Tuesday, August 20, 2019 Last Updated 16 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.32 AM

കോണ്‍ഗ്രസിനു രാഹുകാലം

uploads/news/2019/06/313751/bft2.jpg

ഉദിച്ചതു ശുക്രന്‍, തെളിഞ്ഞതു രാഹു! രാഹുല്‍ഗാന്ധിയുടെ രംഗപ്രവേശം ശ്രദ്ധിക്കുന്ന നിഷ്‌പക്ഷനിരീക്ഷകന്‌ ഇങ്ങനെയൊന്നുതോന്നിപ്പോയാല്‍ അതു തെറ്റെന്നു പറയാനാകുമോ?
രാഹുല്‍ ശുക്രസ്‌ഥാനിയാണെന്ന കാര്യത്തില്‍ തര്‍ക്കത്തിനു വകയില്ല. അത്രമേല്‍ ശോഭയുള്ളവനാണു രാഹുല്‍. താരശോഭ അധികമായിപ്പോയെന്നാണല്ലോ മറുഭാഗത്തുനിന്നുള്ള ആരോപണം. രാഹുലിന്റെ അച്‌ഛന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി; മുത്തശിയും മുതുമുത്തച്‌ഛനും പ്രധാനമന്ത്രിമാര്‍! രാജാക്കന്മാര്‍ക്കല്ലാതെ ഏതെങ്കിലും ജനപ്രതിനിധിക്ക്‌ ഇങ്ങനെയൊരു ഭാഗ്യം ലഭ്യമാണോ?
പക്ഷേ, ഇതു മൈനസ്‌ പോയിന്റായിട്ടാണു പലപ്പോഴും രാഹുലിന്റെ പേരില്‍ കുറിക്കപ്പെട്ടു കാണുന്നത്‌. സ്വന്തമായ വ്യക്‌തിപ്രഭാവമില്ലാതെ കുലമഹിമമാത്രമായിട്ടാണോ ആ യുവാവ്‌ കടന്നുവന്നിരിക്കുന്നത്‌? യുവജനമധ്യത്തിലേക്കു കൈവീശി, പുഞ്ചിരിയുതിര്‍ത്തു, ചുറുചുറുക്കോടെ കടന്നുവന്ന യുവനേതാവിനെ കണ്ടപ്പോള്‍ ഇളകിമറിഞ്ഞാര്‍ത്തുവിളിച്ച സദസ്‌. യുവജനം രാഹുലിനെ തങ്ങളുടെ നേതാവായി അംഗീകരിച്ചതിന്റെ പ്രകടമായ തെളിവല്ലേ? പ്രധാനമന്ത്രിസ്‌ഥാനാര്‍ത്ഥി എന്ന നിലയ്‌ക്കു പ്രതിയോഗിയെ നേര്‍ക്കുനേര്‍ സംവാദത്തിനു വെല്ലുവിളിച്ചതു രാഹുലിന്റെ ആത്മവിശ്വാസത്തിന്റെയും ഉറച്ച ബോധ്യത്തിന്റെയും പ്രവര്‍ത്തനസുതാര്യതയുടെയുമൊക്കെ തെളിവല്ലേ? ചില പഴങ്കുറ്റികള്‍ ഇളകാന്‍ തയാറാകാതെ മന്ത്രിയാകാനും മക്കളെ മന്ത്രിമാരാക്കാനുമൊക്കെ ശ്രമിച്ചതിന്റെ പരിണിതഫലമല്ലെ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയം? ഇങ്ങനെയുള്ള താപ്പാനകള്‍ക്കു രാഹുല്‍ രാഹുവായി; കോണ്‍ഗ്രസിനു രാഹുകാലവും! സൂര്യ-ചന്ദ്ര-താരങ്ങളെ മറിച്ചിരുട്ടാക്കുന്നവനാണല്ലോ നവഗ്രഹങ്ങളിലെ തമോഗ്രഹമായ രാഹു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന വ്യാജസൂര്യ-ചന്ദ്ര-താരങ്ങള്‍ക്കു രാഹുല്‍ രാഹുവായി. അവര്‍ മറവിലിരുന്നു പാരപണിതു കോണ്‍ഗ്രസിനെ ഇന്നത്തെ പരുവത്തിലാക്കി. ചിലരെല്ലാം ശത്രുപാളയത്തിലഭയംതേടി. കുറുക്കന്‍ രാജാവായതുപോലെ മന്ത്രിക്കസേരയില്‍ കേറിയിരുന്നു. മറ്റുചിലര്‍ അവിടെത്തന്നെ വിറകുവെട്ടിയും വെള്ളംകോരിയും ഉപജീവനം കഴിക്കുന്നു. ഇവരെക്കൂടാതെ, പിരിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നവരും പിരിഞ്ഞുപോകാനിരിക്കുന്നവരും പിരിഞ്ഞുപോകാന്‍ ഞെളിപിരികൊള്ളുന്നവരുമൊക്കെയുണ്ട്‌, ഇന്നു പാര്‍ട്ടിയില്‍. ഇനിയും ചിലര്‍ രാഹുലിന്റെ വീട്ടിലും മുറ്റത്തും പരിസരത്തുമൊക്കെ ചുറ്റിക്കൂടി എന്തെങ്കിലും വീണുകിട്ടുമെന്നുകരുതി പരതിനടപ്പുണ്ട്‌. മരിച്ചടക്കു കഴിഞ്ഞസ്‌ഥിതിക്ക്‌ പുലയടിയന്തിരവുംകൂടി കഴിഞ്ഞിട്ടു പിരിയാമെന്നുകരുതി അവിടെ പറ്റിക്കൂടിയിട്ടുള്ളവരുമില്ലാതില്ല.
പ്രിയപ്പെട്ട രാഹുല്‍ജി, ഒരു നിര്‍ദേശം വയ്‌ക്കട്ടെ: അങ്ങിപ്പോള്‍ പാര്‍ട്ടി പ്രസിഡന്റായി തുടര്‍ന്നാലും ഇല്ലെങ്കിലും എല്ലാ സംസ്‌ഥാനങ്ങളും സന്ദര്‍ശിക്കാന്‍ പോകുമല്ലോ? പോകുമ്പോള്‍, ഡല്‍ഹിയില്‍ തമ്പടിച്ചുകിടക്കുന്നവരില്‍, ഓരോസംസ്‌ഥാനത്തിലും പെട്ടവരേയുംകൂടി കൂട്ടത്തില്‍ കൊണ്ടുപോകുക. വിമാനടിക്കറ്റ്‌ സ്വന്തം പോക്കറ്റില്‍നിന്നുതന്നെയെടുത്തുകൊടുക്കുക. സ്വസംസ്‌ഥാനത്തെത്തുമ്പോള്‍ വിമാനത്തില്‍നിന്നിറക്കിവിട്ടേക്കുക.
ഇതു ക്രൂരമെന്നു തോന്നുന്നെങ്കില്‍ പാര്‍ട്ടിച്ചെലവില്‍ ഓരോ സംസ്‌ഥാന തലസ്‌ഥാനത്തും ഓരോ വൃദ്ധമന്ദിരം പണിയിച്ചുകൊടുക്കുക. അതിനുള്ള പണം പാര്‍ട്ടിഫണ്ടില്‍നിന്നുതന്നെയാകട്ടെ. കേരളത്തിലെ സന്ദര്‍ശനത്തിനുപോരുമ്പോള്‍ ഡല്‍ഹിയിലുള്ള 70 കഴിഞ്ഞ എഴുപതുകളിലെ യൂത്ത്‌ കോണ്‍ഗ്രസുകാരെ കൂട്ടിക്കൊണ്ടുപോരാന്‍ മറക്കരുതേ. അവസാനം, സ്‌ഥാനമാനങ്ങളൊന്നുമില്ലാതെ മനുഷ്യനു നന്മചെയ്യാന്‍ സന്നദ്ധതയുള്ള, മഹാത്മാഗാന്ധി നിര്‍ദേശിച്ചിട്ടുള്ള ഗ്രാമസേവകരെ തിരഞ്ഞുപിടിച്ച്‌ അവര്‍ക്കു പാര്‍ട്ടിയില്‍ അംഗത്വം കൊടുക്കുക. ഇന്ത്യയുടെ മുഖം എന്തായിരിക്കണമെന്ന്‌ ഒരു ചിത്രം അങ്ങയുടെ മനസിലുണ്ടല്ലോ. അതിനുവേണ്ടി ഈ ഗ്രാമസേവകന്മാരെകൂട്ടി പ്രവര്‍ത്തനം നടത്തുക. വിജയാശംസകള്‍!

റവ. ഡോ. തോമസ്‌ മൂലയില്‍

(ലേഖകന്റെ ഫോണ്‍ നമ്പര്‍: 9048117875)

Ads by Google
Monday 10 Jun 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW