Saturday, August 17, 2019 Last Updated 39 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 02.35 PM

അവരെ കാണുമ്പോള്‍ ഓടിപ്പോയി കെട്ടിപ്പിടിക്കാന്‍ തോന്നും - നൈല ഉഷ

''റേഡിയോ ജോക്കി, അഭിനേത്രി, അവതാരക അങ്ങനെ നൈല ഉഷ കൈകാര്യം ചെയ്യുന്ന വേഷങ്ങള്‍ പലതാണ്. മലയാളികള്‍ക്കെന്നും നൈലയെ സിനിമയിലും സ്‌റ്റേജിലും കാണാനാണ് ഇഷ്ടം. ''
Actress Nyla Usha Interview

ഹായ് ദിസ് ഈസ് നൈല സ്പീക്കിങ് ടു യൂൂ എന്ന ശബ്ദം ദുബായിലെ എഫ്.എം 96.7 ശ്രോതാക്കള്‍ക്കെല്ലാം പരിചിതമാണ്. അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് ആ ശബ്ദം കേട്ടുകൊണ്ടാണ്.

ആ ശബ്ദത്തിനുടമയായ നൈല ഉഷയെ ബിഗ്സ്‌ക്രീനില്‍ കാണാനാണ് മലയാളികള്‍ക്കിഷ്ടം. തിരക്കേറിയ ദുബായ് ജീവിതത്തില്‍ നിന്ന് സിനിമയിലേക്കോടിയെത്താന്‍ നൈലയ്ക്കും ഇഷ്ടമാണ്. ആര്‍.ജെയായി 15 വര്‍ഷം പിന്നിടുന്ന നൈലയുടെ വിശേഷങ്ങളിലൂടെ...

ദുബായിലെ ആദ്യ ആര്‍.ജെ മാരിലൊരാളാണ്. ആര്‍.ജെയായി 15 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍?


ഹിറ്റ് എഫ്.എം 96.7 ല്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അവാര്‍ഡൊക്കെ വാങ്ങിയ സന്തോഷത്തിലാണിപ്പോള്‍. ലോകത്തിലെ ആദ്യത്തെ മലയാളം എഫ്. എമ്മാണ് ഞങ്ങളുടേത്. ഒരുപക്ഷേ ലോകത്തിലെതന്നെ ആദ്യ എഫ്. എം മലയാളം ഫീമെയില്‍ ശബ്ദമായിരിക്കും എന്റേത്.

വലിയൊരു യാത്രയാണത്. പക്ഷേ ഇന്നലെ തുടങ്ങിയതുപോലെയാണ് തോന്നുന്നത്. ഈ 15 വര്‍ഷം വളരെ പെട്ടെന്ന് കടന്നുപോയതുപോലെ. ജീവിതത്തില്‍ 15 വര്‍ഷം ഒരു എഫ്.എമ്മില്‍ ജോലി ചെയ്തു, ഇപ്പോഴുമത് തുടരുന്നു എന്ന് പറയുമ്പോള്‍ തന്നെ അറിയാമല്ലോ ഞാനത് എത്ര ആസ്വദിച്ചാണ് ചെയ്യുന്നതെന്ന്.

എന്റെ പ്രൊഫൈലില്‍ ഇനി എന്തൊക്കെ കൂട്ടിച്ചേര്‍ത്താലും ആദ്യം പറയാന്‍ ആഗ്രഹിക്കുന്നത് ഐ ആം എ റേഡിയോ പ്രസന്റര്‍ര്‍ എന്നാണ്. ആര്‍.ജെ എന്ന നിലയിലാണ് ഞാന്‍ ഏറ്റവും കൂടതല്‍ എന്നെ കാണുന്നതും എന്‍ജോയ് ചെയ്യുന്നതും ആം ദി ഗുഡ് ആക്ട് എന്ന് തോന്നുന്നതും. ഇനിയും കുറേ വര്‍ഷം ഇങ്ങനെ തന്നെ മുമ്പോട്ട് പോകട്ടെ.

ശബ്ദം കൊണ്ടും വാക്കുകള്‍ കൊണ്ടും കേള്‍ക്കുന്നവരുടെ മനസ് കീഴടക്കുക എളുപ്പമാണോ? ഷോയ്ക്ക് മുമ്പുള്ള തയാറെടുപ്പുകള്‍?


ശബ്ദം കൊണ്ടുമാത്രം ശ്രോതാക്കളുടെ മനസ് കീഴടക്കാനാവില്ല. കാരണം എന്റേത് അത്ര ഗംഭീര ശബ്ദമൊന്നുമല്ല. സംസാരരീതിയോ ശൈലിയോ അല്ലെങ്കില്‍ പറയുന്ന കാര്യങ്ങളോ ഒക്കെ ഇഷ്ടപ്പെട്ടേക്കാം. ഒരു കംപാനിയന്‍ എന്ന രീതിയിലാണ് ഞാന്‍ സംസാരിക്കുന്നത്. തന്നെക്കാള്‍ ബുദ്ധിയുള്ള ഒരാള്‍ പറയുന്നതിനേക്കാള്‍ ഒരു സുഹൃത്ത് പറയുന്ന കാര്യങ്ങള്‍ കേ ള്‍ക്കാം എന്ന രീതിയിലാണ് എല്ലാവരും എഫ്.എം കേള്‍ക്കുന്നത്.
Actress Nyla Usha Interview

ഞാന്‍ മോര്‍ണിംഗ് ഷോയാണ് ചെയ്യുന്നത്. ആറ് മണിമുതല്‍ 11 മണിവരെയാണ് ഷോ ടൈം. ആ സമയത്ത് പോസിറ്റീവായ കാര്യങ്ങളും വാര്‍ത്തകളുമൊക്കെ പങ്കുവച്ച് കേള്‍ക്കുന്നവര്‍ക്ക് മോട്ടിവേഷന്‍ നല്‍കാന്‍ ശ്രമിക്കാറുണ്ട്. പോസിറ്റീവായൊരു വൈബ് എനിക്കതില്‍ നിന്ന് കിട്ടാറുണ്ട്. ഞാന്‍ സംസാരിക്കുന്ന കാര്യങ്ങള്‍ തെറ്റിയാലോ ശരിയായില്ലെങ്കിലോ ആ വൈബെനിക്ക് തിരിച്ചു കിട്ടാറുണ്ട്.

സാധാരണ ആര്‍.ജെയില്‍ നിന്ന് സെലിബ്രിറ്റി ആര്‍.ജെയിലേക്കുള്ള മാറ്റത്തെക്കുറിച്ച്?


എന്റെ ജീവിതത്തിലോ ആര്‍.ജെ എന്ന പ്രൊഫഷനിലോ സെലിബ്രിറ്റി സ്റ്റാറ്റസ് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സിനിമകള്‍ ചെയ്യുന്നുണ്ട്, ആര്‍.ജെയാണ്, സ്റ്റേജ് ഷോകള്‍ ചെയ്യുന്നുണ്ട്, അതെന്റെ ജോലിയാണ്. അതല്ലാതെ സെലിബ്രിറ്റി ഫീലൊന്നുമില്ല. സിനിമയിലൊക്കെ അഭിനയിക്കുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് തോന്നും ഞാനൊരു സെലിബ്രിറ്റിയാണെന്ന്.

മാളിലൊക്കെ പോകുമ്പോള്‍ സെല്‍ഫിയെടുക്കാനായി ചുറ്റും ആളുകൂടുമ്പോഴാണ് സെലിബ്രിറ്റി സ്റ്റാറ്റസിനെക്കുറിച്ച് ഓര്‍മ്മ വരുന്നത്.
എല്ലാവരും ജോലി ചെയ്യുന്നതുപോലെ ഞാനും ചെയ്യുന്നു. സെലിബ്രിറ്റിയായതുകൊണ്ട് ക്യൂവൊന്നും നില്‍ക്കാതെ കാര്യങ്ങള്‍ നടക്കും. പ്രേക്ഷകരുടെ സ്നേഹം നേരിട്ടറിയാം എന്നതുപോലെയുള്ള ചില പ്രിവിലേജുകളുണ്ട്, അതൊക്കെ ചെറുതായി എന്‍ജോയ് ചെയ്യാറുണ്ട്.

ലൂസിഫര്‍ എന്ന ചിത്രത്തില്‍ ലാലേട്ടനോടൊപ്പമുള്ള അനുഭവങ്ങള്‍?


ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ലാലേട്ടന്‍. ഞാന്‍ വളരെ അഭിമാനത്തോടുകൂടി അഭിനയിച്ച ചിത്രമാണ് ലൂസിഫര്‍. ഒരു ദിവസത്തെ ഷൂട്ടേ എനിക്കുണ്ടായിരുന്നുള്ളു. വളരെ കുറച്ച് സീനുകളേ ഉണ്ടായിരുന്നുവെങ്കിലും ലാലേട്ടനോടൊപ്പമുള്ള സീനൊക്കെ വളരെ എന്‍ജോയ് ചെയ്തു.

ആ സീനിന്റെ അവസാനം ലാലേട്ടന്‍ പറയുന്ന പഞ്ച് ഡയലോഗിനൊക്കെ തിയേറ്ററില്‍ ഭയങ്കര കൈയടിയായിരിക്കുമെന്ന് അറിയാമായിരുന്നു.
സ്റ്റേജിലും അല്ലാതെയുമൊക്കെ പലതവണ ലാലേട്ടനെ കണ്ടിട്ടുണ്ടെങ്കിലും ലൂസിഫറിന്റെ സെറ്റില്‍വച്ചാണ് അദ്ദേഹം അഭിനയിക്കുന്നത് ആദ്യമായി നേരില്‍ കണ്ടത്. ഗ്രേറ്റ് ലൈവല്‍ എക്സ്പീരിയന്‍സ് എന്നല്ലാതെ എന്ത് പറയാന്‍.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളാണല്ലോ?


ഒരു സിനിമ ചെയ്യുമ്പോള്‍ കഥാപാത്രം എന്താണെന്ന് മനസിലാക്കി അതിനനുസരിച്ച് പെര്‍ഫോം ചെയ്യാനുള്ളൊരു കംഫര്‍ട്ട് സോണ്‍ വേണം. അത്തരമൊരു സാഹചര്യമുണ്ടാക്കി തന്ന സിനിമയാണ് പൊറിഞ്ചു മറിയം ജോസ്.

വളരെ സീനിയറായ ജോഷി സാറൊക്കെ പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമുള്ളയാളാണെന്നായിരുന്നു എന്റെ ധാരണ. പേടിച്ചാണ് ഞാന്‍ ലൊക്കേഷനിലേക്ക് പോയതും. പക്ഷേ അദ്ദേഹം വളരെ കൂളാണ്, കഥാപാത്രത്തെ ഉള്‍ക്കൊണ്ട് എന്റേതായ രീതിയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കദ്ദേഹം തന്നു.

ഓരോ സീനും വിശദീകരിച്ച് തന്ന് നിര്‍ദ്ദേശങ്ങളൊക്കെ തരുമ്പോഴും ഒരു അഭിനേതാവിന് വേണ്ട സ്വാതന്ത്ര്യം തരുന്നുണ്ടായിരുന്നു. അഭിനന്ദിക്കേണ്ട സമയത്ത് അങ്ങനെയും മോട്ടിവേറ്റ് ചെയ്തുമൊക്കെ അദ്ദേഹം കൂടെ നിന്നു. അങ്ങനെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

എനിക്ക് ചെയ്യാന്‍ പറ്റാതെ വന്നാല്‍ ഈ രീതിയില്‍ ചെയ്താല്‍ നന്നാവുമെന്നുള്ള നിര്‍ദ്ദേശങ്ങളൊക്കെ കിട്ടിയാല്‍ കുറച്ചുകൂടി നന്നായി പെര്‍ഫോം ചെയ്യാന്‍ എനിക്ക് കഴിയും, അല്ലാതെ വഴക്കുപറഞ്ഞോ പ്രഷര്‍ പോയിന്റിലിട്ടാലോ എനിക്ക് വര്‍ക്ക് ചെയ്യാനാവില്ല.

മറിയം എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ഞാനഭിനയിക്കുന്നത്. വളരെ മനോഹരമായ, ശക്തമായൊരു കഥാപാത്രമാണ് ചിത്രത്തിലേത്. ഞാനൊരുപാട് എന്‍ജോയ് ചെയ്ത് അഭിനയിച്ച ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.

Actress Nyla Usha Interview

ഒട്ടുമിക്ക അവാര്‍ഡ് ഷോകളിലും അവതാരക വേഷത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവതാരക എന്ന നിലയില്‍ എന്തു തോന്നുന്നു?


അടുത്തിടെ രണ്ട് അവാര്‍ഡ് ഷോകളില്‍ അവതാരകയായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണത് ചെയ്തത്. സ്റ്റേജ് ഷോകള്‍ ഒരുപാട് എന്‍ജോയ് ചെയ്യാറുണ്ട്. അത്യാവശ്യം ബുദ്ധിമുട്ടുള്ളൊരു കാര്യം കൂടിയാണിത്.

89 മണിക്കൂര്‍ വളരെ എനര്‍ജറ്റിക്കായി വേദി കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമല്ല. എങ്കിലും ഞാനത് ആസ്വദിക്കുന്നു. സ്‌റ്റേജ് ഷോകളും സിനിമയുമൊക്കെ ഞാന്‍ വളരെ സെലക്ടീവായിട്ടേ ചെയ്യാറുള്ളൂ.

ഈ തിരക്കുകള്‍ക്കിടയില്‍ സിനിമയില്‍ സെലക്ടീവാകുന്നത് എങ്ങനെ?


തിരക്കുള്ളതുകൊണ്ടുതന്നെ സൈലക്ടീവാകുന്നത് എളുപ്പമാണ്. ഇവിടെ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ട് എപ്പോഴും നാട്ടില്‍ വന്ന് സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ല. വര്‍ഷത്തില്‍ രണ്ടു സിനിമകളൊക്കെയേ ചെയ്യാറുള്ളൂ. സമയവും കഥയുമൊക്കെ നോക്കിയിട്ടേ സിനിമകള്‍ സെലക്ട് ചെയ്യൂ.

എന്നെ തേടിയെത്തുന്ന അവസരങ്ങളില്‍ ബെസ്റ്റ് എന്ന് തോന്നുന്നത് തിരഞ്ഞെടുക്കും. ചിലപ്പോള്‍ ആ തീരുമാനം തെറ്റാവാറുണ്ട്. ചില തീരുമാനങ്ങള്‍ വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നാറുണ്ട്. തെറ്റുകളും ശരിയുമൊക്കെ കൂടിചേര്‍ന്നതാണല്ലോ ജീവിതം.

എപ്പോഴും ശരിമാത്രം ചെയ്യാനാവില്ല. തെറ്റുകളില്‍ നിന്ന് പലതും പഠിച്ചാലും തിരുത്തിയാലും പിന്നെയും അതാവര്‍ത്തിക്കുകയും ചെയ്യും. സമയമില്ലാത്തതുകൊണ്ട് തന്നെയാണ് സിനിമയില്‍ സെലക്ടീവാകുന്നത്. എങ്കിലും പുതിയൊരു ലൊക്കേഷനില്‍ ചെന്ന് കുറേ ആളുകളെ പരിചയപ്പെട്ട് സിനിമ ചെയ്യാന്‍ ഇഷ്ടമാണ്. അടുത്തിടെ ചെയ്ത പൊറിഞ്ചു മറിയം ജോസ് ഞാനതുപോലെ ആസ്വദിച്ച് ചെയ്ത സിനിമയാണ്.

നടി, അവതാരക, ആര്‍.ജെ ഇതില്‍ കംഫര്‍ട്ട് സോണ്‍ ഏതാണ്?


ആര്‍.ജെ എന്ന നിലയിലാണ് ഞാനേറ്റവും കംഫര്‍ട്ടാവുന്നത്. 15 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണത്. കണ്ണടച്ച് മനസ് തുറന്ന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് മൈക്കിന് മുമ്പില്‍ നിന്ന് റേഡിയോയിലൂടെ സംസാരിക്കുമ്പോഴാണ്. ഞാന്‍ റേഡിയോയിലൂടെ ലൈവായിട്ടാണ് സംസാരിക്കുന്നത്, അതൊന്നും എഡിറ്റ് ചെയ്യുന്നില്ല. തുടക്കത്തില്‍ ഞാനെന്തെങ്കിലും അബദ്ധം വിളിച്ച് പറയുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല. ഇനി അങ്ങനെയുണ്ടാവാതിരിക്കട്ടെ.

ആര്‍.ജെ യാണ് ഞാനേറ്റവും ഇഷ്ടപ്പെടുന്ന പ്രൊഫഷന്‍. ടിവി എനിക്കിഷ്ടമാണ്. ഞാന്‍ ചെയ്ത ഷോയെക്കുറിച്ച് ആളുകളിപ്പോഴും സംസാരിക്കാറുണ്ട്. ആളുകളുമായി സംസാരിക്കാന്‍ എനിക്കിഷ്ടമാണ്. ഏഴ് സിനിമകളേ ഞാന്‍ ചെയ്തിട്ടുള്ളു. അതില്‍ നിന്നുള്ള വളരെ ചെറിയ എക്സ്പീരിയന്‍സ് വച്ച് നോക്കുമ്പോള്‍ കംഫര്‍ട്ട് സോണില്‍ ലാസ്റ്റായിരിക്കും സിനിമയുടെ സ്ഥാനം.

ഷൂട്ടിംഗ് തിരക്കു കഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു ഗൃഹനാഥയുടെ റോളിലേക്ക് മാറുന്നതെങ്ങനെ?


ഗൃഹനാഥയുടെ റോള്‍ അത്ര ഭംഗിയായിട്ടൊന്നും നിര്‍വഹിക്കാറില്ല. വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നതൊക്കെ അമ്മയാണ്. ഞാനൊരു നല്ല അമ്മയാണെന്ന കാര്യം ഉറച്ച് പറയാം. മകന്റെ കാര്യങ്ങളെല്ലാം ഞാനാണ് നോക്കുന്നത്. തെറ്റും ശരിയുമൊക്കെ പറഞ്ഞുകൊടുത്താണ് ഞാനവനെ വളര്‍ത്തുന്നത്. വളര്‍ന്നുവരുമ്പോള്‍ അവനൊരു നല്ല വ്യക്തിയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എല്ലാ മാതാപിതാക്കളും അങ്ങനെതന്നെയാണ്. എങ്കിലും മുതിര്‍ന്നവരോടും സ്ത്രീകളോടും എങ്ങനെ പെരുമാറണം എന്നും, തെറ്റിന് ക്ഷമ പറയാനും ഉപകാരങ്ങള്‍ക്ക് നന്ദി പറയാനുമൊക്കെ പഠിപ്പിച്ചിട്ടുണ്ട്. വീട്ടിലെ ക്ലീനിങ്, ലോണ്ടറിംഗ് എന്നീ ജോലികളൊക്കെ ഞാനാണ് ചെയ്യുന്നത്. പക്ഷേ ഒരു ഗൃഹനാഥയുടെ റോളില്‍ എനിക്കെത്ര മാര്‍ക്ക് നല്‍കാനാകുമെന്ന് എനിക്കറിയില്ല.

Actress Nyla Usha Interview

മകനോടൊപ്പമുള്ള സമയം? അമ്മയുടെ തിരക്കുകള്‍ക്കിടയില്‍ കുറുമ്പ് കാണിക്കാറുണ്ടോ?


മകന്‍ അര്‍ണവിനോടൊപ്പമിരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ഷൂട്ടിനൊക്കെ വേണ്ടി നാട്ടിലേക്ക് പോകാന്‍ ഫ്ളൈറ്റിലിരിക്കുമ്പോള്‍ മുതല്‍ എനിക്കവനെ മിസ് ചെയ്ത് തുടങ്ങും. അവനത്തരം പ്രശ്‌നങ്ങളൊന്നുമില്ല.

കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്ത്, അവന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടിയാണവന്‍, എന്നോടവന് ഭയങ്കര സ്നേഹമാണ്, വലിയ കുറുമ്പൊന്നുമില്ല, സൈലന്റാണ്. ചെറുപ്പം മുതല്‍ അവനങ്ങനെ ബഹളക്കാരനൊന്നുമല്ല. അര്‍ണവിനെ വളരെ ഈസിയായി മാനേജ് ചെയ്യാം. ദൈവം തന്നൊരു സമ്മാനമാണവന്‍.

വലിയ ആഗ്രഹങ്ങളോ പരാതിയോ ഒന്നും പറയാറില്ല. ഫുട്ബോള്‍ ഒരുപാടിഷ്ടമാണ്. അവന് ഇഷ്ടപ്പെട്ട ഒന്ന് രണ്ട് സി.ഡികളുണ്ട്, ഇടയ്ക്ക് അത് കണ്ടോട്ടേയെന്ന് ചോദിക്കും. തെറ്റെന്തെങ്കിലും ചെയ്താല്‍ ശിക്ഷയായി ആ സി.ഡികള്‍ കാണണ്ടായെന്ന് പറയും, ഗാഡ്ജറ്റുകള്‍ മാറ്റി വയ്ക്കും. പൊതുവെ ഗാഡ്ജറ്റുകളോട് വലിയ താല്‍പര്യമൊന്നുമില്ല.

ഇടയ്ക്ക് അവനെ നോക്കിയിരിക്കുമ്പോള്‍ അവന്‍ പെട്ടെന്ന് വലുതാകുമല്ലോ എന്നൊക്കെ ഞാനാലോചിക്കാറുണ്ട്, അപ്പോള്‍ ടെന്‍ഷനാകും. അര്‍ണവിനെ ചെറുതായി തന്നെ വയ്ക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് പറയുമ്പോള്‍ വലുതാവണ്ട, കുട്ടിയായി മമ്മിയെ കെട്ടിപ്പിടിച്ചിരുന്നാല്‍ മതിയെന്നവനും പറയും. അങ്ങനെയാണ് ഞങ്ങള്‍.

ദുബായ് ജീവിതത്തില്‍ ഇഷ്ടപ്പെടുന്നത്?


ജീവിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിളായിട്ടുള്ള സ്ഥലമാണ് ദുബായ്. നാട്ടില്‍ നിന്ന് നാല് മണിക്കൂര്‍ യാത്രയേ ഇങ്ങോട്ടുള്ളൂ. നാട്ടിലേക്ക് പോകണമെന്ന് തോന്നിയാല്‍ ഏത് സമയത്തും പോയി തിരിച്ചു വരാം. ഇവിടെ നല്ല റോഡുണ്ട്, നമുക്കിഷ്ടമുള്ള വാഹനം ഉപയോഗിക്കാം, പ്രൈവസിയോടുകൂടി താമസിക്കാം എന്നിങ്ങനെയുള്ള ഒരുപാട് സൗകര്യങ്ങളുണ്ട്.

സമാധാനപരമായ അന്തരീക്ഷമാണിവിടെ, നല്ല ഭക്ഷണം കിട്ടും അങ്ങനെ നന്നായി ജീവിക്കാനുള്ള അവസരങ്ങളുണ്ട്. പെണ്‍കുട്ടികള്‍ക്ക് എല്ലാവിധ സുരക്ഷിതത്വവുമുണ്ട്്. ഏത് സമയത്തും എവിടെയും ഇറങ്ങി നടക്കാം.

ദുബായ് എത്ര സുരക്ഷിതമാണെന്ന് കാണിക്കാന്‍ ഞാനൊരു ദിവസം രാത്രി രണ്ടുമണിക്ക് പുറത്തിറങ്ങി വെളുപ്പിന് നാലുമണിവരെ ടാക്സിയിലും നടന്നുമൊക്കെ പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് വീഡിയോ ചെയ്തിരുന്നു. ദുബായ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അമ്പാസിഡറാണ് ഞാന്‍.

അതല്ലാതെ തന്നെ ദുബായ് സിറ്റിയുടെ ഗുഡ്വില്‍ അമ്പാസിഡറാണ്. അതൊക്കെ കൊണ്ടാവണം എനിക്കീ നഗരം ഒരുപാടിഷ്ടമാണ്. യൂറോപ്യന്‍ രാജ്യങ്ങളടക്കം പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. ആ അനുഭവങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഏറ്റവും സുന്ദരമായ നഗരമാണ് ദുബായ്.

Actress Nyla Usha Interview

ദുബായ്, കേരളം സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നത് എവിടെയാണ്?


ലോകത്തെവിടെയും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട്. അങ്ങനെ ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്യം മനസിനെ സ്വതന്ത്രമാക്കണം. മറ്റുള്ളവര്‍ എന്ത് പറയും അതിനെ എതിര്‍ക്കാന്‍ കഴിയുമോ എന്ന് സ്വയം തീരുമാനിക്കണം.

അപ്പോള്‍ അതിനുള്ള ശക്തി താനേ വരും. ജീവിതത്തില്‍ ചില സമയത്ത് അങ്ങനെ ജീവിക്കേണ്ടി വരും. അതിനുള്ള സുരക്ഷിതത്വം ദുബായിലുണ്ട്. അവിടെ ആരും നമ്മുടെ സ്വാതന്ത്രത്തില്‍ ഇടപെടാന്‍ വരില്ല. കേരളത്തിലെന്നല്ല ചില വിദേശ രാജ്യങ്ങളില്‍പ്പോലും അത്ര സുരക്ഷ ഇല്ല.

നൈല ഉഷ എന്ന വ്യക്തിയെ മോള്‍ഡ് ചെയ്ത് എടുത്തതിന് പിന്നിലുള്ളവര്‍?


അങ്ങനെയാരുമില്ല. ഞാന്‍ വളരെ ചെറുപ്പത്തിലാണ് പുതിയൊരു സ്ഥലത്ത് വന്ന് ജോലി ചെയ്ത് ജീവിച്ച് തുടങ്ങുന്നത്. പലതവണ വീണ്, അവിടെ നിന്ന് എഴുന്നേറ്റ് നടന്ന് വലിയൊരു പരിണാമത്തിലൂടെയാണ് ഇവിടെയെത്തിയത്.

ഒരുപാട് കഠിനാധ്വാനം ചെയ്തതുകൊണ്ടുമാത്രം ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാനാവില്ല. കുറച്ച് ഭാഗ്യവും കൂടി വേണം. അത്തരമൊരു ഭാഗ്യം എനിക്കുണ്ട്. പിന്നെ ഞാന്‍ വളര്‍ന്നുവന്ന സാഹചര്യം, ഞാനിപ്പോള്‍ ജീവിക്കുന്ന ദുബായ് നഗരം, കാണുന്ന ആളുകള്‍ ഇവെയാക്കെ ഞാനെന്ന വ്യക്തിയെ സ്വാധീനിച്ചിട്ടുണ്ട്. തീയില്‍ കുരുത്ത് വെയിലത്ത് വാടാത്തൊരാളാണ് ഞാന്‍.

വളരെ എനര്‍ജറ്റിക്കായ വ്യക്തിയാണ്? രഹസ്യമെന്താണ്?


എനര്‍ജിറ്റിക്കായ വ്യക്തിയാണ് ഞാന്‍. അതൊരു മിഡില്‍ ചൈല്‍ഡ് സിന്‍ഡ്രോമാണ്. സഹോദരങ്ങള്‍ക്ക് ഇടയില്‍ ജനിക്കുന്ന കുട്ടികളൊക്കെ പൊതുവെ മറ്റുള്ളവരുടെ അറ്റന്‍ഷന്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നവരായിരിക്കും. മടി പിടിച്ചിരിക്കാന്‍ എനിക്കിഷ്ടമല്ല. എപ്പോഴും ഹാപ്പിയായി, ബഹളം വച്ച്, എല്ലാവരോടും സംസാരിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍.

വിവാഹത്തോടെ കരിയര്‍ അവസാനിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ് നൈല?


പത്താംക്ലാസ് പരീക്ഷ, കോളജില്‍ പോകുന്നു, ജോലി കിട്ടുന്നു എന്നൊക്കെ പറയുന്നതുപോലെ ജീവിതത്തിലെ ഒരു മൈല്‍ സ്‌റ്റോണാണ് വിവാഹവും. അതുവരെ കണ്ട സ്വപ്നങ്ങളെ മാറ്റാനുള്ളതല്ല വിവാഹം. കരിയര്‍ ഓറിയന്റഡായിട്ടുള്ള ആളാണെങ്കില്‍ അതുപോലെ ഉള്ള ഒരാളെ വിവാഹം കഴിക്കാം. അല്ലെങ്കില്‍ നമ്മുടെ പ്രൈയോറിറ്റി എന്താണെന്ന് ആദ്യമേ പറയണം. കുടുംബത്തിനുവേണ്ടി ജോലി വേണ്ടെന്ന് വച്ചാല്‍ ആദ്യമൊക്കെ സന്തോഷത്തോടെ ഇരിക്കാന്‍ കഴിയും.

ജീവിതത്തെ 15 വര്‍ഷം മുമ്പിലേക്കാക്കി കണ്ടിട്ട് വേണം തീരുമാനങ്ങള്‍ എടുക്കാന്‍ എന്ന് ഒരാളെന്നോട് പറഞ്ഞിട്ടുണ്ട്. ഒരു തീരുമാനമെടുക്കുമ്പോള്‍ 15 വര്‍ഷം കഴിഞ്ഞാലും ആ തീരുമാനം സന്തോഷം തരുന്നുണ്ടോ എന്ന് ആലോചിക്കണം. ഞാനെപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആളാണ്.

എന്നെപ്പോലെ ഒരുപാട് പേരുണ്ട്. അവരോട് വലിയ ബഹുമാനമാണെനിക്ക്. ഒന്നിലധികം ജോലി ചെയ്ത് നാട്ടിലേക്ക് പണമയക്കുന്ന ഒരുപാട് സ്ത്രീകള്‍ ദുബായിലുണ്ട്. അവരുടെ സുഖവും സന്തോഷവുമൊക്കെ വേണ്ടെന്ന് വച്ച് ഒരു മെഷീനെപ്പോലെ ജോലി ചെയ്യുന്നവരാണ്.

Actress Nyla Usha Interview

അവരെയൊക്കെ കാണുമ്പോള്‍ ഓടിപ്പോയി കെട്ടിപ്പിടിക്കാന്‍ തോന്നും. അടുത്തിടെ ഞാന്‍ ഒരു ഇന്‍ഡോനേഷ്യന്‍ സ്ത്രീയെ പരിചയപ്പെട്ടു, അവരിവിടെ ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്, കൂടാതെ മൂന്ന് വീടുകളില്‍ ജോലി ചെയ്യുന്നുണ്ട്. നല്ല പ്രായമുണ്ടവര്‍ക്ക്, അവര്‍ക്കൊരു കുടുംബമുണ്ടോയെന്നു പോലും അറിയില്ല. വലിയൊരു ഹഗിന് അവകാശിയാണവര്‍.

ജീവിക്കാന്‍ വേണ്ടി ജോലിയും കുടുംബവുമൊക്കെ ഒരുമിച്ച് കൊണ്ടുപോകുന്നവരുണ്ട്, ചിലര്‍ക്കെങ്കിലും കുട്ടികളെ നോക്കാന്‍വേണ്ടി ജോലി ഉപേക്ഷിക്കേണ്ടി വന്നേക്കാം. പക്ഷേ നമുക്കൊരു കരിയര്‍ വേണമെന്നുണ്ടെങ്കില്‍ അത് സ്വയം കണ്ടെത്തണം. നമുക്ക് സന്തോഷം തരുന്നതെന്താണോ അത് ചെയ്യാന്‍ ശ്രമിക്കുക.

ജീവിതത്തില്‍ പിന്തുണ നല്‍കി ഒപ്പം നിന്നവരെക്കുറിച്ച്?


എന്റെ ജീവിതത്തില്‍ എപ്പോഴും സപ്പോര്‍ട്ട് ചെയ്ത് ഒപ്പം നില്‍ക്കുന്നത് സുഹൃത്തുക്കളാണ്. വളരെ കുറച്ച് സുഹൃത്തുക്കളേ എനിക്കുള്ളൂ. അതില്‍ സ്‌കൂളില്‍ പഠിച്ചപ്പോള്‍ മുതല്‍ സിനിമയില്‍ വന്നശേഷം പരിചയപ്പെട്ടവര്‍ വരെയുണ്ട്. അവരാണ് എന്റെ പില്ലേര്‍സ് ഓഫ് സപ്പോര്‍ട്ട്. നമ്മള്‍ തെരഞ്ഞെടുക്കുന്ന കുടുംബമാണല്ലോ സുഹൃത്തുക്കള്‍. ഒപ്പം എന്റെ കുടുംബവും സപ്പോര്‍ട്ടീവായി കൂടെയുണ്ട്.

അശ്വതി അശോക്

Ads by Google
Monday 10 Jun 2019 02.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW