Tuesday, August 20, 2019 Last Updated 43 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.51 PM

പ്രവാസിയുടെ ആത്മഹത്യയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ഹൈക്കോടതി; സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി; ശ്യാമള തെറിച്ചേക്കും

ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം സി.പി.എമ്മിനുള്ളില്‍ ശക്തമായി.
sajan suicide

കൊച്ചി/കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വ്യവസായിയുടെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പരാമര്‍ശിച്ച കോടതി, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. അടുത്ത മാസം 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

അതിനിടെ, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം സി.പി.എമ്മിനുള്ളില്‍ ശക്തമായി. തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെതാണ് ശിപാര്‍ശ. എം.വി ജയരാജന്റെ നേതൃത്വത്തിലുള്ള അടിയന്തരയോഗമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.

ഈ മരണം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി പരാമര്‍ശിച്ചു. അപേക്ഷകള്‍ സര്‍ക്കാരിന് മുന്നില്‍ ഇങ്ങനെ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അപേക്ഷകളില്‍ അടയിരിക്കുകയല്ല വേണ്ടത്. മരിച്ചയാളെ കോടതിക്ക് തിരിച്ചുകൊണ്ടുവരാനാവില്ല. പക്ഷേ, ഇനിയെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഉചിതമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കണ്‍വന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനാനുമതിക്കായി വ്യവസായി സാജന്‍ ആന്തൂര്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയ ദിവസം മുതലുള്ള മുഴുവന്‍ ഫയലുകളും സാജന്‍ നല്‍കിയ കത്തുകളും കുറിപ്പുകളും അടക്കം എല്ലാ രേഖകളും ഹാജരാക്കണം. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ വകുപ്പുതല അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിവേണം. സര്‍ക്കാര്‍ തന്നെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരണം.

അങ്ങനെയൊരു നടപടിയുണ്ടാകുമ്പോള്‍ മാത്രമേ സമൂഹത്തിന് ഇതില്‍ എന്തെങ്കിലും ചെയ്തുവെന്ന് തോന്നുകയുള്ളൂ. ഇത്തരം ആത്മഹത്യകള്‍ വ്യവസായ സംരംഭകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഈ അവസ്ഥ തുടരുമ്പോള്‍ നിക്ഷേപകര്‍ക്ക് ദുരിതപൂര്‍ണമായ അവസ്ഥയുണ്ടാകും. നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ഇടത് തടസ്സമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും ഭാവിയിലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ നടപടി ഉണ്ടാകുമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ഒരു ഏകജാലക സംവിധാനം ഉണ്ടാകണം. അത്തരം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. എന്നല്‍ കോടതി ഈ വിശദീകരണത്തില്‍ തൃപ്തി പ്രകടിപ്പിച്ചില്ല, വാക്കാലുള്ള വിശദീകരണം പോരെന്നും എന്താണ് സംഭവിച്ചതെന്ന് കോടതിക്ക് നേരിട്ട് പരിശോധിക്കണമെന്നും അറിയിച്ചു.

സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാണ് സാജനെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നൂ. സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിനന്് ശ്യമാമളയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന വിമര്‍ശനമാണ് തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഉയര്‍ത്തിയത്. നഗരസഭാ അധ്യക്ഷ എന്ന നിലയില്‍ ശ്യാമള സമ്പൂര്‍ണ പരാജയമാണ്. ഈ സാഹചര്യത്തിലാണ് നടപടിക്ക് ആവശ്യം ഉയരുന്നത്. വിഷയത്തില്‍ ജില്ലാ കമ്മിറ്റിയും അടിയന്തര യോഗം ചേരുന്നുണ്ട്. ശനിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച വന്നേക്കും.

സി.പി.എം അനുഭാവിയാണ് മരിച്ച സാജന്‍. കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകുന്നതില്‍ സാജന്‍ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണുര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും അടക്കം പരാതി നല്‍കിയിരുന്നു. ഇത് ശ്യാമളയെ പ്രകോപിപ്പിച്ചതായി യോഗം വിലയിരുത്തി. ജയരാജനും ശ്യമാളയുടെ ഭര്‍ത്താവും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ എം.വി ഗോവിന്ദനും തമ്മിലുള്ള ഭിന്നതയും ഇതില്‍ കടന്നുകൂടിയെന്നും ആരോപണമുണ്ട്.

ശ്യാമളയുടെ പ്രവര്‍ത്തനരീതിയില്‍ വ്യാപകമായ പരാതികള്‍ ഉയരുന്നുണ്ട്. ഫണ്ട് വിനിയോഗത്തിലടക്കം ഇവര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നത്. നഗരസഭ അംഗങ്ങളുടെ നിര്‍ദേശങ്ങളൊന്നും സ്വീകരിക്കാറുമില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW