Tuesday, August 20, 2019 Last Updated 17 Min 32 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 19 Jun 2019 01.41 AM

അയ്‌ലാന്‍ കുര്‍ദി എന്നും നൊമ്പരക്കാഴ്‌ച , അഭയാര്‍ഥിദിനം നാളെ

uploads/news/2019/06/315892/bft1.jpg

മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തെ മണലില്‍ മുഖം പൂഴ്‌ത്തി കമിഴ്‌ന്നു കിടന്ന അയ്‌ലാന്‍ കുര്‍ദിയെന്ന മൂന്നു വയസുകാരന്‍ നൊമ്പരക്കാഴ്‌ചയായിരുന്നു. 2015 സെപ്‌റ്റംബര്‍ രണ്ടിന്‌ പുലര്‍ച്ചെ കണ്ടെത്തിയ കുട്ടിയുടെ മൃതദേഹത്തിന്റെ ദൃശ്യം ബ്രിട്ടനിലെ ഇന്‍ഡിപ്പെന്‍ഡന്റ്‌ പത്രമാണു പുറത്തു വിട്ടത്‌. മരിച്ചുകിടക്കുമ്പോഴും മുഖത്തെ ഓമനത്തം വിടാത്ത ബാലന്റെ ചിത്രം ലോകമനസാക്ഷിയെ പിടിച്ചുകുലുക്കി. ആഭ്യന്തര യുദ്ധം കൊണ്ടു ശവപ്പറമ്പായി കരിഞ്ഞുണങ്ങിയ സിറിയയില്‍നിന്നു യൂറോപ്പിലെ പച്ചപ്പുതേടി പലായനം ചെയ്‌ത അഭയാര്‍ഥി സംഘത്തിലെ അംഗമായിരുന്നു അയ്‌ലാന്‍. ഇത്‌ ഒരിക്കലും മറക്കാനാകില്ല.
യുദ്ധംകൊണ്ട്‌ ഇപ്പോഴും അവഗണിക്കുന്ന മാനുഷിക ദുരന്തത്തിന്റെ ഓര്‍മപ്പെടുത്തലാണ്‌ അവന്‍. അഭയാര്‍ഥികളെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ ഉയരുന്നത്‌ ഈ കുരുന്നിന്റെ രൂപമാണ്‌. ഭൂമിയില്‍ പിറന്നുവീണ മറ്റുള്ളവരെ പോലെ ഇവിടെ ജീവിക്കാനുള്ള അവകാശം അവന്റെ നാട്ടുകാര്‍ക്കുമുണ്ട്‌. എന്നാല്‍, അവര്‍ അഭയാര്‍ഥികളായി അലയുകയാണ്‌.
കടലിലൂടെ റബര്‍ബോട്ടുകളിലും മീന്‍പിടിത്ത ബോട്ടുകളിലും കയറി ജീവന്‍ പണയപ്പെടുത്തിയാണു സുരക്ഷിതതീരം തേടി യാത്ര ചെയ്യുന്നത്‌. പലായനത്തിനിടയില്‍ ആയിരക്കണക്കിനു മനുഷ്യജീവനുകളാണു ബോട്ടുതകര്‍ന്നും മറ്റും പൊലിയുന്നത്‌. ആഴ്‌ചകളും മാസങ്ങളും കടലില്‍ യാതനഅനുഭവിച്ച്‌ തീരത്തണയുമ്പോള്‍ മിക്കവാറും സുരക്ഷാസേനകള്‍ പിടിച്ചു ബന്ധികളാക്കും. അധികൃതരുടെ കണ്ണുവെട്ടിച്ചെത്തുന്നവര്‍ എല്ലാവിധ കൊടിയ ചൂഷണങ്ങള്‍ക്കും ഇരയാകും. ചില സംഘത്തെ തിരിച്ചയയ്‌ക്കുന്നു. ഇവര്‍ മിക്കവാറും മറുതീരമണയാതെ കടലില്‍ വിലയം പ്രാപിക്കുന്നതായാണു മനുഷ്യാവകാശപ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത്‌.
അഭയാര്‍ഥിപ്രവാഹം പ്രാചീനകാലം മുതലുണ്ട്‌. ഏതാണ്ട്‌ 4000 ബിസിയില്‍ ഈജിപ്‌തിലെ ഫറവോ രാജാവിന്റെ അടിമകളായിരുന്ന യഹൂദരെ പ്രവാചകനായിരുന്ന മോശയുടെ നേതൃത്വത്തില്‍ മരുഭൂമിയിലൂടെ നയിച്ച്‌ ഇസ്രായേലിലേക്ക്‌ രക്ഷപ്പെടുത്തി. തേനുംപാലുമൊഴുകുന്ന രാജ്യത്തിലേക്കു മോശയിലൂടെ ദൈവം നയിക്കുന്നതിനെക്കുറിച്ചു ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്നുണ്ട്‌. ഇവിടെനിന്നായിരിക്കാം ഒരു പക്ഷേ അഭയാര്‍ഥി പ്രവാഹം ആരംഭിച്ചത്‌. ഗ്രീസിലെ ഒഡിസസിന്റേത്‌ വലിയപലായനത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്‌ പറയുന്നത്‌. മക്കയില്‍നിന്നു മദീനയിലേക്കുള്ള മുഹമ്മദ്‌ നബിയുടെ പലായന(ഹിജിറ)മാണ്‌ ഖുറാനില്‍ പറയുന്ന നബിയുടെ ജീവിതത്തിലെ ഒരു പ്രധാന സംഭവം. ഇത്‌ അടിസ്‌ഥാനമാക്കിയാണ്‌ ഇസ്ലാമിക കലണ്ടര്‍ രൂപപ്പെട്ടത്‌. സൊരാഷ്‌ട്രിയന്‍ മതം ജനിച്ച പേര്‍ഷ്യയില്‍ ഇന്നില്ല. പലായനത്തിന്റെ ഫലമായി മതം അവിടന്ന്‌ അപ്രത്യക്ഷമായി. എന്നാല്‍, പാഴ്‌സികള്‍ എന്ന പേരില്‍ ഇന്ത്യയിലുണ്ട്‌. ഓടിവരുന്ന അഭയാര്‍ഥികളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന്റെത്‌. പാകിസ്‌താനുമായി യുദ്ധം നടന്നതും ബംഗ്ലാദേശ്‌ അഭയാര്‍ഥികളുമായി ബന്ധപ്പെട്ടാണ്‌. ഇപ്പോള്‍ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളും വലിയ പ്രശ്‌നമായിട്ടുണ്ട്‌.
രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോഴുണ്ടായ പട്ടിണിയിലും ദാരിദ്ര്യത്തിലും നിന്ന്‌ രക്ഷപ്പെടാന്‍ ഏഷ്യയിലും ആഫ്രിക്കയിലും നിന്ന്‌ സംഘങ്ങളായി ജനം മറ്റുരാജ്യങ്ങളില്‍ കുടിയേറി. അഭയാര്‍ഥികള്‍ക്കായി കലാകാരന്മാരും സാഹിത്യകാരന്മാരും തങ്ങളുടെ സൃഷ്‌ടികളിലുടെ ശബ്‌ദിച്ചിട്ടുണ്ട്‌. മനുഷ്യസ്‌നേഹത്തിലധിഷ്‌ഠിതമായ സമീപനമായിരുന്നു അവരുടേത്‌. വീടും നാടും വിട്ട്‌ ഇറങ്ങേണ്ടി വരുന്നവന്റെ വേദന മലയാള സാഹിത്യത്തില്‍ അനുഭവവേദ്യമാക്കിയത്‌ ഇടശേരിയാണ്‌. ഇടശേരിക്കവിത വീണ്ടും വീണ്ടും വായിച്ച്‌ മനസിനെ ആര്‍ദ്രമാക്കേണ്ടതായി വന്നിരിക്കുന്നു.

"കുടിയിറക്കീടുകയാണല്ലോ, ഞങ്ങള്‍ക്കൊ
രടിവെയ്‌ക്കാന്‍ പാടില്ലമ്മണ്ണില്‍ മേലില്‍
കഴല്‍വെപ്പില്‍ക്കണ്ണൂന്നിക്കരയും കിടാങ്ങള്‍ തന്‍
കരതാര്‍ പിടിച്ചിറങ്ങുന്നു ഞങ്ങള്‍."

നാടും വീടും സമ്പത്തും നഷ്‌ടമായി മറ്റൊരു രാജ്യത്തിന്റെ ആശ്രയം യാചിക്കേണ്ടിവരുന്നവരാണ്‌ അഭയാര്‍ഥികള്‍. മതത്തിന്റെയും നിറത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ വൈരം വര്‍ധിച്ചുവരുമ്പോള്‍ അവരുടെ എണ്ണവും പെരുകുന്നു. രാഷ്‌ട്രീയ വിശ്വാസത്തിന്റെയു മതത്തിന്റെയും ദേശീയതയുടെയും വംശത്തിന്റെയും മറ്റും പേരില്‍ പീഡനമേറ്റ്‌ നാടുവിടുന്നു. വംശീയയുടെ പേരില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥിപ്രശ്‌നം ഏറെ തീക്ഷ്‌ണമാണ്‌. ക്യാമ്പുകളില്‍ ഭക്ഷണമില്ലാതെ മെലിഞ്ഞുണങ്ങിയ മനുഷ്യക്കോലങ്ങളുടെ ഭീതിദമായ ചിത്രം ഓരോ ദിവസവും അസ്വസ്‌ഥമാക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, ഉഗാണ്ട, എത്യോപ്യ, കോംഗോ, കെനിയ, മധ്യആഫ്രിക്കന്‍ റിപ്പബ്‌ളിക്‌ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ ജനങ്ങള്‍ രക്ഷപ്പെട്ട്‌ ഓടുന്നു. യുദ്ധം നാശംവിതച്ച അഫ്‌ഗാനില്‍നിന്നും ഇറാഖില്‍നിന്നും സമീപരാജ്യങ്ങളിലേക്ക്‌ വന്‍ അഭയാര്‍ഥി പ്രവാഹമാണുണ്ടായത്‌.
ഇതിന്റെ മറ്റൊരു മുഖമാണ്‌ മനുഷ്യക്കടത്ത്‌. നമ്മുടെ കൊച്ചുകേരളവും അടുത്തകാലത്ത്‌ മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്‌ വാര്‍ത്തകളില്‍ ഇടം നേടി. തൊഴില്‍ തേടി എത്തുന്ന ഇതര സംസ്‌ഥാനത്തൊഴിലാളികള്‍ ഒരു തരത്തില്‍ അഭയാര്‍ഥികള്‍ തന്നെയാണ്‌. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ബംഗാള്‍, ഒറീസ,ആസാം സംസ്‌ഥാനങ്ങളിലുണ്ടായ ജീവിത നിലവാര ഉയര്‍ച്ചയില്‍ കേരളം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌.
ലോകം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നം തന്നെയാണ്‌ അഭയാര്‍ഥി വിഷയം. അഭയാര്‍ഥികളെയും അനധികൃത കുടിയേറ്റക്കാരെയും എങ്ങനെ കൈകാര്യം ചെയ്യുമെന്ന്‌ അറിയാതെ ഉഴലുകയാണ്‌ യൂറോപ്പും അമേരിക്കയും. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്ന്‌ അടുത്ത കാലത്തുണ്ടായ അഭയാര്‍ഥിപ്രവാഹം യൂറോപ്പിന്‌ ഭീഷണിയായി. ഇറാഖ്‌, ലിബിയ, അഫ്‌ഗാനിസ്‌ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന്‌ നേരത്തേയുണ്ട്‌. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും അഭയാര്‍ഥികളായി. 2017-ല്‍ പത്തുലക്ഷം പേര്‍ അഭയാര്‍ഥികളായി യൂറോപ്പിലെത്തി. 2018- ല്‍ ഒരു ലക്ഷമെത്തിയെന്നാണ്‌ കണക്ക്‌. അഭയാര്‍ഥികളെ രാജ്യത്തിലേക്ക്‌ കടക്കാന്‍ അമേരിക്ക അനുവദിക്കുന്നില്ല. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ചൈനയുടെ വന്‍മതിലിന്‌ സമാനം മതില്‍ നിര്‍മിക്കാനാണ്‌ ട്രംപ്‌ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്‌. യൂറോപ്പിലേക്കുള്ള വരവ്‌ ലിബിയ, തുര്‍ക്കി മൊറോക്കോ എന്നീ രാജ്യങ്ങള്‍ വഴിയാണെന്നതിനാല്‍ അവിടങ്ങളില്‍ തന്നെ കൂടുതല്‍ അഭയാര്‍ഥിക്യാമ്പ്‌ തുറക്കാനാണ്‌ ശ്രമം.
എന്തായാലും അവരും മനുഷ്യരാണ്‌. ഭൂമുഖത്ത്‌ മറ്റു മനുഷ്യര്‍ക്കു ലഭിക്കുന്ന അവകാശങ്ങളും പരിഗണനയും അവര്‍ക്കും ലഭിക്കണം. ജീവിക്കാന്‍ ഇടംതേടി മനുഷ്യര്‍ അലയുന്നത്‌ നല്ല ലക്ഷണമല്ല. അഭയാര്‍ഥികളെയും ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയണം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 19 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW