Tuesday, August 20, 2019 Last Updated 11 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 10.15 PM

മിയാവാക്കി ഒരു ഹരിത സുന്ദര സ്വപ്‌നം ..!

uploads/news/2019/06/313443/sun1.jpg

പ്രളയവും കൊടുംവരള്‍ച്ചയും അടക്കമുള്ള പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോവുമ്പോള്‍ അതിന്റെ അടിസ്‌ഥാന കാരണങ്ങളെ സംബന്ധിച്ച്‌ മലയാളികള്‍ മൗനം ദീക്ഷിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്‌ഥ നഷ്‌ടമാകാന്‍ പാകത്തിലുളള പ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത്‌. മരങ്ങളും പാടങ്ങളും ഹരിതസമൃദ്ധിയും നിഗ്രഹിച്ച്‌ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളും മൊബൈല്‍ ടവറുകളും സ്‌ഥാപിക്കാന്‍ പൊതുമേഖലയും സ്വകാര്യമേഖലയും മത്സരിക്കുമ്പോള്‍ നഷ്‌ടം സംഭവിക്കുന്നത്‌ ഒരു നാടിന്‌ ആകമാനമാണ്‌. ഒരു ജനതയുടെ നിലനില്‍പ്പിന്‌ തന്നെ ഭീഷണി ഉയര്‍ത്തും വിധത്തില്‍ പ്രകൃതിയെ ഉന്മൂലനം ചെയ്യുകയാണ്‌ തത്‌പരകക്ഷികള്‍.
ഈ കൊടും വിപത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ചു തുടങ്ങിയിട്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാനോ, പരിഹാരം കണ്ടെത്താനോ ശ്രമിക്കാതെ ഇരുട്ടില്‍ തപ്പുകയാണ്‌ പലരും. ഈ സന്നിഗ്‌ധഘട്ടത്തില്‍ മരങ്ങളെയും പ്രകൃതിയെയും തിരിച്ചുകൊണ്ടുവരേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു പലരും. എന്നാല്‍ എവിടെ നിന്ന്‌ തുടങ്ങണം, എന്താണ്‌ ഇതിന്‌ ഒരു പരിഹാരമാര്‍ഗം എന്ന കാര്യത്തില്‍ ഇവരൊക്കെയും അജ്‌ഞരാണ്‌. എന്നാല്‍ തിരുവനന്തപുരം കേന്ദ്രമായ ഓര്‍ഗാനിക്‌ ചാരിറ്റബിള്‍ സൊസൈറ്റി ഏറെ ഫലപ്രദവും ത്വരിതഗതിയില്‍ ഗുണഫലം ലഭിക്കുന്നതുമായ ഒരു കര്‍മ്മപദ്ധതിയുമായി രംഗത്ത്‌ വന്നിരിക്കുന്നു.
അധികൃതര്‍ അനുവദിക്കുമെങ്കില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമിയിലും താത്‌പര്യമുളളവര്‍ക്ക്‌ സ്വകാര്യഭൂമിയിലും വനം വച്ചു കൊടുക്കുന്ന ഈ പദ്ധതിക്ക്‌ അനന്തസാദ്ധ്യതകളാണുള്ളത്‌. അഞ്ച്‌ സെന്റ ്‌ മുതല്‍ രണ്ട്‌ ഏക്കര്‍ വരെയുളള സ്‌ഥലത്ത്‌ ഈ തരത്തില്‍ വനം നിര്‍മ്മിച്ചു കൊടുക്കുന്നു.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ സമാനദൗത്യം നടപ്പിലാക്കി വരുന്നു.
'മിയാവാക്കി' വനങ്ങളാണ്‌ ഇവര്‍ നിര്‍മ്മിക്കുന്നത്‌. കേരളത്തിലെ കാവുകളുടെ ജാപ്പനീസ്‌ പതിപ്പാണ്‌ മിയവാക്കി വനങ്ങള്‍. നമ്മുടെ പറമ്പുകളിലും സ്‌ഥാപനങ്ങളുടെ പരിസരത്തും ഇത്തരം കൃത്രിമ കാടുകളുടെ തണല്‍ ഒരുക്കുകയാണ്‌ ഇവര്‍. അര സെന്റിലും ഒരു സെന്റിലും വരെ ഉയരമേറിയ വൃക്ഷങ്ങളാല്‍ നിബിഢമായ കാട്‌ ഒരുക്കാന്‍ കഴിയുമെന്ന്‌ ഇവര്‍ തെളിയിക്കുന്നു. നഗരങ്ങള്‍ വനവല്‍ക്കരിക്കുക വഴി അവിടത്തെ താപനില കുറയ്‌ക്കാന്‍ മിയാവാക്കി വനങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. വലുതും ചെറുതുമായ മരങ്ങളുടെ ശേഖരം കൊണ്ടാണ്‌ കാട്‌ ഒരുക്കുന്നത്‌്
സ്വയം രൂപപ്പെടുന്ന കാടുകളേക്കാള്‍ ഏറെ ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ്‌ മിയാവാക്കി വനങ്ങള്‍ക്കുളളത്‌. കേവലം പത്തോ, പതിനഞ്ചോ വര്‍ഷങ്ങള്‍ കൊണ്ട്‌ തന്നെ നൂറ്റമ്പതും ഇരുനൂറും വര്‍ഷങ്ങള്‍ പഴക്കമുളള സ്വാഭാവിക വനങ്ങള്‍ക്ക്‌ സമാനമായ കാടുകള്‍ രൂപപ്പെടുത്താന്‍ കഴിയുന്നു. ചെടി നടുന്നതിലെ പ്രത്യേകതകളാണ്‌ ഇതിന്‌ കാരണമായി വിലയിരുത്തപ്പെടുന്നത്‌.
ഒരു ചതുരശ്രമീറ്ററില്‍ നാല്‌ ചെടികളാണ്‌ നട്ടുപിടിപ്പിക്കേണ്ടത്‌. വന്‍മരങ്ങളും ചെറുമരങ്ങളും മുതല്‍ കുറ്റിച്ചെടികളും വളളിച്ചെടികളും ഇടകലര്‍ത്തി നടുന്നത്‌ മൂലം വനത്തിനുളളില്‍ പല തട്ടിലുളള ഇലച്ചാര്‍ത്ത്‌ ഉണ്ടാവുന്നു. അടുപ്പിച്ച്‌ നടുന്നത്‌ മൂലം സൂര്യപ്രകാശത്തിന്‌ വേണ്ടിയുള്ള മത്സരത്തില്‍ ചെടികള്‍ നല്ല ഉയരത്തില്‍ വളരുന്നു.
ഓരോ സ്‌ഥലത്തും സ്വാഭാവികമായി വളരുന്ന ചെടികള്‍ ഏതെന്ന്‌ മനസിലാക്കിയാണ്‌ മിയാവാക്കി വനങ്ങളുടെ രൂപകല്‍പ്പന. വളര്‍ത്താനുളള ചെടികള്‍ ചട്ടികളിലാക്കി പ്രത്യേക നടീല്‍ മിശ്രിതം നിറയ്‌ക്കുന്നു. നിശ്‌ചിത വളര്‍ച്ചയെത്തും വരെ ഇത്‌ നടേണ്ട സ്‌ഥലത്ത്‌ സൂക്ഷിക്കും. ആ പ്രദേശത്തെ കാലാവസ്‌ഥയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന്‌ നിരീക്ഷിച്ചറിയാനാണിത്‌.
പിന്നീട്‌ ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത്‌ ചാണകപ്പൊടി, ചകിരിനാര്‌, ഉമി എന്നിവ ഒരേ അളവില്‍ സമന്വയിപ്പിച്ച നടീല്‍ മിശ്രിതം നിറയ്‌ക്കും. അതിന്‌ ശേഷമാണ്‌ തൈകള്‍ നടുന്നത്‌.
ഈ സംരംഭത്തിന്റെ വലിയ ഗുണഭോക്‌താക്കളിലൊരാളാണ്‌ വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണം മൈലമൂട്ടില്‍ എം.ആര്‍. ഹരി. അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ഒന്നരവര്‍ഷം മുന്‍പ്‌ സൊസൈറ്റി വനം സ്‌ഥാപിച്ചിരുന്നു.
ഈ മരങ്ങള്‍ ഇപ്പോള്‍ 15 അടിയോളം വളര്‍ന്നു കഴിഞ്ഞു. പ്രകൃതിക്ക്‌ നഷ്‌ടമായി കഴിഞ്ഞ പച്ചപ്പ്‌ പുനഃസ്‌ഥാപിക്കാനും ഒപ്പം കാവുകളാല്‍ സമൃദ്ധമായ ഭൂതകാലത്തിന്റെ ഗുണഫലങ്ങളിലേക്ക്‌ മടങ്ങി വരാനുമുളള ശ്രമത്തിന്റെ ഭാഗമാണിതെന്ന്‌ സൊസൈറ്റി സെക്രട്ടറി ചെറിയാന്‍ മാത്യു പറയുന്നു.
സംസ്‌ഥാന തലസ്‌ഥാനത്തിലെ പൈതൃക മുഖച്‌ഛായയായ കനകക്കുന്നിലേക്ക്‌ കൂടുതല്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളില്‍ മിയാവാക്കി വനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സൂര്യകാന്തി മൈതാനത്തില്‍ അഞ്ച്‌ സെന്റില്‍ ഒരുങ്ങുന്ന മിയാവാക്കി മാതൃകാവനത്തിന്റെ ഉത്‌ഘാടനം ടൂറിസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ്‌ നിര്‍വഹിച്ചത്‌. സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുന്ന ആദ്യത്തെ മിയാവാക്കി മാതൃകാവനമാണ്‌ കനകക്കുന്നിലേത്‌. പരിസ്‌ഥിതി സംരക്ഷണത്തിലൂന്നിയ മിയാവാക്കി വനമാതൃക സംസ്‌ഥാനത്തെ എല്ലാ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും സ്‌ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രദേശത്ത്‌ സ്വാഭാവികമായി വളരുന്ന ചെടികള്‍ നട്ടുപിടിപ്പിച്ച്‌ ഭൂമിയുടെ സന്തുലിതാവസ്‌ഥ നിലനിര്‍ത്തുകയും പുനഃസ്‌ഥാപിക്കുകയും ചെയ്യുക എന്നതാണ്‌ മിയാവാക്കിയുടെ അടിസ്‌ഥാന ലക്ഷ്യം. നേച്ചേഴ്‌സ് ഗ്രീന്‍ഗാര്‍ഡന്‍ ഫൗണ്ടേഷനാണ്‌ നാലുമാസം കൊണ്ട്‌ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്‌.
ഒന്നിനും ഉപയുക്‌തമല്ലെന്ന്‌ എഴുതി തള്ളുന്ന പാഴ്‌ഭൂമിയില്‍ പോലും ഹരിതനന്മയുടെ ഇന്ദ്രജാലം തീര്‍ക്കാമെന്നതാണ്‌ മിയാവാക്കിയുടെ സവിശേഷത. ഇതേക്കുറിച്ച്‌ ചെറിയാന്‍ മാത്യു ഇങ്ങനെ വിശദീകരിക്കുന്നു.
'കാലാവസ്‌ഥയാണ്‌ ഇന്ന്‌ കേരളം നേരിടുന്ന ഏറ്റവും ദുഃസഹമായ ഒരു പ്രശ്‌നം. രണ്ടുപേര്‍ തമ്മില്‍ കാണുമ്പോള്‍ ആദ്യംപറയുന്ന വാചകം എന്താ ഒരു ചൂട്‌ എന്നായി മാറിയിരിക്കുന്നു. ഈ പ്രശ്‌നത്തെ അതിജീവിക്കണമെങ്കില്‍ നമ്മള്‍ തന്നെ ബോധപൂര്‍വം ശ്രമിച്ചേ തീരൂ. ഇവിടെയാണ്‌ മരങ്ങളുടെയും ആവാസവ്യവസ്‌ഥയുടെയും പ്രസക്‌തി.
സ്വാഭാവിക വനം പോലെ തന്നെ നമുക്ക്‌ കൈയെത്തും ദൂരത്ത്‌ ഒരു വനം നിര്‍മ്മിച്ചെടുക്കുക എന്ന ജപ്പാന്‍ രീതിക്ക്‌ പ്രാധാന്യമേറുന്നത്‌ ഈ സാഹചര്യത്തിലാണ്‌. മെഡിസിനല്‍ പ്ലാന്റുകളും ഇതോടൊപ്പം വളര്‍ത്താം. ഈ തരത്തില്‍ നട്ടുപിടിക്കാവുന്ന 300 ഓളം ചെടികള്‍ ഞങ്ങള്‍ കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 700 ഓളം ചെടികള്‍ ഉണ്ടെന്നാണ്‌ അറിയുന്നത്‌. ഇത്രയധികം എണ്ണം കണ്ടെത്തി അതിന്റെ പേരും മറ്റ്‌ വിശദാംശങ്ങളും പഠിക്കാന്‍ തന്നെ വര്‍ഷങ്ങളെടുക്കും.
എന്നിരുന്നാലും ഞങ്ങള്‍ ഇതിനായുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്തരം മരങ്ങള്‍ തിങ്ങിവളരുമ്പോള്‍ ഭുഗര്‍ഭജലവിതാനം കൂടുകയും ജലലഭ്യത ഉറപ്പാവുകയും ചെയ്യും. ഒപ്പം ആ സ്‌ഥലത്തിന്‌ ഏത്‌ കൊടിയ ചൂടിലും കുളിര്‍മ്മ അനുഭവപ്പെടുകയും ചെയ്യും.
ഈ തരത്തില്‍ ഓരോ വീടിന്റെയും അനുബന്ധസ്‌ഥലത്ത്‌ ചെറുവനങ്ങള്‍ വച്ചു പിടിപ്പിച്ചു കൊണ്ട്‌ പ്രകൃതിയുടെ പരീക്ഷണഘട്ടങ്ങളെ അതിജീവിച്ച്‌ ആരോഗ്യപ്രദമായ ജീവിതം നയിക്കാന്‍ സാധിക്കൂം. കുറഞ്ഞപക്ഷം ഒരു പഞ്ചായത്തില്‍ ഒന്ന്‌ എന്ന തലത്തിലെങ്കിലും ഇത്‌ നിഷ്‌പ്രയാസം നടപ്പാക്കാവുന്നതേയുളളൂ.'

മിയാവാക്കി എന്ന ഇതിഹാസം

ജപ്പാനിലെ യോക്കോഹോമ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനും പ്രമുഖ സസ്യശാസ്‌ത്രജ്‌ഞനുമായ ഡോ. അക്കിറാ മിയാവാക്കി എന്ന 90 കാരനാണ്‌ ഈ മാതൃക വികസിപ്പിച്ചെടുത്തത്‌. കാലാവസ്‌ഥാ വ്യതിയാനത്തെ നേരിടാന്‍ ഇന്ന്‌ ലോകത്തില്‍ നിലവിലുളള മികച്ച മാതൃകയാണ്‌ മിയാവാക്കി. ഓരോ പ്രദേശത്തും സ്വാഭാവികമായി വളരുന്ന ചെടികള്‍ നട്ടുപിടിപ്പിച്ച്‌ ഭൂമിയുടെ സന്തുലിതാവസ്‌ഥ പുനഃസ്‌ഥാപിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. ഇത്‌ പ്രകാരം രണ്ടു സെന്റില്‍ വരെ ഒരു സ്വാഭാവിക വനം വച്ചു പിടിപ്പിക്കാം. കുറഞ്ഞത്‌ 70 മുതല്‍ 100 വരെയുളള സസ്യങ്ങള്‍ ഈ സ്‌ഥലത്ത്‌ നട്ടു വളര്‍ത്തണം. ഉയര്‍ന്ന മരങ്ങള്‍ക്കും വളളിച്ചെടികള്‍ക്കും കുറ്റിച്ചെടികള്‍ക്കും പുറമെ അടിക്കാട്ടിലെ ചെടികളും ഓരോ ചതുരശ്രമീറ്ററിലും ഇടകലര്‍ത്തി നട്ട്‌ വേണം കാട്‌ വളര്‍ത്താന്‍.
ആദ്യത്തെ മൂന്ന്‌ വര്‍ഷം വളവും വെള്ളവും നല്‍കുകയും കളപറിക്കുകയും വേണം. പിന്നീട്‌ അവ തനിയെ വളര്‍ന്നു കൊളളും. ഈ മാതൃകയില്‍ ചെയ്‌താല്‍ ചെടികള്‍ ഒരു വര്‍ഷം കൊണ്ട്‌ മൂന്നു മീറ്റര്‍ ഉയരത്തിലെത്തുകയും പത്തുവര്‍ഷത്തെ വളര്‍ച്ച നേടുകയും ചെയ്യും. പത്തു വര്‍ഷം തികച്ച മിയാവാക്കി വനത്തിന്‌ നൂറുവര്‍ഷം പിന്നിട്ട സ്വാഭാവിക വനത്തിന്റെ വളര്‍ച്ച കാണാന്‍ സാധിക്കും.

സജില്‍ ശ്രീധര്‍

Ads by Google
Saturday 08 Jun 2019 10.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW