Friday, August 23, 2019 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 11.45 AM

കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിനെതിരെ കെ.സി.ബി.സി; തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം ഒപ്പം നിന്നില്ലെന്ന സി.പി.എമ്മിന്റെ വിലയിരുത്തലാണോ പ്രചോദനമെന്ന് വിമര്‍ശനം; ചിരിവരയുടെ കൈകെട്ടരുതെന്ന് കാര്‍ട്ടൂണ്‍ അക്കാദമി

ഫ്രാങ്കോയുടെ കൈവശമിരിക്കുന്ന അംശവടിയില്‍ കുരിശിന്റെ സ്ഥാനത്ത് അടിവസ്ത്രമാണ് വരച്ചുചേര്‍ത്തിരിക്കുന്നത്. ഇതാണ് കെ.സി.ബി.സിയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സുഭാഷ് കെ.കെ വരച്ച 'വിശ്വാസം രക്ഷതിഃ' എന്ന കാര്‍ട്ടൂണിനാണ് പുരസ്‌കാരം.
kcbc against kerala lalithakala academy cartoon state award-2019

കോട്ടയം: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ സ്‌റ്റേറ്റ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി കെ.സി.ബി.സി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിസ്ഥാനത്തുള്ള ബിഷപ് ഫ്രാങ്കോയെയും അദ്ദേഹത്തെ പിന്തുണച്ച പി.സി ജോര്‍ജ് എം.എല്‍.എയേയും ലൈംഗികാരോപണം നേരിട്ട പി.കെ ശശി എം.എല്‍.എയേയും പശ്ചാത്തലമാക്കിയാണ് കാര്‍ട്ടൂണ്‍. പോലീസ് തൊപ്പിക്കു മുകളില്‍ കയറിയിരിക്കുന്ന പൂവന്‍കോഴിയായി ഫ്രാങ്കോയെയും ഇവരെ കണ്ട് ഭയന്നോടുന്ന കന്യാസ്ത്രീകളെയും കാര്‍ട്ടൂണില്‍ ചേര്‍ത്തിരിക്കുന്നൂ. ഫ്രാങ്കോയുടെ കൈവശമിരിക്കുന്ന അംശവടിയില്‍ കുരിശിന്റെ സ്ഥാനത്ത് അടിവസ്ത്രമാണ് വരച്ചുചേര്‍ത്തിരിക്കുന്നത്. ഇതാണ് കെ.സി.ബി.സിയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സുഭാഷ് കെ.കെ വരച്ച 'വിശ്വാസം രക്ഷതിഃ' എന്ന കാര്‍ട്ടൂണിനാണ് പുരസ്‌കാരം.

ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചതായി തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്‍ ഫേസ്ബുക്ക് പേജില്‍ പറയുന്നു. ക്രിസ്ത്യന്‍ ന്യുനപക്ഷം തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നില്ല എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നിലുള്ള പ്രചോദനമെന്ന് സംശയിക്കുന്നതായും ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നു.

ബിഷപ് ഫ്രാങ്കോയുടെ പേര് പറഞ്ഞ് ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍ പുരസ്‌കാനം നല്‍കി ആദരിച്ചിരിക്കുന്നത്. പുരസ്‌കാരം പിന്‍വലിച്ച് ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാന്‍ കേരള ലളിതകലാ അക്കാദമി ഭാരവാഹികള്‍ തയ്യാറാകണം. ഇതാണോ ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ്മന്ത്രി വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പേജില്‍ ആവശ്യപ്പെടുന്നു.

കാര്‍ട്ടൂണിന്റെ കൈ കെട്ടരുത്- കേരള കാര്‍ട്ടൂണ്‍ അക്കാദമി

കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡിനെ കുറിച്ച് ഉണ്ടായ വിവാദം അത്യന്തം ഖേദകരമാണ്. അവാര്‍ഡ് നിര്‍ണയിച്ചത് കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട സമിതിയാണ്. അത് അംഗീകരിക്കേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയാണ്. വിമര്‍ശനകലയായ കാര്‍ട്ടൂണിന്റെ കൈ കെട്ടിയാല്‍ അതിന്റെ അര്‍ത്ഥം തന്നെ നഷ്ടമാകും.ഇന്ത്യയിലെത്തന്നെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ നാടാണ് കേരളം. തന്റെ കലയിലൂടെആരെയും തുറന്ന് വിമര്‍ശിച്ച കുഞ്ചന്‍ നമ്പ്യാരുടെ മഹനീയ പൈതൃകം കേരളത്തിനുണ്ട്. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ നിരന്തരം വരകളിലൂടെ വിമര്‍ശിക്കാന്‍ സുഹൃത്തു കൂടിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മടി കാണിച്ചിട്ടില്ല. അതിന്റെ പിന്തുടര്‍ച്ച മലയാളത്തിലെ കാര്‍ട്ടൂണിനുമുണ്ട് എന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.

വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താല്‍പര്യങ്ങളുടെ കണ്ണടകളിലൂടെ നര്‍മത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണ്.
തുറന്ന വിമര്‍ശനത്തിലൂടെ ഭരണകര്‍ത്താക്കളെ ഉള്‍പ്പടെ നിശിതമായി വിമര്‍ശിച്ച തിരഞ്ഞെടുപ്പ് കാലമാണ് ഈയടുത്ത് കഴിഞ്ഞത് .ചിരി വരയുടെ കൈ കെട്ടരുത് എന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. തുറന്ന മനസോടെ വിമര്‍ശനവരകള്‍ ആസ്വദിക്കാനുള്ള അന്തരീക്ഷം പുലരട്ടെ. ചിരിയും ചിന്തയും മായാതിരിക്കട്ടെ.

തോമസ് ആന്റണി
സെക്രട്ടറി
കേരള കാര്‍ട്ടൂണ്‍ അക്കാദമി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW