്കാകില്ല.
അഫ്‌ഗാനിസ്‌ഥാനെതിരായ മത്സരം ഇന്ത്യക്കു ശരിക്കും ഉണര്‍ത്തുപാട്ടു തന്നെയാണ്‌. അതുവരെ മികച്ച കുതിപ്പു നടത്തിയിരുന്ന ഇന്ത്യയുടെ എല്ലാ ദൗര്‍ബല്യങ്ങളും തുറന്നുകാട്ടിയ മത്സരം.
മധ്യനിര ഒരിക്കല്‍ക്കൂടി പരാജയപ്പെടുന്നു. മുന്‍നിരയില്‍ കെ.എല്‍. രാഹുലിനു താളം കണ്ടെത്താന്‍ കഴിയുന്നില്ല തുടങ്ങിയ ദൗര്‍ബല്യങ്ങളെല്ലാം പുറത്തുചാടി. ഹാംപ്‌ഷെയര്‍ ബൗളിലേ അതേ പിച്ചിലാണ്‌ രണ്ടു ദിവസത്തിനു ശേഷം അഫ്‌ഗാനിസ്‌ഥാനെതിരേ ബംഗ്ലാദേശ്‌ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 262 റണ്‍സ്‌ നേടിയതെന്നും ഓര്‍ക്കണം. ഇന്ത്യക്കു നേടാനായത്‌ വെറും 224 റണ്‍സും!
ഓസ്‌ട്രേലിയയെപ്പോലെ മികച്ച മാച്ച്‌വിന്നര്‍മാരുള്ള ടീമിനെതിരേയായിരുന്നില്ല ആ പ്രകടനം എന്നതു മാത്രമാണ്‌ ഇന്ത്യക്ക്‌ മത്സരത്തില്‍നിന്നു ലഭിച്ച ആകെയുള്ള ആശ്വാസം. അങ്ങനെ ആയിരുന്നെങ്കില്‍ ആ രണ്ടുപോയിന്റ്‌ സ്വപ്‌നം കാണുക കൂടി വേണ്ടായിരുന്നു.
പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവം ടീമില്‍ വലിയ വിടവാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ ഫോമിലാകാറുള്ള ധവാന്‍ പോയതോടെ മുന്‍നിരയില്‍ ഇന്ത്യക്കു നഷ്‌ടമായത്‌ ഏക ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനെയാണ്‌. എതിര്‍ ടീമുകള്‍ക്ക്‌ ഇതോടെ അനായാസം ഇന്ത്യന്‍ മുന്‍നിരയ്‌ക്കെതിരേ ഫീല്‍ഡ്‌ സെറ്റ്‌ ചെയ്യാനാകുന്നു. പേസിനെയും സ്‌പിന്നിനെയും ഒരുപോലെ മികവോടെ നേരിടുമെന്നതില്‍ കവിഞ്ഞു മികച്ച ഫീല്‍ഡര്‍ കൂടിയായിരുന്നു ധവാന്‍.
ധവാനു പകരം ഓപ്പണിങ്ങിനിറങ്ങുന്ന രാഹുലിന്‌ ആ സ്‌ഥാനത്തു താളം കണ്ടെത്താന്‍ കഴിയുന്നില്ലെന്നത്‌ പോരായ്‌മയാണ്‌. പാകിസ്‌താനെതിരേ അര്‍ധസെഞ്ചുറി നേടിയെങ്കിലും നിലയുറപ്പിക്കാന്‍ കൂടുതല്‍ പന്ത്‌ നേരിടേണ്ടി വരുന്നത്‌ പവര്‍പ്ലേയില്‍ ഇന്ത്യക്കു ദോഷം ചെയ്യുന്നു.
രാഹുലിനു സ്‌ഥാനക്കയറ്റം നല്‍കിയതോടെ മധ്യനിരയാണ്‌ ഏറെ പരുങ്ങലിലായത്‌. തലവേദനയായ നാലാം നമ്പറില്‍ രാഹുല്‍ മികവ്‌ തെളിയിച്ചതാണ്‌. ഇപ്പോള്‍ രാഹുലിനു പകരം ഇറങ്ങുന്ന വിജയ്‌ശങ്കര്‍ ഒരു തികഞ്ഞ ബാറ്റ്‌സ്മാനായി വളര്‍ന്നിട്ടില്ലെന്നത്‌ ആശങ്കയേറ്റുന്നു. നാളെ ഋഷഭ്‌ പന്തിനെ രോഹിതിനൊപ്പം ഓപ്പണിങ്ങിനിറക്കി രാഹുലിനെ തിരികെ നാലാം നമ്പറില്‍ കൊണ്ടുവരാന്‍ ടീം ശ്രമിച്ചേക്കും.
കളിയുടെ മറ്റു രണ്ടു മേഖലകളിലും ഇന്ത്യക്കു തലവേദനയില്ല. ബൗളര്‍മാര്‍ മിന്നുന്ന ഫോമിലാണ്‌. പരുക്കേറ്റ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്തുപോയെങ്കിലും പകരമെത്തിയ മുഹമ്മദ്‌ ഷമി ആദ്യ മത്സരത്തില്‍ തന്നെ ഉജ്വലമായാണു പന്തെറിഞ്ഞത്‌. ചടുല നീക്കങ്ങളുമായി ഫീല്‍ഡര്‍മാരും തങ്ങളുടെ റോള്‍ ഭംഗിയായി ചെയ്യുന്നുണ്ട്‌.
നോക്കൗട്ട്‌ ആരംഭിക്കുന്നതിനു മുമ്പ്‌ 10 ദിവസത്തിനുള്ളില്‍ നാലു മത്സരങ്ങളില്‍ കടുത്ത പോരാട്ടം നടത്തേണ്ടി വരുന്നത്‌ സെമിയില്‍ ടീമിനു ദോഷം ചെയ്യുമോയെന്നാണ്‌ ക്രിക്കറ്റ്‌ നിരൂപകര്‍ ചോദിക്കുന്നത്‌. നാലില്‍ രണ്ടെണ്ണം ജയിച്ചു സെമി ഉറപ്പിച്ചാല്‍ പോലും റിസര്‍വ്‌ നിരയെ പരീക്ഷിക്കാന്‍ പരുക്കും മറ്റും ഇന്ത്യയെ അനുവദിക്കുന്നുമില്ല. ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ ഘട്ടത്തിലേക്കാണ്‌ ഇന്ത്യ നാളെ ടോസിട്ട്‌ ഇറങ്ങാന്‍ പോകുന്നതെന്നു തീര്‍ച്ച.

Ads by Google
Wednesday 26 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW