Tuesday, August 20, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.13 AM

ഡ്രോണ്‍ വെടിവച്ചിട്ടതിനു തിരിച്ചടി , ഇറാനെ ആക്രമിക്കാന്‍ ട്രംപ്‌ ഉത്തരവിട്ടു, പിന്നെ പിന്‍വലിച്ചു

uploads/news/2019/06/316490/in4.jpg

വാഷിങ്‌ടണ്‍/ടെഹ്‌റാന്‍: ഹോര്‍മുസ്‌ കടലിടുക്കില്‍ നിരീക്ഷണം നടത്തിയ യു.എസ്‌. ഡ്രോണ്‍ വെടിവച്ചിട്ട ഇറാനെ ആക്രമിക്കാന്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഉത്തരവിട്ടെന്നും ആക്രമണം തുടങ്ങാന്‍ പത്തു മിനിറ്റു മാത്രം ബാക്കിനില്‍ക്കെ അതു വേണ്ടെന്നുവച്ചെന്നും റിപ്പോര്‍ട്ട്‌.
യു.എസ്‌. ദേശീയസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച്‌ വാഷിങ്‌ടണ്‍ ടൈംസാണു വാര്‍ത്ത പുറത്തുവിട്ടത്‌. ആക്രമണത്തില്‍ 150 പേരെങ്കിലും കൊല്ലപ്പെടുമെന്നു സൈനിക ഉദ്യോഗസ്‌ഥര്‍ അറിയിച്ചതോടെയാണ്‌ ട്രംപ്‌ പിന്മാറിയത്‌.
ഭരണകൂടത്തിന്റെ അറിവോടെയാണ്‌ ഇറാന്റെ സൈന്യമായ ഇസ്ലാമിക്‌ റവല്യൂഷനറി ഗാര്‍ഡ്‌ കോര്‍ (ഐ.ആര്‍.സി.ജി) ഡ്രോണ്‍ വെടിവച്ചിട്ടതെന്നു വിശ്വസിക്കുന്നില്ലെന്ന്‌ അദ്ദേഹം പിന്നീടു സൂചിപ്പിച്ചു.
ഓരോ അനിഷ്‌ട സംഭവത്തിലും യു.എസും ഇറാനും പരസ്‌പരം പഴിക്കുന്നത്‌ ഏതു നിമിഷവും യുദ്ധത്തിലേക്കു വഴുതിയേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ്‌ വ്യാഴാഴ്‌ച യു.എസ്‌. ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടത്‌.
അത്യാധുനിക ആര്‍.ക്യു-4 ഗ്ലോബല്‍ ഹോക്ക്‌ ഡ്രോണാണ്‌ അമേരിക്കയ്‌ക്കു നഷ്‌ടപ്പെട്ടത്‌. യു.എസിന്റെ ആളില്ലാ വിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചപ്പോഴാണു വെടിവച്ചതെന്ന്‌ ഇറാന്‍ അവകാശപ്പെടുന്നു.
എന്നാല്‍, അമേരിക്ക ഇതു നിഷേധിക്കുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ ജലപാതകളിലൊന്നായ ഹോര്‍മുസ്‌ ഉള്‍ക്കടലിനു മുകളില്‍ യാതൊരു പ്രകോപനവും കൂടാതെയുള്ള ആക്രമണമാണുണ്ടായതെന്ന്‌ അമേരിക്ക കുറ്റപ്പെടുത്തി.
ഇറാന്‍ വലിയ തെറ്റാണു ചെയ്‌തിരിക്കുന്നതെന്ന്‌ സംഭവത്തിനു തൊട്ടുപിന്നാലെ ട്രംപ്‌ കുറ്റപ്പെടുത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോണ്‍ ബോള്‍ട്ടന്‍, വിദേശകാര്യ സെക്രട്ടറി മൈക്‌ പോംപിയോ തുടങ്ങിയരെ ട്രംപ്‌ ചര്‍ച്ചയ്‌ക്കു വിളിച്ചിരുന്നു.
തുടര്‍ന്ന്‌, യു.എസ്‌. കോണ്‍ഗ്രസ്‌, സെനറ്റ്‌ പ്രതിനിധി സംഘവുമായും കൂടിയാലോചന നടത്തി. പ്രസിഡന്റ്‌ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും അതിലേക്കു വലിച്ചിഴയ്‌ക്കപ്പെടാനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സൂചന നല്‍കി.
ഒമാന്‍ കടലിടുക്കിനു സമീപം എണ്ണക്കപ്പലുകള്‍ പലതവണ ആക്രമിക്കപ്പെട്ടതിനു പിന്നിലും ഇറാനാണെന്നാണ്‌ യു.എസ്‌. അടക്കമുള്ളവരുടെ ആരോപണം. ഉപരോധം നേരിടുന്ന ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള സമ്മര്‍ദത്തിനിടെയാണ്‌ ഡ്രോണ്‍ വെടിവച്ചിട്ടത്‌.
യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും രാജ്യത്തിന്റെ അതിര്‍ത്തി ദുര്‍ബലപ്പെടുത്താനുള്ള ഏതു നീക്കത്തിനും തിരിച്ചടി നല്‍കുമെന്ന്‌ ഐ.ആര്‍.സി.ജി. കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി വ്യക്‌തമാക്കി. ഡ്രോണ്‍ വെടിവച്ചിട്ടത്‌ അമേരിക്കയ്‌ക്കുള്ള വ്യക്‌തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ട മേഖല നിരീക്ഷിക്കുകയായിരുന്ന ഡ്രോണ്‍, ഇറാന്റെ വ്യോമപരിധി കടന്നില്ലെന്ന്‌ യു.എസ്‌. വ്യോമസേനയുടെ പശ്‌ചിമേഷ്യാ വിഭാഗം മേധാവി ലഫ്‌. ജനറല്‍ ജോസഫ്‌ ഗസ്‌റ്റെല്ല പറഞ്ഞു.
ഇറാന്റെ റഡാര്‍, മിസൈല്‍ സംവിധാനങ്ങള്‍ക്കു നേരേ ആക്രമണം നടത്താന്‍ നടത്താനാണു വ്യാഴാഴ്‌ച വൈകുന്നേരത്തോടെ തീരുമാനമെടുത്തതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പറയുന്നു. വ്യോമ, നാവികസേനകളെ സജ്‌ജമാക്കിയെങ്കിലും പിന്നീട്‌ ആക്രമണം വേണ്ടെന്നുവയ്‌ക്കുകയായിരുന്നു. അമേരിക്കയ്‌ക്ക്‌ ആള്‍നാശമുണ്ടായില്ലെന്നതും യുദ്ധമുണ്ടായാല്‍ ഇറാനിലെ സാധാരണക്കാര്‍ക്കുണ്ടാകുന്ന നാശനഷ്‌ടവും കണക്കിലെടുത്തായിരുന്നു പിന്മാറ്റമെന്നാണു സൂചന.
അമേരിക്കയുടെ തിരിച്ചടി പശ്‌ചിമേഷ്യന്‍ മേഖലയില്‍ വലിയ ദുരന്തമുണ്ടാക്കുമെന്ന്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു.

Ads by Google
Saturday 22 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW