Tuesday, August 20, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.15 AM

പെയ്യല്ലെ; പ്ലീസ്‌ ആശങ്കയോടെ പാകിസ്‌താനും ഓസീസും

uploads/news/2019/06/314149/1.jpg

ലണ്ടന്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യയോടു 36 റണ്ണിനു തോറ്റതിന്റെ ക്ഷീണം മാറുന്നതിനു മുമ്പ്‌ നിലവിലെ ചാമ്പ്യന്‍ ഓസ്‌ട്രേലിയ ഇന്ന്‌ പാകിസ്‌താനെ നേരിടും. ടൗണ്‍ടണില്‍ വൈകിട്ട്‌ മൂന്നു മുതലാണു മത്സരം.
ഓസ്‌ട്രേലിയയ്‌ക്കു മൂന്നു മത്സരങ്ങളില്‍നിന്നു നാല്‌ പോയിന്റും പാകിസ്‌താന്‌ മൂന്ന്‌ പോയിന്റുമാണ്‌. പാകിസ്‌താനും ശ്രീലങ്കയും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. വെസ്‌റ്റിന്‍ഡീസിനോടു ദയനീയമായി തോറ്റ പാകിസ്‌താന്‍ ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ ജയവുമായി തിരിച്ചുവന്നു. 1992 ലെ ലോകകപ്പിനു സമാനമായാണു പാകിസ്‌താന്റെ ഇത്തവണത്തെ പോക്ക്‌. അന്നും ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട്‌ അവര്‍ തോറ്റു. രണ്ടാമത്തെ മത്സരത്തില്‍ അവര്‍ തിരിച്ചുവന്നു. ആ വര്‍ഷം ചാമ്പ്യനുമായി.
പാകിസ്‌താനും ഓസ്‌ട്രേലിയയും തമ്മില്‍ മാര്‍ച്ചിലാണ്‌ അവസാനം ഏറ്റുമുട്ടിയത്‌. യു.എ.ഇയില്‍ നടന്ന അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ ഏകപക്ഷീയമായി സ്വന്തമാക്കി. നായകന്‍ സര്‍ഫ്രാസ്‌ അഹമ്മദ്‌ ഉള്‍പ്പെടെ അഞ്ചു മുന്‍നിര താരങ്ങള്‍ക്കു പാകിസ്‌താന്‍ വിശ്രമം നല്‍കിയിരുന്നു. ടൗണ്‍ടണിലും മത്സരത്തിനിടെ മഴയുണ്ടാകുമെന്നാണു കാലാവസ്‌ഥാ റിപ്പോര്‍ട്ട്‌. കാലാവസ്‌ഥ മത്സരത്തിന്‌ അനുകൂലമാകുമെന്നാണ്‌ ഓസീസ്‌ നായകന്‍ ആരണ്‍ ഫിഞ്ചിന്റെ പ്രതീക്ഷ. ഇംഗ്ലണ്ടില്‍ നടന്ന 2017 ലെ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഓസീസിനെ മഴ ചതിച്ചിരുന്നു. ന്യൂസിലന്‍ഡ്‌, ബംഗ്ലാദേശ്‌ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ മഴ കൊണ്ടു പോയി. ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തില്‍ ഓസീസ്‌ ഡക്ക്‌വര്‍ത്ത്‌/ലൂയിസ്‌ മഴ നിയമ പ്രകാരം തോല്‍ക്കുകയും ചെയ്‌തു. തോല്‍വിയോടെ അവര്‍ സെമി ഫൈനലില്‍ കടക്കാതെ പുറത്തായി.
ഇന്നു മത്സരം നടന്നില്ലെങ്കില്‍ പാകിസ്‌താനും പ്രതിസന്ധിയാകും. ഇന്നലെ ടൗണ്‍ടണിലെ പിച്ച്‌ പരിശോധിച്ച പാക്‌ നായകന്‍ സര്‍ഫ്രാസ്‌ അഹമ്മദ്‌ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. പേസ്‌ ബൗളര്‍മാര്‍ക്ക്‌ അനുകൂലമാണു ടൗണ്‍ടണിലെ പിച്ച്‌. ബൗണ്‍സും പേസും നിറഞ്ഞ പിച്ചിലാണ്‌ പാക്‌ ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കേണ്ടത്‌. ട്രെന്റ്‌ ബ്രിഡ്‌ജിലും പാകിസ്‌താനു ലഭിച്ചത്‌ ബൗണ്‍സും പേസും നിറഞ്ഞ പിച്ചാണ്‌്. വിന്‍ഡീസ്‌ പേസര്‍ ഓഷാനെ തോമസ്‌ നാലു വിക്കറ്റെടുത്ത മത്സരത്തില്‍ പാകിസ്‌താന്‍ 21.4 ഓവറില്‍ 105 റണ്ണിന്‌ ഓള്‍ഔട്ടായി. തങ്ങള്‍ക്കു മാത്രം ബാറ്റിങ്‌ സൗഹൃദ പിച്ചുകള്‍ ലഭിക്കാത്തതില്‍ സര്‍ഫ്രാസ്‌ പരിതപിച്ചു. ട്രെന്റ്‌ ബ്രിഡ്‌ജില്‍ ഷോര്‍ട്ട്‌ പിച്ച്‌ പന്തുകള്‍ക്കു മുന്നില്‍ വിയര്‍ത്ത ബാറ്റ്‌സ്മാന്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ക്കു മുതിര്‍ന്നു വിക്കറ്റ്‌ വലിച്ചെറിയുകയായിരുന്നു.
പാക്‌ പേസര്‍ മുഹമ്മദ്‌ ആമിറിന്‌ പക്ഷേ ടൗണ്‍ടണ്‍ തിരിച്ചുവരവിന്റെ കഥ പറയുന്ന പിച്ചാണ്‌. വിലക്കിനു ശേഷം ആമിര്‍ ആദ്യമായി പന്തെറിഞ്ഞത്‌ ഇവിടെയാണ്‌. മൂന്നു വര്‍ഷം മുമ്പായിരുന്നു ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റിലൂടെ വീണ്ടും സജീവമായത്‌. ഇംഗ്ലണ്ടിനെതിരേ 2010 ല്‍ നടന്ന ലോഡ്‌സ് ടെസ്‌റ്റാണ്‌ ആമിറിന്റെ ഭാവി തകര്‍ത്തത്‌. അന്നത്തെ നായകന്‍ സല്‍മാന്‍ ബട്ട്‌, സഹ പേസര്‍ മുഹമ്മദ്‌ ആമിര്‍ എന്നിവര്‍ നോ ബോള്‍ എറിയാന്‍ കോഴ സ്വീകരിക്കാന്‍ തയാറായതു കോളിളക്കം സൃഷ്‌ടിച്ചു. ബ്രിട്ടനിലെ ഒരു ദിനപത്രം ഒരുക്കിയ സ്‌റ്റിങ്‌ ഓപ്പറേഷനില്‍ താരങ്ങള്‍ കുടുങ്ങുകയായിരുന്നു. ബ്രിട്ടനിലെ കോടതി മൂവര്‍ക്കും തടവ്‌ ശിക്ഷ വിധിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ താരങ്ങള്‍ക്ക്‌ അഞ്ചു വര്‍ഷത്തെ വിലക്കുമേര്‍പ്പെടുത്തി. ഹെഡിങ്‌ലെ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയെ 88 റണ്ണിന്‌ ഓള്‍ഔട്ടാക്കിയ ശേഷമാണു പാക്‌ ടീം ഒത്തുകളി ആരോപണത്തില്‍പ്പെടുന്നത്‌. ലോകകപ്പില്‍ വെസ്‌റ്റിന്‍ഡീസിനെതിരേ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടെങ്കിലും 26 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത്‌ ആമിര്‍ തിളങ്ങി. ഇംഗ്ലണ്ടിനെതിരേ അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനവുമായി ആമിര്‍ ടീമിനെ ജയത്തിലെത്തിച്ചു. രണ്ട്‌ നിര്‍ണായക വിക്കറ്റുകളെടുക്കാനും ആമിറിനായി.
ഓസീസിനെതിരേ കണക്കുകള്‍ പാകിസ്‌താന്‌ അനുകൂലമല്ല. കഴിഞ്ഞ 14 മത്സരങ്ങളില്‍ ഒരെണ്ണത്തിലാണ്‌ അവര്‍ ജയിച്ചത്‌. 2017 ജനുവരിയില്‍ നടന്ന മെല്‍ബണ്‍ ഏകദിനത്തിലാണ്‌ അവര്‍ അവസാനം ജയിച്ചത്‌.
ഇന്ത്യയോടു തോറ്റതിനു പിന്നാലെ ഓള്‍റൗണ്ടര്‍ മാര്‍കസ്‌ സ്‌റ്റോനിസ്‌ പരുക്കിന്റെ പിടിയിലായത്‌ ഓസീസിനു തിരിച്ചടിയായി. പകരക്കാരനായി ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനോടു ലണ്ടനിലെത്താന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ നിര്‍ദേശിച്ചു. മാര്‍കസ്‌ സ്‌റ്റോനിസ്‌ ഇന്നു കളിക്കില്ലെന്നു മാത്രമാണു ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വ്യക്‌തമാക്കിയത്‌.
ഇന്ത്യക്കെതിരേ കളിക്കുന്നതിനിടെയാണു സ്‌റ്റോനിസിനു പരുക്കേറ്റത്‌. മത്സരത്തില്‍ ഓള്‍റൗണ്ടര്‍ നിരാശപ്പെടുത്തി. പൂജ്യത്തിനു പുറത്തായ സ്‌റ്റോനിസ്‌ രണ്ട്‌ വിക്കറ്റെടുത്തെങ്കിലും ഏഴ്‌ ഓവറിലായി 62 റണ്‍ വഴങ്ങി.
തുടര്‍ച്ചയായി രണ്ട്‌ അര്‍ധ സെഞ്ചുറികള്‍ നേടിയ ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറാണ്‌ ഓസീസ്‌ ബാറ്റിങ്ങിന്റെ കരുത്ത്‌്. ഇന്ത്യക്കെതിരേ വാര്‍ണര്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും (84 പന്തില്‍ 56) ഫലമുണ്ടായില്ല. വാര്‍ണറുടെ കുറഞ്ഞ റണ്‍ നിരക്ക്‌ ഓസീസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കൂടാതെ നായകന്‍ ആരണ്‍ ഫിഞ്ച്‌ റണ്ണൗട്ടാകാനും വാര്‍ണര്‍ കാരണക്കാരനായി. മെല്ലെപ്പോക്കില്‍ വാര്‍ണറിനെ കുറ്റപ്പെടുത്താന്‍ ആരണ്‍ ഫിഞ്ച്‌ തയാറായില്ല. വാര്‍ണറിന്റെ പരിചയ സമ്പത്ത്‌ പാകിസ്‌താനെതിരേ ഗുണം ചെയ്യുമെന്നു ഫിഞ്ച്‌ പറഞ്ഞു.

ടീം: പാകിസ്‌താന്‍ - ഇമാം ഉള്‍ ഹഖ്‌, ഫഖ്‌തര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ്‌ ഹഫീസ്‌, ഷുഐബ്‌ മാലിക്ക്‌, സര്‍ഫ്രാസ്‌ അഹമ്മദ്‌ (നായകന്‍), ഇമാദ്‌ വാസിം, ഷാദാബ്‌ ഖാന്‍, ഹസന്‍ അലി, മുഹമ്മദ്‌ ആമിര്‍, വഹാബ്‌ റിയാസ്‌, ഹാരിസ്‌ സൊഹൈല്‍, ആസിഫ്‌ അലി, ഷാഹീന്‍ അഫ്രീഡി, മുഹമ്മദ്‌ ഹസ്‌നൈന്‍.

ടീം: ഓസ്‌ട്രേലിയ- ആരണ്‍ ഫിഞ്ച്‌ (നായകന്‍), ജാസന്‍ ബെന്‍റോഫ്‌, അലക്‌സ് കാരി, നഥാന്‍ കൗള്‍ട്ടര്‍ നീല്‍, പാറ്റ്‌ കുമ്മിന്‍സ്‌, ഉസ്‌മാന്‍ ഖ്വാജ, നഥാന്‍ ലിയോണ്‍, ഷോണ്‍ മാര്‍ഷ്‌, ഗ്ലെന്‍ മാക്‌സ്വെല്‍, കെയ്‌ന്‍ റിച്ചാഡ്‌സണ്‍, സ്‌റ്റീവ്‌ സ്‌മിത്ത്‌, മിച്ചല്‍ സ്‌റ്റാര്‍ക്ക്‌, മാര്‍കസ്‌ സ്‌റ്റോനിസ്‌ (മിച്ചല്‍ മാര്‍ഷ്‌), ഡേവിഡ്‌ വാര്‍ണര്‍, ആഡം സാംപ.

Ads by Google
Wednesday 12 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW