Monday, June 17, 2019 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 03.06 PM

കുട്ടികള്‍ക്ക് വേണം ആരോഗ്യ ഭക്ഷണം

പാശ്ചാത്യര്‍ ഉപേക്ഷിച്ച ഭക്ഷണശൈലി സ്വന്തമാക്കിയ മലയാളി രോഗങ്ങളാല്‍ വലയം ചെയ്യപ്പെട്ടു കഴിഞ്ഞു. എന്നിട്ടും ഫാസ്റ്റ്ഫുഡിനോട് 'നോ' പറയാന്‍ നാം തയാറാകുന്നില്ല.
Healthy Food for Kids

പോഷക സമൃദ്ധമായ ഭക്ഷണത്തെക്കുറിച്ച് ഇന്ന് മിക്ക മാതാപിതാക്കളും ബോധവാന്മാരായിട്ടുണ്ട്. എന്നാല്‍ എന്തു ഭക്ഷണം എങ്ങനെ കൊടുക്കണമെന്ന് അവര്‍ക്ക് നിശ്ചയമില്ല. കുട്ടി ഭക്ഷണം കഴിക്കുമെന്ന് കരുതി എന്തും വാരിവലിച്ചു കഴിക്കാന്‍ അനുവദിക്കരുത്. അവരുടെ വളര്‍ച്ചാ ഘട്ടങ്ങള്‍ക്ക് അനുസരിച്ചു വേണം ഭക്ഷണം തയാറാക്കാന്‍.

ഇവ ഒഴിവാക്കരുത്


കുട്ടി വളരുന്നതിനൊപ്പം ആരോഗ്യമുള്ള ശരീരവും സ്വന്തമാക്കാന്‍ അവര്‍ക്കു കഴിയണം. അതിനാല്‍ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ എല്ലാ പോഷകഘടകങ്ങളും ശരിയായ അളവിലും അനുപാതത്തിലും ഉള്‍പ്പെടുത്തിയിരിക്കണം.

അന്നജം : -
ശരീരത്തിന്റെ മുഖ്യ ഊര്‍ജ സ്രോതസാണ് അന്നജം. ഇതില്‍ നിന്നും ഏകദേശം 4 കലോറി ഊര്‍ജം ശരീരത്തിനു ലഭിക്കുന്നു. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പഞ്ചസാര മുതലായ ഭക്ഷണ പദാര്‍ഥങ്ങളാണ് അന്നജത്തിന്റെ മുഖ്യ സ്രോതസുകള്‍.

പ്രോട്ടീന്‍ : -
ശരീരകലകളും കോശങ്ങളും നിര്‍മ്മിക്കാനുള്ള അടിസ്ഥാന വസ്തുക്കളാണ് മാംസ്യം അഥവാ പ്രോട്ടീന്‍. പാല്‍, മാംസം, മുട്ട, മത്സ്യം, പയറുവര്‍ഗങ്ങള്‍ എന്നിവയാണ് മാംസ്യത്തിന്റെ പ്രധാന കലവറ. കുട്ടികളുടെ ശാരീരിക വളര്‍ച്ചയ്ക്ക് മാംസ്യം പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കൊഴുപ്പ് : -
ശരീരത്തിന്റെ രാസപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നത് ഊര്‍ജസ്രോതസുകളായ കൊഴുപ്പുകളാണ്. ഒരു ഗ്രാം അന്നജവും മാംസ്യവും നാലു കലോറി ഊര്‍ജം നല്കുമ്പോള്‍ ഒരു ഗ്രാം കൊഴുപ്പ് 9 കലോറി ഊര്‍ജം നല്കുന്നു. മാംസ്യം, മുട്ട, പാല്‍, മീന്‍, എണ്ണ തുടങ്ങിയവയിലെല്ലാം കൊഴുപ്പ് അടങ്ങിയിരിക്കുന്നു.

ജീവകങ്ങളും ധാതുക്കളും : -
സുഖമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിവാക്കാനാവാത്തവയാണ് ജീവകങ്ങളും ധാതുക്കളും. ഇലക്കറികള്‍, പച്ചക്കറികള്‍, പാല്‍, ധാന്യങ്ങള്‍, മത്സ്യം, മാംസ്യം, മുട്ട എന്നിവയില്‍ നിന്നൊക്കെ കുട്ടികള്‍ക്കാവശ്യമായ ജീവകങ്ങളും ധാതുക്കളും ലഭിക്കുന്നു. രോഗപ്രതിരോധശക്തി കൈവരിക്കുന്നതിലും ഇവ പ്രധാന പങ്കുവഹിക്കുന്നു.

Healthy Food for Kids

ഒരു വയസുവരെ പരമപ്രധാനം


കുഞ്ഞ് ജനിച്ചശേഷമുള്ള ആദ്യത്തെ ഒരുവര്‍ഷമാണ് അവന്റെ പിന്നീടുള്ള ആരോഗ്യത്തിന്റെ അടിത്തറ നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു വയസുവരെയുള്ള സമയം കുഞ്ഞിന്റെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണ്. തലച്ചോറിന്റെ വളര്‍ച്ചയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ സമയത്താണ്.

വളര്‍ച്ചയേയും ബുദ്ധിവികാസത്തെയും വളരെയധികം സ്വാധീനിക്കുന്ന ഈ പ്രായം പോഷകാഹാരങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കേണ്ട സമയം കൂടിയാണ്. അല്ലെങ്കില്‍ അത് കുട്ടിയുടെ മാനസിക - ശാരീരിക - ബൗദ്ധിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

ആദ്യ നാലു മാസം മുലപ്പാല്‍


ആദ്യത്തെ നാലുമാസംവരെ കുഞ്ഞിന്റെ പോഷണത്തിന് മുലപ്പാല്‍ മാത്രം മതി. കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനു സഹായിക്കുന്ന പ്രോട്ടീനുകളും അമിനോ ആസിഡുകളുമെല്ലാം അമ്മയുടെ പാലില്‍ മാത്രമേയുള്ളു.

നവജാത ശിശുവിന് ആവശ്യമായ പോഷകഘടകങ്ങള്‍ അടങ്ങിയതും ശുചിത്വമുള്ളതും രോഗപ്രതിരോധഘടകങ്ങള്‍ അടങ്ങിയതുമായ മുലപ്പാല്‍ കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്ക് നാലുമാസം വരെ മറ്റൊരു ഭക്ഷണപദാര്‍ഥത്തിന്റെയും ആവശ്യമില്ല. അതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ കരുതല്‍ കൂടിയേതീരു. ശുചിത്വം ഒരു പ്രധാന പ്രശ്‌നമായതിനാല്‍ ശിശുക്കള്‍ക്ക് കുപ്പിപ്പാല്‍ കഴിവതും കൊടുക്കാതിരിക്കുക.

4-5 മാസം


കുഞ്ഞ് കമിഴ്ന്നു വീഴാനും മുട്ടില്‍ ഇഴയാനും തുടങ്ങുന്നതോടെ മുലപ്പാലിനൊപ്പം മറ്റ് പോകങ്ങളും ആവശ്യമാണ്. വളര്‍ച്ചയെ ത്വരിതപ്പെടുത്തി പോഷകകുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം. നാലു മാസം മുതല്‍ കുഞ്ഞിന്റെ ഭക്ഷണക്രമത്തില്‍ മറ്റുപല ഭക്ഷണപദാര്‍ത്ഥങ്ങളും ഉള്‍പ്പെടത്തി തുടങ്ങാം. പാലില്‍ കുറവായ ജീവകങ്ങളായ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, ധാതുക്കള്‍ (അയണ്‍) തുടങ്ങിയ പോഷകഘടകങ്ങളുടെ ആവശ്യം ഇക്കാലത്ത് കൂടുതലാണ്.

6 - 7 മാസം


ആറുമാസമാകുന്നതോടെ കുറുക്കു രൂപത്തിലുളള അര്‍ധാഹാരം കൊടുത്തു തുടങ്ങാം. കുവരക്, അരി, ഗോതമ്പ്, ഏത്തയ്ക്കാപ്പൊടി, ധാന്യങ്ങളും പയറുവര്‍ഗങ്ങളും പൊടിച്ചത് എന്നിവ കുറുക്കു രൂപത്തില്‍ നല്കണം.അതിനുശേഷം പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ നല്കി തുടങ്ങാം. ഇഢലി,ചോറ് തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുറഞ്ഞ അളവില്‍ കൊടുത്തു ശീലിപ്പിക്കാം.

7 - 9 മാസം


വേവിച്ചുടച്ച പച്ചക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ മുതലായവ കൊടുത്തു തുടങ്ങാം. ഒമ്പതാം മാസം മുതല്‍ കുഞ്ഞുങ്ങള്‍ ആഹാരപദാര്‍ഥങ്ങള്‍ ചവച്ചരച്ചു കഴിക്കാന്‍ തുടങ്ങുന്നു. അതിനാല്‍ സാധാരണ വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങള്‍തന്നെ കുട്ടികള്‍ക്കും കൊടുത്തു തുടങ്ങാം.

10 - 12 മാസം


ശരീരിക പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാകുന്ന മാസങ്ങളാണിത്. അതിനാല്‍ ഭക്ഷണം തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധിക്കണം. ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയുന്ന പ്രോട്ടീനുകളാണ് മാംസാഹാരങ്ങള്‍. ഇവയ്ക്കായിരിക്കണം ഈ സമയത്ത് മുന്‍ഗണന. 10 - 12 മാസങ്ങളില്‍ മീന്‍, മുട്ട, മാംസം എന്നിവ നന്നായി വേവിച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കാം.
Healthy Food for Kids

ഒരു വയസു മുതല്‍


അമ്മയുടെ ഗര്‍ഭപാത്രത്തിനു വെളിയിലെത്തിയ ശേഷമുള്ള ഒരു വര്‍ഷത്തെ കാലയളവ് കരുത്താര്‍ജിക്കലിന്റേതാണ്. ആരോഗ്യമുള്ള ശരീരത്തിനുള്ള ശക്തമായ അടിത്തറ പകി കഴിഞ്ഞു. ഇനി അത് സംരക്ഷിച്ചു നിര്‍ത്തിയാല്‍ മാത്രം മതി. ഒരു വയസു മുതല്‍ അതിനായുള്ള തയാറെടുപ്പുകള്‍ ആരംഭിക്കാം.

കുഞ്ഞുങ്ങള്‍ക്ക് എല്ലാ ഭക്ഷണപദാര്‍ഥങ്ങളും കൊടുത്തു ശീലിപ്പിക്കണം. ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് ആഹാരക്രമത്തില്‍ വൈവിധ്യങ്ങള്‍ വരുത്തി തയാറാക്കി നല്‍കണം. പോഷകസമൃദ്ധമായ കാരറ്റ്, ഇലക്കറികള്‍ എന്നിങ്ങനെ നിറമുളള ഭക്ഷണപദാര്‍ഥങ്ങള്‍ ആകര്‍ഷണീയമായ രീതിയില്‍ തയാറാക്കി നല്‍കാവുന്നതാണ്. 2-3 മണിക്കൂര്‍ ഇടവേളയില്‍ ദിവസവും 5-6 തവണ ഭക്ഷണം കൊടുക്കണം.

സ്‌കൂളിലേക്ക്


പഠനവും കളികളുമൊക്കെയായി ധാരാളം ഊര്‍ജജം ആവശ്യമായി വരുന്ന സമയം. അതിനാല്‍ കുട്ടികളുടെ ഓരോ നേരത്തെയും ഭക്ഷണത്തില്‍ അമ്മ ശ്രദ്ധിക്കണം.
പ്രഭാത ഭക്ഷണം : - ധാന്യങ്ങള്‍, പാല്‍, പഴവര്‍ഗങ്ങള്‍,മുട്ട, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.

ഉച്ചഭക്ഷണം: - ടിഫിന്‍ ബോക്‌സില്‍ പോഷകമൂല്യമുളള ഭക്ഷണം ആകര്‍ഷണീയമായ രീതിയില്‍ കൊടുത്തുവിടാന്‍ ശ്രദ്ധിക്കണം. കൗമാര പ്രായത്തിലെത്തുന്നതോടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിത്യസ്തമായ പോഷകാവശ്യങ്ങളാണുളളത്. പെണ്‍കുട്ടികള്‍ക്ക് അയണ്‍ അടങ്ങിയിരിക്കുന്ന ആഹാരസാധനങ്ങള്‍ കൂടുതലായി നല്കണം.

കടപ്പാട്:
സോളി ജോണ്‍സണ്‍ , ഡയറ്റീഷന്‍

Ads by Google
Tuesday 11 Jun 2019 03.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW