Tuesday, August 20, 2019 Last Updated 17 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.40 AM

ഇന്ന്‌ വായനാദിനം : വായന മുറുകെപ്പിടിച്ച പി.എന്‍. പണിക്കര്‍

uploads/news/2019/06/315891/bft2.jpg

മലയാളിയുടെ അരനൂറ്റാണ്ടിനിടയിലെ സാംസ്‌കാരിക മുന്നേറ്റചരിത്രത്തില്‍ ഗ്രന്ഥശാലാ പ്രസ്‌ഥാനത്തിനു പ്രഥമഗണനീയമായ സ്‌ഥാനമാണുള്ളത്‌. കേരളീയ സമൂഹത്തിന്റെ പുനര്‍നിര്‍വചനത്തിനും സാംസ്‌കാരിക പരിവര്‍ത്തനത്തിനും വേണ്ടി ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ പഴയകാലം.
വായിച്ചു വളരുക എന്ന മുദ്രാവാക്യവുമായി ഗ്രന്ഥശാലാ പ്രസ്‌ഥാനത്തിനു നേതൃത്വം കൊടുത്ത പി.എന്‍.പണിക്കര്‍!
ചരിത്രകാരന്മാര്‍ ഉപേക്ഷിച്ചുപോയ ചില പേരുകളില്‍ ഇന്നും കാലത്തെ മറികടന്നു നില്‍ക്കുന്ന നാമമാണ്‌ അദ്ദേഹത്തിന്റേത്‌!
അറിവിന്റെ അത്ഭുത ലോകത്തിലേക്ക്‌ വായനയുടെ വാതില്‍ തുറന്നിട്ട ഭാഷാസ്‌നേഹിയായിരുന്നു അദ്ദേഹം. ആയിരം കണ്ണുപൊട്ടിച്ച്‌ അരവൈദ്യന്‍മാരാകുന്ന നാട്ടില്‍, ആയിരം കണ്ണുതെളിച്ച്‌ വായനക്കാരില്‍ അറിവ്‌ നിറച്ച മഹാമാന്ത്രികനായിരുന്നു പണിക്കര്‍.
ഒരു ധാര്‍മികാചാര്യന്റെയും ഭാവനാശാലിയായ പണ്ഡിതന്റെയും സമ്മോഹനസമന്വയം അദ്ദേഹത്തിന്റെ സംസാരശൈലിയിലും ശരീരഭാഷയിലും പ്രകടമായിരുന്നു. ഉടുപ്പിലും നടപ്പിലും മാത്രമല്ല, ജീവിതത്തിലും ഒരു ഗാന്ധിയന്‍ ടച്ചുണ്ടായിരുന്നു.
വായനയിലൂടെ ഭാഷാപരിചയം നേടാനും അറിവ്‌ സമ്പാദിക്കാനും മലയാളിയെ പ്രേരിപ്പിച്ച ആദ്യത്തെ നിശ്‌ബദവിപ്ലവകാരിയായിരുന്നു 1995-ല്‍ മറഞ്ഞ പണിക്കര്‍.അച്ചടി മാധ്യമങ്ങളില്‍ വായനക്കാരുടെ കാലം സമ്പന്നമാകുന്നതിന്‌ മുന്‍പ്‌ അദ്ദേഹം അമ്പലപ്പുഴയില്‍ നിന്നാരംഭിച്ച വായനശാലാ പ്രവര്‍ത്തനം കേരളത്തില്‍ പുതിയൊരു ജനകീയ മുന്നേറ്റത്തിന്‌ തുടക്കമായി.അക്കാലത്ത്‌ സാമൂഹികപ്രവര്‍ത്തനം ഇന്നത്തേതു പോലെ ആദായകരമായ തൊഴിലായിരുന്നില്ല. ത്യാഗത്തിന്റെയും സേവനത്തിന്റെയും പാതയില്‍ സഞ്ചരിക്കുന്നവരും കുറവായിരുന്നു. പുസ്‌തകലോകത്തേക്ക്‌ നടന്നുകയറി പഴയ ധാരണകളെല്ലാം അദ്ദേഹം മാറ്റിക്കുറിച്ചു.
വായനയുടെ പുതിയ നിര്‍വചനങ്ങള്‍ പ്രചരിപ്പിച്ചു. പൊതുസമൂഹത്തിന്റെ തനിസ്വരൂപം അതിലൂടെ തുറന്നുകാട്ടി. സമസ്‌തമേഖലകളിലും പുതിയ വായനാ സംസ്‌കാരത്തിന്റെ സ്വാധീനവും സാന്നിധ്യവും വര്‍ധിപ്പിച്ചു.
വായിച്ചു വളരുക എന്ന തന്റെ പ്രസിദ്ധമായ മുദ്രാവാക്യത്തിനു സമൂഹത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ടെന്ന്‌ സാക്ഷരകേരളം പദ്ധതിയിലൂടെ പണിക്കര്‍ തെളിയിച്ചു.കഴിഞ്ഞ നൂറ്റാണ്ടിലെ നവോത്ഥാന നായകരും പ്രസ്‌ഥാനങ്ങളും തുടങ്ങിവച്ച സാമൂഹികപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടു.
ദൃശ്യമാധ്യമങ്ങളുടെ സാന്നിധ്യം വായനക്കാരുടെ സംഖ്യ വെട്ടിക്കുറച്ചപ്പോള്‍ ഗ്രാമങ്ങള്‍ തോറും ഗ്രന്ഥശാലകള്‍ സ്‌ഥാപിച്ച്‌ അതിനെ നേരിടുവാനുള്ള ജാഗ്രത വായനക്കാരില്‍ വളര്‍ത്തിയെടുത്തത്‌ അദ്ദേഹമായിരുന്നു. വയോജന വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിനു കേരളം മാതൃകയായത്‌ അഭിമാനത്തോടെ നാം ഓര്‍ക്കുന്നു.
1991- ല്‍ കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്ത്‌ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്‌ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതും സന്തോഷത്തോടെ സ്‌മരിക്കുന്നു. ചരിത്രനേട്ടങ്ങളുടെ ഈ സമ്പൂര്‍ണ രേഖകള്‍ക്കു താഴെ പണിക്കരുടെ കൈയൊപ്പുണ്ട്‌. അദ്ദേഹത്തെ ഒരിക്കലും മറക്കാനാകില്ല.

കളത്തില്‍ വിജയന്‍

Ads by Google
Wednesday 19 Jun 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW