Tuesday, August 20, 2019 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.49 AM

മഴക്കാല രോഗങ്ങള്‍ക്കെതിരേ ജാഗ്രത വേണം

uploads/news/2019/06/314485/editorial.jpg

മഴക്കാലത്തിനൊപ്പം വിവിധ രോഗങ്ങളും കേരളത്തിലേക്ക്‌ എത്തുകയാണ്‌. നിപ ബാധയുടെ ഭീഷണി ഏറെക്കുറെ ഒഴിഞ്ഞെങ്കിലും അതു പോലെതന്നെ ഗൗരവമുള്ളതാണ്‌ മഴക്കാല രോഗങ്ങളും. വിവിധ പനികള്‍ ബാധിച്ച്‌ ധാരാളം പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നുണ്ട്‌. മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ ഡെങ്കിപ്പനി, എലിപ്പനി എന്നിവ പല സ്‌ഥലങ്ങളിലും റിപ്പോര്‍ട്ട്‌ ചെയ്‌തു. വെള്ളത്തില്‍ നിന്ന്‌ പകരുന്ന രോഗങ്ങള്‍, കൊതുക്‌ പരത്തുന്ന രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിങ്ങനെ കേരളീയനെ കാത്തിരിക്കുന്നത്‌ പല ദീനങ്ങളാണ്‌. മുന്‍പ്‌ പനി എന്ന ഒറ്റ ഗണത്തില്‍ പെടുത്താവുന്ന രോഗങ്ങള്‍ മാത്രമാണ്‌ കാണപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അതിന്‌ ഉപവിഭാഗങ്ങള്‍ ഏറെയാണ്‌. മിക്കതും സൂക്ഷിച്ചില്ലെങ്കില്‍ അതീവ ഗുരുതരമാകുന്നവ.

വയറിളക്കം, ടൈഫോയ്‌ഡ്‌, മഞ്ഞപ്പിത്തം, കോളറ, ഛര്‍ദി, അതിസാരം, മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, ജപ്പാന്‍ ജ്വരം, എലിപ്പനി, വിവിധ വൈറല്‍ പനികള്‍ എന്നിവയാണ്‌ മഴക്കാലത്ത്‌ കാണപ്പെടുന്ന പ്രധാന അസുഖങ്ങള്‍. ശ്രദ്ധ വച്ചാല്‍ ഒഴിവാക്കാവുന്നവയാണ്‌ ഈ അസുഖങ്ങളിലേറെയും. പരിസരം ശുചിയായി സൂക്ഷിക്കുക എന്നതാണ്‌ രോഗപ്രതിരോധത്തിനുള്ള ഏറ്റവും പ്രധാന മാര്‍ഗം. ഇതോടൊപ്പം വ്യക്‌തിശുചിത്വവും ശുചിത്വമുള്ള വീട്ടകങ്ങളും പ്രധാനമാണ്‌. വെള്ളം കെട്ടിക്കുന്നത്‌ കൊതുകുകള്‍ പകരാന്‍ ഇടയാക്കുന്നു. മലേറിയയും ഡെങ്കിപ്പനിയും പോലുള്ളവ പരത്തുന്ന കൊതുകുകള്‍ക്ക്‌ പെരുകാന്‍ ഇടനല്‍കുന്ന ഇതേ വെള്ളക്കെട്ടുകള്‍ തന്നെ എലിപ്പനിക്കും വഴിയൊരുക്കുന്നു. രോഗംബാധിച്ച എലികളുടെ സംസര്‍ഗത്താല്‍ മലിനമായ ഇത്തരം വെള്ളക്കെട്ടുകളില്‍ നിന്നാണ്‌ എലിപ്പനി മനുഷ്യരിലേക്ക്‌ പകരുന്നത്‌. കുടിവെള്ളം മലിനമാകുന്നതും രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. ഇതോടൊപ്പം തന്നെ രോഗവാഹകരായ ഈച്ചകള്‍ പെരുകുന്നതും രോഗങ്ങളിലേക്കാണ്‌ നയിക്കുന്നത്‌. ഈ സമയത്ത്‌ ആകെ തണുത്ത അന്തരീക്ഷമായതിനാല്‍ രോഗാണുക്കള്‍ പെരുകാനുള്ള സാഹചര്യവുമുണ്ട്‌. ഇത്‌ ജലത്തിനൊപ്പം വായുവിലൂടെയൂം രോഗം പരക്കാന്‍ ഇടയാക്കുന്നു.

രോഗം പകരാനും രോഗാണുക്കള്‍ പെരുകാനുമുള്ള സാഹചര്യം സൃഷ്‌ടിക്കാതിരിക്കുക എന്നതാണ്‌ പ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ടത്‌. കേരളത്തിലെ കാലാവസ്‌ഥ മാറിക്കൊണ്ടിരിക്കുകയാണ്‌. ആറുമാസം മഴയും ആറുമാസം വെയിലും എന്ന പഴയ സങ്കല്‍പമൊക്കെ പോയ്‌മറഞ്ഞു. കടുത്ത മഴക്കാലത്തു പോലും ഒരുദിവസം മഴ മാറിനിന്നാല്‍ നാടു ചുട്ടുപൊള്ളും. കാലാവസ്‌ഥയില്‍ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ ജനങ്ങളുടെ രോഗപ്രതിരോധ ശക്‌തിയെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. അതുകൊണ്ടു കൂടിയാണ്‌ പണ്ടില്ലാത്തവിധം രോഗങ്ങള്‍ കാണപ്പെടുന്നത്‌. കാലാവസ്‌ഥയിലെ മാറ്റത്തിനൊപ്പം മാലിന്യം നിറഞ്ഞ പരിസരവും രോഗങ്ങള്‍ക്ക്‌ വഴിവയ്‌ക്കുന്നു. പരിസരശുചിത്വം സംബന്ധിച്ച്‌ എത്ര വിപുലമായ ബോധവത്‌കരണം നടത്തിയാലും അതു ഗൗനിക്കില്ലെന്ന നിലപാടുകാരാണ്‌ ഭൂരിപക്ഷം പേരും. ഫലമോ നാട്‌ രോഗാതുരമാകുന്നു. മാലിന്യം നീക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും ഫലപ്രദമാകുന്നുമില്ല. പ്രകൃതിയെ ഇത്തരത്തില്‍ മാലിന്യക്കൂമ്പാരമാക്കിയാല്‍ വരും തലമുറയാവും അതിന്റെ കെടുതി അനുഭവിക്കേണ്ടിവരിക. ഇതു മനസ്സില്‍ കണ്ട്‌, ഭാവി കേരളത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതും നമ്മുടെ കര്‍ത്തവ്യമാണെന്ന്‌ മനസ്സിലാക്കിക്കൊണ്ടുള്ള തിരുത്തല്‍ നടപടി കൈക്കൊള്ളാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്‌.

Ads by Google
Thursday 13 Jun 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW