Wednesday, August 21, 2019 Last Updated 38 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.35 AM

തലയ്‌ക്കൊരടിയേറ്റാല്‍ തലവര മാറും!

uploads/news/2019/06/316368/s2.jpg

ലണ്ടന്‍: ജയ്‌കിഷന്‍ പ്ലാഹ... ലോകകപ്പിനുമുമ്പ്‌ ഇംഗ്ലണ്ടില്‍ പോലും ഈ പേരുകാരനെ അറിയുന്നവര്‍ ചുരുക്കം. ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ മത്സരത്തിനു മുമ്പാണു കക്ഷിയുടെ തലവര മാറിയത്‌. അതിനു വഴിമരുന്നിട്ടതാകട്ടെ തലയ്‌ക്കേറ്റ ആഘാതവും.
സംഭവം ഇങ്ങനെ: ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ്‌ ക്ലബ്‌ ക്രിക്കറ്ററാണു പ്ലാഹ. ഓവലിലെ പരിശീലന സെഷനില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു പന്തെറിഞ്ഞു കൊടുക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ ഒരാള്‍. ഓസീസ്‌ ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറായിരുന്നു ബാറ്റിങ്‌ ക്രീസില്‍. ഇടയ്‌ക്ക് ഓഫ്‌ സൈഡിനു പുറത്തെറിഞ്ഞ പന്ത്‌ വാര്‍ണറുടെ പ്രഹരത്തില്‍ ക്ഷണവേഗത്തില്‍ തിരികെ തലയ്‌ക്കുനേരേ വരുന്നതു പ്ലാഹയ്‌ക്ക് ഓര്‍മയുണ്ട്‌.
തടയാനാകുംമുമ്പ്‌ പന്ത്‌ തലയിലിടിച്ച്‌ പ്ലാഹ നിലത്ത്‌. ബാറ്റിങ്‌ ക്രീസില്‍നിന്ന്‌ വാര്‍ണര്‍ ദൈവത്തെ വിളിക്കുന്നതു ബൗളിങ്‌ ഓള്‍റൗണ്ടറുടെ കാതിലുണ്ട്‌. ബഹളം കേട്ട്‌ മുഴുവന്‍ ഓസ്‌ട്രേലിയന്‍ ടീമംഗങ്ങളും ഫിസിയോയും ഡോക്‌ടര്‍മാരും പാഞ്ഞെത്തി. കണ്ണില്‍ ഇരുട്ടുകയറി അബോധാവസ്‌ഥയിലായ ഇരുപത്തിമൂന്നുകാരനെ സ്‌ട്രെച്ചറില്‍ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റിയതുകൊണ്ടു ജീവന്‍ രക്ഷപ്പെട്ടു. ലണ്ടനിലെ ആശുപത്രിക്കിടക്കയിലും പ്ലാഹയുടെ സുഖവിവരങ്ങളന്വേഷിച്ച്‌ വാര്‍ണറും ജസ്‌റ്റിന്‍ ലാംഗറും ഗ്ലെന്‍ മാക്‌സ്വെല്ലും സ്‌റ്റീവന്‍ സ്‌മിത്തും അടക്കമുള്ളവരെത്തി. കൂട്ടത്തില്‍ ഏറ്റവും വിഷമം വാര്‍ണര്‍ക്കായിരുന്നു. പരുക്കേല്‍പ്പിച്ചതിനു ക്ഷമാപണം നടത്തി വാര്‍ണര്‍ തന്നെ ആശ്‌ളേഷിച്ചതായും പ്ലാഹ പറഞ്ഞു.
ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജായതിനുശേഷം പ്ലാഹയ്‌ക്ക് ഓസീസ്‌ ടീമിന്റെ വിളിയെത്തി. ശ്രീലങ്കയുമായുള്ള മത്സരത്തിനുമുമ്പ്‌ ഓവലിലെത്തി ടീമുമായി കൂടിക്കാഴ്‌ച നടത്തിയ പ്ലാഹയ്‌ക്ക് ടീമംഗങ്ങള്‍ ഒപ്പിട്ട ജഴ്‌സി വാര്‍ണര്‍ സമ്മാനിച്ചു. കുടുംബാംഗങ്ങള്‍ക്കടക്കം ഏതാനും ലോകകപ്പ്‌ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റും നല്‍കിയാണ്‌ വാര്‍ണര്‍ തന്നെ മടക്കി അയച്ചതെന്നും പ്ലാഹ പറയുന്നു.
ജീവിതത്തിലെ ഏറ്റവും സുന്ദര മുഹൂര്‍ത്തമാണ്‌ ഓസീസ്‌ ടീമിനൊപ്പമുണ്ടായിരുന്ന മണിക്കൂറുകളെന്നു പ്ലാഹയുടെ വാക്കുകള്‍. താന്‍ പരുക്കേറ്റു വീണപ്പോള്‍ സീന്‍ ആബട്ടിന്റെ പന്തു തലയ്‌ക്കുകൊണ്ടു പരുക്കേറ്റ്‌ മരണമടഞ്ഞ സഹതാരം ഫില്‍ ഹ്യൂസായിരുന്നിരിക്കണം ഓസീസ്‌ താരങ്ങളുടെ മനസിലെന്നും യുവ ഓള്‍റൗണ്ടര്‍ പറഞ്ഞു.

Ads by Google
Friday 21 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW