Sunday, August 18, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 02.37 PM

എന്നെ കെട്ടിപ്പിടിച്ച് ചേട്ടന്‍ പറഞ്ഞു, ഇവന്‍ എന്റെ കണ്ണു തുറപ്പിച്ചു - കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്റെ നീറുന്ന ഒരോര്‍മ്മ

''തനിക്ക് ഡോക്ടറേറ്റ് ലഭിച്ച സന്തോഷം പങ്കുവയ്ക്കുന്നതോടൊപ്പം മണിച്ചേട്ടന്‍ തന്ന തന്റെ ജീവിതത്തെക്കുറിച്ചും ആര്‍. എല്‍. വി രാമകൃഷ്ണന്‍... ''
uploads/news/2019/06/314340/RLVRamakrishnan120619a.jpg

കണ്ണുകളടയ്ക്കുമ്പോഴെല്ലാം കലാഭവന്‍ മണിയെന്ന ജേഷ്ഠന്റെ മുഖമാണ് ഈ അനുജന്റെ മനസില്‍ തെളിയുന്നത്. തനിക്കു കിട്ടുന്ന ഓരോ അംഗീകാരവും ജീവിത വിജയവും ചേട്ടന്‍ തങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെട്ടതിന് ദൈവംതരുന്ന സമ്മാനമാണെന്ന് ഈ അനുജന്‍ വിശ്വസിക്കുന്നു.
സ്ത്രീ നൃത്തരൂപമെന്ന് പറയപ്പെടുന്ന മോഹിനിയാട്ടത്തെ ഐശ്ചിക വിഷയമായെടുത്ത് അതില്‍ എം.ഫില്ലും പി. എച്ച്. ഡിയും നേടി കലാരംഗത്ത് വ്യത്യസ്തനാവുകയാണ് ഇദ്ദേഹം.

നൃത്തത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഈ കലാകാരന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കെല്ലാം ഒന്നാം റാങ്കിന്റെ തിളക്കമുണ്ട്. കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭയുടെ സഹോദരനായ ആര്‍. എല്‍. വി രാമകൃഷ്ണന്‍ തനിക്ക് ലഭിച്ച അംഗീകാരങ്ങളെല്ലാം സഹോദരന്‍ കലാഭവന്‍ മണിക്ക് സമര്‍പ്പിക്കുകയാണ്.

നോവിന്റെ ചിലങ്ക


കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടേയും മക്കളായിരുന്നു ഞങ്ങള്‍. നേരം വെളുക്കുമ്പോള്‍ കൂലിപ്പണിക്ക് പോവുക, വൈകുന്നേരം അരി വാങ്ങാനുള്ള പണവുമായി തിരികെ വരിക. അത്രയുമല്ലാതെ ഞങ്ങള്‍ക്കുവേണ്ടി ഒന്നുംചെയ്യാനുള്ള പ്രാപ്തി അവര്‍ക്കുണ്ടായിരുന്നില്ല. മക്കള്‍ ഏത് വഴിക്കെത്തണമെന്നോ അവരെ ഏത് നിലയിലേക്കാണ് പറഞ്ഞുവിടേണ്ടതെന്നോ ഉളള ചിന്തയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ദൈവാനുഗ്രഹം കൊണ്ടും കലയുടെ അംശം ഞങ്ങളുടെ ഏഴ് മക്കളുടേയും ഉള്ളില്‍ ഉണ്ടായിരുന്നതുകൊണ്ടും ചേട്ടനും ചേട്ടനോടൊപ്പം
എനിക്കും കലാരംഗത്ത് വരാന്‍ കഴിഞ്ഞു.

സഹോദരങ്ങളെല്ലാവരും നന്നായി പാടും. പക്ഷേ നൃത്തം എന്റെയുള്ളില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പത്താംക്ലാസില്‍ വച്ച് യുവജനോത്സവത്തില്‍ മണിച്ചേട്ടന്‍ മോണോ ആക്ടിന് സമ്മാനം നേടി, അന്നുമുതല്‍ പല ഉത്സവ പറമ്പുകളിലും അങ്ങോട്ട് ചോദിച്ച് ചെന്ന് ചേട്ടന്‍ മിമിക്രി അവതരിപ്പിക്കും. ആ വഴികളിലൂടെ സഞ്ചരിച്ച് കലാഭവനിലേക്കെത്തപ്പെട്ടു. സിനിമയിലേക്ക് വന്നു. ആ സമയത്തൊക്കെ ചാലക്കുടിയില്‍ത്തന്നെ ആര്‍. എല്‍. വി ആനന്ദ്, കലാമണ്ഡലം ജയാ ആനന്ദ് എന്നീ അധ്യാപകരുടെയടുത്ത് സൗജന്യമായി ഞാന്‍ നൃത്തം അഭ്യസിച്ചിരുന്നു. എങ്കിലും പ്രോഗ്രാമുകള്‍ അവതരിപ്പിക്കണമെങ്കില്‍ പണം വേണമല്ലോ.

ആ ആഗ്രഹംകൊണ്ട് ചെറുപ്പംമുതല്‍ തേങ്ങ ചുമക്കാനും, പറമ്പ് നനയ്ക്കാനും ഓട്ടോറിക്ഷ കഴുകാനും ഒക്കെ പോയിരുന്നു. ഇത്തരം ജോലികളൊക്കെ ചെയ്താണ് നൃത്തം പഠിക്കാനും അരങ്ങേറ്റം നടത്താനുമൊക്കെയുള്ള പണം കണ്ടെത്തിയിരുന്നത്. അതിന് പ്രചോദനം മണിചേട്ടനാണ് എന്റെ വഴി നൃത്തമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത് പഠിക്കാന്‍ തീരുമാനിച്ചു. പ്രീഡിഗ്രിയൊക്കെ കഴിഞ്ഞ് തൃപ്പൂണിത്തുറ ആര്‍. എല്‍. വി കോളജില്‍ ഭരതനാട്യത്തിന്റെ അഡ്മിഷനായി ചെന്നപ്പോള്‍ അവിടെ ഭരതനാട്യത്തിന് സീറ്റില്ല.

മോഹിനിയാട്ടത്തിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു വേക്കന്‍സിയുണ്ടെന്നറിഞ്ഞു. പൊതുവേ സ്ത്രീകള്‍ ചെയ്യുന്ന നൃത്തരൂപമാണല്ലോ മോഹിനിയാട്ടം. പക്ഷേ അതൊരു ദൈവനിമിത്തമായിക്കണ്ട് 10 കുട്ടികളുണ്ടായിരുന്ന ആ ക്ലാസില്‍ ഒരാളായി, ഏക ആണ്‍തരിയായി ഞാനും ചേര്‍ന്നു. മോഹിനിയാട്ടത്തിന് ബിരുദവും ബിരുദാനന്തരബിരുദവും ഒന്നാം റാങ്കോടെ പാസായി.

uploads/news/2019/06/314340/RLVRamakrishnan120619.jpg

ഏറ്റവും വലിയ അംഗീകാരം


മണിച്ചേട്ടനെപ്പോലെ ഒരാളുടെ ശിക്ഷണത്തില്‍ വളരുന്ന ഞാന്‍ അദ്ദേഹത്തിനു കൊണ്ടുവന്നുകൊടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒരിക്കലും മോശമാവരുതല്ലോ. പഠിച്ചിറങ്ങിയ തൃപ്പൂണിത്തുറ ആര്‍. എല്‍. വി കോളജില്‍ തന്നെ മൂന്ന് വര്‍ഷം ഗസ്റ്റ് ലക്ചററായി സേവനമനുഷ്ഠിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് മോഹിനിയാട്ടത്തിന് ഒരു പുരുഷ അധ്യാപകനുണ്ടാകുന്നത്. അതില്‍ അഭിമാനമുണ്ട്.

പിന്നീട് വീണ്ടും പഠിക്കണമെന്ന് തോന്നിയപ്പോള്‍ മണി ചേട്ടനോട് പറഞ്ഞു. അനുവാദം കിട്ടിയപ്പോള്‍ എം.ഫില്‍ വിത്ത് പി. എച്ച്. ഡിക്ക് ചേര്‍ന്നു. കലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായ ഡോക്ടറേറ്റ് എന്റെ കുടുംബത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം.
കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് എം.ഫില്‍ ഒന്നാം റാങ്കോടെ പാസായി. അതിനുവേണ്ടി ചെയ്ത ഡസര്‍ട്ടേഷന്‍ പേപ്പറിന്റെ ഭാഗമായിരുന്നു ആട്ടത്തിലെ ആണ്‍വേഷം എന്ന സബ്ജക്ട്. സ്ത്രീകള്‍ മാത്രം മോഹിനിയാട്ടം ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ പുരുഷന്‍മാര്‍ക്കു കൂടി അത് ചെയ്യാന്‍ വേണ്ടിയുള്ള പഠനമാണ് ഞാനതിലൂടെ കൊണ്ടുവന്നത്. ഡോ. എന്‍. കെ ഗീതയുടെയും ഡോ. ഗംഗാധരന്റെയും ശിക്ഷണത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

ആദ്യ മത്സരത്തില്‍ കലാപ്രതിഭ


അക്കാല ഘട്ടങ്ങളിലൊക്കെ മത്സരത്തിന് പോകുന്നതിനോട് ചേട്ടന് താല്‍പര്യമില്ലായിരുന്നു. മത്സരമല്ല കല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ കുട്ടി എന്നുളള നിലയില്‍ കലാമത്സരങ്ങളൊക്കെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത ഒരു അഭിനിവേശമുണ്ടായിരുന്നു. ആര്‍. എല്‍. വിയില്‍ പഠിക്കുമ്പോള്‍ യുവജനോത്സവത്തിനു പങ്കെടുത്തോട്ടെ എന്ന് ചേട്ടനോട് ചോദിച്ചു.

പക്ഷേ പോവണ്ട എന്നായിരുന്നു ചേട്ടന്റെ തീരുമാനം. ഞാന്‍ കരഞ്ഞുപറഞ്ഞപ്പോള്‍ മത്സരത്തിന് വിടാന്‍ തയാറായി. കുറച്ച് പൈസ ചേട്ടന്‍ തന്നു. ബാക്കി എനിക്ക് തയാറാക്കേണ്ടി വന്നു. അതിന്റെയൊരു വാശിയോടുകൂടിയാണ് മത്സരത്തിന് പോയത്. ആദ്യമായിട്ടാണ് ആര്‍. എല്‍.വി കോളജ് യൂണിവേഴ്സിറ്റി കലോത്സവത്തില്‍ അക്കൊല്ലം മത്സരിക്കുന്നത്.

ആദ്യ ദിവസത്തെ മത്സരം കഴിഞ്ഞപ്പോള്‍ പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെയാണ്. കലാഭവന്‍ മണിയുടെ അനുജന് ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം.. ചേട്ടനെക്കുറിച്ചൊക്കെ പത്രത്തില്‍ വിശദമായെഴുതി. രണ്ടാം ദിവസം കുച്ചുപ്പുടി മത്സരമായിരുന്നു. റിസള്‍ട്ട് വന്നപ്പോള്‍ കലാഭവന്‍മണിയുടെ അനുജന് തന്നെ വീണ്ടും ഒന്നാം സ്ഥാനം എന്നു വാര്‍ത്ത വന്നു.

അവസാന ദിവസം പ്രശ്ഛന്നവേഷമത്സരം, അതിന് രണ്ടാം സ്ഥാനമായിരുന്നു. പിറ്റേന്ന് പത്രങ്ങളെഴുതി കലാഭവന്‍മണിയുടെ അനുജന്‍ കലാപ്രതിഭ സ്ഥാനത്തേക്ക്. ഇതെല്ലാം ചേട്ടനറിയുന്നുണ്ട്. കലോത്സവം നടക്കുന്ന സ്ഥലത്തിനടുത്തുതന്നെ കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. മത്സരമവസാനിച്ച ദിവസം ചേട്ടന്‍ യൂണിവേഴ്സിറ്റി അധികാരികളെ വിളിച്ച് സമ്മാനദാനത്തിന് താനും വരുന്നുണ്ടെന്ന് പറഞ്ഞു. ഇതൊന്നും ഞാന്‍ അറിയുന്നില്ല. അന്ന് പ്രധാന അതിഥി മരിച്ചുപോയ നടന്‍ മുരളിയായിരുന്നു.

ആര്‍. എല്‍. വി കോളജ് റണ്ണറപ്പായ ആ സന്തോഷത്തില്‍ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ വല്ലാത്തൊരു ആരവം മുന്നില്‍നിന്ന് കേള്‍ക്കുന്നുണ്ട്. നോക്കുമ്പോള്‍ ചേട്ടന്‍ സ്റ്റേജിലേക്ക് കയറിവരുന്നു. എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് മൈക്കെടുത്തു, എന്നിട്ട് ഇങ്ങനെ പറഞ്ഞു ഞാന്‍ എന്റെ അനുജനെ മാനസികമായി വിഷമിപ്പിച്ചിട്ടാണ് ഈ കലോത്സവ വേദിയിലേക്ക് പറഞ്ഞുവിട്ടത്. മത്സരങ്ങളില്‍ വിശ്വസിക്കുന്നയാളല്ല ഞാന്‍. ഞാന്‍ കുറച്ച് പണമെടുത്ത് കൊടുക്കുകയാണെങ്കില്‍ അവന്‍ ആ പൈസക്ക് ഒരു വിലയും കൊടുക്കില്ല.

അത്തരം കാര്യങ്ങളില്‍ കുറച്ച് ആത്മാര്‍ഥതയുണ്ടായിക്കോട്ടെ എന്നോര്‍ത്ത് തന്നെയാണ് അവനില്‍നിന്ന് ചെറിയ അകലം പാലിച്ചുകൊണ്ട് അവനെ ഇങ്ങോട്ട് അയച്ചത്. പക്ഷേ ഇത് പകരംവീട്ടല്‍ പോലെയായി. ഓരോ ദിവസവും റിസള്‍ട്ട് വന്നപ്പോള്‍ അവന്റെ പേരല്ല എന്റെ പേരാണ് പത്രത്തില്‍ വന്നത്. അവന് കിട്ടിയ ഓരോ അംഗീകാരവും അവന്‍ എനിക്ക് നല്‍കിയ പ്രഹരമാണ്. എന്റെ കണ്ണുതുറപ്പിക്കാന്‍ അവന് സാധിച്ചു. ചേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഞ്ച് മിനിറ്റ് സ്‌റ്റേജില്‍ നിന്നു. അതൊക്കെ ഇന്നും മനസില്‍ മായാതെ നില്‍ക്കുന്നു.

uploads/news/2019/06/314340/RLVRamakrishnan120619b.jpg

നിലച്ചുപോയ ആഘോഷങ്ങള്‍


ഒരിക്കലും സ്ട്രിക്ടായിട്ടല്ല ചേട്ടന്‍ ഞങ്ങളെ വളര്‍ത്തിയത്. എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം തരുമായിരുന്നു. ഒറ്റയടിക്ക് സ്വാതന്ത്ര്യം തരുമ്പോള്‍ ഒരിക്കലുമത് പൊട്ടിച്ച് പുറത്തുചാടണമെന്നുള്ള ചിന്ത ഉണ്ടാവില്ല. കാരണം നമുക്ക് സ്വാതന്ത്ര്യമുണ്ട്. ജീവിതത്തില്‍ എല്ലാതരത്തിലുള്ള സ്വാതന്ത്ര്യവും അനുഭവിച്ചുകഴിയുമ്പോള്‍ ഒന്നിനോടും വല്ലാത്ത അഭിനിവേശം ഉണ്ടാവില്ല.

ചേട്ടന്‍ അനുഭവിച്ചിട്ടില്ലാത്ത കുറേ ഭാഗ്യങ്ങള്‍ ചേട്ടന്‍ ഞങ്ങള്‍ക്ക് നേടിത്തന്നു. നല്ല ആഹാരം, വസ്ത്രം, നല്ല യാത്രകള്‍ ഇതെല്ലാം ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. ഉത്സവങ്ങളും പെരുന്നാളുകളും എല്ലാം ഞങ്ങള്‍ ആഘോഷിച്ചു. നാട്ടിലെ പെരുന്നാള് വരെ ചേട്ടന്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ചേട്ടന്‍ പോകുന്നതുവരെ ഞങ്ങള്‍ക്ക് എല്ലാദിവസവും ആഘോഷങ്ങളായിരുന്നു.

അതേ ശബ്ദം... അതേ രൂപം


ആദ്യകാലഘട്ടങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ ലാന്‍ഡ് ഫോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ചേട്ടന്‍ സിനിമാ മാസികകളിലൊക്കെ ഫോണ്‍നമ്പര്‍ കൊടുക്കും. ആരാധകര്‍ വിളിച്ചുകൊണ്ടേയിരിക്കും. ഫോണിന് അന്നൊന്നും വിശ്രമമില്ല. മിക്കവാറും ബെല്ലടിക്കുമ്പോള്‍ ഞാനാണ് സംസാരിക്കാറ്. മണി ചേട്ടനിവിടില്ല ഷൂട്ടിംഗിന് പോയിരിക്കുകയാണ്.. എന്ന് പറയുമ്പോള്‍ വിളിക്കുന്ന ആളുകള്‍ പറയും, എന്തിനാ മണിച്ചേട്ടാ നുണപറയുന്നത്, മണിച്ചേട്ടന്‍ തന്നെയാണ് സംസാരിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം.. എന്ന്.

ഞാന്‍ അനുജനാണെന്ന് പറഞ്ഞാലും ആളുകള്‍ വിശ്വസിക്കില്ല. ചേട്ടന്റെയത്ര ഉയരമില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ ശരീരംകൊണ്ടും ശബ്ദംകൊണ്ടും ഒരുപാട് സാമ്യമുണ്ട്. അതുകൊണ്ടുതന്നെയായിരുന്നു വിനയന്‍സാര്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ ചാലക്കുടി ചന്തയ്ക്കുപോകുമ്പോള്‍ എന്ന പാട്ട് എന്നെക്കൊണ്ട് പാടിച്ചത്.

ഇപ്പോഴും ആളുകള്‍ പറയാറുണ്ട് ചേട്ടനെപ്പോലെ പാടണമെന്ന്. തീറ്ററപ്പായി എന്ന ചിത്രത്തില്‍ എന്റെയൊപ്പം അഭിനയിച്ച എല്ലാവരും ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്തവരാണ്. അവരൊക്കെ പറയും രാമകൃഷ്ണന്‍ ഡയലോഗ് പറയുമ്പോള്‍ മണിയുടെ ശബ്ദം കേള്‍ക്കുന്നതുപോലെ തോന്നിയിട്ടുണ്ടെന്ന്.

സജീവമായി സിനിമയിലേക്ക്


ചിത്രങ്ങള്‍ വരുന്നുണ്ട്. ഒന്നു രണ്ട് സിനിമകളുടെ കഥ കേട്ടു. എന്നെക്കൊണ്ടൊരിക്കലും ചേട്ടന്റെയൊപ്പമെത്താന്‍ സാധിക്കില്ല. കലാഭവന്‍ മണിയെന്ന പേര് നശിപ്പിക്കാനും പാടില്ല. എന്റെ മേഖല നൃത്തമായതുകൊണ്ട് പരിമിതികളുണ്ട്. മറ്റൊന്നിനും വേണ്ടിയല്ല സിനിമയെന്നും പ്രോഗ്രാമുകളെന്നുമൊക്കെ ചിന്തിക്കുന്നത്.

ചേട്ടന്‍ ചെയ്തിരുന്ന ചില ചാരിറ്റി പ്രവര്‍ത്തനങ്ങളുണ്ട്. അതൊക്കെ ഞങ്ങളെക്കൊണ്ടാവുംപോലെ ചെയ്യണമെന്നുണ്ട്. പക്ഷേ ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതി അത്ര നല്ലതല്ല. നല്ലൊരു അവസ്ഥ വരികയാണെങ്കില്‍, അതിന് സിനിമാരംഗം സഹായിക്കുകയാണെങ്കില്‍ തീര്‍ച്ചയായും സിനിമ മുന്നോട്ട് കൊണ്ടുപോകണം.

uploads/news/2019/06/314340/RLVRamakrishnan120619c.jpg

ഇനിയുള്ള ലക്ഷ്യം


പോസ്റ്റ് പി. എച്ച്.ഡി ഒരു ആഗ്രഹമായി നില്‍ക്കുന്നുണ്ട്. മറ്റൊന്ന് മോഹിനിയാട്ടത്തിലെ ആണ്‍ സാന്നിധ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നുണ്ട് നമ്മുടെ കലോത്സവങ്ങളില്‍ ആണ്‍കുട്ടികള്‍ മോഹിനിയാട്ടം പെണ്‍വേഷം കെട്ടിക്കൊണ്ടായിരുന്നു ചെയ്തിരുന്നത്. അതല്ലാതെ ഞാന്‍ ചെയ്തതുപോലെ പുരുഷ വേഷത്തില്‍ത്തന്നെ മോഹിനിയാട്ടം പുരുഷന്‍മാര്‍ ചെയ്യണം, ആ രീതി കൊണ്ടുവരണം.

അതിന് പുതിയ തലമുറയ്ക്ക് കേരളീയ കലയായ മോഹിനിയാട്ടത്തില്‍ നല്ലശിക്ഷണം കിട്ടണം. അത്തരം ഒരു കാലഘട്ടത്തെയാണ് ഞാന്‍ സ്വപ്നം കാണുന്നത്. നമ്മുടെ കുട്ടികള്‍ കേരളീയ കല പഠിക്കുന്നതോടൊപ്പം മറ്റിടങ്ങളിലെ കലകളെക്കുറിച്ചും അറിവ് നേടണമെന്ന പക്ഷക്കാരനാണ് ഞാന്‍.

ആ സ്വപ്നം ശ്രീലക്ഷ്മിയിലൂടെ


മണിചേട്ടന് ഒരു ആഗ്രഹമുണ്ടായിരുന്നു, ചാലക്കുടിയിലെ പാവങ്ങളെ സംരക്ഷിക്കാനൊരു ഡോക്ടര്‍ ഉണ്ടാവണമെന്ന്. ആ ആഗ്രഹം ചേട്ടന്റെ മകള്‍ ശ്രീലക്ഷ്മിക്ക് സാധിക്കണമെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രാര്‍ഥന. അവളിപ്പോള്‍ മെഡിക്കല്‍ എന്‍ട്രന്‍സിന് പഠിക്കുകയാണ്. പഠിക്കാന്‍ മിടുക്കിയാണ്. എസ്. എസ് എല്‍. സിയിലും പ്ലസ്ടുവിലും വളരെ ഉയര്‍ന്ന മാര്‍ക്കോടുകൂടിയാണ് പാസായത്.

അച്ഛന്റെ ആഗ്രഹം നടന്നുകാണണമെന്നുള്ള ശക്തമായ ആഗ്രഹവുമായാണ് അവള്‍ മുന്നോട്ട് പോകുന്നത്. അതുപോലെ ചേട്ടന്റെ മറ്റൊരു ആഗ്രഹമായിരുന്നു ഒരു ഗ്രാമീണ ലൈബ്രറി നാട്ടിലുണ്ടാവുക എന്നത്. ചേട്ടന്‍ മരിച്ച് മൂന്ന് വര്‍ഷമായപ്പോള്‍ കലാഭവന്‍മണി സ്മാരക ലൈബ്രറി എന്നൊരു സ്ഥാപനം ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായി തുറന്നുകൊടുത്തുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കാനായതിന്റെ സന്തോഷമുണ്ട്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW