Friday, August 23, 2019 Last Updated 20 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.57 AM

കോപ്പ അമേരിക്ക ഫുട്‌ബോള്‍ യുറുഗ്വായെ ജപ്പാന്‍ തളച്ചു

uploads/news/2019/06/316632/2.jpg

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഏഷ്യന്‍ കരുത്തരായ ജപ്പാന്‌ ജയത്തോളം പോന്ന സമനില. ഗ്രൂപ്പ്‌ സിയില്‍ കരുത്തരായ യുറുഗ്വായെയാണ്‌ ജപ്പാന്‍ തളച്ചത്‌. രണ്ടു ടീമുകളും രണ്ടു ഗോള്‍വീതം നേടി പോയിന്റ്‌ പങ്കിട്ടു. ഇരട്ട ഗോള്‍ നേടിയ കൊജി മിയോഷിയാണു ജപ്പാന്റെ ഹീറോ.
രണ്ടുവട്ടവും പിന്നില്‍നിന്നു പൊരുതിക്കയറിയാണ്‌ യുറുഗ്വായ്‌ സമനില പിടിച്ചത്‌. ലൂയി സുവാരസും ജോസ്‌ ഗിമ്മെന്‍സും അവര്‍ക്കായി ജാപ്പനീസ്‌ വലചലിപ്പിച്ചു. വിജയത്തിലൂടെ ഗ്രൂപ്പില്‍നിന്ന്‌ ക്വാര്‍ട്ടര്‍ സ്‌ഥാനം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടു കളത്തിലിറങ്ങിയ യുറുഗ്വായെ ഞെട്ടിച്ച്‌ ജപ്പാനാണ്‌ മത്സരത്തില്‍ ആദ്യം സ്‌കോര്‍ ചെയ്‌തത്‌. ഇരുകൂട്ടരും സമ്മര്‍ദം ചെലുത്തുന്നതിനിടെ 25-ാം മിനിട്ടിലായിരുന്നു ജപ്പാന്റെ ഗോളെത്തിയത്‌.
യുറുഗ്വായ്‌ പ്രതിരോധത്തിന്റെ പിഴവു മുതലെടുത്ത ഗാകു ഷിബാസകിയുടെ പാസില്‍നിന്നായിരുന്നു ഗോളിന്റെ പിറവി. ഏഴുമിനിട്ടിന്റെ ഇടവേളയില്‍ യുറുഗ്വായ്‌ ഒപ്പമെത്തി. എഡിന്‍സണ്‍ കവാനിയെ വീഴ്‌ത്തിയതിന്റെ പേരില്‍ 'വാറി'ന്റെ സഹായത്തോടെ ലഭിച്ച പെനാല്‍റ്റി മുതലാക്കി ലൂയി സുവാരസാണ്‌ മുന്‍ചാമ്പ്യന്‍മാര്‍ക്കു സമനില സമ്മാനിച്ചത്‌.
നവോമിഷി യുവേഡയ്‌ക്കെതിരായ വാര്‍ തീരുമാനം പതിവുപോലെ വിവാദത്തിനു വഴിമരുന്നിടുകയും ചെയ്‌തു. 36-ാം മിനിട്ടില്‍ കവാനിയുടെ 25 വാര അകലെനിന്നുള്ള വെടിയുണ്ടയ്‌ക്കു പോസ്‌റ്റ് തടസമായി. ഇടവേളയ്‌ക്കുശേഷം 14-ാം മിനിട്ടില്‍ മിയോഷിയുടെ മികവില്‍ ജപ്പാന്‍ വീണ്ടും മുന്നിലെത്തി. ആദ്യപകുതിയിലേതിനു സമാനമായി ഏഴുമിനിട്ടില്‍ യുറുഗ്വായ്‌ സമനിലപിടിച്ചു.
66-ാം മിനിറ്റില്‍ ജോസ്‌ ഗിമ്മെന്‍സാണ്‌ ഗോളിന്‌ ഉടമയായത്‌. പിന്നീടും ഇരുപകുതികളിലേക്കും പന്തു കയറിയിറങ്ങിയെങ്കിലും ഗോള്‍മാത്രംഒഴിഞ്ഞുനിന്നു. രണ്ടു കളിയില്‍ ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റ്‌ അക്കൗണ്ടിലുള്ള യുറുഗ്വേയാണു ഗ്രൂപ്പില്‍ മുന്നില്‍. ആദ്യമത്സരത്തില്‍ ജപ്പാനെ 4-0 ന്‌ തോല്‍പ്പിച്ച മൂന്നു പോയിന്റുമായി ചിലിയാണു രണ്ടാമത്‌.
ഇന്നലത്തെ സമനിലയില്‍നിന്നു ലഭിച്ച ഒരുപോയിന്റുമായി ജപ്പാന്‍ മൂന്നാമതുണ്ട്‌.

Ads by Google
Saturday 22 Jun 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW