Friday, June 14, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.50 AM

മഴയെ ട്രോളിക്കൊന്ന്‌ ക്രിക്കറ്റ്‌ ആരാധകര്‍

uploads/news/2019/06/314733/s2.jpg

ക്രിക്കറ്റ്‌ ലോകകപ്പ്‌ ആരംഭിക്കുന്നതിനു രണ്ടാഴ്‌ച മുമ്പേ തന്നെ 'മഴ'തന്നെയായിരുന്നു ഇംഗ്ലണ്ടിലെ താരം. സന്നാഹ മത്സരങ്ങളിലെ വെടിക്കെട്ട്‌ ബാറ്റിങ്‌ കണ്ടു ലോകകപ്പില്‍ റണ്‍മഴ കാണാമെന്ന പ്രതീക്ഷയായിരുന്നു അപ്പോള്‍.
പക്ഷേ മത്സരങ്ങള്‍ തുടങ്ങിയതോടെ റണ്‍മഴയ്‌ക്ക്‌ പകരം യഥാര്‍ഥ മഴ കോരിച്ചൊരിയുകയായിരുന്നു. ഇതോടെ മഴക്കാലത്ത്‌ ഇംഗ്ലണ്ടില്‍ ലോകകപ്പ്‌ നടത്തിപ്പ്‌ ഇറങ്ങിത്തിരിച്ച ഐ.സി.സിക്കെതിരേയായി ആരാധകര്‍.
എന്നാല്‍ ഇംഗ്ലീഷ്‌ കാലാവസ്‌ഥ അനുസരിച്ച്‌ ഇപ്പോള്‍ മഴക്കാലമല്ലെന്നും ഇതു കാലംതെറ്റി പെയ്യുന്ന മഴയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഐ.സി.സിയെ വെറുതേ വിട്ട്‌ സാക്ഷാല്‍ മഴയെത്തന്നെ ട്രോളി കൊല്ലുകയാണ്‌ ക്രിക്കറ്റ്‌ പ്രേമികള്‍.
ഏറ്റവും ഒടുവില്‍ ഇന്ത്യ-ന്യൂസിലന്‍ഡ്‌ മത്സരവും ടോസ്‌ പോലും ഇടാനാകാതെ ഉപേക്ഷിക്കപ്പെട്ടതോടെ ട്രോളന്മാരുടെ ഭാവനാ സൃഷ്‌ടികള്‍ പെയ്‌തു തിമിര്‍ക്കുകയാണ്‌. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു ചില രസകരമായ ട്രോളുകള്‍ ഇതാ...

വെള്ളത്തിലെ ക്രിക്കറ്റ്‌
കനത്ത മഴയെത്തുടര്‍ന്ന്‌ ഇംഗ്ലണ്ടിലെ ഗ്രൗണ്ടുകള്‍ വെള്ളക്കെട്ടായപ്പോള്‍ ട്രോളന്മാരുടെ തലയില്‍ വിരിഞ്ഞ ആശയമാണ്‌ വെള്ളത്തിനടിയിലെ ക്രിക്കറ്റ്‌ കളി. ഇക്കളി കാണാന്‍ ലണ്ടനിലേക്കു ചെന്നാല്‍ മതിയെന്ന അടിക്കുറിപ്പുമുണ്ട്‌. കൂടാതെ മഴയത്ത്‌ ലോകകപ്പ്‌ നടത്തുന്ന ഇംഗ്ലണ്ടിനെയും ട്രോളിയിട്ടുണ്ട്‌. ഇംഗ്ലണ്ടിനെ പ്രശസ്‌തമായ വൈറ്റ്‌ ജഴ്‌സിയണിഞ്ഞ താരങ്ങളെയാണ്‌ വെള്ളത്തിലിറക്കിയിരിക്കുന്നത്‌.

മാന്‍ ഓഫ്‌ ദ മാച്ച്‌
ലോകകപ്പ്‌ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മത്സരം മഴമുടക്കിയെന്ന റെക്കോഡ്‌ സ്വന്തമാക്കി 2019 ക്രിക്കറ്റ്‌ ലോകകപ്പില്‍ പല കളിയിലെയും കേമന്മാരായി ഗ്രൗണ്ട്‌ സ്‌റ്റാഫുകളെ പ്രഖ്യാപിക്കുന്നതാണ്‌ മറ്റൊരു ട്രോള്‍. മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടുകളില്‍ മത്സരം നടക്കാതെ പോകുമ്പോള്‍ വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ അക്ഷീണം പ്രയത്നിച്ച ഗ്രൗണ്ട്‌ സ്‌റ്റാഫുകള്‍ക്കുള്ള അംഗീകാരം കൂടിയാണീ ട്രോള്‍.

പോയിന്റ്‌ ടേബിള്‍
മത്സരങ്ങള്‍ കളിച്ചു ജയിച്ചവരുടെ പോയിന്റ്‌ പട്ടികയാണ്‌ മറ്റൊരു രസകരമായ ട്രോള്‍. മൂന്നു മത്സരങ്ങള്‍ ജയിച്ച ന്യൂസിലന്‍ഡ്‌ യഥാര്‍ഥ പോയിന്റ്‌ പട്ടികയില്‍ ഒന്നാമതു നില്‍ക്കുമ്പോള്‍ ട്രോളന്മാരുടെ പട്ടികയില്‍ മൂന്നു മത്സരങ്ങള്‍ ഏകപക്ഷീയമായി സ്വന്തമാക്കിയ മഴയ്‌ക്കാണ്‌ ആറു പോയിന്റുമായി ഒന്നാം സ്‌ഥാനം. കിവീസും ഇംഗ്ലണ്ടും ഇന്ത്യയുമെല്ലാം അതിനു താഴെ മാത്രം.

കുടചൂടിയ ലോഗോ
മഴക്കളിയില്‍ റെക്കോഡ്‌ സൃഷ്‌ടിച്ച ഈ ലോകകപ്പിന്‌ ഇതില്‍ക്കൂടുതല്‍ മികച്ച ലോഗോ ലഭിക്കാനില്ല. 2019 ലോകകപ്പിന്റെ ലോഗോയ്‌ക്കു മുകളില്‍ ഒരു കുട വരച്ചു ചേര്‍ത്താണ്‌ ട്രോളന്‍ തന്റെ വികാരം പ്രകടിപ്പിച്ചത്‌. സമാനരീതിയില്‍ മറ്റൊരു ട്രോളും പ്രചരിക്കുന്നുണ്ട്‌. അവിടെ ട്രോളന്‍ അല്‍പം കടന്നങ്ങു ചിന്തിച്ചു. ലോകകപ്പ്‌ ട്രോഫിക്കാണ്‌ ആ മഹാന്‍ കൂടി ചൂടിയത്‌.

റെയിന്‍കോട്ട്‌ ജഴ്‌സി
ഇന്നലെ ഇന്ത്യ-ന്യൂസിലന്‍ഡ്‌ മത്സരം മഴമൂലം വൈകിയതിലെ അക്ഷമ ട്രോളന്‍ തീര്‍ത്തത്‌ ഇരു ടീമുകളുടെയും ജഴ്‌സിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ്‌. നീല, കറുപ്പ്‌ നിറത്തിലുള്ള രണ്ടു മഴക്കോട്ടുകളാണ്‌ ഈ നിശബ്‌ദ ട്രോളിലുള്ളത്‌. താഴെ ഇന്നത്തെ മത്സരത്തിനുള്ള ടീം ജഴ്‌സികള്‍ എന്ന അടിക്കുറിപ്പും. നീല റെയിന്‍കോട്ട്‌ ഇന്ത്യന്‍ ടീമിനും കറുത്തത്‌ ന്യൂസിലന്‍ഡിനും. മഴപെയ്യുമ്പോള്‍ ടീമിനു ധരിക്കാന്‍ പറ്റിയ മികച്ച ജഴ്‌സി ഇതിലും നല്ലത്‌ വേറെയുണ്ടാകില്ല.

യു.കെയുടെ പ്രണയം
ലോകകപ്പ്‌ ക്രിക്കറ്റ്‌ പോലൊരു മാമാങ്കം നടക്കുമ്പോള്‍ അതിനെ ഒഴിവാക്കി മഴയെ പ്രണയിച്ച ഇംഗ്ലണ്ടിനെയും ട്രോളുന്നുണ്ട്‌ ആരാധകര്‍. കുച്ച്‌ കുച്ച്‌ ഹോത്താ ഹൈ എന്ന ഹിറ്റ്‌ ബോളിവുഡ്‌ ചിത്രത്തിലെ മീമിലൂടെയാണ്‌ ഈ ട്രോള്‍ പ്രത്യക്ഷപ്പെട്ടത്‌.

ടോസ്‌ ജയിച്ചു മഴ തെരഞ്ഞെടുത്തു
ലണ്ടനില്‍ ഇപ്പോള്‍ ടോസ്‌ ഇട്ടാല്‍ ബാറ്റിങ്‌ ആണോ ബൗളിങ്‌ ആണോ തെരഞ്ഞെടുക്കുക എന്നല്ല ആരാധകര്‍ ഉറ്റുനോക്കുന്നത്‌. അതിനു ഏറ്റവും മികച്ച ട്രോള്‍ ഇതു തന്നെ. ഇന്നലത്തെ മത്സരത്തില്‍ ടോസ്‌ ജയിച്ചത്‌ ഇന്ത്യയോ ന്യൂസിലന്‍ഡോ അല്ല; മറിച്ച്‌ കാലാവസ്‌ഥയാണ്‌. ടോസ്‌ നേടിയതോടെ കാലാവസ്‌ഥ കളിക്കു പകരം മഴ തെരഞ്ഞെടുക്കുകയും ചെയ്‌തു.

നീന്തി രക്ഷപെടുന്ന കോഹ്ലി
മഴയില്‍ മുങ്ങിയ ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ റണ്ണൗട്ടില്‍ നിന്നു രക്ഷപെടാന്‍ നീന്തല്‍ അല്ലാതെ മറ്റെന്തു വഴി. അത്‌ ഇനി ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയാണെങ്കിലും രണ്ടും കല്‍പിച്ചു നീന്തുക തന്നെ വേണം. ഇന്നലത്തെ മത്സരം മഴയില്‍ മുങ്ങിയപ്പോള്‍ ഭാവനയില്‍ ക്രിക്കറ്റ്‌ കണ്ട ആരാധകന്റെ ട്രോളില്‍ അങ്ങനെ കോഹ്ലി നീന്തി ക്രീസില്‍ കയറി.

നാണയം തെരയുന്ന അമ്പയര്‍
ടോസ്‌ വിഷയമാക്കി മറ്റൊരു രസകരമായ ട്രോളും പ്രചരിച്ചു. ഇക്കുറി താരങ്ങളെ വിട്ട്‌ അമ്പയറെയാണ്‌ ട്രോളന്‍ ആയുധമാക്കിയത്‌. മഴവെള്ളം നിറഞ്ഞ ഗ്രൗണ്ടില്‍ ടോസ്‌ ഇട്ടാല്‍ ഹെഡ്‌ ആണോ ടെയ്‌ല്‍ ആണോ എന്നറിയാന്‍ നാണം മുങ്ങിത്തപ്പേണ്ടി വരില്ലേ. അങ്ങേനെ വെള്ളത്തില്‍ നാണയം തെരയുന്ന അമ്പയറാണ്‌ ഈ ട്രോളിലെ താരം. വെറുതെയല്ല ഇന്നലത്തെ മത്സരം ടോസ്‌ പോലുമിടാതെ ഉപേക്ഷിക്കപ്പെട്ടത്‌ എന്നായിരുന്നു ഇതിനു ലഭിച്ച രസകരമായ കമന്റ്‌.

Ads by Google
Friday 14 Jun 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW