Tuesday, August 20, 2019 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.45 AM

കമ്മിഷണറേറ്റ്‌ രൂപീകരണം; പോലീസ്‌ ആവശ്യപ്പെട്ടത്‌ 15 അധികാരങ്ങള്‍; സര്‍ക്കാര്‍ അനുവദിച്ചതു രണ്ടെണ്ണം!

uploads/news/2019/06/314729/k2.jpg

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലുംപോലീസ്‌ കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചാലും ചുമതലക്കാരായ ഐ.ജിമാര്‍ നോക്കുകുത്തികളാകും.
സംസ്‌ഥാന പോലീസ്‌ മേധാവി ആവശ്യപ്പെട്ട 15 അധികാരങ്ങളില്‍ രണ്ടേരണ്ടെണ്ണം മാത്രമാകും ഐ.ജിമാര്‍ക്കു ലഭിക്കുക. നിയമസഭയില്‍ സര്‍ക്കാര്‍ വിപുലമായ അധികാരങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും, ഇടതുമുന്നണിയില്‍നിന്നു സി.പി.ഐയുടെയും ഭരണതലത്തില്‍ ഐ.എ.എസുകാരുടെയും എതിര്‍പ്പിനേത്തുടര്‍ന്ന്‌ കമ്മിഷണറേറ്റുകള്‍ ഫലത്തില്‍ കടലാസ്‌ പുലികളാകും. കമ്മിഷണറേറ്റ്‌ രൂപീകരണത്തിലൂടെ രണ്ട്‌ ഐ.ജി. തസ്‌തിക ലഭിക്കുമെന്നതു മാത്രമാകും ഐ.പി.എസുകാരുടെ നേട്ടം. അടിയന്തരഘട്ടങ്ങളില്‍ പോലീസ്‌ നിയമത്തിലെ 144 (സംഘം ചേരുന്നതു തടയല്‍), 107 (നല്ലനടപ്പ്‌) എന്നീ വകുപ്പുകള്‍ ഐ.ജിമാര്‍ക്കു പ്രയോഗിക്കാം. 144 പ്രകാരം നിരോധനാജ്‌ഞ പ്രഖ്യാപിക്കാം. 107 പ്രകാരം പ്രതികളെ വിളിച്ചുവരുത്തി താക്കീതു ചെയ്യാം. ഇതു സംബന്ധിച്ച ഉത്തരവ്‌ ഉടനുണ്ടാകും.
മുമ്പ്‌ ഈ രണ്ടു വകുപ്പുകളും പ്രയോഗിക്കാനുള്ള അധികാരം ജില്ലാ കലക്‌ടര്‍മാര്‍ക്കായിരുന്നു. ഇവയുള്‍പ്പെടെ വിപുലമായ അധികാരങ്ങള്‍ ആവശ്യപ്പെട്ടാണു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ കമ്മിഷണറേറ്റ്‌ രൂപീകരണത്തിനു ശിപാര്‍ശ നല്‍കിയത്‌. ജില്ലയിലെ പൊതുഭരണം ഏകോപിപ്പിക്കാനുള്ള (പോലീസ്‌ നിയമം 2011, എട്ടാംവകുപ്പ്‌, 19-ാം സെക്ഷന്‍) അധികാരവും ഇതില്‍ ഉള്‍പ്പെടുന്നു. അനധികൃതകെട്ടിടങ്ങള്‍ ഏറ്റെടുക്കുക, അനധികൃത കായികപരിശീലനങ്ങള്‍ നിരോധിക്കുക, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുമായി ആലോചിച്ച്‌ ക്രമസമാധാനഭീഷണിയുയര്‍ത്തുന്ന വിഷയങ്ങളില്‍ ഇടപെടുക എന്നിവയാണു മറ്റാവശ്യങ്ങള്‍.
ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങി പൊതുസ്‌ഥലങ്ങളുടെ 200 മീറ്ററിനുള്ളില്‍ അസാന്മാര്‍ഗികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അറസ്‌റ്റ് ചെയ്യാനും അത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുമുള്ള അധികാരവും ലോക്‌നാഥ്‌ ബെഹ്‌റ സര്‍ക്കാരിനു സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പ്രക്ഷോഭകരെ പിരിച്ചുവിടാനും അതിനായി ബലം പ്രയോഗിക്കാനും വെടിവയ്‌പ്പിന്‌ ഉത്തരവിടാനും ഐ.ജിമാര്‍ക്ക്‌ അധികാരം നല്‍കണമെന്നു പോലീസ്‌ മേധാവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതൊന്നും അനുവദിച്ചിട്ടില്ല.
അറസ്‌റ്റ് വാറന്റ്‌, സെര്‍ച്ച്‌ വാറന്റ്‌ തുടങ്ങി ജില്ലാ മജിസ്‌ട്രേറ്റുമാരായ കലക്‌ടര്‍മാര്‍ക്കുള്ള അധികാരങ്ങള്‍ പോലീസിനും അനുവദിക്കണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു. ഫലത്തില്‍, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള രണ്ട്‌ അധികാരങ്ങള്‍ മാത്രമായി തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറേറ്റുകള്‍ നിലവില്‍വരും. എസ്‌.പിമാരുടെ കസേരയില്‍ ഐ.ജിമാര്‍ ഇരിക്കും. ഡി.ഐ.ജിമാര്‍ എ.എസ്‌.പിമാരാകും. പോലീസ്‌ കമ്മിഷണറേറ്റ്‌ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു നിയമസഭയിലും വിഷയം ചര്‍ച്ചയാകും.

എസ്‌. നാരായണ്‍

Ads by Google
Friday 14 Jun 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW