Saturday, August 24, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.45 AM

അസി. കമ്മിഷണറുമായി തര്‍ക്കിച്ച സി.ഐയെ കാണാതായി

uploads/news/2019/06/314731/k4.jpg

കൊച്ചി/തിരുവനന്തപുരം: എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനിലെ സി.ഐ: വി.എസ്‌. നവാസിനെ കാണാനില്ലെന്നു പരാതി. ബുധനാഴ്‌ച രാത്രി മേലുദ്യോഗസ്‌ഥനുമായി വയര്‍ലെസിലൂടെ വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെ അദ്ദേഹം സ്‌റ്റേഷനിലെത്തി വയര്‍ലെസ്‌ സെറ്റും ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡും ഏല്‍പ്പിച്ചു മടങ്ങി. ഇന്നലെ പുലര്‍ച്ചെ മുതല്‍ അദ്ദേഹത്തെ കാണാനില്ലെന്നു ഭാര്യ പരാതി നല്‍കിയതോടെ പ്രശ്‌നത്തില്‍ ഡി.ജി.പി. ഇടപെട്ടു.
നവാസിനെ കാണാനില്ലെന്ന പരാതിക്കൊപ്പം അദ്ദേഹവും അസിസ്‌റ്റന്റ്‌ കമ്മിഷണറും തമ്മിലുണ്ടായ തര്‍ക്കത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ എറണാകുളം ഡി.സി.പി: ജി. പൂങ്കുഴലിയെ ചുമതലപ്പെടുത്തി. അടിയന്തര റിപ്പോര്‍ട്ട്‌ നല്‍കാന്‍ സിറ്റി പോലീസ്‌ കമ്മിഷണറായി ചുമതലയേറ്റ ഐ.ജി. വിജയ്‌ സാഖറെയ്‌ക്കു നിര്‍ദേശം നല്‍കി. ചേര്‍ത്തല കുത്തിയതോട്‌ സ്വദേശിയാണു വി.എസ്‌. നവാസ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണു മാരാരിക്കുളത്തുനിന്ന്‌ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്കു മാറ്റിയത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ മട്ടാഞ്ചേരിയിലേക്കു മാറ്റി. ഇന്നലെ മട്ടാഞ്ചേരി സി.ഐയായി ചുമതലയേല്‍ക്കാനിരിക്കെയാണു കാണാതായത്‌. അസിസ്‌റ്റന്റ്‌ കമ്മിഷണറുമായി ഫോണില്‍ വാക്കേറ്റമുണ്ടായതിന്റെ തുടര്‍ച്ചയായാണ്‌ നവാസിനെ കാണാതായതെന്ന്‌ ഭാര്യയുടെ പരാതിയില്‍ പറയുന്നു.
ഈ അസിസ്‌റ്റന്റ്‌ കമ്മിഷണറെയും മട്ടാഞ്ചേരിയിലേക്കു മാറ്റിയിട്ടുണ്ട്‌. ഇതോടെ മനംമടുത്താണു സി.ഐ. നാടുവിട്ടതെന്നാണു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കിടയിലെ സംസാരം. അതിനിടെ, കായംകുളത്തെ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ നവാസിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓണായതായി കണ്ടെത്തിയിട്ടുണ്ട്‌.
മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം സബ്‌ ഡിവിഷനുകളുമായി ബന്ധപ്പെട്ട്‌ രാത്രിഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്‌ച അര്‍ധരാത്രിയോടെ മേലുദ്യോഗസ്‌ഥനും നവാസും തമ്മില്‍ വയര്‍ലെസ്‌ സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായതായാണ്‌ വിവരം.

Ads by Google
Friday 14 Jun 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW