Sunday, August 18, 2019 Last Updated 58 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 10.53 AM

ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു; ആറു മാസം കൂടി കാലാവധി ശേഷിക്കേയുള്ള രാജി സര്‍ക്കാരുമായുള്ള വിയോജിപ്പിനിടെ

മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അടുപ്പക്കാരനായിരുന്ന വിരാല്‍ ആചാര്യ 2018 ഒക്‌ടോബറില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തുവന്നിരുന്നു.
RBI, Viral Acharya

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. 2020 ജനുവരി 20 വരെ കാലാവധി ശേഷിക്കേയാണ് രാജി. ആര്‍.ബി.ഐയില്‍ ചേരുന്നതിനു മുന്‍പ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ സേവനം ചെയ്തിരുന്ന വിരാല്‍ ആചാര്യ (42)അവിടേക്കു തന്നെ തിരിച്ചുപോകുമെന്നാണ് സൂചന.

മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അടുപ്പക്കാരനായിരുന്ന വിരാല്‍ ആചാര്യ 2018 ഒക്‌ടോബറില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തുവന്നിരുന്നു. 2018 ഡിസംബറില്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനു പിന്നാലെ ആചാര്യയും പടിയിറങ്ങുമെന്ന് സൂചനയുണ്ടായിരുന്നു.

തുടര്‍ പദ്ധതിയെ കുറിച്ച് ആചാര്യ ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ലെങ്കിലും യു.എസിലേക്ക് തന്നെ മടങ്ങാനാണ് സാധ്യത. യു.എസില്‍ കലാലയ വര്‍ഷം തുടങ്ങാനിരിക്കേയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. ആചാര്യയുടെ കുടുംബവും യു.എസിലാണ്.

രാജിവെയ്ക്കാനുള്ള സന്നദ്ധത ആചാര്യ ഗവര്‍ണര്‍ ശക്തികാന്ത് ദാസിനെ അറിയിച്ചിരുന്നു. ഗവര്‍ണറേയും ഡെപ്യൂട്ടി ഗവര്‍ണറേയും നിയമിക്കുന്നത് സര്‍ക്കാരാണെങ്കിലും ഡെപ്യൂട്ടിമാരെ തെരഞ്ഞെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് നിര്‍ണായക പങ്കുണ്ട്. നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ രണ്ടു പേര്‍ ആര്‍.ബി.ഐയില്‍ നിന്നും ഒരാള്‍ കൊമേഴ്‌സ്യല്‍ ബാങ്കിംഗ് മേഖലയില്‍ നിന്നും നാലാമന്‍ സാമ്പത്തിക വിദഗ്ധനുമായിരിക്കും.

മറ്റൊരു ഗവര്‍ണര്‍ എന്‍.എസ് വിശ്വനാഥന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കേയാണ് ആചാര്യയുടെ രാജി. ഈ സാഹചര്യത്തില്‍ വിശ്വനാഥന്റെ കാലാവധി നീട്ടിനല്‍കിയേക്കുമെന്നും സൂചനയുണ്ട്. ബി.പി കനൗഗോയും മഹേഷ് കുമാര്‍ ജെയിനുമാണ് മറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.

ആര്‍.ബി.ഐ ഭരണസമിതിയിലെ ഏറ്റവും ചെറുപ്പക്കാരനായ അംഗമാണ് ആചാര്യ. മുംബൈ ഐഐടിയില്‍ നിന്ന് കമ്പ്യുട്ടര്‍ എഞ്ചിനീയറിംഗ് 1995ല്‍ പ്രസിഡന്റ് മെഡലോടെ പാസായ ആചാര്യ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW