Tuesday, August 20, 2019 Last Updated 16 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.35 AM

വവ്വാല്‍ വീഴും, രോഗം വാഴും

uploads/news/2019/06/313575/bft2.jpg

വവ്വാലിന്റെ പേരില്‍ കൈയടി വാങ്ങുന്നവര്‍ ജീവിക്കുന്ന ഇന്ത്യയിലെ ഏക സംസ്‌ഥാനമാണ്‌ കേരളം. നിപയോ? വവ്വാലിനെ പിടിക്കൂ, കേരളത്തെ രക്ഷിക്കൂ. വവ്വാല്‍ വീഴും, രോഗം വാഴും; ഇതു കേരളമാണ്‌. നിപാ രോഗം എറണാകുളത്തു സ്‌ഥിരീകരിച്ചതുമായി ബന്ധപ്പെട്ട്‌ ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്‌. ഒന്ന്‌, നിപാ ഉണ്ടായത്‌ വവ്വാലില്‍നിന്നാണോയെന്നു വ്യക്‌തമല്ല.രണ്ട്‌, ഈ രോഗത്തിനുള്ള കൃത്യമായ മരുന്ന്‌ ലഭ്യമല്ല.
അതായത്‌ രോഗം എങ്ങനെ ഉണ്ടാകുന്നുവെന്ന്‌ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിയുടെ ഉപദേശകരായ നൂറുകണക്കിനു ഡോക്‌ടര്‍മാര്‍ക്കും സര്‍ക്കാര്‍സംവിധാനങ്ങള്‍ക്കും അറിയില്ല. രോഗം വന്ന്‌ ഒരാണ്ടു കഴിഞ്ഞിട്ടും ഉറവിടം കണ്ടെത്താനുള്ള ഗവേഷണം മന്ത്രി സ്‌തുതിയില്‍ ഒതുങ്ങി. പകരം, വവ്വാല്‍ മാനിയ പ്രചരിച്ചിരിക്കുന്നു. നിപ രോഗം സംബന്ധിച്ചു സ്‌ഥാപിക്കാന്‍ തീരുമാനിച്ച തിരുവനന്തപുരത്തെ ഗവേഷണകേന്ദ്രം ഒന്നാന്തരം ഒരു കെട്ടിടംമാത്രമായി രൂപംമാറി. കെട്ടിടത്തിനകത്തു പ്രത്യേകിച്ചൊന്നുമില്ല. വവ്വാലുകള്‍ കൂടുകെട്ടിയിട്ടുണ്ടോ എന്നറിയില്ല.
ഒരു വര്‍ഷം മുമ്പുണ്ടായ നിപരോഗബാധയെപ്പറ്റി കേരളം ഞെട്ടലോടെയാണു കേട്ടത്‌. 18 പേര്‍ രോഗം വന്നു മരിച്ചു. എന്നിട്ടും ഗവേഷണവും ഗവേഷണത്തിനുള്ള ലാബും എന്തായി എന്ന്‌ ആരും ചോദിക്കരുത്‌. നിപ വരുമ്പോള്‍ ഒരുമിച്ച്‌ നില്‍ക്കേണ്ടതല്ലേ എന്ന ആക്ഷേപ മറുചോദ്യമാണ്‌ മറുപടി. അതുമല്ലെങ്കില്‍ പരിഭ്രാന്തി പരത്തിയതിന്‌ അറസ്‌റ്റ്‌ ചെയ്യും.
നിപ ഇല്ലാതാക്കാന്‍ കൃത്യമായ മരുന്ന്‌ കണ്ടെത്തിയിട്ടില്ല. ചികിത്സയേക്കാള്‍ പ്രതിരോധമാണ്‌ ശരിയായ ചികിത്സയെന്ന്‌ ആരോഗ്യവകുപ്പിന്റെ പത്രക്കുറിപ്പില്‍ കാണുന്നു. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ നിപ പിടിച്ചാല്‍ രക്ഷപ്പെടാന്‍ പ്രയാസമാണ്‌. നിപ എങ്ങനെ ഉണ്ടാകുന്നുവെന്ന്‌ ഡോക്‌ടര്‍മാര്‍ക്കറിയില്ല; വന്നാല്‍ രോഗി രക്ഷപ്പെടും എന്നു പറയാന്‍ കഴിയില്ല. ഇതു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാകുക സ്വാഭാവികമാണ്‌. ഇത്തരം ആശങ്കകള്‍ മനുഷ്യര്‍ പരസ്‌പരം പങ്കുവയ്‌ക്കും എന്നതും സ്വാഭാവികമാണ്‌. എന്നാല്‍, നിപയെ സംബന്ധിക്കുന്ന ആശങ്കപ്പെടുത്തുന്ന സന്ദേശങ്ങള്‍ കൈമാറുന്നവരെ അറസ്‌റ്റ്‌ ചെയ്യും; അവരെ കേസില്‍പ്പെടുത്തും. രോഗം സംബന്ധിച്ച്‌ പരിഭ്രാന്തിപരത്തി എന്ന കുറ്റം ആരോപിച്ചാവും അറസ്‌റ്റ്‌. ഇത്തവണ ഇതുവരെ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ തവണ 10 പേരെ അറസ്‌റ്റ്‌ ചെയ്‌തു; 25 പേര്‍ക്കെതിരേ കേസെടുത്തു. സ്വന്തം നാട്ടില്‍ പടര്‍ന്നു പിടിച്ച മാറാരോഗത്തെപ്പറ്റി ആശങ്ക പങ്കുവയ്‌ക്കുന്നവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലില്‍ ഇടും! ഒന്നാന്തരം ജനാധിപത്യം. ആരോഗ്യമന്ത്രി ഉത്തരകൊറിയന്‍ നേതാവ്‌ കിം ഉന്‍ ജോങിനു പഠിക്കുകയാണെന്നു തോന്നുന്നു. ഇങ്ങനെ പോയാല്‍ റോഡപകടങ്ങളെപ്പറ്റി ആശങ്ക പരത്തുന്ന വാര്‍ത്ത കണ്ടാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാരോപിച്ച്‌ ഗതാഗതമന്ത്രി ഇടപെട്ട്‌ നാട്ടുകാരെ അറസ്‌റ്റ്‌ ചെയ്യും.
യൂണിവേഴ്‌സിറ്റി കോളജിനെക്കുറിച്ച്‌ വാര്‍ത്ത എഴുതിയാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തുരങ്കംവയ്‌ക്കുന്നുവെന്നാരോപിച്ച്‌ വിദ്യാഭ്യാസമന്ത്രി അറസ്‌റ്റിന്‌ ഉത്തരവ്‌ നല്‍കും. കഴിഞ്ഞ നിപാകാലത്ത്‌ ജേക്കബ്‌ വടക്കുചേരിയെ അറസ്‌റ്റ്‌ ചെയ്‌തു. സര്‍ക്കാരിന്റെ ഉത്തരകൊറിയന്‍ വിധേയത്വമായിരുന്നു ആ കിരാത നടപടി. ജേക്കബ്‌ വടക്കുംചേരി നിപയെക്കുറിച്ച്‌ പറയുന്നത്‌ ശരിയോ തെറ്റോ എന്നു തീരുമാനിക്കേണ്ടത്‌ മന്ത്രിയും പോലീസുമല്ല. കേരളത്തില്‍ ഗവേഷകരും ഒന്നാന്തരം ഡോക്‌ടര്‍മാരുമുണ്ട്‌. ജേക്കബ്‌ വടക്കുംചേരി വിവരക്കേടു പറഞ്ഞിട്ടുണ്ടെങ്കില്‍ ശാസ്‌ത്രീയമായി അതു പൊളിക്കണം. വടക്കുംചേരിയുടെ അശാസ്‌ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്തണം. ആയിരക്കണക്കിനു ഡോക്‌ടര്‍മാരും നൂറുകണക്കിനു ഇടതുപക്ഷ ഡോക്‌ടര്‍മാരുമുള്ള നാടാണ്‌ കേരളം. ജേക്കബ്‌ വടക്കുംചേരി കബളിപ്പിക്കുകയാണെങ്കില്‍ അതേ നാണയത്തില്‍ മറുവാദം ഉന്നയിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിനു കഴിയില്ലേ? അദ്ദേഹത്തെ വീണ്ടും അറസ്‌റ്റ്‌ ചെയ്യുമെന്ന ഭീഷണി പരിഹാസ്യമാണ്‌. ഇങ്ങനെ പോയാല്‍ നിപയുടെ കാര്യത്തില്‍ അലോപ്പതിയേക്കാള്‍ ഹോമിയോയാണു മെച്ചമെന്ന്‌ ഏതെങ്കിലും ഹോമിയോ ഡോക്‌ടര്‍ പറഞ്ഞാല്‍, പരിഭ്രാന്തിയുടെ പേരില്‍ ഹോമിയോ ഡോക്‌ടറും അറസ്‌റ്റ്‌ ചെയ്യപ്പെടും.
രോഗത്തെ അറസ്‌റ്റ്‌ ചെയ്യാതെ, രോഗത്തെപ്പറ്റി പറയുന്നവരെ അറസ്‌റ്റ്‌ ചെയ്യുന്ന നടപടി ബ്രിട്ടീഷ്‌ ഭരണക്കാലത്തുപോലും കേരളത്തിലുണ്ടായിട്ടില്ല. നിപാരോഗി മരിച്ചാല്‍ പുലര്‍ത്തേണ്ട അന്ത്യകര്‍മ്മ നടപടിക്രമങ്ങള്‍ ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയിട്ടുണ്ട്‌. അന്ത്യചുംബനം പാടില്ല, മൃതദേഹത്തിന്റെ കവിളില്‍ തൊടരുത്‌. അടുത്തു നില്‍ക്കരുത്‌, അന്ത്യകര്‍മ്മങ്ങളില്‍ കഴിവതും പങ്കെടുക്കാതിരിക്കുക- ആരോഗ്യവകുപ്പിന്റെ ഇത്തരം നിബന്ധന വായിക്കുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകില്ലേ? അതായത്‌ ആരോഗ്യവകുപ്പിനു ജനങ്ങളെ പരിഭ്രാന്തരാക്കാം. പരിഭ്രാന്തി പങ്കുവച്ചാല്‍ ജനം അകത്താകും. കോട്ടയം മെഡിക്കല്‍ കോളജില്‍ ക്യാന്‍സര്‍ രോഗിയെന്ന്‌ തെറ്റിദ്ധരിച്ച്‌ ഒരു സ്‌ത്രീയെ കീമോയ്‌ക്ക്‌ വിധേയമാക്കി പീഡിപ്പിച്ചു.
ഡോക്‌ടര്‍മാര്‍ തിരിഞ്ഞുനോക്കാത്തതിനെത്തുടര്‍ന്ന്‌ കട്ടപ്പന സ്വദേശിയായ രോഗി ഇതേ ആശുപത്രിക്കു മുന്നില്‍ മരിച്ചു. ഈ രണ്ടു സംഭവങ്ങളും അന്വേഷിച്ച്‌ ഉത്തരവാദികളെ അറസ്‌റ്റ്‌ ചെയ്യാന്‍ തയാറുണ്ടോ? നിപയെക്കുറിച്ച്‌ പറയുന്നവരെ അറസ്‌റ്റ്‌ ചെയ്യാന്‍ കാണിക്കുന്ന ഉത്സാഹത്തിന്റെ നൂറിലൊന്ന്‌ കുറ്റവാളികളുടെ കാര്യത്തില്‍ എന്തുകൊണ്ട്‌ സംഭവിക്കുന്നില്ല?
നിപയുടെ കാര്യത്തില്‍ പ്രതിരോധമാണ്‌ ഏറ്റവും നല്ല ചികിത്സ എന്ന്‌ പത്രക്കുറിപ്പിറക്കിയ മന്ത്രി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിപയുടെ പേരില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനം വ്യക്‌തമാക്കണം. ഇതു തുറന്നുകാട്ടുന്ന മാധ്യമങ്ങളെ പഴിച്ചിട്ടു കാര്യമില്ല. നിപയുടെ പേരിലുള്ള സര്‍ക്കാര്‍ തല പ്രചാരണം ദുരൂഹമാണ്‌. രോഗം വന്നെന്നും ഇല്ലെന്നും ഒരേ സ്വരത്തില്‍ പറയുന്നു. ഭയക്കേണ്ട; ജാഗ്രത മതിയെന്ന്‌ മുന്നറിയിപ്പ്‌. എന്താണ്‌ ഈ ജാഗ്രത? ബൈനോക്കുലര്‍ വച്ചു നോക്കുന്നതാണോ? മരുന്നു കണ്ടുപിടിക്കാത്ത രോഗം വന്നാല്‍ ഭയക്കേണ്ടെ?
കേരളത്തിലിപ്പോള്‍, മാലിന്യ നിര്‍മ്മാര്‍ജനവും വേസ്‌റ്റ്‌ മാനേജ്‌മെന്റും തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളുടെ ചുമതലയല്ലെന്നു തോന്നുന്നു. നാടു മുഴുവന്‍ വേസ്‌റ്റ്‌ നിറഞ്ഞിട്ടും അതിനുത്തരവാദികളായ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും രക്ഷപ്പെടുന്നു. മാലിന്യ കൂമ്പാരങ്ങളാണ്‌ പലതരം മാറാരോഗങ്ങള്‍ക്കും കാരണം. വവ്വാലുകളെ പിടിക്കാന്‍ പോകന്നവര്‍ പഞ്ചായത്തുകളെ വെറുതെ വിടുന്നു. ഓരോ പ്രദേശത്തും മാലിന്യകൂമ്പാരം ഉയര്‍ത്തുന്ന നാട്ടുകാരാണ്‌ നിപ വൈറസിന്റെ സൃഷ്‌ടാക്കള്‍.
ചെയ്യേണ്ട ഉത്തരവാദിത്വം നിറവേറ്റാത്ത ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരുമാണ്‌ നിപയുടെ സ്‌പോണ്‍സര്‍മാര്‍. നാടുനീളെ മാലിന്യകൂമ്പാരം പണിഞ്ഞ്‌ അതിന്മേല്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന ജനപ്രതിനിധികളേയും ഉദ്യോഗസ്‌ഥരേയുമാണ്‌ ആട്ടിയോടിക്കേണ്ടത്‌. വവ്വാലുകളെയല്ല.

ഏബ്രഹാം മാത്യു

Ads by Google
Sunday 09 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW