Monday, August 12, 2019 Last Updated 44 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 04.05 PM

ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി ദോഷങ്ങളും പരിഹാരങ്ങളും

uploads/news/2019/06/314121/joythi110619.jpg

ഭാരതീയ ജ്യോതിഷ സമ്പ്രദായത്തില്‍ ശനിയെ ദുര്‍വിധിയുടെ ദൂതനായി കണക്കാക്കുന്നു. ശനി ഒരുവന്റെ കര്‍മ്മങ്ങളേയും കര്‍മ്മഫലങ്ങളേയും സ്വാധീനിക്കുന്നു. നവഗ്രഹങ്ങളില്‍ ശനി പ്രസാദിച്ചാല്‍ രാജത്വവും കോപിച്ചാല്‍ ജാതകന്റെ സര്‍വ്വസ്വവും നശിപ്പിക്കുകയും ചെയ്യുന്നു. ചിലര്‍ ശനിയില്‍ ഈശ്വരത്വം കല്‍പ്പിച്ച് ശനീശ്വരനെന്ന് പ്രയോഗിക്കാറുണ്ട്.

കാലഭൈരവനാണ് ശനിയുടെ ആരാധനമൂര്‍ത്തി. ഇന്ദ്രനീലം ശനിയുടെ രത്‌നവും ഇരുമ്പ് ലോഹവുമാണ്. പടിഞ്ഞാറെ ദിക്കിന്റേയും ശനിയാഴ്ചയുടേയും മകരം, കുംഭം രാശികളുടേയും അധിപനുമാണ് ശനി. ശനി മുടന്തനാണ് (പംഗുപാദന്‍). മന്ദഗതി യില്‍ സഞ്ചരിക്കുന്നതിനാല്‍ ശനിയെ മന്ദന്‍ എന്ന് വിളിക്കാറുണ്ട്. ജാതകത്തില്‍ ശനിയെ 'മ' എന്ന അക്ഷരകൊണ്ട് അടയാളപ്പെടുത്തുന്നു. ജീവിതത്തില്‍ ദുരന്തങ്ങള്‍ പിന്‍തുടരുമ്പോള്‍ ആളുകള്‍ അന്വേഷിക്കാറുണ്ട്; തങ്ങള്‍ക്ക് ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവയുണ്ടോ എന്ന്.

രാശിചക്രത്തില്‍ ശനി ഒരു തവണ പ്രദിക്ഷണം ചെയ്യുവാന്‍ ഏകദേശം 29 1/2 വര്‍ഷം എടുക്കുന്നു. ജ്യോതിഷക്കാര്‍ സാധാരണയായി 30 വര്‍ഷം വച്ച് കണക്കാക്കുന്നു. ജാതകന്റെ ആയുസ്സ് അനുസരിച്ച് ശനി പരമാവധി മൂന്ന് പ്രാവശ്യം ഒരു രാശിയില്‍ വരുന്നുണ്ട്. ശനി 3, 6, 11 എന്നീ രാശികളില്‍ ഗോചരവശാല്‍ സഞ്ചരിച്ചാല്‍ ശുഭഫലങ്ങള്‍ നല്‍കും.

ബാക്കി ഭാവങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അശുഭഫലങ്ങളാണ് നല്‍കുക. എറ്റവും കൂടുതല്‍ അശുഭഫലങ്ങളും അരിഷ്ടതകളും നല്‍കുന്നത് ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനികാലങ്ങളിലാണ്. ചന്ദ്രരാശിയെ അടിസ്ഥാനമാക്കിയുള്ള ഫലത്തിനാണ് ഗ്രഹചാരഫലങ്ങള്‍ എന്ന് പറയുന്നത്.

ഏഴരശ്ശനി


ഏഴരശ്ശനി നമ്മുടെ ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നു. ജാതകത്തില്‍ ചന്ദ്രന്‍ സ്ഥതി ചെയ്യുന്ന രാശിയിലും. അതിന്റെ തൊട്ടു മുമ്പിലും പിമ്പലുമുള്ള രാശികളിലും ശനി സ്ഥതി ചെയ്യുന്ന കാലമാണ് ഏഴരശ്ശനി. ശനി ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത് ഏകദേശം രണ്ടര വര്‍ഷമാണ്. ചന്ദ്രരാശി ധനുരാശിയാണെങ്കില്‍ അതിന്റെ തൊട്ട് മുന്‍ രാശിയായ മകരത്തിലും പിന്‍ രാശിയായ വൃശ്ചികത്തിലും ധനുരാശിയിലും ശനി സഞ്ചരിക്കുന്ന കാലമാണ് ഏഴരശ്ശനികാലം.

ചന്ദ്രരാശിയെ ജാതകത്തില്‍ 'ച' എന്ന അക്ഷരംകൊണ്ട് രേഖപ്പെടുതിയിരിക്കുന്നു. ഏഴരശ്ശനിക്കാലത്ത് സ്ഥാനചലനം, അപമാനം, നിരാശ, സ്വജനവിയോഗം,അന്യദേശവാസം, ആരോഗ്യപ്രശ്‌നങ്ങള്‍, ദാരിദ്ര്യം എന്നിങ്ങനെയുള്ള പലവിധ ക്ലേശങ്ങള്‍ ഉണ്ടാകാറുണ്ട്. വിവാഹശേഷമുള്ള ദുരിതങ്ങള്‍ അനുഭവിക്കാനായി വിവാഹവും ഏഴരശ്ശനികാലത്ത് നടക്കാറുണ്ട്.

ജീവിതത്തില്‍ പ്രഥമ ഏഴരശ്ശനിയില്‍ യാതനാപൂര്‍ണ്ണമായ ജീവിതവും, സര്‍വ്വകാര്യ തടസ്സങ്ങളും, മുത്തശ്ശന്‍, മുത്തശ്ശി എന്നിവരുടെ മരണവും ഉണ്ടാകാം. ഏഴരശ്ശനിയുടെ രണ്ടാം റൗണ്ടില്‍ മധ്യമായ ഫലങ്ങളുണ്ടാകാം. കഠിനപ്രയത്‌നങ്ങളിലൂടെ ജീവിതവിജയം നേടും. ഈ കാലയളവില്‍ മാതാപിതാക്കളുടെ വേര്‍പാട് ഉണ്ടാകാവുന്നതാണ്. മൂന്നാമത്തെ ആവൃത്തിയിലുള്ള ഏഴരശ്ശനിക്കാലത്ത് ശാരിരിക ബുദ്ധി മുട്ട്, മരണഭയമോ, മരണമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കണ്ടകശ്ശനി


ചന്ദ്രരാശിയുടെ 4, 7, 10 എന്നീ കേന്ദ്ര രാശികളില്‍ ശനി സഞ്ചരിക്കുന്ന കാലത്തെ കണ്ടകശ്ശനിയെന്ന് വിളിക്കുന്നു.
'കണ്ടകന്‍ കൊണ്ടേ പോകൂ' എന്ന് പറയാറുണ്ട്. ചന്ദ്രരാശിയുടെ നാലാം ഭാവത്തില്‍ ശനി സഞ്ചരിക്കുന്ന കാലം സുഖഹാനി, ബന്ധുക്കളുമായുള്ള കലഹം, അന്യദേശവാസം, മാതാപിതാക്കള്‍ക്ക് അരിഷ്ടത എന്നിവ ഫലം. ചന്ദ്രരരാശിയുടെ ഏഴാം ഭാവത്തില്‍ ശനി നില്‍ക്കുന്ന കാലം ദേശാന്തരഗമനം, മനഃക്ലേശം, അമിതവ്യയം, കളത്രപുത്രവിരഹം എന്നീ ഫലങ്ങള്‍ ഉണ്ടാകാവുന്നതാണ്.
ചന്ദ്രരാശിയുടെ പത്താം ഭാവത്തില്‍ ശനി സഞ്ചരിക്കുന്ന കാലം കര്‍മ്മവിഘ്‌നം, അമിതവ്യയം, ധനനാശം ഇവ ഉണ്ടാകാവുന്നതാണ്.

അഷ്ടമശ്ശനി


ചന്ദ്രരാശിയുടെ എട്ടാം ഭാവത്തില്‍ ശനി സഞ്ചരിക്കുന്ന കാലം ഏറ്റവും ദുരിതപ്രദമാണ്. കഠിനമായ ദുഃഖം, രോഗം, ധനനാശം, ദൈവാധീനക്കുറവ്, സ്ഥാനചലനം, മരണ തുല്യമായ അവസ്ഥ എന്നിവ സംഭവിക്കാവുന്നതാണ്.

പരിഹാര നിര്‍ദ്ദേശങ്ങള്‍


ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി എന്നീ ദോഷങ്ങള്‍ക്കുള്ള പരിഹാരനിര്‍ദ്ദേശങ്ങള്‍ താഴെ വിവരിക്കുന്നു.
1. ശനിദോഷമകറ്റുന്നതിന് മൃത്യുഞ്ജയ മന്ത്രം ജപിക്കുക.
2. ശനിമന്ത്രമായ 'ഓം പ്രാം പ്രീം പ്രൌം സഃ ശനയേ നമഃ' എല്ലാ ദിവസവും 108 തവണ ജപിക്കണം.
3. ശനിയുടെ മൂലമന്ത്രമായ 'ഓം ശനൈശ്ചരായ നമഃ' 108 തവണ ജപിക്കുന്നത് നല്ലതാണ്.

4. കറുപ്പോ, നീലയോ വസ്ത്രം ധരിച്ച് ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. നീരാജനം, എള്ളുപായസ നിവേദ്യം എന്നീ വഴിപാടുകള്‍ ശനി പ്രീതിക്കായി നടത്തേണ്ടതാണ്.
5. ശനിപ്രീതിക്കായി നീലത്താമര, നീലശംഖുപുഷ്പം എന്നീ പൂക്കള്‍ ചൂടാവുന്നതാണ്.
6. ഇന്ദ്രനീലം ധരിക്കുന്നത് ശനിദോഷ പരിഹാരമാണ്.

7. ശനിയുടെ ബാധയ്ക്കും ദുരിത നിവാരണത്തിനും രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യുക. കൂടാതെ ഹുനുമാന്‍ചാലിസ ജപിക്കുന്നതും പരിഹാരമാണ്.
8. ശനിയാഴ്ച ഉപവസിക്കുക. ഉപവാസമനുഷ്ഠിക്കുന്ന വ്യക്തിയുടെ പൂര്‍ത്തിയായ വയസ്സിന് തുല്യമായ ദിവസങ്ങളോ, ആഴ്ചകളോ നീണ്ടുനില്‍ക്കുന്ന വിധം ഉപവസിക്കുക.
9. എള്ളെണ്ണ ശിവ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക.

10. അര്‍ഹിക്കുന്ന ഒരു ആളിന് വസ്ത്രം ദാനം ചെയ്യുക.
11. യാചകര്‍ക്ക് പണം നല്‍കി സഹായിക്കുക.
12. 'ഓം നമഃശ്ശിവായ' 108 തവണ ജപിക്കുക.

13. ശിവക്ഷേത്ര ദര്‍ശനം പതിവായി നടത്തുക.
14. മദ്യം കഴിക്കുന്നത് ഉപേക്ഷിക്കുക. അതിന് കഴിയില്ലെങ്കില്‍ ശനിയാഴ്ച്ചയെങ്കിലും മദ്യം ഉപേക്ഷിക്കുക.
15. വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കുക.

16. ക്ഷേത്ര പുരോഹിതന് ഒരു ഇരുമ്പ് പാത്രം ദാനം ചെയ്യുക.
17. ഒരു കറുത്ത നായ്ക്ക് ഭക്ഷണം നല്‍കുക.
18. ആറ് ദരിദ്രര്‍ക്ക് കറുത്ത കമ്പിളി വസ്ത്രം ദാനം ചെയ്യുക.

19. അംഗ വൈകല്യമുള്ളവര്‍ക്ക് ആവശ്യമായ സഹായം ചെയ്യുക.
20. കറുത്തചെരുപ്പുകള്‍, കറുത്തകുട എന്നിവ ശനിയാഴ്ച്ച ദിവസം ദാനം ചെയ്യുക. അല്ലെങ്കില്‍ മേല്‍വസ്തുക്കള്‍ പൂയം, അനിഴം,ഉത്രട്ടാതി നക്ഷത്രങ്ങളില്‍ ദാനം ചെയ്യുക.
21. കറുത്ത കുതിരലാടം കൊണ്ട് നിര്‍മ്മിച്ച മോതിരം വലത് കൈയിലെ നടുവിരലില്‍ ധരിക്കുന്നത് ശനിദോഷ പരിഹാരമാണ്.
22. തുകല്‍, കൃഷിസ്ഥലം, കറുത്ത എള്ള്, കറുത്ത പശു, പാചക അടുപ്പുകള്‍, പാത്രങ്ങള്‍, എരുമ എന്നിവ ദാനം ചെയ്യുക.
ജാതകത്തില്‍ ശനിക്ക് ശുഭസ്ഥിതിയോ, ശുഭവീക്ഷണമോ, ശുഭഗ്രഹയോഗമോ ഉണ്ടെങ്കില്‍ ശനിയുടെ ഗോചരകാലത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. എന്നാല്‍ ജാതകത്തില്‍ ശനിക്ക് അനിഷ്ട സ്ഥിതിയോ, അശുഭവീക്ഷണമോ, അശുഭഗ്രഹങ്ങളുടെ യോഗമോ ഉണ്ടെങ്കില്‍ ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി കാലങ്ങള്‍ ദുരിതപ്രദമായിരിക്കും. ശനിയുടെ ഗോചരവശാലുള്ള ദോഷസമയത്ത് ശനിയാഴ്ച്ച ജനിച്ചവരുമായും മകരം കുംഭം ലഗ്‌നക്കാരുമായും പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാരുമായും ഇടപെടുന്നത് തടസ്സത്തിന് കാരണമായേക്കാം. പ്രായം ചെന്നവരോട് പെരുമാറുന്നതും പഴയ വീട്ടില്‍ താമസിക്കുന്നതും സൂക്ഷിച്ച് വേണം.

ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി ദോഷം ആര്‍ക്കൊക്കെ?


വൃശ്ചികം, ധനു, മകരം, ചന്ദ്രരാശിക്കാര്‍ക്ക് ഏഴരശ്ശനി ദോഷവും ഇടവരാശിക്കാര്‍ക്ക് അഷ്ടമശ്ശനി ദോഷവും മിഥുനം, കന്നി, മീനം ചന്ദ്രരാശിയായിവരുന്നവര്‍ക്ക് കണ്ടകശ്ശനിയുമാണ്. 2019-ല്‍ ശനിക്ക് പകര്‍ച്ചയില്ലാതിനാല്‍ മേല്‍സ്ഥിതിക്ക് ഈ വര്‍ഷം മാറ്റമില്ല.

ഭാരതീയ പാരമ്പര്യ സംസ്‌കൃതി എല്ലാം വിധികല്പിതമാണെന്ന വിശ്വാസത്തെ പിന്‍തുടരുന്നില്ല. വിധിവിഹിതങ്ങള്‍ക്ക് ചില ഉപായങ്ങള്‍ ചെയ്താല്‍ ഫലസിദ്ധി നേടാം. മേല്‍ പ്രസ്താവിച്ചിരിക്കുന്ന ദോഷപരിഹാരങ്ങള്‍ അനുഷ്ഠിച്ചാല്‍ ശനി അനുകൂലഫലം നല്‍കും.

ശനി ധര്‍മ്മം കാക്കുന്ന ഗ്രഹമാണ്. ധര്‍മ്മംവിട്ട് ഒരു കാര്യവും ചെയ്യാതിരുന്നാലും ഒപ്പം ശനിദോഷ പരിഹാരങ്ങളും ചെയ്താല്‍ ഗോചരവശാലുള്ള ശനി ദോഷങ്ങളെ അകറ്റാം.

ഡി. ഹരികുമാര്‍ ഭട്ടതിരി
മൊ: 9447957505

Ads by Google
Tuesday 11 Jun 2019 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW