Friday, August 23, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.17 AM

സഹപ്രവര്‍ത്തകനെ കണ്ടെത്താന്‍ പോലീസിന്റെ നാലു സംഘം , നവാസ്‌ കൊല്ലത്തെത്തി; മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തതു തിരിച്ചടി

uploads/news/2019/06/315015/k1.jpg

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ: വി.എസ്‌. നവാസിന്റെ തിരോധാനം അന്വേഷിക്കാന്‍ പോലീസ്‌ നാലു സംഘങ്ങളായി തെരച്ചില്‍ ഊര്‍ജിതമാക്കി. നവാസിനെ മാനസികമായി തളര്‍ത്തിയെന്ന ആരോപണം നേരിടുന്ന മട്ടാഞ്ചേരി അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ സുരേഷ്‌ കുമാറിനെ ചോദ്യംചെയ്‌തു. നവാസ്‌ കൊല്ലത്തെത്തിയെന്നാണ്‌ പോലീസിന്‌ ഒടുവില്‍ ലഭിച്ച വിവരം.
ഇക്കാര്യം ഡി.സി.പി: ജി. പൂങ്കുഴലി സ്‌ഥിരീകരിച്ചു. എത്രയും വേഗം നവാസിനെ കണ്ടെത്തി മുഖംരക്ഷിക്കാനാണ്‌ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. നവാസുമായി അടുപ്പമുള്ളവരുമായി പോലീസ്‌ ബന്ധപ്പെടുന്നുണ്ട്‌. എന്നാല്‍, നവാസ്‌ എവിടെപ്പോയെന്നു ബന്ധുക്കള്‍ക്കും കൃത്യമായ വിവരമില്ല. സഹോദരന്‍ മാനസികപീഡനം നേരിട്ടിരുന്നതായി ആലപ്പുഴ തുറവൂരില്‍ താമസിക്കുന്ന ലത്തീഫ്‌ വ്യക്‌തമാക്കി. ഫോണ്‍ സ്വിച്ച്‌ ഓഫാണ്‌. വയര്‍ലെസില്‍ തര്‍ക്കിച്ചതായും അറിയാനായി. എന്നാല്‍, മാറിനില്‍ക്കാന്‍ ഈ തര്‍ക്കം മതിയായ കാരണമല്ല-ലത്തീഫ്‌ പറയുന്നു.
നവാസിന്റെ ഭാര്യ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും വിവിധ പോലീസ്‌ ഉദ്യോഗസ്‌ഥരില്‍നിന്നു മൊഴിയെടുക്കുമെന്നും പൂങ്കുഴലി പറഞ്ഞു. അതേസമയം, കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്‌ഥന്‍ പ്രേരിപ്പിച്ചെന്ന ആരോപണം പോലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്‌.
കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ വിജയ്‌ സാഖറെ അന്വേഷണ റിപ്പോര്‍ട്ട്‌ ഡി.ജി.പിക്കു കൈമാറി. വയര്‍ലെസ്‌ സെറ്റിലെ സംഭാഷണങ്ങളടക്കമുള്ള എല്ലാ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌. നവാസ്‌ തങ്ങളുടെ കുടുംബാംഗമാണെന്നും അതിനാല്‍ത്തന്നെ അര്‍ഹിക്കുന്ന ഗൗരവത്തോടെയാണ്‌ കേസന്വേഷിക്കുന്നതെന്നും വിജയ്‌ സാഖറെ പറഞ്ഞു.
എറണാകുളത്ത്‌ എ.ടി.എമ്മില്‍നിന്ന്‌ 10000 രൂപ പിന്‍വലിച്ചതും ബന്ധുവിനു വാട്‌സ്‌ ആപ്‌ അയയ്‌ക്കുന്നതും സിസി ടിവിയില്‍ തെളിഞ്ഞതും മാത്രമാണ്‌ നവാസിനെക്കുറിച്ചു ലഭിച്ചിട്ടുള്ള വിവരങ്ങള്‍. കെ.എസ്‌.ഇ.ബിയുടെ ജീപ്പില്‍ നവാസ്‌ കായംകുളത്തിറങ്ങി പിന്നീട്‌ ബസില്‍ കയറുന്ന സി.സി.ടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്‌. മറ്റു വിവരങ്ങളില്ല. ഈ ദൃശ്യങ്ങളെ പിന്തുടര്‍ന്നാണ്‌ പോലീസ്‌ അന്വേഷണം. പത്തു ദിവസം മാറിനില്‍ക്കുകയാണെന്നും സുഖമില്ലാത്ത ഭാര്യയെ തന്റെ ക്വാര്‍ട്ടേഴ്‌സില്‍ ചെന്നു നോക്കാന്‍ അമ്മയെ അയയ്‌ക്കണമെന്നും ബന്ധുവിനയച്ച വാട്‌സ്‌ ആപ്പ്‌ സന്ദേശത്തില്‍ പറയുന്നുണ്ട്‌.
കടുത്ത മാനസിക സമ്മര്‍ദത്തിലാണ്‌ നവാസെന്നു ബന്ധുക്കള്‍ വ്യക്‌തമാക്കുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച പുലര്‍ച്ചെയാണു നവാസിനെ എറണാകുളം സൗത്ത്‌ പോലീസിന്റെ ക്വാര്‍ട്ടേഴ്‌സില്‍നിന്നു കാണാതായതെന്നു ഭാര്യ പറയുന്നു. മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ആയതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നില്ല.

Ads by Google
Saturday 15 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW