Thursday, June 13, 2019 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 03.32 PM

ആസ്ത്മ രോഗികള്‍ക്ക് ആയുര്‍വേദം

''ശ്വാസംമുട്ടല്‍, നെഞ്ചില്‍ കഫക്കെട്ട് തുടങ്ങിയവയാണ് ആസ്ത്മയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഏതു പ്രായക്കാരിലും ഉണ്ടാകുന്നു എന്നതാണ് ആസ്ത്മ രോഗത്തിന്റെ പ്രത്യേകത. എന്നാല്‍ ഇപ്പോള്‍ സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. പൊടി ശല്യമേറെയുള്ള വീട്ടുജോലികളില്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ഏര്‍പ്പെടുന്നത് ഇതിനൊരു കാരണമാണ്''
Asthma Treatment in Ayurveda

ആധുനിക ജീവിതശൈലിയും കാലാവസ്ഥാ വ്യതിയാനവും മൂലം വര്‍ധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാംസ്ഥാനത്താണ് ആസ്ത്്മ. ഈ രോഗംമൂലം കഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ ഏറിവരുന്നതായി കാണാം.

ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനമായ അലര്‍ജിയാണ് ആസ്ത്മയിലേക്ക് വഴിതെളിക്കുന്നത്. അലര്‍ജിമൂലം ശ്വസനവ്യവസ്ഥയിലെ ശ്വാസനാളിയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ ഫലമായി ശ്വസനത്തിന് തടസം നേരിടുന്നു. ഇതാണ് ആസ്ത്മയായി മാറുന്നത്.

ശ്വാസംമുട്ടല്‍, നെഞ്ചില്‍ കഫക്കെട്ട് തുടങ്ങിയവയാണ് ആസ്ത്മയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഏതു പ്രായക്കാരിലും ഉണ്ടാകുന്നു എന്നതാണ് ആസ്ത്മ രോഗത്തിന്റെ പ്രത്യേകത. എന്നാല്‍ ഇപ്പോള്‍ സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്.

പൊടി ശല്യമേറെയുള്ള വീട്ടുജോലികളില്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ഏര്‍പ്പെടുന്നത് ഇതിനൊരു കാരണമാണ്. യാതൊരുവിധ മുന്‍കരുതലും കൂടാതെയാണ് പല വീട്ടമ്മമാരും വീടു വൃത്തിയാക്കുന്നതും വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതും.

പുലര്‍കാലത്തുള്ള ബുദ്ധിമുട്ടുകള്‍


ശ്വാസംമുട്ടല്‍, ഇടവിട്ടുള്ള ചുമ, വലിവ്, കഫക്കെട്ട് എന്നിവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങള്‍. പകല്‍ സമയത്ത് അത്രയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാത്ത ആസ്ത്മ രാത്രിയുടെ അവസാന യാമങ്ങളിലോ പുലര്‍കാലത്തോ ആണ് പിടിമുറുക്കുന്നത്. ആയുര്‍വേദത്തില്‍ കഫ - വാത ദോഷങ്ങള്‍ക്ക് പ്രാധാന്യമുള്ള സാഹചര്യത്തില്‍ രോഗം വര്‍ധിക്കാനിടയുണ്ടെന്നതാണ് ഇതിനു കാരണം. ഇരുള്‍ മൂടിയ ആകാശം, തണുത്ത വെള്ളം, തണുത്തകാറ്റ് മുതലായവയെല്ലാം ആസ്ത്മ വര്‍ധിപ്പിക്കാനിടയുള്ള സാഹചര്യങ്ങളാണ്.

കിടക്കുമ്പോഴാണ് ആസ്ത്മാ രോഗികള്‍ക്ക് അസ്വസ്ഥതകള്‍ കൂടുതലായും അനുഭവപ്പെടുന്നത്. എന്നാല്‍ എണീറ്റിരിക്കുമ്പോള്‍ ആശ്വാസം അനുഭവപ്പെടുകയും ചെയ്യുന്നു. തുടര്‍ച്ചയായി കാണപ്പെടാത്ത ആസ്ത്മ വന്നും പൊയ്‌ക്കൊണ്ടുമിരിക്കും. പാരമ്പര്യം ആസ്ത്മയില്‍ പ്രധാന ഘടകമാണ്. ഇതു കൂടാതെ തൊഴിലിന്റെ സ്വഭാവം, അലര്‍ജി, ചില മരുന്നുകള്‍, ഭക്ഷണ പാനീയങ്ങള്‍, പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷം മാനസിക സമ്മര്‍ദം തുടങ്ങിയവയെല്ലാം ആസ്ത്മ വര്‍ധിക്കാന്‍ കാരണമാകുന്നു.

രോഗപ്രതിരോധശക്തി കുറഞ്ഞവരില്‍


രോഗപ്രതിരോധശക്തി കുറഞ്ഞവരിലാണ് ആസ്ത്മ കൂടുതലായും കണ്ടുവരുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശക്തിയുമായി ബന്ധപ്പെട്ട പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് ആസ്ത്മ രോഗവുമായി ബന്ധമുണ്ട്. അന്യവസ്തുക്കളുമായി ശരീരം സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ അവയെ പ്രതിരോധിക്കുവാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും രോഗാവസ്ഥയിലേക്ക് നയിക്കാറുണ്ട്. അലര്‍ജിയുടെ ഭാഗമായി ശ്വസനനാളികളുടെ ആന്തരിക ശ്‌ളേഷ്മ സ്തരങ്ങളില്‍ വീക്കം ഉണ്ടാകുന്നതാണ് ആസ്ത്മയുടെ ആദ്യ ഘട്ടം.
Asthma Treatment in Ayurveda

അലര്‍ജിയെതുടര്‍ന്നുള്ള വീക്കം മൂലം ശ്വസനനാളികകളുടെ ഉള്‍വ്യാസം കുറയുന്നു. ഇതുമൂലം ഇടുങ്ങിയ നാളികകളിലൂടെയുള്ള വായുപ്രവാഹം തടസപ്പെടുന്നു. ശ്വാസനാളങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാംസപേശികളുടെ സങ്കോചവും അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന കഫവും കൂടി ചേരുമ്പോള്‍ ശ്വാസംമുട്ടല്‍ ഉണ്ടാകുന്നു.

അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ സ്വയം കണ്ടെത്തിയാല്‍ ആസ്ത്മപോലുള്ള സങ്കീര്‍ണതകളിലേക്ക് പോകാതിരിക്കാന്‍ സഹായിക്കും. ഏതെങ്കിലും ഭക്ഷണത്തില്‍ നിന്നും അലര്‍ജി അനുഭവപ്പെട്ടാന്‍ കുടുംബത്തില്‍ മറ്റുള്ളവര്‍ക്കും ഇതേ പ്രശ്‌നം ഉണ്ടോ എന്ന് നോക്കുക. ഏത് ഭക്ഷണ സാധനമാണ് അലര്‍ജിക്ക് കാരണമായതെന്ന് തിരിച്ചറിയുക. പിന്നീട് അത് ഉപയോഗിക്കാതിരിക്കാം.

ചികിത്സാ രീതികള്‍


ആസ്ത്മയ്ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പ്രകൃതിയൊരുക്കുന്ന ഔഷധക്കൂട്ടുകള്‍ അലര്‍ജിയെ തടയുകയും ആസ്ത്മയുടെ അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്നു. മറ്റ് ശരീരദോഷങ്ങള്‍ക്ക് പ്രയോഗിക്കുന്ന ചികിത്സാ മാര്‍ഗങ്ങള്‍ രോഗത്തിന്റെയും രോഗികളുടെയും സ്ഥിതി മനസിലാക്കി ആയുര്‍വേദത്തില്‍ പ്രയോഗിക്കുകയാണ് ചെയ്യുന്നത്.

ഔഷധപ്രയോഗങ്ങള്‍, യോഗ, പ്രാണായാമം, ധാര, സ്‌നേഹപാനം, വിരേചനം, വയര്‍പ്പിക്കല്‍ തുടങ്ങിയ ചികിത്സകള്‍ ആസ്ത്മയ്ക്ക് പ്രതിവിധിയായി പ്രയോഗിക്കുന്നു. കഫദോഷം കൊണ്ടു ഉണ്ടാകുന്നതിനാല്‍ കഫത്തെ പുറന്തള്ളുന്നത് ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ള ചികിത്സാരീതിയാണ്. ഇതിനായി വമനകര്‍മ്മമാണ് ചെയ്യുന്നത്. ഉദരസംബന്ധമായ മറ്റ് രോഗങ്ങളൊന്നുമില്ലെങ്കില്‍ രോഗിക്ക് ഉചിതമായ ഔഷധങ്ങള്‍ നല്‍കി ഛര്‍ദിപ്പിക്കും.

സാധാരണയായി ശോധനക്രിയകള്‍ക്ക് ശേഷമാണ് ഔഷധപ്രയോഗം നടത്തുന്നത്. ദശമൂല കടുത്രയം, അഗസ്ത്യ രസായനം, ഡാഡിമാദി ഘൃതം, പടോല കടുരോഹിണ്യാദി കഷായം തുടങ്ങിയ മരുന്നുകളാണ് ആസ്ത്മാരോഗികള്‍ക്ക് ആശ്വാസം പകരുന്നത്. വൈദ്യനിര്‍ദേശമനുസരിച്ച് മാത്രമേ ഇത്തരം ഔഷധങ്ങള്‍ സേവിക്കാവു എന്നു മാത്രം. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുവാനും രോഗത്തിന്റെ ആവര്‍ത്തനസ്വഭാവം കുറയ്ക്കുവാനും ഇന്ദുകാന്ത ഘൃതം, ച്യവനപ്രാശം, ബ്രാഹ്മസായനം തുടങ്ങി ഔഷധങ്ങള്‍ ഡോക്ടര്‍ നിര്‍ശേദിക്കുന്ന കാലം വരെ കഴിക്കേണ്ടിവരും.

ജീവിതക്രമവും ആഹാരശൈലിയും


ആസ്ത്മാ രോഗികള്‍ ജീവിതക്രമത്തിലും ആഹാരശൈലിയിലും പ്രത്യേക ശ്രദ്ധകൊടുക്കണം. അതായത് മരുന്നുകഴിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല. മരുന്നുപോലെ പ്രധാനപ്പെട്ടതാണ് ആസ്ത്മ ചികിത്സയില്‍ ഭക്ഷണനിയന്ത്രണത്തിനുള്ള പങ്ക്. ചിട്ടയോടു കൂടിയ ജീവിതം വേണം ആസ്ത്മയുടെ ബുദ്ധിമുട്ട് ഉള്ളവര്‍ സ്വീകരിക്കാന്‍.

തണുഞ്ഞ അന്തരീക്ഷവും തണുത്ത ഭക്ഷണ സാധനങ്ങളും പാടേ ഒഴിവാക്കണം. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം, ഐസ് എന്നിവയാകെ ഉപയോഗിക്കാതിരിക്കണം. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ആസ്ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുക. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കണം.

Asthma Treatment in Ayurveda

മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം. ദഹനതടസമുണ്ടാക്കുന്ന ആഹാരങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ പാടില്ല. അതിനെല്ലാമുപരി ശുദ്ധമായ ഗൃഹാന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമവും ഇതോടൊപ്പം നടത്തേണ്ടതാണ്.

വീട്ടില്‍ ചെയ്യാവുന്നത്


ആസ്ത്മയുടെയും അലര്‍ജിയുടെയും അസ്വസ്ഥതകള്‍ക്ക് ആശ്വാസം ലഭിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന ആയുര്‍വേദ ഔഷധങ്ങളുണ്ട്.
1. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ സ്വരസം 10 മില്ലി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. കുരുമുളക് പൊടിച്ച് കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക.
2. കച്ചോല ചൂര്‍ണം 10 ഗ്രാം തേനില്‍ കുഴച്ച് കഴിക്കുക.
3. ഇഞ്ചിനീര്, ചുവന്നുള്ളി നീര് എന്നിവ തേന്‍ ചേര്‍ത്ത് കഴിക്കുക
4. ഉണക്കിപ്പൊടിച്ച തിപ്പലിയും പഞ്ചസാരയും ചേര്‍ത്ത് രണ്ടുനേരം സേവിക്കുക.
5. തുളസിയില നീരില്‍ അഞ്ച് മില്ലി തേന്‍ ചേര്‍ത്ത് കഴിക്കുക.
6. തൃഫല, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവചേര്‍ത്ത് കഷായം വച്ചു കുടിക്കുക.

കടപ്പാട്:
ഡോ. പി. മോഹനന്‍ വാരിയര്‍
കോട്ടക്കല്‍ ആര്യവൈദ്യശാല, കോട്ടക്കല്‍

Ads by Google
Thursday 13 Jun 2019 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW