Saturday, August 24, 2019 Last Updated 9 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.13 AM

കര്‍ഷകരുടെ വായ്‌പ : മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി

uploads/news/2019/06/317488/k1.jpg

തിരുവനന്തപുരം: പ്രളയശേഷം പുനഃക്രമീകരിച്ച വായ്‌പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടും. കര്‍ഷകരുടെ വായ്‌പകളില്‍ പുനക്രമീകരിച്ചിട്ടില്ലാത്തവയുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ റിസര്‍വ്‌ ബാങ്കിനെ സമീപിക്കാനും കൃഷിഭൂമിയെ സര്‍ഫാസിനിയമത്തില്‍നിന്ന്‌ ഒഴിവാക്കാന്‍ പ്രത്യേകസമിതിയെ നിയോഗിക്കാനും ഇന്നലെ ചേര്‍ന്ന സംസ്‌ഥാനതല ബാങ്കേഴ്‌സ്‌ സമിതി (എസ്‌.എല്‍.ബി.സി) യോഗത്തില്‍ തീരുമാനം. കാര്‍ഷികകടാശ്വാസ കമ്മിഷന്റെ പരിധിയില്‍ പൊതുമേഖല വാണിജ്യ ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്താനും മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന എസ്‌.എല്‍.ബി.സി. യോഗത്തില്‍ ധാരണയായി.
കര്‍ഷകരുടെ വായ്‌പകള്‍ക്കുള്ള ഒരുവര്‍ഷത്തേക്കുള്ള മൊറട്ടോറിയം ജുലൈ 31നാണ്‌ അവസാനിക്കുന്നത്‌. പ്രളയത്തിന്റെ പശ്‌ചാത്തലത്തില്‍ ഡിസംബര്‍ 31 വരെ നീട്ടാന്‍ സര്‍ക്കാരും എസ്‌.എല്‍.ബി.സിയും തീരുമാനിച്ചിരുന്നെങ്കിലും റിസര്‍വ്‌ ബാങ്ക്‌ അനുമതി നല്‍കിയില്ല. വായ്‌പകളുടെ പുന:ക്രമീകരണം പൂര്‍ത്തിയാക്കാനുള്ള കാലാവധി നീട്ടികൊടുക്കാനാവില്ലെന്നു വ്യക്‌തമാക്കിയാണ്‌ ആര്‍.ബി.ഐ ഉടക്കിട്ടത്‌. അതേസമയം പ്രളയശേഷം പുനക്രമീകരിച്ച വായ്‌പകള്‍ക്ക്‌ മൊറട്ടോറിയം നീട്ടിക്കൊടുക്കണമെങ്കില്‍ എസ്‌.എല്‍.ബി.സിക്ക്‌ തീരുമാനിക്കാമെന്നും ആര്‍.ബി.ഐ വ്യക്‌തമാക്കിയിരുന്നു.
കര്‍ഷകരുടെ എല്ലാവായ്‌പകള്‍ക്കും മൊറട്ടോറിയം നീട്ടണമെന്ന്‌ സര്‍ക്കാരിനുവേണ്ടി ആവശ്യപ്പെട്ട മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഇക്കാര്യം ചൂണ്ടിക്കാട്ടി റിസര്‍വ്‌ ബാങ്കിനെ സമീപിക്കുമെന്ന്‌ യോഗത്തില്‍ അറിയിച്ചു. സംസ്‌ഥാനത്തെ സാഹചര്യം വ്യക്‌തമാക്കി റിസര്‍വ്‌ബാങ്കില്‍ ശക്‌തമായ സമ്മര്‍ദം ചെലുത്തുമെന്ന്‌ ബാങ്കിങ്‌ മേധാവികളും അറിയിച്ചു. മൊറട്ടോറിയം കാലാവധി നീട്ടുന്നതിനെ പിന്തുണച്ച ബാങ്ക്‌ മേധാവികള്‍ ഇതുമൂലം വായ്‌പകള്‍ നിഷ്‌ക്രിയാസ്‌തി ആകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടു. വായ്‌പകള്‍ എഴുതിതള്ളണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യമെന്നും ഇക്കാര്യം റിസര്‍വ്‌ ബാങ്ക്‌ പരിഗണിക്കുമെന്നും യോഗത്തില്‍ സംബന്ധിച്ച ആര്‍.ബി.ഐ. റീജണല്‍ ഡയറക്‌ടര്‍ എസ്‌.എം.എന്‍. സ്വാമി വ്യക്‌തമാക്കി.
വായ്‌പത്തുക തിരിച്ചുപിടിക്കാന്‍ ഈടുവസ്‌തു ലേലംചെയ്യാന്‍ ബാങ്കുകള്‍ക്ക്‌ അധികാരംനല്‍കുന്ന സര്‍ഫാസി നിയമത്തില്‍നിന്ന്‌ നെല്‍വയലുകളെ ഒഴിവാക്കിയ നടപടി മറ്റു കൃഷിഭൂമിക്കുകൂടി ബാധകമാക്കണമെന്ന്‌ മന്ത്രി സുനില്‍കുമാറാണ്‌ യോഗത്തില്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ മറ്റാവശ്യങ്ങള്‍ക്ക്‌ എടുക്കുന്നവ കാര്‍ഷികവായ്‌പയായി കരുതാനാവില്ലെന്ന നിലപാടാണ്‌ ബാങ്ക്‌ പ്രതിനിധികള്‍ സ്വീകരിച്ചത്‌.
റവന്യൂരേഖയില്‍ കൃഷിഭൂമിയെന്നു ചൂണ്ടിക്കാട്ടിയിട്ടുള്ളവ സര്‍ഫാസിയുടെ പരിധിയില്‍ വരില്ലെന്നും കൃഷിഭൂമിപോലും മറ്റുഭൂമിയായി കാട്ടിയാണ്‌ പലരും വായ്‌പകള്‍ എടുക്കുന്നതെന്നും ബാങ്ക്‌ പ്രതിനിധികള്‍ വാദിച്ചു. ഈ വാദങ്ങള്‍ തള്ളിയ മന്ത്രി നിയമം നടപ്പാക്കാന്‍ ബാങ്കുകള്‍ ബാധ്യസ്‌ഥരാണെന്ന്‌ വ്യക്‌തമാക്കി. കേരളത്തില്‍ നെല്‍വയലുകളേക്കാള്‍ കൂടുതലാണ്‌ മറ്റു കൃഷിഭൂമിയെന്നും അവ ഇത്തരത്തില്‍ ജപ്‌തിക്ക്‌ വിധേയമാക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. ഇടുക്കിയിലും വയനാടും എസ്‌.എല്‍.ബി.സിയുമായി ചേര്‍ന്നു സ്വീകരിച്ച മാതൃകാപരമായ നടപടികളാണ്‌ അവിടുത്തെ ആത്മഹത്യകള്‍ ഇല്ലാതാക്കിയത്‌. സാങ്കേതികത്വത്തില്‍മാത്രം ഊന്നിനില്‍ക്കാതെ മാനുഷികവശങ്ങള്‍കൂടി പരിഗണിക്കണമെന്ന്‌ മന്ത്രി പറഞ്ഞു. തുടര്‍ന്ന്‌ എസ്‌.എല്‍.ബി.സി. കണ്‍വീനര്‍ ജി.കെ. മായ ഇടപെട്ടാണ്‌ പ്രത്യേകസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്‌. സര്‍ക്കാര്‍, ബാങ്കുകള്‍, ആര്‍.ബി.ഐ, നബാര്‍ഡ്‌, എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു ഉപസമിതി ഓരോ കേസും പരിശോധിച്ച്‌ അവ കൃഷിഭൂമിയാണോ അല്ലയോ എന്ന്‌ തീരുമാനിക്കും.
കാര്‍ഷികകടാശ്വാസ കമ്മിഷനില്‍ നിലവില്‍ സഹകരണബാങ്കുകള്‍ മാത്രമാണുള്ളത്‌. വ്യവസ്‌ഥാപിതമായ രീതിയില്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ പൊതുമേഖലാ, വാണിജ്യ, ഷെഡ്യൂള്‍ ബാങ്കുകളെയും ഉള്‍പ്പെടുത്തണമെന്ന മന്ത്രി സുനില്‍കുമാറിന്റെ നിര്‍ദേശവും എസ്‌.എല്‍.ബി.സി. അംഗീകരിച്ചു.

യു.ഡി.എഫ്‌. എം.പിമാര്‍ ധര്‍ണ നടത്തി

കാര്‍ഷിക വായ്‌പ തിരിച്ചടവിന്റെ മൊറട്ടോറിയം നീട്ടുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ യു.ഡി.എഫ്‌: എം.പിമാര്‍ പാര്‍ലമെന്റിന്‌ മുന്നില്‍ ധര്‍ണ നടത്തി.
രാഹുല്‍ ഗാന്ധിയും ശശി തരൂരും പങ്കെടുത്തിയില്ല. തരൂര്‍ വ്യക്‌തിപരമായ കാരണങ്ങളാലാണ്‌ എത്താതിരുന്നതെന്നാണു വിശദീകരണം. തന്റെ മണ്ഡലമായ വയനാട്‌ കര്‍ഷക ആത്മഹത്യകള്‍ കൂടുതലുള്ള സ്‌ഥലമായിട്ടും രാഹുല്‍ ഗാന്ധി ധര്‍ണയ്‌ക്കെത്തിയില്ല. ഈ വിഷയം രാഹുല്‍ ഗാന്ധി നേരത്തേതന്നെ ഏറ്റെടുത്തിരുന്നതാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹം പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നുവെന്നും ബെന്നി ബഹനാന്‍ വിശദീകരിച്ചു.
അറിഞ്ഞപ്പോള്‍ വൈകിയതിനാലാണു പങ്കെടുക്കാതിരുന്നതെന്ന്‌ സി.പി.എം. അംഗമായ എ.എം. ആരിഫ്‌ പറഞ്ഞു. രാത്രി 10.54നാണു കാര്യമറിയിച്ച്‌ കൊടിക്കുന്നിലിന്റെ സന്ദേശമെത്തിയതെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിഷേധ സമരത്തിന്റെ കാര്യം നേരത്തേ അറിയിച്ചിരുന്നെന്നു ഡീന്‍ കുര്യാക്കോസ്‌ പറഞ്ഞു.

Ads by Google
Wednesday 26 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW