Tuesday, August 20, 2019 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.17 AM

അനധികൃത യാത്രാപ്പടി: സപ്ലൈകോ അച്ചടക്കവിഭാഗം മാനേജര്‍ പുറത്ത്‌

uploads/news/2019/06/315014/k6.jpg

തിരുവനന്തപുരം: സപ്ലൈകോയില്‍ അനധികൃത യാത്രാപ്പടി കൈപ്പറ്റിയ അസിസ്‌റ്റന്റ്‌ മാനേജരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. കേന്ദ്രകാര്യാലയത്തിലെ അച്ചടക്ക വിഭാഗം അസിസ്‌റ്റന്റ്‌ മാനേജര്‍ എം.എസ്‌. മുഹമ്മദ്‌ നിസാറിനെതിരേയാണു നടപടി. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച ഫിനാന്‍സ്‌ മാനേജര്‍ക്കെതിരേ അന്വേഷണം തുടങ്ങി. സപ്ലൈകോയും സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ മുഹമ്മദ്‌ നിസാര്‍ വ്യക്‌തിപരമായ ആവ്യങ്ങള്‍ക്കു സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിക്കുന്ന കാര്യം 'മംഗള'മാണ്‌ പുറത്തുകൊണ്ടുവന്നത്‌.
കൊച്ചിയിലെ സപ്ലൈകോ ആസ്‌ഥാനത്തുനിന്നു സ്വദേശമായ തിരുവനന്തപുരത്തേക്കുള്ള യാത്രകള്‍ ഔദ്യോഗികാവശ്യത്തിനാണെന്നു വരുത്തിത്തീര്‍ത്ത്‌ യാത്രാബത്ത വാങ്ങുകയായിരുന്നു. 2018 ജനുവരി എട്ടു മുതല്‍ കഴിഞ്ഞ ഏപ്രില്‍ 11 വരെ അനധികൃതമായി യാത്രപ്പടി ഇനത്തില്‍ 19,190 രൂപ കൈപ്പറ്റിയതായി വിജിലന്‍സ്‌ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇയാളെ രക്ഷിക്കാനായി സപ്ലൈകോയിലെ ഉന്നതര്‍ ശ്രമം നടത്തിയിരുന്നതിന്റെ സൂചനകളും പുറത്തുവന്നു. ഇയാള്‍ക്ക്‌ അദര്‍ ഡ്യൂട്ടി അനുവദിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഫിനാന്‍സ്‌ വിഭാഗം മാനേജര്‍ക്കും എ.ജി.എമ്മിനും (പി. ആന്‍ഡ്‌ എ) വിജിലന്‍സ്‌ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കാലാവധി കഴിഞ്ഞ രേഖകള്‍ ഉപേക്ഷിച്ച കൂട്ടത്തില്‍ ടി.എ. ബില്ലുകളുടെ പകര്‍പ്പുകള്‍ പലതും നഷ്‌ടപ്പെട്ടെന്നാണു ഫിനാന്‍സ്‌ മാനേജര്‍ വിജിലന്‍സ്‌ ഓഫീസര്‍ക്കു മൊഴി നല്‍കിയത്‌. ഫിനാന്‍സ്‌ മാനേജരടക്കം ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന്‌ ഉതോടെ സംശയമുയര്‍ന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന്‌ സിവില്‍ സപ്ലൈസ്‌ ഡയറക്‌ടറേറ്റിലെ സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ സി.എ. അമീറിനെ അന്വേഷണ ഓഫീസറായി നിയമിച്ചു. ഫിനാന്‍സ്‌ മാനേജരെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്‌.
മുഹമ്മദ്‌ നിസാര്‍ ഖജനാവിന്‌ വന്‍നഷ്‌ടമുണ്ടാക്കിയതായി സപ്ലൈകോ സംയുക്‌തവേദി കണ്‍വീനറും പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു വിജിലന്‍സ്‌ കണ്ടെത്തിയ ഘട്ടത്തില്‍ ഇയാളെ സ്‌ഥലംമാറ്റി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ നടന്ന നീക്കം മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. തുടര്‍ന്ന്‌ മന്ത്രി പി. തിലോത്തമന്‍ ഇടപെട്ടാണ്‌ ഇയാള്‍ക്കെതിരേ നടപടി എടുത്തത്‌.
സപ്ലൈകോ ഹെഡ്‌ ഓഫീസിലെ കമ്പ്യൂട്ടര്‍ ഡിവിഷനിലെ ഉദ്യോഗസ്‌ഥര്‍ക്കു വീടിനടുത്ത്‌ ഇല്ലാത്ത തസ്‌തികയില്‍ നിയമനം നല്‍കി ഹെഡ്‌ ഓഫീസില്‍ ഇവര്‍ക്കു പകരം താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച നടപടിയിലെ അഴിമതിയും മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
തുടര്‍ന്ന്‌ ഇവരെ ഹെഡ്‌ ഓഫീസില്‍ തിരികെ നിയമിച്ച്‌ ഉത്തരവിറക്കിയാണ്‌ ഉദ്യോഗസ്‌ഥര്‍ രക്ഷപെട്ടത്‌. എന്നാല്‍ ഇക്കാര്യത്തില്‍ നടന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണം മന്ദഗതിയിലാണ്‌.

Ads by Google
Saturday 15 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW