Wednesday, August 21, 2019 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.25 AM

വ്യോമസേനാ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി

uploads/news/2019/06/314171/1.jpg

ന്യൂഡല്‍ഹി: മൂന്നു മലയാളികള്‍ അടക്കം 13 പേരുമായി അരുണാചല്‍ പ്രദേശിലെ വനമേഖലയില്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. ഈ മാസം മൂന്നിനു കാണാതായ എ.എന്‍. 32 വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ അരുണാചലിലെ ലിപോ മേഖലയിലാണു കണ്ടെത്തിയത്‌. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സഞ്ചാരപാതയില്‍നിന്ന്‌ 15-20 കിലോമീറ്റര്‍ വടക്കുമാറി ചിതറിത്തെറിച്ച നിലയിലാണു വിമാനഭാഗങ്ങള്‍. തെരച്ചില്‍ സംഘത്തിലുള്‍പ്പെട്ട വ്യോമസേനയുടെ എം.ഐ-17 ഹെലികോപ്‌ടറാണ്‌ എട്ടുദിവസത്തിനുശേഷം അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. അസമിലെ ജോര്‍ഹത്‌ വ്യോമതാവളത്തില്‍നിന്ന്‌ അരുണാചലിലെ ഷി യോമി ജില്ലയിലുള്‍പ്പെട്ട മേചുകയിലേക്കു കഴിഞ്ഞ മൂന്നിന്‌ ഉച്ചയ്‌ക്ക്‌ 12.27 നു പുറപ്പെട്ട റഷ്യന്‍ നിര്‍മിത വിമാനം ഒരു മണിയോടെയാണു കാണാതായത്‌.
വ്യോമ, നാവിക സേനകള്‍, ആയിരത്തി അഞ്ഞൂറോളം പട്ടാളക്കാര്‍, പോലീസുകാര്‍, ഗ്രാമീണര്‍ അടക്കമുള്ളവര്‍ വനമേഖലയിലെ തെരച്ചില്‍ ദൗത്യത്തില്‍ പങ്കാളികളായിരുന്നു. മഴ ഉള്‍പ്പെടെ പ്രതികൂല കാലാവസ്‌ഥ കൊടുംവനത്തിലെ തെരച്ചിലിനു പ്രതിബന്ധമായി.
എട്ടു ജോലിക്കാരും അഞ്ച്‌ വ്യോമസേനാംഗങ്ങളുമാണു വിമാനത്തിലുണ്ടായിരുന്നത്‌. ഇവരില്‍ കണ്ണൂര്‍, കൊല്ലം, തൃശൂര്‍ സ്വദേശികളും ഉള്‍പ്പെടുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി കുഴിമ്പാലോട്‌ മെട്ട സ്വദേശി കോര്‍പ്പറല്‍ എന്‍.കെ. ഷെറിനാണ്‌ വിമാനത്തിലുണ്ടായിരുന്ന മലയാളികളില്‍ ഒരാള്‍. ഏഴുവര്‍ഷമായി വ്യോമസേനയിലാണ്‌. കുഴിമ്പാലോട്‌ മെട്ട കനാല്‍ക്കരയിലെ പി.കെ. പവിത്രന്റെയും എന്‍.കെ. ശ്രീജയുടെയും മകനാണ്‌. ഭാര്യ: അഷിത.
കൊല്ലം, അഞ്ചല്‍ ഏരൂര്‍ ആലഞ്ചേരി വിജയവിലാസത്തില്‍ (കൊച്ചു കോണത്തുവീട്‌) സ്വദേശി എസ്‌. അനൂപ്‌കുമാര്‍ (29) ആണ്‌ മറ്റൊരു മലയാളി. ഫ്‌ളൈറ്റ്‌ എന്‍ജിനീയറായ അനൂപിന്‌ വ്യോമസേനയില്‍ 11 വര്‍ഷം സര്‍വീസുണ്ട്‌. ഒന്നരമാസം മുമ്പാണ്‌ അവസാനമായി നാട്ടിലെത്തിയത്‌. വിവരമറിഞ്ഞു ബന്ധുക്കള്‍ അസമിലേക്കു തിരിച്ചിട്ടുണ്ട്‌. ഭാര്യ: വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുണ്ട്‌.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി വിനോദാ (32) ണു ദുരന്തത്തില്‍പ്പെട്ട മറ്റൊരാള്‍. പെരിങ്ങണ്ടൂര്‍ നടുവിലാര്‍മഠത്തില്‍ പരേതനായ ഹരിഹരന്റെ മകനായ വിനോദ്‌ സ്‌ക്വാഡ്രന്‍ ലീഡറാണ്‌.
കോയമ്പത്തൂര്‍ സിങ്കനെല്ലൂര്‍ വിദ്യാവിഹാര്‍ എന്‍ക്ലേവിലാണ്‌ വിനോദും ഭാര്യ രുഗ്‌മിണിയും അമ്മ തങ്കമണിയും ഉള്‍പ്പെട്ട കുടുംബം ഇപ്പോള്‍ താമസിക്കുന്നത്‌. രണ്ടാഴ്‌ചമുമ്പ്‌ പെരിങ്ങണ്ടൂരിലെ വീട്ടില്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിനോദിന്റെ സഹോദരന്‍ വിവേക്‌ വ്യോമസേനയില്‍ പൈലറ്റാണ്‌.

Ads by Google
Wednesday 12 Jun 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW