Tuesday, August 20, 2019 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.47 AM

തൃശൂര്‍ പൂരത്തിന്റെ മേളമാധുര്യം

uploads/news/2019/06/314483/bft2.jpg

തൃശൂരിലെ അന്നമനട അധികമാരും അറിയുന്ന സ്‌ഥലമല്ല. എന്നാല്‍, കലാഗ്രാമമെന്ന നിലയില്‍ അന്നമനടയുടെ പ്രശസ്‌തി ലോകമെമ്പാടും പരന്നു. അതിനു വഴിയൊരുക്കിയത്‌ തൃശൂര്‍പൂരത്തിലെ പഞ്ചവാദ്യവും. പഞ്ചവാദ്യത്തിനു തന്റേതായ സംഭാവന നല്‍കിയ അന്നമനട പരമേശ്വരമാരാര്‍ ഒരു നാടിന്റെ ജീവതാളമായി. തിമിലയിലെ അനന്തസാധ്യതകള്‍ ചെറുപ്പത്തിലേ തൊട്ടറിഞ്ഞ പരമേശ്വരമാരാര്‍ക്ക്‌ കല ജീവിതദൗത്യമായിരുന്നു.
പതിഞ്ഞകാലത്തില്‍ നിന്നു തുടക്കം. പിന്നീടു വിരലുകളിലേക്ക്‌ ഊര്‍ജമാവാഹിച്ചുള്ള കൊട്ടല്‍. ആര്‍ത്തിരമ്പുന്ന വാദ്യമായിരുന്നു അത്‌. ഇടകാലത്തില്‍ ആസ്വാദകനെ അക്ഷരാര്‍ഥത്തില്‍ ത്രസിപ്പിക്കുന്ന ശൈലി. ആരാധകരുടെ മനസ്‌ ഉള്ളംകൈയിലെടുക്കുന്ന സിദ്ധിവിശേഷം സ്വന്തമായിരുന്നു. കലാശപ്പെരുക്കവും രസാനുഭൂതിയായി പെയ്‌തിറങ്ങി. കച്ചേരികളില്‍ കാണുന്ന സംഗീതാത്മകതയായിരുന്നു അന്നമനടയുടെ കൊട്ടിനെ വേറിട്ടു നിര്‍ത്തിയത്‌.
അന്നമനട സീനിയര്‍ പരമേശ്വര മാരാര്‍, കുഴൂര്‍ നാരായണമാരാര്‍ തുടങ്ങി പ്രമുഖ തിമിലക്കാരുടെയും കൂടെ താളമിട്ടാണു തുടക്കം. തൃശൂര്‍പൂരത്തിന്റെ പഞ്ചവാദ്യ പ്രമാണികത്വത്തിലേക്കു പെട്ടെന്നു വളര്‍ന്നു. പല്ലാവൂര്‍ മണിയന്‍ മാരാര്‍, കുഞ്ഞുകുട്ടന്‍മാരാര്‍ എന്നിവര്‍ക്കൊാപ്പം തങ്ങി ആദ്യം ചെണ്ട അഭ്യസിച്ചു. കുറുംകുഴല്‍ വിദ്വാന്‍ പല്ലാവൂര്‍ കൃഷ്‌ണന്‍കുട്ടിയുടെ കുറുംകുഴല്‍ പറ്റിന്‌ ചെണ്ടവാദനം സ്‌ഥിരമായി.
അന്നമനട ത്രയത്തിലെ സീനിയര്‍ പരമേശ്വരമാരാര്‍, അച്യുതമാരാര്‍, പീതാംബരമാരാര്‍ എന്നിവരുടെ പരീക്ഷണങ്ങളിലുടെ രൂപപ്പെട്ട പഞ്ചവാദ്യത്തനിമയെ മൂല്യശോഷണം വരാതെ ആസ്വാദകരിലേക്കു പകരാന്‍ അന്നമനട മനസുവെച്ചു. പണ്ടാരത്തില്‍ കുട്ടപ്പമാരാര്‍, പെരുവനം അപ്പുമാരാര്‍, മുളങ്കുന്നത്തുകാവ്‌ സഹോദരന്‍മാര്‍, പുതുക്കോട്‌ കൊച്ചുമാരാര്‍ തുടങ്ങിയവര്‍ക്കൊപ്പവും പഠിച്ചു.
അന്നമനട അമ്പലത്തിലെ അടിയന്തരക്കാരനായിരുന്നു ആദ്യം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കലാമണ്ഡലത്തിലെത്തി. അന്നമനട സീനിയര്‍ പരമേശ്വരമാരാരായിരുന്നു ചാലകശക്‌തി. കലാമണ്ഡലത്തിലെ ആദ്യ തിമില വിദ്യാര്‍ഥിയുടെ അരങ്ങേറ്റവും അവിടെ തന്നെ. 1971 ല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി. പല്ലാവൂര്‍ മണിയന്‍ മാരാര്‍, കുഞ്ഞുകുട്ട മാരാര്‍ എന്നിവര്‍ക്കൊപ്പം ഉപരിപഠനം. ചെണ്ടയില്‍ പണ്ടാരത്തില്‍ കുട്ടപ്പമാരാരും മാര്‍ഗദര്‍ശിയായി. തിമിലയില്‍ വിരലുകള്‍ കൊണ്ടു പെരുക്കി പഞ്ചവാദ്യമാരംഭിക്കുന്നതാണു പരമേശ്വരമാരാരുടെ രീതി. പല്ലാവൂര്‍ സഹോദരന്‍മാരുടെ അതേ വഴി. ഇടംവലം നോക്കാതെ കൊട്ടുന്ന ചോറ്റാനിക്കര നാരായണമാരാരുടെ ശൈലിയും പരമേശ്വരമാരാര്‍ക്കു ഹൃദിസ്‌ഥമായിരുന്നു. അതു പലയിടത്തും അദ്ദേഹം പിന്തുടര്‍ന്നു.
തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവ്‌ യൂ ട്യൂബ്‌ ഉള്‍പ്പെടെ വിവിധ സമൂഹമാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു. കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ അദ്ദേഹം പങ്കാളിയായി. ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്‌, യു.എ.ഇ തുടങ്ങി വിദേശരാജ്യങ്ങളിലും പ്രകടനം നടത്താന്‍ അവസരം ലഭിച്ചു. പഞ്ചവാദ്യത്തിനു പുത്തന്‍ രസച്ചരടു മുറുക്കിയ അന്നമനടയെ ആസ്വാദകലോകം ഹൃദയപൂര്‍വം നെഞ്ചേറ്റി.

മകന്റെ സ്‌ഥാനലബ്‌ധി സ്വപ്‌ന സാഫല്യമായി

പരമേട്ടന്റെ ആഗ്രഹം സാധിപ്പിച്ച ചാരിതാര്‍ഥ്യത്തില്‍ പാറമേക്കാവ്‌ ദേവസ്വം. മകന്‍ കലാമണ്ഡലം ഹരീഷിനെ ഇലഞ്ഞിത്തറ മേളത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആഗ്രഹം ആറു വര്‍ഷം മുന്‍പ്‌ അന്നമനട പരമേശ്വരമാരാര്‍ ദേവസ്വം ഭാരവാഹികളോടു പറഞ്ഞിരുന്നു.
മേളം കൊട്ടുകയാണെങ്കില്‍ ഇലഞ്ഞിത്തറയിലും പഞ്ചവാദ്യം മഠത്തില്‍വരവിനും; ഇതായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. ആ ആഗ്രഹം മാനിച്ചു രണ്ടു വര്‍ഷം മുന്‍പ്‌ ഹരീഷിനെ ഇലഞ്ഞിത്തറ മേള നിരയില്‍ ഉള്‍പ്പെടുത്തി. മഹാനായ കലാകാരന്റെ ആഗ്രഹം അങ്ങിനെ സഫലമായി. പാറമേക്കാവിലമ്മയുടെ കൃപാകടാക്ഷമെന്നായിരുന്നു മകനെ ഉള്‍പ്പെടുത്തി എന്നറിഞ്ഞപ്പോള്‍ രണ്ടുവര്‍ഷം മുമ്പ്‌ അദ്ദേഹം പ്രതികരിച്ചത്‌.

മേളപ്രമാണത്തില്‍ പല്ലാവൂരിന്റെ പിന്‍ഗാമി

പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍ മാരാരുടെ നിര്യാണത്തേത്തുടര്‍ന്ന്‌ മേളപ്രമാണിയായ അന്നമനട പരമേശ്വരമാരാരെ അതിപ്രശസ്‌തനാക്കിയതു തൃശൂര്‍പൂരത്തിലെ മഠത്തില്‍ വരവിന്റെ നടുനായകത്വമാണ്‌. ആദ്യം കലാമണ്ഡലം പരമേശ്വരന്‍ എന്നറിയപ്പെട്ടു. പിന്നീട്‌ അന്നമനട എന്നു പേരിനൊപ്പം ചേര്‍ത്തു.
അന്നമനട പരമേശ്വരമാരാര്‍ (സീനിയര്‍), പല്ലാവൂര്‍ മണിയന്‍ മാരാര്‍, പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍ മാരാര്‍ എന്നിവരാണു ഗുരുക്കന്മാര്‍. പ്രഗത്ഭനായ ചോറ്റാനിക്കര നാരായണമാരാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. പല്ലാവൂര്‍ പുരസ്‌കാരം, സംഗീതനാടക അക്കാഡമി ഫെലോഷിപ്‌/പുരസ്‌കാരം, ഗുരുവായൂരപ്പന്‍ പുരസ്‌കാരം, കാലടി വീരശൃംഖല തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രതിഭയ്‌ക്കു മാറ്റുകൂട്ടി. തൃശൂര്‍ പൂരത്തിനു പുറമേ ഗുരുവായൂര്‍ ക്ഷേത്രം, ഉത്രാളിക്കാവ്‌ പൂരം, കുട്ടനെല്ലൂര്‍, നെന്മാറ വേല, തൃപ്രയാര്‍ക്ഷേത്രം എന്നിവിടങ്ങളിലും ശ്രദ്ധേയസാന്നിധ്യമായിരുന്നു.

കെ. കൃഷ്‌ണകുമാര്‍

Ads by Google
Thursday 13 Jun 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW