Friday, August 23, 2019 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 11.38 AM

ഒരു കുടം വെള്ളത്തിനായി രണ്ടാം ക്‌ളാസ്സുകാരന്‍ സഞ്ചരിക്കുന്നത് 14 കി.മീ. ; ട്രെയിന്‍ കയറി സിറ്റി സ്‌റ്റേഷനിലെത്തി ടാപ്പില്‍ നിന്നും കുടിവെള്ളം ശേഖരിക്കും...!!

uploads/news/2019/06/315447/water-crisis.jpg

മുകുന്ദ്‌വാഡി: പത്തു വയസ്സുകാരനായ സിദ്ധാര്‍ത്ഥ് ധേജിന്റെ തോളത്ത് എല്ലാ ദിവസവും കാണാം കനത്തഭാരം. ജീവന്‍ പണയം വെച്ച് ഈ രണ്ടാം ക്‌ളാസ്സുകാരന്‍ രണ്ടു കുടം വെള്ളത്തിനായി ദിവസവും സഞ്ചരിക്കുന്നത് 14 കിലോമീറ്റര്‍. ഔറംഗബാദ് - ഹൈദരാബാദ് പാസഞ്ചറിലാണ് വീട്ടിലേക്ക് രണ്ടു കന്നാസ് വെള്ളം കൊണ്ടുവരുന്നത്. മദ്ധ്യവേനല്‍ അവധിയില്‍ മറ്റുള്ളവര്‍ക്കൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തില്‍ ധേജ് മാത്രമല്ല അവന്റെ ചുറ്റുപാടുമുള്ള 12 കാരി അയീഷ ഗരുഡും സഹോദരി ഒമ്പതു വയസ്സുകാരി സാക്ഷിയുമെല്ലാം ഇതേ ട്രെയിനില്‍ ഉണ്ടാകും.

മറാത്താവാഡ മേഖലയെ വരള്‍ച്ച എങ്ങിനെയാണ് ബാധിച്ചിരിക്കുന്നതെന്ന് ഇവരുടെ അതിജീവനം പറയും. 7000 ഗ്രാമങ്ങളെയാണ് കൊടും വരള്‍ച്ച ബാധിച്ചിരിക്കുന്നത്. ഒരു ബക്കറ്റ് വെള്ളത്തിന് പോലും കിലോമീറ്റര്‍ താണ്ടേണ്ടി വരുന്നു. ഉച്ചയ്ക്ക് ശേഷമാണ് സിദ്ധാര്‍ത്ഥിന്റെ വെള്ളത്തിനായുള്ള യാത്ര തുടങ്ങുന്നത്. ആദ്യം മുകുന്ദ് വാഡി റെയില്‍വേ സ്‌റ്റേഷനില്‍ എത്തണം. അവിടെ നിന്നും ട്രെയിന്‍ കയറി ഔറംഗബാദ് സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി അവിടുത്തെ ടാപ്പില്‍ നിന്നുമാണ് കുടിവെള്ളം ശേഖരിക്കുന്നത്. എല്ലാം കഴിഞ്ഞ് 5.30 യോടെ വീട്ടില്‍ തിരിച്ചെത്തും. ഒരു സൈഡിലേക്ക് തന്നെ ഏഴു കിലോമീറ്റര്‍ സഞ്ചരിക്കണം. പക്ഷേ ട്രെയിന്‍ മിക്കവാറും മൂന്ന് മണിക്കൂറൊക്കെ ലേറ്റ് ആയിരിക്കും. ട്രെയിന്‍ വരുന്നത് വരെ സിദ്ധാര്‍ത്ഥും അയീഷയും സാക്ഷിയുമെല്ലാം സ്‌റ്റേഷനിലെ മരത്തണലില്‍ ഇരിക്കും. ട്രെയിന്‍ വന്നാല്‍ പിന്നെ എല്ലാം എടുത്തുവെയ്ക്കാന്‍ കിട്ടുക മിനിറ്റുകള്‍ മാത്രമാകും.

ഔറംഗബാദ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന തന്റെ കന്നാസ് നിറയ്ക്കാന്‍ സിദ്ധാര്‍ത്ഥിന് 40 മിനിറ്റ് വേണ്ടി വരും. പിന്നീട് ഒരു തുള്ളിപോലും പോകാതെ ഇത് സ്‌റ്റേഷനില്‍ നിന്നും ഇറക്കി വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും വേണം. സമപ്രായക്കാര്‍ കളിസ്ഥലങ്ങളില്‍ അവധി ആഘോഷിക്കുമ്പോള്‍ മാതാപിതാക്കള്‍ പണിക്കു പോയിരിക്കുന്നതിനാല്‍ സിദ്ധാര്‍ത്ഥിനെ പോലെയുള്ളവര്‍ക്ക് ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല. സിദ്ധാര്‍ത്ഥും ആയീഷയുമെല്ലാം താമസിക്കുന്ന നിര്‍മ്മലാ ദേവി നഗറില്‍ മുനിസിപ്പാലിറ്റിയുടെ ടാപ്പാണ് കുടിവെള്ളത്തിനുള്ള ഏക ആശ്രയം. ഇവിടെ വെള്ളം പിടിക്കുക എന്നത് ഗുസ്തിപിടിക്കുന്നതിന് തുല്യമാണ്.

കൂലിപ്പണിക്കാരായ 300 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. 200 ലിറ്റര്‍ വെള്ളത്തിന് കൊടുക്കണം 60 രൂപ. നാലു ദിവസം കൂടുമ്പോഴാണ് മുനിസിപ്പാലിറ്റി വെള്ളം വിതരണം ചെയ്യുന്നത്. ഇതിനാകട്ടെ മാസം 1,150 രൂപയോളം വരും. ഇവിടുത്തെ കുഴല്‍ക്കിണറുകളും വറ്റി വരണ്ടു. അത്യാവശ്യമായി വിതരണം ചെയ്യുന്ന വെള്ളം 35 കുടുംബങ്ങള്‍ക്ക് പോലും തികയുകയുമില്ല. നിര്‍മ്മലാദേവി നഗറില്‍ 20 വര്‍ഷമായി താമസിക്കുന്ന 51 കാരി സുമന്‍ബായിയുടെ വീട്ടില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറുണ്ട്. എന്നാല്‍ അത് ഏപ്രിലില്‍ തന്നെ വറ്റിയതോടെ ഇവരും ട്രെയിനില്‍ വെള്ളം കോരാന്‍ പോകേണ്ട സ്ഥിതിയാണ്. ജോലി പോലും അതിന് വേണ്ടി ഉപേക്ഷിക്കേണ്ടി വന്നു.

വെള്ളം കോരാന്‍ ട്രെയിനില്‍ പോകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇത് കുട്ടികളെ കൊണ്ടു ചെയ്യിക്കുന്നത് ഏറെ അപകടകരമാണെന്ന് മാതാപിതാക്കള്‍ക്കും അറിയാമെങ്കിലും വീട്ടുകാരുടെ ഭക്ഷണത്തിന് പുറമേ സ്‌കൂള്‍ തുറക്കല്‍ ആയതിനാല്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാനുള്ള ബുക്കുകളും പുസ്തകങ്ങളും യൂണിഫോമുകളുമൊക്കെയായി ചെലവുകള്‍ ഏറുന്ന സാഹചര്യത്തില്‍ ജോലി ഉപേക്ഷിക്കാന്‍ കഴിയാത്തത് കൊണ്ടാണ് പലരും മക്കളെ കൊണ്ട് ഇക്കാര്യം ചെയ്യിക്കാന്‍ നിര്‍ബ്ബന്ധിതമാകുന്നത്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Ads by Google
Ads by Google
Loading...
TRENDING NOW