Thursday, August 22, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 04.56 PM

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വരുത്തിയത് ലക്ഷങ്ങളുടെ വെള്ളക്കരം കുടിശ്ശിക

മുഖ്യമന്ത്രിയുടെ ബംഗ്ലാവില്‍ ആറ് കണക്ഷനുകളാണുള്ളത്. ഇവയ്ക്ക് മാത്രം 7,44,891 രൂപയാണ് കുടിശ്ശികയുള്ളത്.
Devendra Fadnavis

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവുമധികം വെള്ളക്കരം കുടിശ്ശികയുള്ളത് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസിനും മന്ത്രിമാര്‍ക്കുമാണെന്ന് ബിര്‍ഹന്‍മുംബൈ കോര്‍പറേഷന്‍. മുഖ്യമന്ത്രിയുടെ 'വര്‍ഷ' ബംാവില്‍ മാത്രം ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശികയാണുള്ളത്. മുഖ്യമന്ത്രിയുടെ ബംഗ്ലാവില്‍ ആറ് കണക്ഷനുകളാണുള്ളത്. ഇവയ്ക്ക് മാത്രം 7,44,891 രൂപയാണ് കുടിശ്ശികയുള്ളത്.

എന്നാല്‍ 2018 നവംബര്‍ മുതല്‍ 2019 മേയ് വരെയുള്ള ഈ ബില്ലുകളില്‍ വ്യത്യാസമുണ്ടെന്നും ബില്ലുകള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വസതികളിലെ വെള്ളക്കരം 2018 നവംബര്‍ വരെയുള്ളത് അടച്ചതാണ്. എന്നാല്‍ പിന്നീടു വന്നതില്‍ വന്‍ തുകയുടെ വ്യത്യാസമുണ്ട്. പരിശോധന പൂര്‍ത്തിയായാലുടന്‍ പൊതുമരാമത്ത് വകുപ്പ് പണമടക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു.

ഷക്കീല്‍ അഹമ്മദ് എന്നയാള്‍ വിവരാവകാശ രേഖപ്രകാരമാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ധനമന്ത്രി സുധീര്‍ മുഗന്തിവാര്‍, ആരോഗ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എന്നിവരും കുടിശ്ശികക്കാരുടെ പട്ടികയില്‍ ഉണ്ട്. ഇരുവരുടെയും വസതികളില്‍ മൂന്നു വീതം കണക്ഷനുകളുണ്ട്. ഇവയ്ക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ -ഒക്‌ടോബര്‍ മാസങ്ങളില്‍ 3,73,829 രൂപ അടയ്ക്കാനുണ്ട്.

മുഖ്യമന്ത്രിയെ കൂടാതെ 18 മന്ത്രിമാരാണ് കുടിശ്ശികക്കാരുടെ പട്ടികയിലുള്ളത്. ഗ്രാമങ്ങളിലും നഗരങ്ങളിലും വെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ജല്‍യുക്ത ശിവര്‍ അഭിയാന്‍ പദ്ധതി എങ്ങുമെത്തിയില്ലെന്ന വിമര്‍ശം ഉയരുമ്പോഴാണ് മന്ത്രിമാരുടെ ധൂര്‍ത്ത്. എന്നാല്‍ 18,649 ഗ്രാമങ്ങളില്‍ വെള്ളമെത്തിക്കാന്‍ 8,946 കോടി രൂപ പദ്ധതിക്ക് മുടക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കടുത്ത വരള്‍ച്ച നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ വരള്‍ച്ചയിലെ കൃഷിനാശത്തെ തുടര്‍ന്ന് 610 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്തെ ജലനിരപ്പ് 6.11% കുറഞ്ഞുവെന്നും പഠനങ്ങള്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW