Wednesday, August 21, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.57 AM

ശ്രീലങ്കയ്‌ക്ക് വിജയം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്‌ 20 റണ്‍സിന്‌

uploads/news/2019/06/316630/0.jpg

ലീഡ്‌സ്: അഫ്‌ഗാനിസ്‌ഥാനെ തരിപ്പണമാക്കിയ വമ്പുമായെത്തിയ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട്‌ ശ്രീലങ്ക. നാലു വിക്കറ്റെടുത്ത്‌ വെറ്ററന്‍ പേസര്‍ ലസിത്‌ മലിംഗ സംഹാരരൂപിയായ മത്സരത്തില്‍ കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച ഏഷ്യന്‍ സിംഹങ്ങള്‍ ആതിഥേയരെ കീഴടക്കിയത്‌ 20 റണ്ണിന്‌. ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറില്‍ ഒമ്പതു വിക്കറ്റിന്‌ 232 റണ്ണെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പ്‌ 47 ഓവറില്‍ 212 റണ്ണിന്‌ അവസാനിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച്‌ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് (80 പന്തില്‍ നാലു സിക്‌സും ഏഴു ഫോറും അടക്കം പുറത്താകാതെ 82 റണ്‍) നടത്തിയ വീരോചിത ഇന്നിങ്‌സ് പാഴായി. അവസാന ബാറ്റ്‌സ്മാന്‍ മാര്‍ക്ക്‌ വുഡി(പൂജ്യം)നെ പെരേരയുടെ കൈകളിലെത്തിച്ച്‌ നുവാന്‍ പ്രദീപാണ്‌ ഇംഗ്ലണ്ട്‌ ഇന്നിങ്‌സിന്‌ അന്ത്യം കുറിച്ചത്‌. 10 ഓവറില്‍ ഒരു മെയ്‌ഡനടക്കം 43 റണ്‍ മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ലസിത്‌ മലിംഗയാണു ലങ്കയുടെ വിജയശില്‍പി. ഈ പ്രകടനത്തിനു കളിയിലെ കേമന്‍ പട്ടവും മലിംഗ സ്വന്തമാക്കി. ധനഞ്‌ജയ ഡിസില്‍വ മൂന്നും ഉഡാന രണ്ടും പ്രദീപ്‌ ഒരു വിക്കറ്റുമെടുത്തു. ജയത്തോടെ ശ്രീലങ്ക പോയിന്റ്‌ പട്ടികയില്‍ അഞ്ചാമതെത്തി.
അഫ്‌ഗാനെതിരേ 50 ഓവറില്‍ ആറുവിക്കറ്റിന്‌ 397 റണ്ണെന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയ ഇംഗ്ലണ്ട്‌ ബാറ്റിങ്‌ നിരയെ അച്ചടക്കമുള്ള ബൗളിങ്ങിലൂടെ മലിംഗയും സംഘവും വരിഞ്ഞു മുറുക്കി. സ്‌കോര്‍ ബോര്‍ഡില്‍ ഒരുറണ്‍ മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ ലെഗ്‌ ബിഫോറാക്കി മലിംഗ ലങ്കയ്‌ക്ക് ആശിച്ച തുടക്കം നല്‍കി. മറ്റൊരു ഓപ്പണര്‍ ജെയിംസ്‌ വിന്‍സി (14) നെ മെന്‍ഡിസിന്റെ കൈകളിലെത്തിച്ച്‌ മലിംഗ ആതിഥേയരുടെ നില കൂടുതല്‍ പരുങ്ങലിലാക്കി. ഉജ്വല ഫോമിലുള്ള ജോ റൂട്ടും (57) ക്യാപ്‌റ്റന്‍ മോര്‍ഗനും (21) ചേര്‍ന്ന കൂട്ടുകെട്ട്‌ ഇംഗ്ലണ്ടിനെ കരകയറ്റിയെങ്കിലും റൂട്ടിനെയും അപകടകാരിയായ ബട്‌ലറെ(10)യും മടക്കി മലിംഗ വീണ്ടും ആഞ്ഞടിച്ചു. ധനഞ്‌ജയ ഡിസില്‍വയും ഉഡാനയും അവസരത്തിനൊത്തുയര്‍ന്ന്‌ മധ്യനിരയെയും വാലറ്റത്തെയും തകര്‍ത്തു. മൊയിന്‍ അലി (16), വോക്‌സ് (രണ്ട്‌), ആദില്‍ റഷീദ്‌ (ഒന്ന്‌), ജോഫ്രെ ആര്‍ച്ചര്‍ (മൂന്ന്‌) എന്നിങ്ങനെയാണു മറ്റ്‌ ഇംഗ്ലീഷ്‌ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.
ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്ന്‌ ഓവറിനിടയില്‍ ഓപ്പണര്‍മാരായ ദിമുത്‌ കരുണരത്ന(ഒന്ന്‌)യും കൃശാല്‍ പെരേര(രണ്ട്‌)യും പവലിയനിലെത്തുമ്പോള്‍ ടീം സ്‌കോര്‍ വെറും മൂന്നു റണ്‍. പരിതാപകരമായ നിലയില്‍നിന്ന്‌ അവിഷ്‌ക ഫെര്‍ണാണ്ടോയും കുസാല്‍ മെന്‍ഡിസും(46) ചേര്‍ന്ന്‌ ഇന്നിങ്‌സ് കരുപ്പിടിപ്പിച്ചു. അര്‍ധസെഞ്ചുറിക്ക്‌ ഒരു റണ്ണകലെ ഫെര്‍ണാണ്ടോയെ വീഴ്‌ത്തി മാര്‍ക്ക്‌ വുഡ്‌ ആതിഥേയര്‍ക്കു ബ്രേക്‌ത്രൂ നല്‍കി. 39 പന്തില്‍ രണ്ടു സിക്‌സും ആറുഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫെര്‍ണാണ്ടോയുടെ ഇന്നിങ്‌സ്. ടോപ്‌ സ്‌കോററായ ഓള്‍റൗണ്ടര്‍ എയ്‌ഞ്ചലോ മാത്യൂസി(പുറത്താകാതെ 85)ന്റെ പ്രകടനം ലങ്കയ്‌ക്കു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു. മധ്യനിരയില്‍ ധനഞ്‌ജയ ഡിസില്‍വയുടെ 29 റണ്ണും നിര്‍ണായകമായി. ഇംഗ്ലണ്ടിനുവേണ്ടി ജോഫ്രെ ആര്‍ച്ചറും മാര്‍ക്ക്‌ വുഡും മൂന്നു വിക്കറ്റ്‌ വീതവും ആദില്‍ റഷീദ്‌ രണ്ടും വോക്‌സ് ഒരുവിക്കറ്റുമെടുത്തു.

Ads by Google
Saturday 22 Jun 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW