Tuesday, August 20, 2019 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.46 AM

മരംവീണു മറഞ്ഞതു മണ്ണിന്റെ മനസറിഞ്ഞ കര്‍ഷകപ്രതിഭ

uploads/news/2019/06/314482/bft3.jpg

മണ്ണിന്റെ മനസറിഞ്ഞ്‌ ജീവിതം സമര്‍പ്പിച്ച കാര്‍ഷികപ്രതിഭയായിരുന്നു അകാലത്തില്‍ പൊലിഞ്ഞ പട്ടിക്കാട്‌ കല്ലിങ്കല്‍ സിബി. മണ്ണില്‍ പല പരീക്ഷണവും നടത്തി ദേശീയ ശ്രദ്ധ വരെ പിടിച്ചുപറ്റിയ അദ്ദേഹം മറഞ്ഞപ്പോള്‍ ബാക്കിയാകുന്നതു വലിയ നഷ്‌ടബോധം. സ്വന്തം കണ്ടെത്തലിലൂടെ 12 ഇനം ജാതി വരെ വികസിപ്പിച്ചിരുന്നു.
കൃഷിയില്‍ ഒട്ടേറെ സ്വപ്‌നങ്ങള്‍ കണ്ടുള്ള ഓട്ടം പൂര്‍ത്തിയാകും മുമ്പാണു വിടപറഞ്ഞത്‌. ഏലക്കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌ കട്ടപ്പന നരിയമ്പാറയിലെത്തിയപ്പോഴായിരുന്നു അപകടം. ഇടുക്കിയില്‍ വാങ്ങിയ കൃഷിയിടത്തിലേക്ക്‌ ഏലത്തട്ടുകള്‍ വില്‍ക്കാനായി എത്തിയതായിരുന്നു സിബി. ചൊവ്വാഴ്‌ച രാവിലെയായിരുന്നു വീട്ടില്‍നിന്ന്‌ പുറപ്പെട്ടത്‌. ശാസ്‌ത്രീയ കൃഷിരീതിയിലൂടെ വലിയ നേട്ടവുമായി മുന്നേറുന്നതിനിടെ ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ മരം വീണ്‌ ഈ യുവകര്‍ഷകന്‍ മരിച്ചതില്‍ നാടു വിതുമ്പുന്നു.
ജൈവകൃഷിരീതിയാണ്‌ അദ്ദേഹം മുറുകെപ്പിടിച്ചത്‌. ഫാമില്‍ വളര്‍ത്തുന്ന കന്നുകാലികളുടെ ചാണകമാണു വളം. ചെടികളില്‍നിന്നും മരങ്ങളില്‍നിന്നും വീഴുന്ന ഒരിലപോലും പറമ്പിന്‌ പുറത്തുപോകില്ല. അവിടെ കിടന്ന്‌ ചീഞ്ഞുവളമാകും. വിപണിയില്‍ ഏറെ പ്രിയമുള്ള വെള്ളക്കുതിരകളും ഇവിടെയുണ്ട്‌. കൃഷിയെ സ്‌നേഹിക്കുന്നവരുടെ പാഠശാലയായിരുന്നു അദ്ദേഹത്തിന്റെ പുരയിടവും തോട്ടവും.
അദ്ദേഹത്തിനൊപ്പം പാണഞ്ചേരി പഞ്ചായത്തിന്റെയും യശസ്‌ ഉയര്‍ന്നിരുന്നു. കല്ലിങ്കല്‍ പ്ലാന്റേഷനായിരുന്നു കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും പ്രധാന പഠനകേന്ദ്രം. വിദ്യാര്‍ഥികളും ഗവേഷകരും വിദേശികളുമടക്കം നിരവധിപ്പേര്‍ കൃഷിയിടം സന്ദര്‍ശിക്കാറുണ്ട്‌. സൗമ്യസ്വഭാവക്കാരനായ സിബിയെ ഉദ്യോഗസ്‌ഥരും നാട്ടുകാരും തൊഴിലാളികളും ഏറെ ഇഷ്‌ടപ്പെട്ടിരുന്നു.പിതാവ്‌ വര്‍ഗീസിന്റെ പാത പിന്തുടര്‍ന്നാണു കൃഷിയിലേയ്‌ക്കെത്തിയത്‌. ബി.കോം കഴിഞ്ഞപ്പോള്‍ ഉദ്യോഗത്തിനു ശ്രമിക്കാതെ പരമ്പരാഗതമായി കിട്ടിയ പറമ്പിലേക്ക്‌ കൈക്കോട്ടുമായി ഇറങ്ങുകയായിരുന്നു. കൃഷിയിടം പെട്ടെന്നു തന്നെ സ്വര്‍ഗമാക്കി.
പട്ടിക്കാട്ടിലെ 20 ഏക്കര്‍ പ്ലാന്റേഷനില്‍ ഇല്ലാത്ത കാര്‍ഷികവിളകളില്ല. ഒരേക്കറില്‍ നെല്‍ക്കൃഷി. സ്വയം വികസിപ്പിച്ച 12 ഇനം ജാതിയുമുണ്ട്‌. വിവിധ ഫലവൃക്ഷങ്ങളും വ്യത്യസ്‌തയിനം പക്ഷികളും കോഴികളും കുതിരകളും പലതരം അലങ്കാരമത്സ്യങ്ങളും നാടന്‍ മത്സ്യങ്ങളും തെങ്ങും കവുങ്ങും എല്ലാം ചേര്‍ന്ന കൃഷിയുടെ ഈ പറുദീസയിലുണ്ട്‌. സിബിക്കു കൈത്താങ്ങായി ഭാര്യ സ്വപ്‌ന ഒപ്പമുണ്ടായിരുന്നു. നൂറോളം തരം വിദേശക്കിളികളും തോട്ടത്തിലുണ്ട്‌. മണ്ണിന്റെ ഹൃദയതാളം മനസിലാക്കിയ സിബിയെത്തേടി ഒട്ടേറെ പുരസ്‌കാരങ്ങളെത്തി.
കാര്‍ഷികമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ അംഗീകാരമായ ജഗ്‌ജീവന്‍ റാം പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചു. പുരോഗമന കാര്‍ഷികാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ഈ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളിയാണ്‌ സിബി. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പ്ലാന്റ്‌ ജെനോം സേവിയര്‍ അവാര്‍ഡ്‌, ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം, സംസ്‌ഥാന കര്‍ഷകോത്തമ പുരസ്‌കാരം, തൃശൂര്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള നബാര്‍ഡിന്റെ മിക്‌സഡ്‌ ക്രോപ്‌ ബെസ്‌റ്റ്‌ ഫാര്‍മര്‍ അവാര്‍ഡ്‌ തുടങ്ങിയവ സ്വന്തമാക്കിയിരുന്നു.

Ads by Google
Thursday 13 Jun 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW