Tuesday, August 20, 2019 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Thursday 13 Jun 2019 01.48 AM

മഴ കരുതിവയ്‌ക്കാന്‍ കൂടിയുള്ളതാണ്‌

uploads/news/2019/06/314484/bft1.jpg

ഒരു മഴക്കാലത്തിനുകൂടി തുടക്കം. മഴ മലയാളിക്കെന്നും ഗൃഹാതുരസ്‌മരണയാണ്‌. കുംഭം മുതല്‍ മേടം വരെ അനുഭവിച്ച കൊടുംചൂടില്‍നിന്നുള്ള മോചനമാണ്‌ ഓരോ മഴക്കാലവും മലയാളിക്ക്‌. എന്നാല്‍, ഇത്തവണ മഴ ആശ്വാസത്തോടൊപ്പം ആശങ്കയും ഉണര്‍ത്തുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയവും അതുണ്ടാക്കിയ പൊല്ലാപ്പുകളുമാണ്‌ ഈ ആശങ്കയ്‌ക്ക്‌ ആധാരം. മാനത്ത്‌ കാറുകൊള്ളുമ്പോള്‍ കറണ്ട്‌ പോകുമെന്നതു നമ്മുടെ സാധാരണ പ്രയോഗമാണ്‌. സമാന സാഹചര്യങ്ങളില്‍ പുതിയ ചില പ്രയോഗങ്ങള്‍കൂടി നാം തുടക്കം കുറിച്ചിരിക്കുന്നു. ചുവപ്പ്‌, ഓറഞ്ച്‌ വര്‍ണങ്ങളിലുള്ള അലര്‍ട്ടുകളെ കൂട്ടുപിടിച്ചാണ്‌ ഈ പ്രയോഗങ്ങള്‍.

മഴയെന്ന സുഖാനുഭവം

മനുഷ്യന്റെ വൈകാരികതയെ ഇത്ര തീവ്രമായി സ്വാധീനിക്കുന്ന മറ്റൊരു പ്രകൃതിപ്രഭാസമില്ല. ഇത്‌ ആസ്വദിക്കാത്ത ആരെങ്കിലുമുണ്ടോയെന്നതു സംശയമാണ്‌. കുളിരായോ കാറ്റിന്റെ നനുത്ത സ്‌പര്‍ശമായോ ആണു മഴ മനുഷ്യനുമായി സംവദിക്കുന്നത്‌. മഴ വിഷയമാക്കാത്ത കവികളോ എഴുത്തുകാരോ ചിത്രകാരോ ചലച്ചിത്രകാരോ ഉണ്ടാകില്ല. മഴയുടെ രൂപഭാവങ്ങള്‍ പലരും ആസ്വദിക്കുക പല രൂപത്തിലായിരിക്കും..ഭൂരിപക്ഷത്തിനും മഴ ആനന്ദമാണെങ്കില്‍ അപൂര്‍വം ചിലര്‍ക്ക്‌ വേദനയുടെ പ്രതീകമാണ്‌. സ്വന്തമായി ഒരുതുണ്ടു ഭൂമിയോ തലചായ്‌ക്കാന്‍ കൂരയോ ഇല്ലാത്തവനെ മഴയുടെ കാല്‍പ്പനിക സൗന്ദര്യം അത്ര ഭ്രമിപ്പിക്കാനിടയില്ല. വിളവെടുപ്പിനു മുന്നോടിയായി മഴയെത്തിയാല്‍ കര്‍ഷകന്റെ മനോഭാവവും വ്യത്യസ്‌തമായിരിക്കും. അധ്വാനത്തിന്റെ ഫലം പെരുവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകുമോ എന്ന പേടിയാകും ഈ ഘട്ടത്തില്‍ കര്‍ഷകര്‍ക്ക്‌.
ഇത്തവണയും കാലവര്‍ഷം ജൂണ്‍ ആദ്യവാരം തന്നെയെത്തി. ഓര്‍മകളില്‍ ആ പഴയ മഴക്കാലം തെളിഞ്ഞുവരുന്നു. മഴ നനഞ്ഞും വെള്ളം തെറിപ്പിച്ചും വാഴയിലയോ ചേമ്പിലയോ ചൂടി സ്‌കൂളില്‍ പോയ ആ സുന്ദരകാലം. കുടയുണ്ടെങ്കില്‍ തന്നെ സ്‌കൂളിലെത്തോമ്പോള്‍ ആകെ നനഞ്ഞിരിക്കും. മടക്ക യാത്രയില്‍ ഒഴിച്ചുകൂടാനാവാത്ത വിനോദമാണു കൈത്തോട്ടിലെ പരല്‍മീന്‍ പിടുത്തം. വയല്‍വരമ്പില്‍ മഴനനഞ്ഞു കൂട്ടരുമൊത്ത്‌ ഓടിവീണ്‌ മേലാസകലം ചെളിപുരണ്ടതും തോടുകളില്‍ നീന്തിത്തുടിച്ചതുമെല്ലാം മനസിലെ വെള്ളിത്തിരയില്‍ ഇന്നും നിറം മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നു. മഴക്കാല സന്ധ്യകളില്‍ കേട്ടിരുന്ന തവളകളുടെ മഴപ്പാട്ടിന്റെ മാധുര്യം കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു.
എന്നെ സംബന്ധിച്ച്‌ മഴ ഒരു അധ്യാത്മിക അനുഭവമാണ്‌. അതെപ്പോഴും അങ്ങനെയായിരുന്നു. മഴയില്‍ കുതിര്‍ന്നു നില്‍ക്കുമ്പോള്‍ തോന്നും ഞാനും ഈ പ്രകൃതിയും ഒന്നുതന്നെയെന്ന്‌. പഞ്ചഭൂതങ്ങളുടെയും സാന്നിധ്യം മനസ്‌ തൊട്ടറിയുന്നു. വേനലിന്റെ അവസാനം ആദ്യമായി പെയ്യുന്ന മഴ, എന്നെ സംബന്ധിച്ചിടത്തോളം വളരെ ആനന്ദദായകമായിരുന്നു. മഴത്തുള്ളികള്‍ ദേഹത്തില്‍ വീണു ചിതറുമ്പോള്‍ ഞാന്‍ സന്തോഷത്തോടെ ആര്‍ത്തു വിളിക്കും. വാക്കുകള്‍ക്ക്‌ വിവരിക്കാനാവാത്ത രീതിയില്‍ അതെന്നെ സന്തോഷിപ്പിച്ചിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ മഴ നനഞ്ഞു നില്‍ക്കുക വലിയൊരാനന്ദാനുഭൂതിയായി. ഞങ്ങളുടെ വീട്ടില്‍ നടുമുറ്റമുണ്ടണ്ട്‌. അതുകൊണ്ടണ്ട്‌ പുറത്തിറങ്ങാതെതന്നെ മഴയില്‍ അടിമുടി കുതിര്‍ന്നു നില്‍ക്കാന്‍ എനിക്ക്‌ സൗകര്യമുണ്ടായിരുന്നു. ശ്രീ സദ്‌ ഗുരുവിന്റെ മഴ അനുഭവമാണിത്‌. മഴ ഊഷരഭൂമിയെ ആര്‍ദ്രമാക്കാന്‍ വരുന്ന പ്രകൃതിയുടെ കണ്ണുനീര്‍ തന്നെയാവാമെന്നു പറയാനാണു സാഹിത്യ പ്രതിഭകള്‍ക്കിഷ്‌ടം. പ്രപഞ്ച സംഗീതത്തിലെ ആദിതാളം...
പ്രപഞ്ചവിപഞ്ചികയില്‍ കാറ്റിന്റെ വിരലുകള്‍ തഴുകുമ്പോള്‍ ഊര്‍ന്നു വീഴുന്ന സംഗീതം. കാറ്റിന്‍ വിരലുകള്‍ രാഗതന്ത്രിയിലൂടെ വേഗത്തിലോടുമ്പോള്‍ ആദ്യം പെരുമഴയായും പിന്നീട്‌ അതിവര്‍ഷമായും അതു മാറുന്നു. മഴയുടെ താളത്തിനൊപ്പം രാപകലെന്നു നോക്കാതെ ഇലകള്‍ നൃത്തമാടാറുണ്ട്‌. മഴക്കുളിരാല്‍ മണ്ണും പുളകിതയാകും. മഴ അരങ്ങൊഴിഞ്ഞാലും കുളിര്‌ ശമിക്കാത്ത മണ്ണിനെ പുതുപുല്‍നാമ്പുകള്‍ പച്ചപ്പുതപ്പ്‌ പുതപ്പിക്കുന്നു. മഴ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുമ്പോള്‍ പെരുമഴ കുളിരേകും. അതിവര്‍ഷം രൗദ്രമാകുകയും പ്രകൃതിയോട്‌ കാട്ടുന്ന പാപങ്ങള്‍ക്കുള്ള കണക്ക്‌ പറച്ചിലുമാകും. എന്തായാലും മഴ എന്നത്‌ ഭൂമിയെ ജീവമണ്ഡലമാക്കി നിലനിര്‍ത്തുന്നു എന്നതാണ്‌ പ്രപഞ്ച സത്യം. ആകാശവും ഭൂമിയും പരസ്‌പരം ചുംബിച്ച്‌ ജീവന്റെ ഉല്‍പ്പാദനത്തിനായി ഇണചേരുന്ന ധന്യമുഹൂര്‍ത്തം.
മരുഭൂമിയുടെ ചുടുമണലില്‍ നിരവധി മാസങ്ങളായി ചുട്ടുപൊള്ളിക്കിടന്ന ഒരു ധാന്യ മുത്ത്‌, അപ്രതീക്ഷിതമായി മരുഭൂമിയില്‍ പൊയ്‌ത മഴ കഴിഞ്ഞപ്പോള്‍ തളിരിട്ട്‌ പൊന്തിവന്നതിനെ ബന്യാമന്‍ "ആടുജീവിത"ത്തില്‍ വര്‍ണ്ണിക്കുന്നുണ്ട്‌. മനുഷ്യന്റെ വൈകാരികതയെ അതിതീവ്രമായി സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളില്‍ ഒന്നുതന്നെയാണ്‌ മഴ.

കരുതിവയ്‌ക്കാം മഴവെള്ളം

മഴക്കാലം ഇനിമുതല്‍ നമുക്കു കരുതിവയ്‌ക്കാന്‍ കൂടിയുള്ളതാണ്‌. കടുത്ത വേനലാണു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാം അനുഭവിക്കുന്നത്‌. കുടിവെള്ളം കിട്ടാതാകുന്നു. കിണറുകള്‍ വറ്റിവരളുന്നു. അതേസമയം, മഴവെള്ളം കരുതലില്ലാതെ നാം പാഴാക്കുന്നു. ഒരു വര്‍ഷം പെയ്യുന്ന മഴ, ഒഴുകിപോകാനനുവദിക്കാതെ കെട്ടിനിര്‍ത്തുകയാണെങ്കില്‍ കേരളത്തിന്റെ ഉപരിതലത്തില്‍ ഏകദേശം മൂന്നുമീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ടാകും. ദേശീയ ശരാശരിയേക്കാള്‍ 2.78 ഇരട്ടി മഴ കിട്ടിയിട്ടും നാം ജലപ്രതിസന്ധി നേരിടുകയാണ്‌. ദൈവാനുഗ്രഹമായ മഴയുടെയും മഴയിലൂടെ ലഭിക്കുന്ന വെള്ളത്തിന്റെയും വില നിര്‍ണയിക്കാന്‍ സാധിക്കാതെ പോയതാണു വരള്‍ച്ചക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഗതിയിലേക്ക്‌ നമ്മെ തള്ളിവിട്ടത്‌.
മഴവെള്ളം മണ്ണിലേക്കുതന്നെ കടത്തിവിട്ട്‌ ഭൂഗര്‍ഭജലനിരപ്പ്‌ ഉയര്‍ത്തുകയാണ്‌ വേണ്ടത്‌. അതു ചെയ്യുമ്പോഴാണ്‌ മഴ പൂര്‍ണ്ണമായും ഉപകാരപ്രദമാകുന്നത്‌. പെയ്യുന്ന മഴയുടെ ഒരു ഭാഗം മണ്ണിലേക്കരിച്ചിറങ്ങി ഭൂഗര്‍ഭതലങ്ങളിലെത്തുന്നു. ഇങ്ങനെ കാലങ്ങളായി ശേഖരിക്കപ്പെടുന്ന ജലമാണു ഭൂഗര്‍ഭ ജലസ്രോതസായി രൂപപ്പെടുന്നത്‌. നാം ധരിച്ചിട്ടുള്ള പോലെ ഭൂമിക്കടിയില്‍ ധാരാളം വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളോ ജലാശയങ്ങളോ അല്ല വെള്ളം സംഭരിച്ച്‌ വച്ചിട്ടുള്ളത്‌. മറിച്ച്‌ ഭൂമിക്കടിയിലെ കല്ലിലും മണ്ണിലുമുള്ള സൂക്ഷ്‌മ സുഷിരങ്ങളില്‍ ഒരു സ്‌പോഞ്ചിലെന്ന പോലെ ജലം ശേഖരിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ ഭൂഗര്‍ഭ അറകളില്‍ വെള്ളംനിറയണമെങ്കില്‍ മഴവെള്ളം ഒഴുക്കിക്കളയാതിരിക്കണം. വീട്ടുമുറ്റം ടൈല്‍ പാകി മോടിപിടിപ്പിക്കുമ്പോള്‍ പെയ്‌ത്തുവെള്ളം മണ്ണിലേക്കിറങ്ങുന്നില്ല. പുരയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ പൊതുനിരത്തിലേക്കും മറ്റും വെട്ടിത്തുറന്നുവിടുമ്പോള്‍ വേനല്‍ദുരിതത്തെ ക്ഷണിച്ചു വരുത്തുകകൂടിയാണ്‌ നാം.
പറമ്പില്‍ എവിടെയെങ്കിലും പൊട്ടക്കിണറോ വലിയ കുഴികളോ ഉണ്ടെങ്കില്‍ അതു നികത്താതെ മഴവെള്ളം അതിലേക്ക്‌ ഒഴുക്കി സംഭരിക്കണം. അപകടം ഒഴിവാക്കാന്‍ ചുറ്റുവേലികെട്ടി ഇതു സംരക്ഷിക്കുകയും വേണം. ചെറിയ സ്‌ഥലത്താണു വീടെങ്കില്‍ ടെറസിലെ വെള്ളം ദൂരേക്ക്‌ ഒഴുക്കിക്കളയാതെ പൈപ്പിട്ട്‌ താഴെ മണല്‍ വിരിച്ച കുഴിയിലേക്ക്‌ എത്തിക്കുന്നതാകും ഉചിതം. തീരപ്രദേശങ്ങളില്‍ പുരപ്പുറത്തെ വെള്ളം വീടിനു ചുറ്റും അകലെ ചാലുണ്ടാക്കി അതിലേക്ക്‌ വിട്ടാല്‍ പറമ്പിലെ ഉപ്പുവെള്ളത്തിന്റെ സാന്ദ്രത കുറയും.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Thursday 13 Jun 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW